തണുത്തുറഞ്ഞ പ്രഭാതം, പാതയോരത്ത് ഒരു കുഞ്ഞിന്റെ കരച്ചിൽ, അവിടെ തുടങ്ങി, ടാങ് സംരക്ഷിച്ചത് 36 കുഞ്ഞുങ്ങളെ
ആശുപത്രിയിലെ ജോലിയിൽ നിന്നും വിരമിച്ച ശേഷം താൻ സംരക്ഷിച്ച കുട്ടികളുടെ സംരക്ഷണം തുടരുന്നതിനായി ടാങ് തോട്ടിപ്പണി അടക്കം ചെയ്തു.
1982 -ലെ തണുത്ത പ്രഭാതം. പതിവുപോലെ തന്റെ ജോലി സ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു 46 -കാരിയായ ടാങ്. മഞ്ഞുമൂടിയ പാതയോരത്തുകൂടി നടന്നുനീങ്ങുന്നതിനിടയിൽ ഒരു കുഞ്ഞു കരച്ചിൽ അവളുടെ ചെവിയിൽ പതിച്ചു. കരച്ചിൽ കേട്ടയിടത്തേക്ക് ഓടിയെത്തിയ ടാങ് കണ്ടത് ഒരു റെയിൽവേ ട്രാക്കിനോട് ചേർന്ന് തുണിയിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്ന ഒരു പെൺകുഞ്ഞിനെയാണ്.
തണുത്ത് വിറച്ചു കരഞ്ഞ ആ ചോരക്കുഞ്ഞിനെ രണ്ടാമതൊന്നാലോചിക്കാതെ അവൾ കോരിയെടുത്ത് തന്റെ നെഞ്ചോട് ചേർത്തു. കുഞ്ഞുമായി ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങിയ ടാങ് അവളെ ശുശ്രൂഷിച്ചു, ഭക്ഷണം നൽകി. 'പൂക്കൾ പോലെ സുഗന്ധമുള്ളവൾ' എന്ന അർത്ഥം വരുന്ന ഫാങ്‌ഫാങ് എന്ന പേര് ചൊല്ലി അവളെ വിളിച്ചു.
ആ സമയത്ത്, ടാങ് അഞ്ച് കുട്ടികളുടെ അമ്മയായിരുന്നു, അതിൽ ഇളയ കുട്ടിക്ക് 12 വയസ്സായിരുന്നു പ്രായം. തന്റെ മൂത്ത മകളെ ഫാങ്ഫാങ്ങിനെ പരിചരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏൽപ്പിച്ചതിനു ശേഷം ടാങ് വീണ്ടും ജോലിക്ക് പോയി തുടങ്ങി. കുറച്ച് വർഷങ്ങൾക്ക് ശേഷം, ടാങ് വീണ്ടും അവളുടെ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട മറ്റൊരു പെൺകുഞ്ഞിനെ കണ്ടെത്തി. ആ കുഞ്ഞിനെയും ഉപേക്ഷിച്ചു കളയാൻ ടാങിന് മനസ്സ് വന്നില്ല. 'വിലയേറിയ സമ്മാനം' എന്നർത്ഥം വരുന്ന ഷെൻഷെൻ എന്ന് പേരിട്ട് അവളെയും ടാങ് സ്വന്തമാക്കി.
അന്നുമുതൽ, ഉപേക്ഷിക്കപ്പെട്ട ശിശുക്കളെ സംരക്ഷിക്കുന്നത് തന്റെ ജീവിതനിയോഗമായി തുടർന്ന ടാങ് ഇന്നുവരെ സംരക്ഷിച്ചത് 36 കുഞ്ഞുങ്ങളെയാണ്. ആദ്യമൊക്കെ ടാങിൻ്റെ ഈ പ്രവൃത്തി അവളുടെ ഭർത്താവിനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും പിന്നീട് അദ്ദേഹവും അവൾക്ക് പൂർണപിന്തുണ നൽകി. താൻ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ തന്നെ ഒരു ചെറിയ മുറിയിലാണ് ആദ്യം ടാങ് കുഞ്ഞുങ്ങളെ സംരക്ഷിച്ചിരുന്നത്. ഇങ്ങനെ സംരക്ഷിക്കപ്പെട്ട കുട്ടികളിൽ ഏറെയും പെൺകുട്ടികളായിരുന്നു. ആശുപത്രിയിലെ ചവറ്റുകുട്ടയിൽ നിന്നും ആശുപത്രിക്ക് സമീപത്തെ കുറ്റിക്കാടുകളിൽ നിന്നുമൊക്കെയാണ് ഈ കുട്ടികളിൽ ഏറെയും ടാങിൻ്റെ കൈകളിലെത്തിയത്.
ആശുപത്രിയിലെ ജോലിയിൽ നിന്നും വിരമിച്ച ശേഷം താൻ സംരക്ഷിച്ച കുട്ടികളുടെ സംരക്ഷണം തുടരുന്നതിനായി ടാങ് തോട്ടിപ്പണി അടക്കം ചെയ്തു. ഒടുവിൽ പ്രായം തളർത്തിയതോടെ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി കുട്ടികളെ ദത്തു നൽകാൻ തീരുമാനിച്ചു. താൻ മരിക്കും മുൻപ് അവരെ സുരക്ഷിതമായ ഇടങ്ങളിൽ എത്തിക്കുകയായിരുന്നു ടാങ്ങിന്റെ ലക്ഷ്യം.
ഇപ്പോൾ 88 വയസ്സുണ്ട് ടാങ്ങിന്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2024 ഡിസംബർ 16 -ന് നാഷണൽ മോറൽ മോഡൽ ബഹുമതിക്കായുള്ള അന്തിമപ്പട്ടികയിലേക്ക് ടാങ്ങിൻ്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ചൈനയിലെ സാധാരണക്കാർക്ക് നൽകുന്ന ധാർമ്മിക മികവിനുള്ള ഏറ്റവും ഉയർന്ന ബഹുമതിയാണ്.
(ആദ്യചിത്രം പ്രതീകാത്മകം)