'സ്ത്രീകളെ ജോലിക്ക് എടുക്കരുത്, എടുത്താൽ...'; അഫ്ഗാനിസ്ഥാനിലെ എന്‍ജിയോകൾക്ക് താലിബാന്‍റെ മുന്നറിയിപ്പ്
സ്ത്രീകള്‍ താമിസിക്കുന്ന വീടുകള്‍ക്ക് അഭിമുഖമായി ജനലുകള്‍ പോലും പാടില്ലെന്നും സ്ത്രീകള്‍ പൊതു അടുക്കളകളില്‍ ഭക്ഷണം ഉണ്ടാക്കുകയോ, പൊതു കിണറുകളില്‍ നിന്ന് വെള്ളം കോരാനോ പാടില്ലെന്നും താലിബാന്‍റെ മുന്നറിയിപ്പ്.
സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറയാതെ പറഞ്ഞായിരുന്നു രണ്ടാം താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരമേറിയത്. എന്നാല്‍, 2021 ഓഗസ്റ്റ് 15 -ന് അധികാരം കൈയാളിയതിന് പിന്നാലെ സ്ത്രീകളെ പൌരന്മാരായി പോലും പരിഗണിക്കാന്‍ തങ്ങള്‍ തയ്യാറെല്ലെന്ന തരത്തിലാണ് താലിബാന്‍ പെരുമാറിയത്. സര്‍ക്കാര്‍ - പൊതുമേഖലകളില്‍ നിന്നും സ്ത്രീകളെ പുറത്താക്കിയ താലിബാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ആറാം ക്ലാസ് വരെയാക്കി നിലനിര്‍ത്തി. വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ അഫ്ഗാനിലെ സ്ത്രീകള്‍ പ്രതിഷേധിച്ചെങ്കിലും എല്ലാ പ്രതിഷേധവും താലിബാന്‍ അടിച്ചമര്‍ത്തി. ഏറ്റവും ഒടുവിലായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ എന്‍ജിയോകളോട് സ്ത്രീകളെ ജോലിക്ക് നിയോഗിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് താലിബാന്‍.
സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന രാജ്യത്തെ എല്ലാ ദേശീയ, വിദേശ സർക്കാരിതര ഗ്രൂപ്പുകളും അടച്ചുപൂട്ടുമെന്നാണ് താലിബാന്‍റെ മുന്നറിയിപ്പ്. തങ്ങളുടെ പുതിയ ഉത്തരവ് ലംഘിച്ചാല്‍ എൻജിഒകൾക്ക് രാജ്യത്ത് പ്രവർത്തിക്കാനുള്ള ലൈസൻസ് നഷ്ടപ്പെടുമെന്ന് അഫ്ഗാനിസ്ഥാൻ സാമ്പത്തിക മന്ത്രാലയം കഴിഞ്ഞ ഞായറാഴ്ച രാത്രി എക്സ് സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി. എമിറാത്തി ഇതര സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള അധികാരിയെന്ന നിലയിൽ, ആഭ്യന്തര, വിദേശ എൻജിഒകളുടെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും നയിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും സാമ്പത്തിക മന്ത്രാലയം ഉത്തരവാദിയാണെന്ന് പേർഷ്യൻ ഭാഷയിലുള്ള കുറിപ്പില്‍ പറയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
'അഴിമതിക്കാരെ കൂട്ടിലടയ്ക്കും'; 200 -ൽ അധികം പുതിയ ജയിലുകള്‍ നിർമ്മിക്കാന്‍ ചൈന
അപ്രതീക്ഷിതമായി 13 അടി ഉയരത്തില്‍ തിരമാല, ഒന്നിന് പുറകെ ഒന്നായി കീഴ്മേല്‍ മറിയുന്ന ബോട്ടുകൾ; വീഡിയോ
എമിറാത്തി ഇതര, വിദേശ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാരുടെ ജോലി നിർത്തലാക്കാന്‍ വീണ്ടും ഉത്തരവിറക്കുന്നു. ഇക്കാര്യത്തില്‍ നിസഹകരിച്ചാല്‍ ആ സ്ഥാപനത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുകയും മന്ത്രാലയത്തില്‍ നിന്നും അനുവദിച്ച പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കുമെന്നും എക്സിലെ കുറിപ്പില്‍ പറയുന്നു. ശരിയായ രീതിയില്‍ ഇസ്ലാമിക ശിരോവസ്ത്രം ധരിക്കാത്ത അഫ്ഗാന്‍ സ്ത്രീകളെ താത്കാലികമായി ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് രണ്ട് വര്‍ഷം മുമ്പ് തന്നെ താലിബാന്‍ എന്‍ജിയോകളോട് ആവശ്യപ്പെട്ടിരുന്നു.
2021 -ല്‍ രണ്ടാമതും അധികാരത്തിലേറെയതിന് പിന്നാലെ ബന്ധുക്കളായ പുരുഷന്മാരുടെ കൂടെയല്ലാതെ സ്ത്രീകള്‍ ദൂരയാത്രകള്‍ ചെയ്യുന്നത് താലിബാന്‍ വിലക്കിയിരുന്നു. അത് പോലെ പൊതു ഇടങ്ങളായ പാര്‍ക്കുകള്‍, കുളിമുറികള്‍ എന്നിവിടങ്ങളിലും സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സ്ത്രീകള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് അഭിമുഖമായുള്ള കെട്ടിടങ്ങളില്‍ ജനലുകള്‍ നിര്‍മ്മിക്കുന്നതിന് പോലും താലിബാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അത്പോലെ തുറസായ പൊതു അടുക്കളകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളും പൊതു കിണറുകളില്‍ നിന്ന് വെള്ളമെടുക്കുന്ന സ്ത്രീകളും അശ്ലീല പ്രവർത്തനങ്ങൾക്ക് കാരണമാകുമെന്നായിരുന്നു താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് എക്സ് പ്രസ്താവനയിൽ വിശദീകരിച്ചത്.