കാമനകളുടെ മുറിവേറ്റുയിര്‍ത്ത മോഹൻ ചലച്ചിത്രങ്ങള്‍, വിഷാദാവിഷ്കാരങ്ങൾ
മാനവ ചരിത്രത്തിലുടനീളം കലയേയും സാഹിത്യത്തെയും ആഴത്തില്‍ സ്വാധീനിച്ച വിഷയമാണ് വിഷാദം. സാർവത്രികമായ മനുഷ്യാനുഭവം എന്ന നിലയില്‍ കാണികളുമായി അത് താദാത്മ്യം പ്രാപിക്കുന്നു. വിഷാദം ആപേക്ഷികവും എന്നാല്‍ ആധികാരികവുമാണ്.
വിഷാദം കാഴ്ചയുടെ ആനന്ദമാക്കി മാറ്റിയ സംവിധായകനായിരുന്നു മോഹന്‍. മാറുന്ന കുടുംബ ഘടനയിലെ ബന്ധവൈരുധ്യങ്ങള്‍, തൊഴിലിടങ്ങളിലെ മനുഷ്യബന്ധം, അനാഥത്വം, ദാമ്പത്യത്തിന്റെ ഗാഢസ്ഥലങ്ങള്‍, പ്രണയ പരാജയം തുടങ്ങി കാലത്തിന്റെ വിഷാദ ജനിതകമാണ് മോഹനന്റെ പ്രമേയങ്ങള്‍.
അനവധി അടരുകളുള്ള വികാരമാണ് വിഷാദവും ആനന്ദവും. വിഷാദമാകട്ടെ വികാരങ്ങളുടെ ഒരു ചങ്ങലയാണ്. ദുഃഖവും സ്നേഹവും തൃഷ്ണയും കാമനയും അഭിവാഞ്ഛയും നിരാശയും പ്രതീക്ഷയും ശൂന്യതയും അതില്‍ പ്രതിഫലിക്കും. ഏകാന്ത മനോനിലയുമായി അത് ബന്ധിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ, വിഷാദം എന്നത് ദുഃഖവും നിരാശയും നഷ്ടവും മാത്രമല്ലാതാകുന്നു. ജീവിതത്തെക്കുറിച്ചും അതിന്റെ ഗതിവിഗതികളെക്കുറിച്ചും അനിവാര്യമായ ജനന-മരണ ചക്രത്തെക്കുറിച്ചും ആഴത്തിലുള്ള അവബോധത്തിൽ നിന്ന് ജനിച്ച ഒരുതരം സർഗ്ഗാത്മകതയാണ് വിഷാദത്തെ ചൂഴുന്നതതെന്ന പാശ്ചാത്യ നവോത്ഥാന കലാപ്രവര്‍ത്തകരും തത്വചിന്തകരും വിലയിരുത്തുന്നുണ്ട്. മനോവിശ്ലേഷണം, തത്ത്വചിന്ത, ചിത്രകല, സാഹിത്യം, നാടകം, ചലച്ചിത്രം എന്നിവയില്‍ വിഷാദവും കലയും തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ സര്‍ഗാത്മക പ്രതിഫലനങ്ങള്‍ കാണാം.
ദുരന്താനുഭവത്തിലൂടെ കടന്നുപോകുന്ന പ്രേക്ഷകർ വൈകാരിക ഉച്ചാവസ്ഥയെ പ്രാപിക്കുകയും സ്വയമഴിഞ്ഞ് സ്വസ്ഥരാവുകയും ചെയ്യുന്ന അനുഭൂതിയുടെ സൗന്ദര്യമാണ് ട്രാജഡികളുടെ കാതല്‍. ഈ അനുഭൂതി സന്ദര്‍ഭം ഭയത്തിനും സഹതാപത്തിനുമപ്പുറം ‘ശുദ്ധ’മായ വികാരങ്ങളിലേക്ക് നീങ്ങാൻ പ്രേക്ഷകരെ സഹായിക്കുന്നു. ദുരന്തങ്ങള്‍ അപരിഹാര്യമായ അന്ത്യങ്ങളുടെ സംഭ്രാന്തമായ ആഖ്യാനങ്ങളാണ്. അത് കഥാപാത്രങ്ങളെ അവർ ആരംഭിച്ചതിനേക്കാൾ അസാധാരണവും ദാരുണവുമായ സ്ഥലരാശിയില്‍ എത്തിക്കും. ദുരന്താഖ്യാനങ്ങളുടെ (tragedy) ഈ കലാചിന്തയില്‍ നിന്നും വിഷാദം (melancholy) കാലികമായ മറ്റൊരു സ്ഥലരാശി കണ്ടെത്തുന്നു.
കലയിലും സാഹിത്യത്തിലും വിഷാദം സങ്കീർണ്ണമായി പ്രതിഫലിപ്പിക്കുന്ന വികാരമാണ്. ദാരുണവും അപരിഹാര്യവുമായ അന്ത്യങ്ങളേക്കാള്‍ വിഷാദഭരിതമായ പരിസമാപ്തിയില്‍, നീറിനില്‍ക്കുന്ന ദുഃഖത്തിന്റെ ഒരു ശ്രുതി അത് ബാക്കിനിര്‍ത്തും. അത് പ്രേക്ഷകരില്‍, വായനക്കാരില്‍ സൃഷ്ടിക്കുന്ന സാന്ദ്രചലനമാണ് വിഷാദാഖ്യാനങ്ങളുടെ കലാതന്തു. നഷ്ടം, അസ്തിത്വത്തിനേറ്റ മുറിവ്, കുറ്റബോധം എന്നിവയിൽ നിന്നൂറുന്ന അനിര്‍വചനീയമായ ദുഃഖം. അതില്‍ കാമനയും ഗൃഹാതുരത്വവും ഇഷ്ടകാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളും ഓര്‍മ്മകളും നല്‍കുന്ന ആനന്ദവുമുണ്ടാകും.
മലയാള ചലച്ചിത്രത്തെ വിഷാദതീവ്രമായ കലാനുഭവമാക്കിമാറ്റിയ സംവിധായകരില്‍ പ്രമുഖനായിരുന്നു മോഹന്‍. വിഷാദമായിരുന്നു മോഹൻ സിനിമകളുടെ ജനപ്രിയ ഘടകം. ദുഃഖം കാഴ്ചയുടെ ആനന്ദമായിത്തീരുന്ന ആസ്വാദന വൈരുധ്യം. വിഷാദമോഹനം എന്നു വിളിക്കാവുന്ന ഈ വൈരുധ്യം ദുരന്താഖ്യാനങ്ങളുടെ സമകാലിക ഭാവുകത്വത്തിലാണ് ഊന്നിയത്. മാറുന്ന കുടുംബഘടനയിലെ ബന്ധവൈരുധ്യങ്ങള്‍, തൊഴിലിടങ്ങളിലെ മനുഷ്യബന്ധം, അനാഥത്വം, ദാമ്പത്യത്തിന്റെ ഗാഢസ്ഥലങ്ങള്‍, പ്രണയ പരാജയം തുടങ്ങി കാലത്തിന്റെ വിഷാദ ജനിതകമാണ് മോഹനന്റെ പ്രമേയങ്ങള്‍.
ശാലിനി എന്റെ കൂട്ടുകാരി (1978), വിട പറയുംമുമ്പേ (1981), രചന (1983), മംഗളം നേരുന്നു (1984), ഇസബെല്ല (1988), പക്ഷെ (1994)... തുടങ്ങിയ ചലച്ചിത്രങ്ങള്‍ ആധുനിക മനുഷ്യജീവിതത്തിന്റെ ദുരന്താഖ്യാനങ്ങളാണ്. ശാലിനി മുതൽ പക്ഷെ വരെയുള്ള സിനിമകളിൽ നീറിപ്പിടയുന്ന വിഷാദമുണ്ട്. വിഷാഭരിതമായ അന്ത്യത്തിലേയ്ക്ക് ആഞ്ഞുനില്‍ക്കുന്ന ചലച്ചിത്രാഖ്യാനങ്ങളായിരുന്നു ഇവയെല്ലാം.
ക്ലാസിക്കല്‍ ദുരന്തകാവ്യങ്ങളില്‍നിന്ന് ആധുനിക കലയുടെ വിഛേദത്തെ അമേരിക്കൻ നാടകകൃത്ത് ആർതർ മില്ലർ അടയാളപ്പെടുത്തുന്നുണ്ട്. ഗാർഹിക ചുറ്റുപാടുകൾ ആധുനിക ദുരന്തങ്ങൾക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നുവെന്നും സാധാരണ മനുഷ്യജീവിതത്തില്‍ നിന്ന് നായകന്മാരെയും നായികമാരെയും സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറയുന്നു. ഒരു കേന്ദ്രകഥാപാത്രത്തിന്റെ ദുരന്തപര്യവസായിയായ ആഖ്യാനത്തിന് പകരം പല മനുഷ്യജീവിതത്തിലേയ്ക്ക് പടരുന്ന വ്യത്യസ്ത അടരുകളിലൂട ദുരന്തത്തെ ഹാസ്യത്തിലേയ്ക്കും തിരിച്ചും സംയോജിപ്പിച്ച് വിഷാദത്തിന്റെ കണ്ണികളെ ദൃഢമാക്കുകയാണ് ചലച്ചിത്രങ്ങള്‍. അത് ഒരു വിനോദ തന്ത്രമാണ്. ദുഃഖം ആനന്ദമാര്‍ഗമാകുകയാണ്.
ശാലിനി എന്റെ കൂട്ടുകാരി എക്കാലത്തെയും ദു:ഖ പര്യവസായിയായ വിഷാദചലച്ചിത്രമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. ഒരു കഥാപാത്രത്തിന് വന്നു ചേര്‍ന്നേക്കാവുന്ന നിര്‍ഭാഗ്യകരമായ അവസ്ഥ മാത്രമല്ല, പ്രിയപ്പെട്ടവരുടെ നഷ്ടം, ബന്ധത്തിന്റെ അവസാനം, മാനസികരോഗം, മരണം എന്നിങ്ങനെ പലതായി പടരുന്ന വിഷാദസന്ദര്‍ഭങ്ങളെല്ലാം ശാലിനിയില്‍ സമന്വയിക്കുന്നു.
വിധിയോട് തോറ്റുപോകുന്ന മനുഷ്യരാണ് ശാലിനിയിലെ കഥാപാത്രങ്ങള്‍. ഒരു തരം അനാഥത്വം സഹോദരങ്ങളായ പ്രഭയുടെയും ശാലിനിയുടെയും ജീവിതത്തിലുണ്ട്. സ്വന്തം വീടിനുള്ളില്‍ അന്യവല്‍ക്കതരിക്കപ്പെട്ടവരാണവര്‍. അമ്മയുടെ മരണവും അച്ഛന്റെ രണ്ടാം വിവാഹവും രണ്ടാനമ്മയുമായുള്ള മാനസിക അകലവുമാണ് ഈ അനാഥബോധത്തിന്റെ ഭൗതിക കാരണങ്ങള്‍. എന്നാല്‍ കര്‍ക്കശക്കാരനായ അച്ഛന്‍ എന്ന പിതൃരൂപം കുടുംബം എന്ന ആശയത്തിനുള്ളില്‍ സൃഷ്ടിച്ചുറപ്പിക്കുന്ന അധികാബലതന്ത്രമാണ് അടിസ്ഥാന കാരണം. ആണധികാരവും അതുമായി ചേര്‍ന്നുനില്‍ക്കുകയോ പിന്‍പറ്റുകയോ ചെയ്യുന്ന മനോഭാവങ്ങളും ചേര്‍ന്നു നിര്‍മ്മിക്കുന്ന വികാരരഹിതമായ കൂടായി കുടുംബം അനുഭവപ്പെടുന്നു. അവിടെ എല്ലാത്തരം വൈകാരികാനുഭവങ്ങളും ആവിഷ്കാരങ്ങളും റദ്ദാക്കപ്പെടുന്നു.
കവിതയും ഏകാന്തതയും ഇഷ്ടപ്പെടുന്ന പ്രഭയ്ക്ക് (വേണുനാഗവള്ളി) മുറിയുടെ ചുമരുകള്‍വിട്ട് പറക്കാനാവുന്നില്ല. അയാളുടെ ആവിഷ്കാരങ്ങള്‍ ആരാലും വായിക്കപ്പെടാതെ പോകുന്നു. ശാലിനിയ്ക്ക് (ശോഭ) ഇഷ്ടമല്ലാത്ത വിവാഹത്തില്‍നിന്ന് അവളെ രക്ഷിക്കാനാണ് പ്രഭ ആത്മഹത്യ ചെയ്യുന്നത്. സ്വയം ആവിഷ്കരിക്കാനോ പ്രതിരോധിക്കാനോ കഴിയാതെപോകുന്ന കഥാപാത്രത്തിന്റെ ദാരുണമായ പിന്‍വാങ്ങല്‍. ഒരു കാല്പനികന്റെ അകാലമരണം എന്നതിനപ്പുറത്തേയ്ക്ക് കുടുംബബന്ധങ്ങളുടെ അധികാര ഘടനയ്ക്കുള്ളില്‍ നിസ്സഹായനും നിരായുധനുമായിത്തീരുന്ന ഒരാളുടെ രക്തസാക്ഷിത്വത്തിന്റെ അടരുകള്‍ പ്രഭയുടെ മരണത്തിനുണ്ട്.
സ്നേഹവും സഹതാപവും അനുകമ്പയും കാരുണ്യവും കരുതലും നിസഹായതയും കൊത്തിയ ആണുടൽ വീണുടയുന്നിടത്താണ് ശാലിനിയുടെ ജീവിതം കൂടുതല്‍ ശിഥിലമാകുന്നത്. സഹോദരന്റെ മരണം സൃഷ്ടിച്ച ശൂന്യതയെ ജയദേവന്റെ (സുകുമാരന്‍) സാന്നിധ്യത്തിലൂടെ, പ്രണയം നല്‍കുന്ന അഭയത്തിലൂടെ മറികടക്കാനുള്ള ശാലിനിയുടെ കാമനയുടെ മേലാണ് രോഗം വന്നുഭവിക്കുന്നത്. പ്രണയത്തില്‍നിന്നും മരണത്തിലേയ്ക്കുള്ള അവളുടെ യാത്രയുടെ വിഷാദഭരിദമായ അന്ത്യനിമിഷങ്ങളോട് കാഴ്ചക്കാര്‍ താദാത്മ്യം പ്രാപിക്കുന്നു. കാരണം, ദുഃഖം മുഴുവൻ സമൂഹത്തെയും ഉൾക്കൊള്ളുന്നു. അവിടെ അച്ഛന്‍, രണ്ടാനമ്മ, കാമുകന്‍, ഭര്‍ത്താവ് എന്നെല്ലാമുള്ള ഖരരൂപങ്ങള്‍ അഴിയുന്നു. ഖനീഭൂതമായതിനെയെല്ലാം വിഷാദം അല്പനേരത്തേയ്ക്കെങ്കിലും അലിയിക്കുന്നു. ഈ ആര്‍ദ്രതയാണ് മോഹന്‍ സിനിമകളുടെ കലാതന്ത്രം.
രോഗം പ്രമേയമാകുന്ന മറ്റൊരു ചലച്ചിത്രമാണ് വിട പറയും മുമ്പേ (1981). അനാഥത്വത്തിലും അതിനെ തീവ്രമാക്കുന്ന രോഗാവസ്ഥയിലും ജീവിതത്തോടുള്ള അടങ്ങാത്ത തൃഷ്ണയിലുമാണ് നായകനായ സേവ്യര്‍ നിര്‍മ്മിക്കപ്പെടുന്നത്. അച്ചടക്കമില്ലാത്ത അനാര്‍ഭാടമായ ജീവിതവും നിഷ്ടകള്‍ തെറ്റിക്കുന്ന സഞ്ചാരവുമാണ് സേവ്യറെങ്കില്‍ അയാളുടെ മേലുദ്യോഗസ്ഥനായ ഗോവിന്ദന്‍ കുട്ടി ജീവിക്കുന്ന ഘടികാരമാണ്. ഭിന്ന ധ്രുവങ്ങളിലെ രണ്ട് മനുഷ്യ മാതൃകളെ സമാന്തരമായി ആഖ്യാനം ചെയ്യുന്നതിലൂടെ ജീവിതത്തിന്റെ ഗണിതപ്രശ്നങ്ങളെ സംബോധനചെയ്യുകയാണ് ചലച്ചിത്രകാരന്‍.
മരണത്തിലേയ്ക്ക് നടന്നടുക്കുമ്പോഴും തീവ്രമായി ജീവിതത്തെ പ്രണയിക്കുന്ന അസാധാരണമായ അനുകമ്പയും സഹജീവി സ്നേഹവും പുലര്‍ത്തുന്ന സേവ്യര്‍, കൃത്യതയുടെ കള്ളികളില്‍ ജീവിക്കുന്ന മാധവന്‍കുട്ടി, ഭാര്യയെന്ന പദവിക്കപ്പുറം ജീവിക്കാനാവാതെ ഉഴലുന്ന സുധ, ജീവിതത്തോട് കടപ്പാടും തൃഷ്ണകളോട് ആഭിമുഖ്യവും പുലര്‍ത്തുന്ന ഡോ. തോമസ്, പണിക്കര്‍, മനോഹരന്‍, അയാളുടെ കാമുകി... എന്നിങ്ങനെ നിരവധി മനുഷ്യ ഗണങ്ങളെ പിന്തുടര്‍ന്നുകൊണ്ടാണ് ജീവിതത്തിന്റെ സ്വാഭാവികമോ ആസ്വാഭാവികമോ ആയ അന്ത്യനിമിഷത്തില്‍ ചലച്ചിത്രം എത്തിച്ചേരുന്നത്.
ഒരു കുടിലില്‍ അനാഥനായി മരണം കാത്തുകിടക്കുന്ന സേവ്യറിന് ചുറ്റും ഈ മനുഷ്യരൂപങ്ങള്‍ സന്ധിക്കുന്നു. മരണം എന്ന യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ പ്രേക്ഷകരെ നിര്‍ത്തുന്ന സന്ദര്‍ഭമാണത്. ജീവിതത്തിന്റെ എടുപ്പുകളും സ്ഥാനമാനങ്ങളും ആ ദുഃഖപ്രവാഹത്തില്‍ ഒലിച്ചുപോകുന്നിടത്ത് അനുകമ്പ ഉറവെടുക്കുന്നു. വികാര വിരേചനത്തിന്റെ ഒരു ക്ലാസിക്കല്‍ ചലച്ചിത്ര സന്ദര്‍ഭമാണ് വിട പറയുംമുമ്പേ. ‘ദുരന്തം’ എന്ന വാക്ക് അപരിഹാര്യമായ വിധിയുടെ മുനമ്പില്‍ നിര്‍ക്കുകയോ, വീണുപോവുകയോ ചെയ്യുന്ന ജീവിത സന്ദര്‍ഭങ്ങളെയാണ് അര്‍ത്ഥമാക്കുന്നത്. ആ വിധിയാകട്ടെ ക്ഷണിച്ചുവരുത്തുന്നതോ വന്നുഭവിക്കുന്നതോ ആയേക്കാം.
പരസ്പരം ആസ്വദിച്ച കൗതുകങ്ങളുടെ അന്ത്യത്തില്‍ മരണത്തേക്കാള്‍ ദാരുണമായി ജീവിക്കേണ്ടിവരുന്ന രണ്ട് കഥാപാത്രങ്ങളെയാണ് രചന (1983) യിലൂടെ മോഹന്‍ ആവിഷ്കരിക്കുന്നത്. രചന പേരു സൂചിപ്പിക്കുംപോലെ എഴുത്തുകാരന്റെ ജീവിതമാണ്. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടുന്ന ശ്രീപ്രസാദ് എന്ന എഴുത്തുകാരനെ തേടിയെത്തുന്ന പഴയ സുഹൃത്ത് കാണുന്നത് അവസാനിച്ചിട്ടും ഒഴുകുന്ന രണ്ട് ജീവിതങ്ങളെയാണ്.
നാട്ടുമ്പുറത്തുനിന്നും നഗരത്തിലെത്തുന്ന അച്ചുതനുണ്ണിയില്‍ അനുരാഗത്തിന്റെ വിത്തിടുകയും അയാളുടെ തൃഷ്ണകളെ കെട്ടഴിച്ചുവിടുകയും ചെയ്യുകയെന്ന ദൗത്യം സ്വന്തം ഭാര്യയെ എല്‍പ്പിക്കുന്ന എഴുത്തുകാരന്‍ ഒരു കഥാപാത്രത്തെ നിര്‍മ്മിക്കുകയായിരുന്നു. ആ കളി പക്ഷെ കാര്യമായി. കഥാപാത്രം എഴുത്തുകാരന്റെ ചരട് പൊട്ടിച്ച് മരണത്തിലേയ്ക്ക് കുതറിവീണു. കുറ്റബോധത്തിന്റെ ആഘാതത്തില്‍ എഴുത്തുകാരന്റെ ഭാര്യ ശാരദയുടെ ജീവിതം നിശ്ചലമായി. ദുരന്തങ്ങളുടെ ഒരു ചക്രവ്യൂഹത്തിലാണ് എഴുത്തുകാരന്റെ ജീവിതം. അത് ഭേദിച്ച് പുറത്തുവരാനാവാത്തതിന്റെ നിസ്സഹായതയും സംഘര്‍ഷവുമാണ് അയാളുടെ ജീവിതത്തെ നിതാന്ത വിഷാദത്തിലാഴ്ത്തുന്നത്.
വികാരസാന്ദ്രമായ പ്രണയാനുഭവം രണ്ട് മനസ്സുകള്‍ തമ്മിലുള്ള, ഉടലുകള്‍ തമ്മിലുള്ള ലയനമാണ്. ആനന്ദനിര്‍ഭരമായ നിമിഷങ്ങളിലൂടെ വ്യക്തികള്‍ അപൂര്‍ണ്ണതയെ തകര്‍ത്ത് പൂര്‍ണ്ണതയില്‍ ലയിക്കുന്ന അഭിലാഷങ്ങളുടെ ആഷോഘമാണതെന്ന് പ്ലേറ്റോ. പ്രണയം ചുറ്റുപാടുകളുടെ വിലക്കുകളെ വിസ്മരിച്ച് നിത്യതയില്‍ അഭിരമിക്കുന്നു. അതുകൊണ്ടാണ് സമൂഹത്തില്‍ ഇതര ജീവിതാനുഭവങ്ങള്‍ക്ക് ലഭിക്കാത്ത പ്രാധാന്യം പ്രണയ/രതിയനുഭവങ്ങള്‍ക്ക് ലഭിക്കുന്നത്. അലൗകിക സൗന്ദര്യത്തിന്റെ ഈ നിത്യതാസ്പര്‍ശം ചിലപ്പോള്‍ ഒറ്റനിമിഷത്തില്‍ തകര്‍ന്നുവീണേക്കാം. വ്യക്തിയുടെ വികാരസാന്ദ്രമായ സ്വകാര്യതയും സമൂഹത്തിന്റെയും സമുദായത്തിന്റെയും ജാതിയുടെയും വികാരനിരപേക്ഷമായ 'ധാര്‍മ്മികത'യും പരസ്പരം ഏറ്റുമുട്ടുന്നു സന്ദര്‍ഭമാണത്. മോഹന്റെ മംഗളം നേരുന്നു (1984) കടന്നുപോകുന്നത് ഈ സന്ദര്‍ഭങ്ങളിലൂടെയാണ്.
ഊട്ടിയില്‍ താമസിക്കുന്ന മധുവും ഉഷയും തമ്മിലുള്ള പ്രണയം സാമൂഹിക സദാചാരത്തിന്റെ വിചാരണയില്‍ വഴി പിരിയുന്നു. ഉഷയുടെ പിതാവ് രവീന്ദ്രമേനോന്‍ അല്ലെന്നും അവളുടെ മാതാവ് രജനി ജീവിത ദുരന്തങ്ങളില്‍പ്പെട്ട് വഴിതെറ്റിപ്പോയ സ്ത്രീയായിരുന്നുവെന്നും വെളിപ്പെടുത്തുന്നതോടെ നിശബ്ദനായി പടിയിറങ്ങിപ്പോകുന്ന മധുവിനെ കുറ്റപ്പെടുത്താതെ മംഗളം നേരുന്ന ഉഷയുടെ നിസ്സഹായതയിലാണ് ചലച്ചിത്രം അവസാനിക്കുന്നത്.
രവീന്ദ്രമേനോന്റെ ദാമ്പത്യം അസാധ്യമായതും രജനിയുടെ ജീവിതവഴികള്‍ തെറ്റിയതും ഉഷ അനാഥയായതും അവരുടെ തെരഞ്ഞെടുപ്പായിരുന്നില്ല. വിധിയുടെ വ്യത്യസ്തമായ കൈവഴികളിലൂടെ ഒഴുകി ഒന്നായ ജീവിതങ്ങള്‍. രക്തബന്ധത്തില്‍ ലീനമായിരിക്കുന്ന സദാചാരത്തിന്റെയും ധാര്‍മ്മികതയുടെയും കല്പനകളെ സ്നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ, അനുകമ്പയുടെ ആര്‍ദ്രതയാല്‍ ലംഘിക്കുകയാണ് ചലച്ചിത്രം. അലിവ് ഒരു ദൗര്‍ബല്യമായല്ല, അപരത്വത്തോടുള്ള അനുഭാവമായാണ് മാറുന്നത്. ഉപേക്ഷിക്കലിന്റെ തീവ്രവേദനയിലും വരാനിരിക്കുന്ന തിരസ്കാരത്തിന്റെ യാതനകളെക്കുറിച്ചുള്ള വിചാരമാവണം മധുവിനെ പിരിയാന്‍ ഉഷയെ പ്രാപ്തയാക്കുന്നത്. ഭൂതകാലവും പിതൃത്വവും പാരമ്പര്യവും തറവാട്ട് ഘോഷണങ്ങളും ചേര്‍ന്ന് അടര്‍ത്തിമാറ്റുന്ന അനേകം പ്രണയസ്മാരകങ്ങളുടെ ഓര്‍മ്മയില്‍ പ്രേക്ഷകമനസ്സ് ചലച്ചിത്രവുമായി തദാത്മ്യപ്പെടുന്നു.
'രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു…' എന്ന് ഓക്ടോവിയ പാസ്. 'സ്‌നേഹിക്കുകയെന്നാല്‍ പോരാടുകയെന്നാണ്, കതകുകള്‍ തുറക്കുകയെന്നാണ്...' എന്നും കവിത തുടരുന്നു. എന്നിട്ട് പോരാട്ടം നടന്നോ? കതകുകള്‍ മലര്‍ക്കെ തുറക്കുകയും ഉടലുകള്‍ക്ക് ചിറകുമുളയ്ക്കുകയും അഭിലാഷങ്ങള്‍ പറന്നുയരുകയും വീഞ്ഞ് വീഞ്ഞായും ജലം ജലമായും അതിന്റെ ആത്മത്തെ, സ്വത്വത്തെ വീണ്ടെടുക്കുകയും ചെയ്തോ?
പ്രണയവും ചുംബനവും ലോകത്തെ ജീവിതത്തെ മാറ്റിമറിക്കുക തന്നെ ചെയ്തു. പക്ഷെ സിനിമയില്‍ മാറിയത് ലോകമല്ല, പ്രണയമാണ്. ചുംബനമാകട്ടെ പ്രണയത്തിലേയ്ക്കോ കലാപത്തിലേയക്കോ പരിഭാഷപ്പെട്ടതുമില്ല. ഇസബെല്ല (1988)യുടെ മരണം അനിവാര്യമായ ദുരന്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. രക്തബന്ധങ്ങളുടെയും കടപ്പാടുകളുടെയും വ്യത്യസ്തമായ ദേശവൃത്തങ്ങളില്‍ ചുറ്റിത്തിരിഞ്ഞസ്തമിച്ച രണ്ട് ജീവിതങ്ങളായിരുന്നു ഇസബെല്ലയും ഉണ്ണികൃഷ്ണമോനോനും.
കുടുംബ, സമുദായ വിലക്കുകള്‍ ലംഘിച്ച് രണ്ട് വ്യക്തികള്‍ മാത്രമുള്ള ലോകം നിര്‍മ്മിക്കാനാണ് പ്രണയം ശ്രമിക്കുന്നത്. അതുകൊണ്ടാവാം സമൂഹ-സമുദായ സദാചാരങ്ങള്‍ക്ക് പ്രണയം അസ്വീകാര്യമാകുന്നത്. സാമൂഹിക ബന്ധങ്ങളില്‍ ഇന്ന് പുലരുന്ന നിര്‍വചനങ്ങളെ അതിലംഘിച്ചുകൊണ്ടുമാത്രമേ വ്യക്തികളുടെ ആനന്ദനിര്‍ഭരമായ ലയനം സാധ്യമാവുകയുള്ളു. സമുദായ വിലക്കുകള്‍ ചെന്നെത്താത്ത സ്വകാര്യ സങ്കേതങ്ങള്‍ തേടി പ്രണയ ശരീരങ്ങള്‍ അലഞ്ഞുതിരിയുന്നത് അതുകൊണ്ടാവാം.
സമൂഹത്തിന്റെ സദാചാര കല്‍പനകളെ ലംഘിക്കാനാവാതെ വ്യക്തികളുടെ പ്രണയാവിഷ്‌കാരങ്ങള്‍ സാധ്യമല്ലെന്നുവരുമ്പോഴാണ് ഏറ്റവും സുരക്ഷിതമായ ഒളിയിടങ്ങളായി മരണം കടന്നുവരുന്നത്. ഉണ്ണികൃഷ്ണ മേനോന്റെയും ഇസബെല്ലയുടെയും പ്രണയം ഒടുവിലെത്തിച്ചേരുമായിരുന്ന അനിവാര്യലയനത്തില്‍ നിന്ന് കുതറിപ്പോകുന്നു. ആത്മഹത്യാമുനമ്പില്‍ നിന്നും അവളെ വീണ്ടെടുക്കാന്‍ അയാള്‍ക്കായില്ല. ഒരാള്‍ മരണത്തിലേയ്ക്കും മറ്റയാള്‍ നിരാശാഭരിതമായ ജീവിതത്തിലേയ്ക്കും ശിക്ഷിക്കപ്പെട്ടു.
ദുഃഖവും യാതനയും വിഷാദവും കുടിപാര്‍ക്കുന്ന ഇടമായാണ് പ്രണയത്തെ മോഹന്‍ ആവിഷ്കരിച്ചത്. അനുശീലന വ്യവസ്ഥയിലൂടെ കാലാകാലങ്ങളായി ക്രമപ്പെടുത്തിയ ശരീരം സമൂഹത്തിന്റെ കല്‍പനകളെ ലംഘിക്കുന്ന കാമനകളിലേക്ക് ചിലപ്പോള്‍ തുളുമ്പിപ്പോകും. പ്രണയം ദാമ്പത്യത്തില്‍ അവസാനിക്കുന്ന കേവല ആഖ്യാനങ്ങളെ വിട്ട് പുറത്തുചാടും. അത് ശരീരം കടന്നുപോകുന്ന കഠിനമായ അനുഭവത്തിന്റേതുകൂടിയാണ്. ദാമ്പത്യത്തിന്റെ വര്‍ത്തമാനത്തില്‍നിന്നും പ്രണയത്തിന്റെ ഭൂതകാലത്തിലേയ്ക്ക് വ്യക്തികാമനകള്‍ സഞ്ചരിക്കുന്ന ചകിതമായ ദൂരമാണ് പക്ഷെ (1994) എന്ന ചലച്ചിത്രം.
വ്യക്തികളുടെ അഭിലാഷങ്ങള്‍ക്ക് സ്വതന്ത്രമാകാന്‍ ശരീരത്തെയും, അതിനെ ചൂഴ്ന്നുനില്‍ക്കുന്ന ഓര്‍മ്മകളെയും അഴിച്ചെടുക്കേണ്ടിവരും. ശൂന്യമായ മനസ്സിലേക്കുള്ള ശരീരത്തിന്റെ കൂടുമാറ്റത്തിലൂടെ ഭൂതകാലത്തെ പൂര്‍ണ്ണമായും വീണ്ടെടുക്കാനാവുമെന്ന സ്വപ്നത്തിന്റെ വ്യര്‍ത്ഥതയാണ് ബാലചന്ദ്രനും നന്ദിനിയും. ഭര്‍ത്താവ് എന്ന വര്‍ത്തമാനത്തില്‍നിന്നും കാമുകന്‍ എന്ന ഭൂതകാല അനുഭവത്തിലേക്കുള്ള മടക്കമാണ് പക്ഷെയിലെ നായകന്റേത്. നന്ദിനിയുടേത് പോയകാലത്തിന്റെ നിരുപാധികമായ തിരിച്ചുവരവാണ്.
സ്വന്തം ജീവിത പരിസരത്തില്‍നിന്നും ഒളിച്ചോടുന്ന ബാലചന്ദ്രനും പില്‍ക്കാലം എഴുത്തുകാരിയായിത്തീര്‍ന്ന നന്ദിനിയും യാദൃച്ഛികമായി കണ്ടുമുട്ടുന്നു. ആ കണ്ടുമുട്ടല്‍ അവരെ ഭൂതകാലത്തേയ്ക്ക് നയിക്കുകയും ആനന്ദകരമായ ആ നിമിഷങ്ങള്‍ വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷ ഉണര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ പ്രണയം വര്‍ത്താനകാലത്തെ സ്പര്‍ശിക്കുന്നില്ല. അലൗകിക സൗന്ദര്യമായും ആനന്ദാനുഭവമായും പൂര്‍ണ്ണത തേടുന്ന പ്രണയ നിമിഷങ്ങള്‍ക്ക് വിലങ്ങനെ കുടുംബവും കുട്ടികളും വന്നുനില്‍ക്കുന്നു. തെരഞ്ഞെടുപ്പിന്റെ കഠിനമായ നിമിഷം. ബാലചന്ദ്രന്‍ ദാമ്പത്യത്തിന്റെ വര്‍ത്തമാനകാലത്തേയ്ക്ക് തിരികെ നടക്കുന്നു. വ്യക്തിക്ക് പ്രണയം വാഗ്ദാനം ചെയ്യുന്ന ആനന്ദാനുഭൂതിയും സ്വാതന്ത്ര്യവും ദാമ്പത്യ/കുടുംബ വ്യവസ്ഥക്കുള്ളില്‍ അഴിഞ്ഞുപോകുന്നു. നിരാശാഭരിതരായ രണ്ടുവ്യക്തികളില്‍ നിന്ന് ആനേകം കാണികളിലേയ്ക്ക് അവരുടെ വ്യര്‍ത്ഥകാമനകള്‍ വിലയംകൊള്ളുന്നു. പക്ഷെ... എന്ന അപൂര്‍ണ്ണതയില്‍, എന്തോ പറയാന്‍ ബാക്കിവച്ച് ദുഃഖസാന്ദ്രമായ വിടവാങ്ങലില്‍ സിനിമ അവസാനിച്ചു. ബന്ധങ്ങളുടെ കൂടിച്ചേരലും വേര്‍പാടും ഒരേ സന്ദര്‍ഭത്തില്‍ സംഭവിക്കുന്നു.
മാനവ ചരിത്രത്തിലുടനീളം കലയേയും സാഹിത്യത്തെയും ആഴത്തില്‍ സ്വാധീനിച്ച വിഷയമാണ് വിഷാദം. സാർവത്രികമായ മനുഷ്യാനുഭവം എന്ന നിലയില്‍ കാണികളുമായി അത് താദാത്മ്യം പ്രാപിക്കുന്നു. വിഷാദം ആപേക്ഷികവും എന്നാല്‍ ആധികാരികവുമാണ്. ജീവിതത്തില്‍ അതെപ്പോഴും അന്തർലീനമായിരിക്കും. വിഷാദം അഗാധമായ ദുഖത്തിന്റെയും അന്ധകാരത്തിന്റെയും വികാരമാണ്. അത് പലപ്പോഴും നഷ്ടവുമായോ ആഗ്രഹവുമായോ ചേര്‍ന്നുനില്‍ക്കുന്നു. കാമനകളുടെ ഈ മുറിവുകളിലാണ് മോഹന്റെ ചലച്ചിത്രങ്ങള്‍ ശ്രദ്ധചെലുത്തിയത്.
വൈകാരികമായ ആഴത്തെ അത് ദൃശ്യപ്പെടുത്തി. കഥാപാത്രങ്ങൾ, കഥയുടെ അടരുകള്‍, പ്രമേയം എന്നിവയിലെല്ലാം ലീനമായ വിഷാദം ആഖ്യാനത്തെ വൈകാരികവും സങ്കീര്‍ണവുമാക്കി. ശാലിനിയുടെ അകാലവിയോഗം (ശാലിനി എന്റെ കൂട്ടുകാരി) നിത്യതയെ പുല്‍കുന്ന തീവ്രാനുഭവമാകുന്നത് അതിനാലാണ്. സേവ്യര്‍ അപരിഹാര്യമായ വേര്‍പാടിന്റെ, അനാഥത്വത്തിന്റെ (വിട പറയുംമുമ്പേ) എക്കാലത്തേയും ഓര്‍മ്മയാണ്. മരണത്തേക്കാള്‍ ദാരുണമായി ജീവിതമാണ് ശ്രീപ്രസാദിനെയും ശാരദയേയും (രചന) ചൂഴുന്നത്. അതാകട്ടെ കുടുംബം എന്ന ആന്ദഭരിതമായ ഭൂതകാലത്തെ വിഷാദത്തിന്റെ കുടീരമാക്കുന്നു. ശ്രീപ്രസാദിന്റെ ആത്മനിന്ദയും കുറ്റബോധവും അവരവരിലേയ്ക്ക് നീളുന്ന വിഷാദഭരിതമായ ആത്മവിമര്‍ശനമായി അനുഭവപ്പെടും. ജീവിതം വഴുതിപ്പോകുന്നത് നിസ്സായയായി നോക്കിനില്‍ക്കേണ്ടിവരുന്ന ഉഷയേറ്റുവാങ്ങുന്നത് (മംഗളം നേരുന്നു) തന്റേതല്ലാത്ത കുറ്റത്തിന്റെ ശിക്ഷയാണ്. രാത്രിയില്‍, ഇരുള്‍മറയിലേയ്ക്ക് നടന്നുമറയുന്ന മധു ആണ്‍ലോകത്തിന്റെ കുറ്റബോധമായിത്തീരുന്നുണ്ട്. ആ വിഷാദം പ്രേക്ഷക മനസ്സിന്റെ അത്യന്തം സ്വകാര്യമായ ഉരുള്‍പൊട്ടലുകളായി പരിണമിക്കുന്നു.
ഉഷയെ ജീവിതത്തിന്റെയും ഇസബെല്ലയെ ആത്മഹത്യയുടെയും മുനമ്പില്‍ നിര്‍ത്തുന്നതിലൂടെ വിഷാദത്തിന്റെ സാര്‍വത്രികതയെയാണ് മോഹനന്‍ ആഖ്യാനം ചെയ്തത്. ബാലചന്ദ്രനും നന്ദിനിയും (പക്ഷെ...) ആ വിഷാദത്തിന്റെ സാര്‍വലൗകികമായ അപൂര്‍ണ്ണവാക്യമാണ്.
മോഹന്റെ ചലച്ചിത്ര വിഷാദകാവ്യങ്ങളെ ഇങ്ങനെ ചുരുക്കി വായിക്കാം. തീവ്രമായ വികാരങ്ങളിലും മനുഷ്യാവസ്ഥയുടെ സ്വാഭാവിക വിധിയിലും ഉദാത്തമായ പ്രണയത്തിലും അപരിഹാര്യമായ വേര്‍പാടിലും ഊന്നിയ പ്രമേയങ്ങളിലൂടെ മോഹന്‍ തന്റെ ചലച്ചിത്രങ്ങളെ കാല്പനിക അനുഭവങ്ങളാക്കി. ഇരുട്ട്, ഏകാന്തത, നഷ്ടം, ഒറ്റപ്പെടല്‍ എന്നീ ജീവിതാവസ്ഥയിലൂടെ സഞ്ചരിച്ച ചലച്ചിത്രങ്ങള്‍ മനുഷ്യ മനസിലേയ്ക്കുള്ള പര്യവേക്ഷണങ്ങളായിരുന്നു.
അസംബന്ധം, നിരാശ, അർത്ഥം തേടൽ എന്നിവയിലൂടെ മോഹന്‍ ചിത്രങ്ങള്‍ കലാ-സാഹിത്യ ആധുനികതയെ ചൂഴ്ന്ന അസ്തിത്വവാദത്തിന്റെ പ്രമേയങ്ങള്‍ പങ്കുവയ്ക്കുന്നു. പല അടരുകളുള്ള ആഖ്യാനങ്ങളിലൂടെ ആധുനിക കേരളീയ നാഗരിക ജീവിതത്തിന്റെ ശിഥിലമായ കാമനകളെ വിഷാദാത്മകമായി അവിഷ്കരിക്കുകയായിരുന്നു മോഹന്‍. കഥാപാത്രങ്ങളുടെ അന്ത്യങ്ങളില്‍, ദുരന്ത പരിസമാപ്തികളില്‍ അവസാനിക്കാത്ത വിഷാദത്തിന്റെ നീട്ടിയെടുക്കലായിരുന്നു ആ ചലച്ചിത്രങ്ങള്‍.