അസാധാരണം !; നേരം ഇരുട്ടി വെളുത്തപ്പോള്‍ റേഡിയോ സ്റ്റേഷന്‍റെ 200 അടി ടവര്‍ കാണാനില്ല !
ഇന്‍ഷൂറന്‍സ് കവറേജ് ഇല്ലാതിരുന്ന ടവര്‍ ഇടതൂര്‍ന്ന മരങ്ങളുള്ള തീരെ ആളൊഴിഞ്ഞ റോഡുള്ള ഒരു പ്രദേശത്തായിരുന്നു നിന്നിരുന്നത്.
യുഎസ് സംസ്ഥാനമായ അലബാമയില്‍ കഴിഞ്ഞ ദിവസം അസാധാരണവും വിചിത്രവുമായ ഒരു മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അലബാമയിലെ ജാസ്പറിലെ WJLX എന്ന റേഡിയോ സ്റ്റേഷന്‍റെ 200 അടി നീളമുള്ള റേഡിയോ ടവറും മറ്റ് നിർണായക ബ്രോഡ്കാസ്റ്റിംഗ് ഉപകരണങ്ങളും മോഷണം പോയി. റേഡിയോ സ്റ്റേഷന്‍റെ ഏറ്റവും നിര്‍ണ്ണായകമായ വസ്തുക്കള്‍ മോഷണം പോയതിന് പിന്നാലെ റേഡിയോ സ്റ്റേഷന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. മോഷണം സ്റ്റേഷന്‍ ജീവനക്കാരെയും പോലീസിനെയും അമ്പരപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒറ്റ കെട്ടിടത്തില്‍ ഒതുക്കപ്പെട്ട നഗരം; ഫ്ലാറ്റുകളും പോലീസ് സ്റ്റേഷനുകളും മുതല്‍ ചായക്കടകള്‍ വരെ !
അലബാമയിലെ ജാസ്‌പറിലെ മാർ-ജാക്ക് പൗൾട്രി സംസ്‌കരണ പ്ലാന്‍റിന് പിന്നിലാണ് റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രദേശത്തെ ക്ലീനിംഗ് ചുമതലയുള്ള ലാന്‍ഡ് സ്കേപ്പിംഗ് സംഘം കഴിഞ്ഞ ദിവസം രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് ടവര്‍ കാണാനില്ലെന്ന് കണ്ടെത്തിയത്. വിവരത്തിന്‍റെ സ്ഥിരീകരണത്തിനായി ഡബ്ല്യുജെഎൽഎക്‌സിന്‍റെ ജനറൽ മാനേജർ ബ്രെറ്റ് എൽമോറുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ ചോദ്യം, 'ടവർ പോയി എന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? നിങ്ങൾ ശരിയായ സ്ഥലത്താണെന്ന് ഉറപ്പാണോ?' എന്നായിരുന്നു. അതേ സമയം 200 അടി ഉയരമുള്ള ടവര്‍ മോഷ്ടിക്കുന്നതിനിടെ സമീപത്തെ കെട്ടിടത്തിന് സാരമായ കേടുപടുകള്‍ സംഭവിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടവറിനോടൊപ്പം ഒരു ട്രാന്‍സ്മീറ്ററും പ്രക്ഷേപണത്തിന് ഏറ്റവും അത്യാവശ്യമായ മറ്റ് ചില ഉപകരണങ്ങള്‍ മോഷ്ടിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പോലീസിന് ഇതുവരെയായും മോഷണത്തിന്‍റെ തുമ്പ് ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'ഞാൻ റേഡിയോ ബിസിനസ്സിലാണ്, എന്‍റെ ജീവിതകാലം മുഴുവൻ അതിനെ ചുറ്റിപ്പറ്റിയായിരുന്നു. കഴിഞ്ഞ 26 വർഷമായി പ്രൊഫഷണലായി തന്നെ തുടരുന്നു, ഇതുപോലൊന്ന് ഞാൻ കേട്ടിട്ടില്ല.' ബ്രെറ്റ് എൽമോര്‍ പറയുന്നു. എഫ് എം റോഡിയോ വഴി താത്കാലികമായി സംപ്രേക്ഷണം പുനരാരംഭിക്കാന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനില്‍ അപേക്ഷ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ടവറിന് ഇന്‍ഷൂറന്‍സ് കവറേജ് ഇല്ലെന്നും അതേസമയം ഇടതൂര്‍ന്ന മരങ്ങളുള്ള തീരെ ആളൊഴിഞ്ഞ റോഡുള്ള ഒരു പ്രദേശത്തായിരുന്നു ടവര്‍ നിന്നിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഹോസ്റ്റല്‍ ജീവിതം' അഥവാ ഇലക്ട്രിക് കെറ്റിലിലെ ചിക്കന്‍ കറി; വൈറലായി ഒരു വീഡിയോ !