ഹിറ്റ്‌ലറുടെ അവസാനത്തെ മണിക്കൂറുകൾ, ലോകത്തെ വിറപ്പിച്ചയാൾ ഭയന്നുപോയ നിമിഷങ്ങൾ

ചിരിച്ചും തമാശ പറഞ്ഞും വിരുന്നാസ്വദിച്ചു കൊണ്ടിരിക്കെ വളരെ പെട്ടെന്നാണ് ഹിറ്റ്‌ലറെ വിഷാദം ആവേശിക്കുന്നത്. അയാൾ പറഞ്ഞു," എല്ലാം അവസാനിച്ചു. എന്നെ എല്ലാവരും ചേർന്ന് ചതിച്ചു കളഞ്ഞു" 

the last minutes of Hitler, when the fuhrer shuddered facing death and defeat

" ദിസ് ഈസ് ലണ്ടൻ കോളിങ്. ഒരു ന്യൂസ് ഫ്ളാഷുണ്ട്.  ജർമ്മൻ റേഡിയോ, 'ഹിറ്റ്‌ലർ മരിച്ചു' എന്നൊരു അനൗൺസ്‌മെന്റ് പ്രക്ഷേപണം ചെയ്തിരിക്കുന്നു. ഞാൻ ആവർത്തിക്കുകയാണ്, ജർമ്മൻ റേഡിയോ, 'ഹിറ്റ്‌ലർ മരിച്ചു' എന്നൊരു അനൗൺസ്‌മെന്റ് പ്രക്ഷേപണം ചെയ്തിരിക്കുന്നു. " ബിബിസിയിൽ നിന്ന് 1945 മെയ് ഒന്നാം തീയതിയാണ് ഈ ചരിത്ര പ്രധാനമായ അറിയിപ്പുണ്ടാകുന്നത്. ഹിറ്റ്‌ലര്‍ എന്ന ജർമ്മൻ സ്വേച്ഛാധിപതി സ്വന്തം തലയിലേക്ക് നിറയൊഴിച്ച് ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് 75 വർഷം തികയുന്നു. അവസാന നിമിഷം വരെയും റഷ്യൻ സൈന്യത്തോട് വീരോചിതമായ പോരാട്ടം നടത്തിയാണ് ഹിറ്റ്‌ലര്‍ മരണത്തിനു കീഴടങ്ങിയത് എന്നായിരുന്നു ആദ്യമൊക്കെ ജർമ്മൻ റേഡിയോയിലൂടെ പ്രഖ്യാപിച്ചു കൊണ്ടിരുന്നത് എങ്കിലും, ഹിറ്റ്‌ലർ വധിക്കപ്പെടുകയല്ല, മറിച്ച് റഷ്യൻ സൈന്യത്തിന്റെ പിടിയിൽ പെടാതിരിക്കാൻ വേണ്ടി സ്വന്തം ബങ്കറിനുള്ളിൽ വെച്ച് ആത്മാഹുതി ചെയ്യുകയായിരുന്നു ഹിറ്റ്‌ലർ എന്നതായിരുന്നു വാസ്തവം. 

 

the last minutes of Hitler, when the fuhrer shuddered facing death and defeat

 

റഷ്യൻ സൈന്യം അടുത്തടുത്ത് വരികയായിരുന്നു. ചാൻസലറുടെ ബംഗ്ലാവിനടുത്തായി, ഭൂമിക്ക് അമ്പതടി താഴെ പണികഴിപ്പിച്ചിരുന്ന തന്റെ രഹസ്യ ബങ്കറിൽ ഇരുന്നായിരുന്നു അവസാന നാളുകളിൽ ഹിറ്റ്‌ലർ എല്ലാം നിയന്ത്രിച്ചിരുന്നത്. അവസാന ദിവസമായപ്പോഴേക്കും, അവിടെയിരുന്നാൽ തന്നെ റഷ്യൻ സൈന്യത്തിന്റെ പീരങ്കിയൊച്ചകളും, വിമാനം പറന്നുപോകുന്ന ശബ്ദവും, ബോംബുകൾ പതിക്കുന്ന കുലുക്കവും ഒക്കെ അറിയാമായിരുന്നു. തന്റെ പെൺപട്ടി ബ്ലോണ്ടിയെ ഒന്ന് നടത്തിച്ചു കൊണ്ടുവരാൻ വേണ്ടി മാത്രം ചാൻസലർ ബംഗ്ലാവിലെ പൂന്തോട്ടത്തിൽ ചെന്ന് ഉലാത്തും അൽപനേരം. ബംഗ്ളാവും അതിന്റെ നാലുപാടുമുള്ള കെട്ടിടങ്ങളും ബോംബാക്രമണങ്ങളിൽ തകർന്നു തരിപ്പണമായ അവസ്ഥയിൽ ആയിട്ടുണ്ടായിരുന്നു അപ്പോഴേക്കും. രാവിലെ അഞ്ചോ ആറുമണി വരെ ഉണർന്നിരിക്കും ഹിറ്റ്‌ലർ. ഉറക്കമാണെങ്കിൽ ആകെ രണ്ടോ മൂന്നോ മണിക്കൂർ നേരം മാത്രമായി അവസാന നാളുകളിൽ. 

എവിടെനിന്നെങ്കിലും തന്നെ രക്ഷിക്കാൻ ആരെങ്കിലും സൈന്യവുമായി എത്തുമെന്ന നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും, പരാജയം എന്ന സാധ്യതയേയും അയാൾ അവഗണിച്ചിരുന്നില്ല. "ബെർലിനിലെ യുദ്ധത്തിൽ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവിടം വിട്ടൊടോടിപ്പോവുകയൊന്നുമില്ല ഞാൻ, ഇവിടെത്തന്നെയായിരിക്കും എന്റെ മരണവും" എന്ന് ഇടയ്ക്കിടെ പറയുമായിരുന്നു ഹിറ്റ്‌ലർ. പിടിക്കപ്പെടും എന്ന അവസ്ഥവന്നാൽ ആത്മാഹുതി ചെയ്യാനും മടിക്കില്ലെന്ന സൂചന ഹിറ്റ്‌ലർ തന്നോടൊപ്പം നിൽക്കുന്നവർക്ക് നേരത്തെ തന്നെ നൽകിയിരുന്നു. ഏപ്രിൽ 22 -ന് തന്റെ കാമുകി ഇവാ ബ്രൗണിനോടും അയാൾ പറഞ്ഞു, "നിനക്ക് വേണമെങ്കിൽ ബെർലിൻ വിട്ട് ഈ നിമിഷം പോകാം. ഇനിയും ഇവിടെ നിൽക്കുന്നത് ജീവന് അപകടമാണ്. " ഞാൻ അങ്ങയെ വിട്ട് എങ്ങും പോകില്ല എന്നങ്ങേയ്ക്കറിഞ്ഞുകൂടേ " എന്നായിരുന്നു ഇവയുടെ മറുപടി. 

 

the last minutes of Hitler, when the fuhrer shuddered facing death and defeat

 

ഹിറ്റ്ലറുടെ യുദ്ധോത്പാദന വകുപ്പ് മന്ത്രി( Minister of War Production) ആൽബർട്ട് സ്പിയേഴ്‌സ് അവസാന നാളുകളിലൊന്നിൽ ഹിറ്റ്‌ലറെ സന്ദർശിച്ച് യാത്രപറയാൻ വന്നപ്പോൾ അയാൾ ഏറെ വിഷണ്ണനും പരിക്ഷീണനും ആയിക്കഴിഞ്ഞിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞു നിന്ന ഹിറ്റ്‌ലറിൽ ആ പഴയ ഉന്മേഷം കാണാനില്ലായിരുന്നു. മാനസികമായി ആകെ തകർന്ന ആ മാനസികാവസ്ഥ കണ്ടാൽ ആർക്കും സഹതാപം തോന്നിപ്പോകുമായിരുന്നു എന്ന് പിന്നീട് സ്പിയേഴ്‌സ് ഓർത്തെടുത്തിട്ടുണ്ട്. 

അന്നത്തെ ഹിറ്റ്‌ലറുടെ മാനസിക-ശാരീരിക അവസ്ഥകളെപ്പറ്റിയുള്ള വിശദമായ വർണ്ണനകൾ റോബർട്ട് പെയിൻ എഴുതിയ 'ലൈഫ് ആൻഡ് ഡെത്ത് ഓഫ് അഡോൾഫ് ഹിറ്റ്‌ലർ' എന്ന പുസ്തകത്തിലുണ്ട്. "ഹിറ്റ്‌ലറുടെ മുഖം ആകെ ചുരുങ്ങിപ്പോയിരുന്നു. ആകെ ചുളിഞ്ഞു പോയിരുന്നു ആ മുഖം. അയാളുടെ കണ്ണുകളിൽ നിന്ന് തെളിച്ചവും തേജസ്സുമെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയായിരുന്നു.  സംസാരിച്ചിരിക്കുമ്പോൾ ഇടക്ക് ഹിറ്റ്‌ലറുടെ ഇടത്തെക്കൈ ഇടയ്ക്കിടെ വല്ലാതെ വിറയ്ക്കുമായിരുന്നു. ആ അനിയന്ത്രിതമായ വിറ നിർത്താൻ വേണ്ടി അയാൾക്ക് തന്റെ വലതുകൈ കൊണ്ട് ഇടതുകൈ പിടിച്ചു വെക്കേണ്ടി വന്നിരുന്നു. ചുമലുകൾക്കുള്ളിൽ തല ഒളിപ്പിച്ചുവെച്ച ശ്രമിക്കുന്ന ഹിറ്റ്‌ലറെക്കണ്ടാൽ പ്രായമേറിയ ഒരു കഴുകനെപ്പോലുണ്ടായിരുന്നു. ഹിറ്റ്‌ലറുടെ വ്യക്തിത്വത്തിലുണ്ടായ ഏറ്റവും കാതലായ മാറ്റം അയാളുടെ നടത്തത്തിന്റെ രീതിയിൽ വന്നതായിരുന്നു. എന്നും 'സ്റ്റെഡി' ആയി മാത്രം നടന്നിരുന്ന ഫ്യൂറർ അവസാനനാളുകളിൽ വെച്ചുവെച്ചായിരുന്നു നടത്തം. കുറച്ചു ദൂരം നടക്കുമ്പോഴേക്കും ആകെ ക്ഷീണിച്ച മട്ടാകും. പിന്നെ ഏതെങ്കിലും ഒരു  മേശയുടെ മൂലയ്ക്കൽ പിടിച്ച് നിന്ന് കിതക്കും. വെറും ആറുമാസത്തെ ഇടവേളകൊണ്ട് ഹിറ്റ്‌ലർക്ക് പത്തുവർഷത്തെ പ്രായാധിക്യം വന്ന പോലായി. "

 

the last minutes of Hitler, when the fuhrer shuddered facing death and defeat

 

ഏപ്രിൽ 27 ഒക്കെ ആയപ്പോഴേക്കും ബെർലിനും ജർമനിയുടെ മറ്റുഭാഗങ്ങളും തമ്മിലുള്ള ബന്ധം പൂർണ്ണമായും അറ്റുകഴിഞ്ഞിരുന്നു. എല്ലാവരും കാത്തുകൊണ്ടിരുന്നത് ഹിറ്റ്‌ലറുടെ ആത്മഹത്യക്കായിരുന്നു. തന്റെ യുദ്ധപങ്കാളിയായ മുസോളിനിയെ ഇറ്റാലിയൻ വിപ്ലവകാരികൾ വളരെ ക്രൂരമായ രീതിയിൽ വധിച്ച്, മൃതദേഹങ്ങൾ പൊതുസ്ഥലത്ത് തലകീഴായി കെട്ടിത്തൂക്കി പ്രദർശിപ്പിച്ച വിവരം അറിഞ്ഞ ശേഷം ആത്മാഹുതി എന്ന ഒരേയൊരു മോക്ഷമാർഗ്ഗത്തിലേക്ക് ഹിറ്റ്‌ലർ എത്തുകയും ചെയ്‌തിരുന്നു.  എന്നാൽ, ഒന്നുരണ്ടു കര്യങ്ങൾ കൂടി പൂർത്തീകരിക്കാനുണ്ടായിരുന്നു ഹിറ്റ്‌ലർക്ക്. ആദ്യം തന്റെ കാമുകി ഇവയെ വിവാഹം കഴിക്കണമായിരുന്നു. പിന്നെ ഒരു വിൽപത്രം എഴുതി ഒപ്പിടണമായിരുന്നു.  

 

the last minutes of Hitler, when the fuhrer shuddered facing death and defeat

 

ഇവാ ബ്രൗണിനെ വിവാഹം ചെയ്യണം എന്ന് അവസാന ദിവസങ്ങളിൽ ഹിറ്റ്ലർ ഉറപ്പിച്ചിരുന്ന കാര്യമായിരുന്നു. ഒരൊറ്റ ചോദ്യം മാത്രമാണ് ഉണ്ടായിരുന്നത്. ഈ ബഹളങ്ങൾക്കിടെ ആരാണ് വിവാഹത്തിന് കാർമികത്വം വഹിക്കുക?  തന്റെ വിവാഹം നടത്തിത്തന്ന വാൾട്ടർ വാഗ്നറുടെ പേര് നിർദേശിച്ചത് ജോസഫ് ഗീബൽസ് ആയിരുന്നു. ആൾ ഇപ്പോൾ എവിടാണെന്ന് ഗീബൽസിന് നല്ല നിശ്ചയം പോരായിരുന്നു പക്ഷേ. രേഖകളിലുണ്ടായിരുന്ന വാഗ്നറുടെ മേൽവിലാസത്തിലേക്ക് ഒരു സൈനികനെ പറഞ്ഞയച്ചു ഗീബൽസ്. ഭാഗ്യവശാൽ ആൾ അവിടെത്തന്നെ ഉണ്ടായിരുന്നു. 

പുറത്ത് തെരുവുകളിൽ റഷ്യൻ ഷെല്ലിങ്ങും ബോംബിങ്ങും ഒക്കെ നടന്നുകൊണ്ടിരിക്കുന്നതിനിടയിലൂടെ ഒരു വിധം കഷ്ടപ്പെട്ട് വാഗ്നറെ ബങ്കർ വരെ കൊണ്ടുവന്നു. എന്നാൽ ധൃതിപ്പെട്ടിറങ്ങുന്നതിനിടെ വാഗ്നർ വിവാഹസർട്ടിഫിക്കറ്റ് വീട്ടിൽ വെച്ചുമറന്നിട്ടുണ്ടായിരുന്നു. അതെടുക്കാൻ വേണ്ടി വീണ്ടും വെടിയുണ്ടകൾക്കും ബോംബുകൾക്കും ഇടയിലൂടെ, തകർന്നുകിടക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ചാടിക്കടന്നു വീണ്ടും വീടുവരെ പോയി വാഗ്നർ. രണ്ടാമതും വാഗ്നർ ബങ്കറിൽ എത്തിയപ്പോഴേക്കും വിവാഹസൽക്കാരം തുടങ്ങിയിട്ടുണ്ടായിരുന്നു. വധൂവരന്മാർ പുരോഹിതന്റെ വരവും പ്രതീക്ഷിച്ച് അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. സാക്ഷിയാകാൻ നിയോഗമുണ്ടായത് മാർട്ടിൻ ലുഡ്വിഗ് ബോർമൻ എന്ന നാസി പാർട്ടി നേതാവിനായിരുന്നു. 

 

the last minutes of Hitler, when the fuhrer shuddered facing death and defeat

 

ഏപ്രിൽ 29 നു നടപടികൾ തുടങ്ങിയ ആ വിവാഹ രജിസ്ട്രേഷനെപ്പറ്റി റോബർട്ട് പെയ്ൻ ഇങ്ങനെ എഴുതുന്നു, " വിവാഹ ഉടമ്പടിയിൽ ഹിറ്റ്ലറുടെ കയ്യൊപ്പ് ചത്ത ഒരു കീടത്തെപ്പോലിരുന്നു. പേരെഴുതാൻ നേരം ഇവാ ബ്രൗൺ ആദ്യം തന്റെ വിവാഹപൂർവ്വനാമമായ 'ഇവാ ബ്രൗൺ' എന്നെഴുതാൻ വേണ്ടി B എന്ന ആദ്യം എഴുതി അത് വെട്ടിത്തിരുത്തി, 'ഇവാ ഹിറ്റ്‌ലർ ബ്രൗൺ' എന്നെഴുതി ഒപ്പിട്ടു. ഗീബൽസ് ഇട്ടത് എട്ടുകാലിവല പോലുള്ള ഒരു ഒപ്പായിരുന്നെങ്കിലും പേരിനു മുന്നിൽ ഡോ. എന്നെഴുതാൻ അദ്ദേഹം മറന്നില്ല. 

ഉടമ്പടിയിൽ തീയതി ഏപ്രിൽ 29 എന്നെഴുതിയിരുന്നു എങ്കിലും ഒപ്പിടൽ കഴിഞ്ഞപ്പോഴേക്കും രാത്രി 12.25 കഴിഞ്ഞിട്ടുണ്ടായിരുന്നു.  സാങ്കേതികമായി തീയതി ഏപ്രിൽ 30 എന്നാണ് എഴുതേണ്ടിയിരുന്നത്.  വിവാഹച്ചടങ്ങിനു ശേഷം വിഭവസമൃദ്ധമായ വിരുന്നുണ്ടായിരുന്നു. അതിൽ, ബോർമൻ, ഗീബൽസ്, മാഗ്ദ ഗീബൽസ്, ജനറൽ ബർഗ്ഡ്ഓഫ് തുടങ്ങി ഹിറ്റ്ലറോട് ഏറ്റവും അടുപ്പമുണ്ടായിരുന്ന ചിലർ മാത്രം പങ്കെടുത്തു. അവർ എല്ലാവരും തന്നെ വധൂവരന്മാർക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്നു. ഇവ അന്ന് ഒരുപാട് ഷാംപെയ്ൻ അകത്താക്കി. ഹിറ്റ്‌ലറും ഒരിറക്ക് ഷാമ്പെയ്ൻ അകത്താക്കി. എന്നിട്ട് ഗീബല്സിന്റെ വിവാഹത്തിൽ സംബന്ധിച്ചതിന്റെ വിശേഷങ്ങൾ ഓർത്തെടുത്തു. പലതും ഓർത്തു ചിരിച്ചു. 

അങ്ങനെ ചിരിച്ചും തമാശ പറഞ്ഞും വിരുന്നാസ്വദിച്ചു കൊണ്ടിരിക്കെ വളരെ പെട്ടെന്നാണ് ഹിറ്റ്‌ലറെ വിഷാദം ആവേശിക്കുന്നത്. അയാൾ പറഞ്ഞു,"എല്ലാം അവസാനിച്ചു. എന്നെ എല്ലാവരും ചേർന്ന് ചതിച്ചു കളഞ്ഞു" 

അത് ഹിറ്റ്ലറുടെ ജീവിതത്തിലെ അവസാനത്തെ ദിവസമായിരുന്നു. രണ്ടോ മൂന്നോ മണിക്കൂർ  ഗാഢമായ നിദ്രയായിലാണ്ടു കിടന്ന ശേഷം തികഞ്ഞ ഉന്മേഷത്തോടെ തന്നെ ഹിറ്റ്‌ലർ ഉണർന്നെണീറ്റു. ക്ഷൗരം ചെയ്ത്, കുളിച്ച ശേഷം തന്റെ ജനറൽമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു ഹിറ്റ്‌ലർ. അദ്ദേഹം പറഞ്ഞു,"അന്ത്യം അടുത്തിരിക്കുന്നു. സോവിയറ്റ് സൈന്യം ഏത് നിമിഷം വേണമെങ്കിലും ഈ ബങ്കറിലേക്ക് വന്നെത്താം. വിഷം കഴിച്ചു മരിക്കുന്നതാണ് പിടിക്കപ്പെടുന്നതിനേക്കാൾ ഉത്തമം." 

 

the last minutes of Hitler, when the fuhrer shuddered facing death and defeat

 

ബ്ലോണ്ടി എന്ന തന്റെ പ്രിയപ്പെട്ട പട്ടിയോട് ഏറെ സ്നേഹമുണ്ടായിരുന്നു ഹിറ്റ്‌ലർക്ക്. താൻ മരിച്ച ശേഷം റഷ്യൻ സൈനികർ വരുമ്പോൾ ബ്ലോണ്ടി അവരുടെ പിടിയിലാകുന്നതിനെപ്പറ്റി ഹിറ്റ്‌ലർക്ക് ആലോചിക്കാൻ പോകുമായിരുന്നില്ല. അതുകൊണ്ടാവും ആത്മാഹുതിക്കായി തിരഞ്ഞെടുത്ത പൊട്ടാസ്യം സയനൈഡ് എന്ന മാരകവിഷം  ആദ്യം ബ്ലോണ്ടിക്കുമേൽ പരീക്ഷിക്കാം എന്ന് അയാൾ നിർദേശിച്ചത്. പരീക്ഷണം നടത്തിയ കുടുംബഡോക്ടർ  വെർണർ ഹാസ്സെ ഹിറ്റ്‌ലറെ അതിന്റെ ഫലം അറിയിച്ചു, " പരീക്ഷണം വിജയം. ബ്ലോണ്ടിക്ക് മരണം വരിക്കാൻ ആകെ എടുത്തത് ഒരു മിനിറ്റിൽ താഴെ സമയം മാത്രമാണ്."

ഹിറ്റ്‌ലർക്ക് തന്റെ പട്ടിയുടെ മരണം നേരിട്ടുകാണാനുളള മനക്കരുത്തുണ്ടായിരുന്നില്ല. വിഷം കൊടുത്ത് കൊന്നശേഷം ബ്ലോണ്ടിയേയും, അവളുടെ ആറുകുഞ്ഞുങ്ങളോടൊപ്പം ഒരു പെട്ടിക്കുള്ളിലാക്കി സൈനികർ, ചാൻസലർ ബംഗ്ളാവിന്റെ പൂന്തോട്ടത്തിലേക്ക് കൊണ്ടുവന്നു. മരിച്ചകാര്യം തിരിച്ചറിയാതെ അമ്മയുടെ മുലകൾ ചപ്പിക്കൊണ്ട് കിടക്കുകയായിരുന്നു ആ നായ്ക്കുഞ്ഞുങ്ങൾ. കുഞ്ഞുങ്ങളെ ഓരോരുത്തരെയായി പെട്ടിയിൽ നിന്നെടുത്ത് വെടിവെച്ചു കൊന്നു അവർ. എന്നിട്ട് ആ പെട്ടി അതുപോലെ തന്നെ അടച്ച് പൂന്തോട്ടത്തിൽ അടക്കം ചെയ്തു. 

 

the last minutes of Hitler, when the fuhrer shuddered facing death and defeat

 

ഭക്ഷണം കഴിച്ച ശേഷം അവസാനമായി ഒരിക്കൽ കൂടി ഹിറ്റ്‌ലർ തന്റെ അണികളെ കാണാനെത്തി. മുഖത്ത് നോക്കാതെ ഓരോരുത്തർക്കും ഹസ്തദാനം നൽകി. പത്നി ഇവാ ബ്രൗണും ഹിറ്റ്‌ലറോടൊപ്പം ഉണ്ടായിരുന്നു. നീല നിറത്തിലുള്ള ഒരു ഗൗണും, ബ്രൗൺ നിറത്തിലുള്ള ഇറ്റാലിയൻ ലെതർ ഷൂസുമായിരുന്നു അവർ ധരിച്ചിരുന്നത്. വജ്രം പതിപ്പിച്ച ഒരു പ്ലാറ്റിനം വാച്ചാണ് ഇവ ധരിച്ചിരുന്നത്. എല്ലാവരെയും കണ്ടശേഷം അവർ മുറിക്കുള്ളിലേക്ക് തിരികെപ്പോയി. മുറിക്ക് പുറത്ത് നിന്നിരുന്ന ഹെയ്ൻസ് ലിങ്കെ ഹിറ്റ്‌ലർ സ്വയം വെടിയുതിർത്ത് മരണം വരിച്ച കാര്യം മനസ്സിലാക്കിയില്ല. നാസാരന്ധ്രങ്ങളിൽ വെടിമരുന്നിന്റെ നേരിയ ഗന്ധം പടർന്നു തുടങ്ങിയപ്പോഴാണ് ലിങ്കെ അകത്തുനടന്ന അപകടം തിരിച്ചറിഞ്ഞത്.  ബഹളം കേട്ട് അവിടേക്കു വന്ന ബോർമനാണ് ഹിറ്റ്‌ലറുടെ മുറിയുടെ വാതിൽ തുറക്കാനുള്ള ഉത്തരവ് നൽകിയത്. മേശപ്പുറത്ത് കമഴ്ന്നു കിടക്കുകയായിരുന്നു ഹിറ്റ്‌ലർ. സോഫയിൽ കിടക്കുന്ന നിലയിലായിരുന്നു ഇവാ ബ്രൗണിന്റെ മൃതദേഹം. മുട്ടുമടക്കി നെഞ്ചോട് ചേർത്തനിലയിലായിരുന്നു ജഡം. സയനൈഡ് കാപ്സ്യൂൾ കടിച്ചുമുറിച്ചായിരുന്നു ഇവയുടെ മരണം. മരണവെപ്രാളത്തിൽ കൈലാലിട്ടടിച്ചതുകൊണ്ടാകും, മേശപ്പുറത്തുണ്ടായിരുന്ന ഫ്‌ളവർ വെയ്‌സ് നിലത്തുവീണു ചിതറിത്തെറിച്ചു കിടപ്പായിരുന്നു. 

മരണം ഉറപ്പായ ശേഷം ലിങ്കെ ഹിറ്റ്‌ലറുടെ മൃതദേഹം ഒരു കമ്പിളിയിൽ പൊതിഞ്ഞെടുത്തു. രണ്ടു മൃതദേഹങ്ങളും ബങ്കറിൽ നിന്ന് ചാൻസലറേഴ്സ് ബംഗ്ളാവിന്റെ പൂന്തോട്ടത്തിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ആ മൃതദേഹങ്ങൾ പെട്രോളൊഴിച്ച് ദഹിപ്പിക്കപ്പെട്ടു. മൃതദേഹങ്ങൾ തീനാളങ്ങൾ വിഴുങ്ങിയപ്പോൾ അവിടെകൂടിയിരുന്ന നാസി സൈനികർ ഒന്നടങ്കം ," ഹെയ്ൽ ഹിറ്റ്‌ലർ" എന്ന മുദ്രാവാക്യം മുഴക്കി. തീ കെടും എന്ന് തോന്നിയപ്പോഴൊക്കെ പെട്രോൾ ഒഴിച്ച് കൊടുത്തുകൊണ്ടിരുന്നു സൈനികർ. ഒടുവിൽ ഏറെ നേരം കഴിഞ്ഞ്,  തീനാളങ്ങൾ അടങ്ങിയ ശേഷം അവശേഷിച്ചിരുന്ന എല്ലും ചാരവുമെല്ലാം അവിടെ പൂന്തോട്ടത്തിൽ തന്നെ ദഹിപ്പിക്കപ്പെട്ടു. പിന്നീട് റഷ്യൻ അന്വേഷണ സംഘം ഈ കുഴിമാടം തോണ്ടി ആ എല്ലിൻ കഷ്ണങ്ങളും പല്ലുകളുടെ അവശിഷ്ടവും ഒക്കെ പഠനവിധേയമാക്കി, ഒരു ഡെന്റൽ ബ്രിഡ്ജ് കണ്ടെടുത്ത്, അത് ഹിറ്റ്‌ലറുടെ ദന്ത ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ച്, മരിച്ചത് ഹിറ്റ്‌ലർ തന്നെ എന്ന കാര്യം സ്ഥിരീകരിച്ചു. 

 

Read More : 

ഹിറ്റ്‌ലറെ വിറപ്പിച്ച റസ്കോവയുടെ 'നിശാദുർമന്ത്രവാദിനികൾ', നാസികളെ ബോംബിട്ടു തകർത്ത റഷ്യൻ വനിതാ പൈലറ്റുകൾ

ഹിറ്റ്‌ലർക്കുവേണ്ടി പ്രസവിക്കാൻ വരെ തയ്യാറായ ഉത്തമ ആര്യൻ യുവതിയുടെ കഥ

ഹിറ്റ്‌ലറിനു മുന്നില്‍ സല്യൂട്ടടിക്കാതെ നിന്ന ധീരന്‍; അതിന് ധൈര്യം കൊടുത്ത പ്രണയത്തിന്‍റെ കഥ

സുന്ദരികൾക്ക് പിന്നാലെ ഓടിത്തീർത്ത ജീവിതം, ജനറൽ ഗീബൽസ് എന്ന നാസി കാസനോവയുടെ അന്തഃപുര വിശേഷങ്ങൾ

ബൈബിളിലെ സഹോദരഘാതകനായ കായേനെപ്പോലെ ഹിറ്റ്‌ലറും, ജീവിച്ചിരിക്കെത്തന്നെ നരകയാതനയ്ക്ക് വിധിക്കപ്പെട്ടത് ഇങ്ങനെ

അഷ്ടിക്ക് വകയില്ലാതിരുന്ന ഹിറ്റ്‌ലർക്ക്, ജർമനിയുടെ തലപ്പത്തെത്താൻ കഴിഞ്ഞത് ഈ വികാരം മുതലെടുത്ത്

ഹിറ്റ്‌ലർ ജൂതരെ വെറുത്തത് എന്തിന്റെ പേരിലായിരുന്നു..?'

 

 

Latest Videos
Follow Us:
Download App:
  • android
  • ios