ആണിനും പെണ്ണിനുമിടയില്‍ കര്‍ട്ടന്‍; അഫ്ഗാനിലെ സര്‍വകലാശാലാ ക്ലാസ് മുറി ഇപ്പോള്‍ ഇങ്ങനെ!
ആണുങ്ങളും പെണ്ണുങ്ങളും ഇടകലര്‍ന്നിരിക്കാന്‍ പാടില്ല. ഒന്നുകില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ക്ലാസുകളായിരിക്കണം. അല്ലെങ്കില്‍, ക്ലാസിന്റെ ഇരു വശങ്ങളിലുമായി ആണും പെണ്ണും വെവ്വേറെ ഇരിക്കുകയും നടുക്കായി ഒരു കര്‍ട്ടന്‍ ഇടുകയും വേണം. ഇങ്ങനെയാണ് താലിബാന്റെ പഠനനിബന്ധനകള്‍.
ഒരു വശത്ത് ചെറുപ്പക്കാര്‍, മറുവശത്ത് ചെറുപ്പക്കാരികള്‍ നടുവിലായി ഒരു കര്‍ട്ടനും. താലിബാന്‍ അധികാരം പിടിച്ച ശേഷം അഫ്ഗാനിസ്താനിലെ ക്ലാസ് മുറികള്‍ ഇപ്പോള്‍ ഇങ്ങനെയാണ്. അഫ്ഗാന്‍ ടിവി ചാനലായ ടോലോ ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ തമിം ഹാമിദാണ് താലിബാന്‍ പിടിച്ചെടുത്ത ശേഷമുള്ള ക്ലാസ് മുറിയുടെ ചിത്രം ട്വീറ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ദിവസമാണ്, അഫ്ഗാനിസ്താനിലെ ചില സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. താലിബാന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടാണ് ക്ലാസുകള്‍ ആരംഭിച്ചത്. സ്ത്രീകള്‍ പഠിക്കുന്നതില്‍ വിരോധമില്ല, പക്ഷേ, ചില നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം എന്നാണ് താലിബാന്റെ ഉത്തരവ്. ആണുങ്ങളും പെണ്ണുങ്ങളും ഇടകലര്‍ന്നിരിക്കാന്‍ പാടില്ല. ഒന്നുകില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ക്ലാസുകളായിരിക്കണം. അല്ലെങ്കില്‍, ക്ലാസിന്റെ ഇരു വശങ്ങളിലുമായി ആണും പെണ്ണും വെവ്വേറെ ഇരിക്കുകയും നടുക്കായി ഒരു കര്‍ട്ടന്‍ ഇടുകയും വേണം. ഇങ്ങനെയാണ് താലിബാന്റെ പഠനനിബന്ധനകള്‍.
ഇതനുസരിച്ചാണ്, ചില സര്‍വകലാശാലകളില്‍ ക്ലാസുകള്‍ ആരംഭിച്ചത്. അതിലൊരു ക്ലാസ് മുറിയുടെ ചിത്രമാണ് അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തത്.
താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം, ജനങ്ങളുടെ അവകാശങ്ങളും ജീവിത രീതികളുമെല്ലാം മാറിയിരിക്കുകയാണ് അഫ്ഗാനിസ്താനില്‍. സ്ത്രീകളാണ് ഇതിലേറ്റവും മാറ്റിനിര്‍ത്തപ്പെടുന്നത്. വിദ്യാഭ്യാസം, അധികാര പങ്കാളിത്തം, തൊഴില്‍ എന്നീ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് താലിബാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
1996-2001 കാലത്ത്, താലിബാന്‍ ആദ്യമായി അഫ്ഗാന്‍ ഭരിച്ച സമയത്ത്, സ്ത്രീകള്‍ക്കെതിരായി കര്‍ക്കശമായ നിലപാടുകളാണ് അവര്‍ സ്വീകരിച്ചിരുന്നത്. പഠിക്കുന്നതിലും പുറത്തിറങ്ങുന്നതിലും ഇടപഴകുന്നതിലും എല്ലാം കടുത്ത വിവേചനമാണ് അവര്‍ അനുഭവിച്ചത്. ആണുങ്ങളുടെ കൂടെയല്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് തുടങ്ങി, വസ്ത്രധാരണത്തിലും ജീവിതരീതിയിലുമെല്ലാം കടുത്ത നിയത്രണങ്ങളാണ് അന്നേര്‍പ്പെടുത്തിയത്.
ഇത്തവണ താലിബാന്‍ അധികാരം പിടിച്ചടക്കിയതിനു പിന്നാലെ അഫ്ഗാന്‍ സ്ത്രീകളുടെ ജീവിതം വീണ്ടും ഇരുളടയുകയാണെന്ന് ഭീതി പരന്നിരുന്നു. എന്നാല്‍, തങ്ങള്‍ പഴയ താലിബാനല്ല എന്നും സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കുമെന്നുമൊക്കെയാണ് താലിബാന്‍ വക്താവ് ഔദ്യോഗികമായി പറഞ്ഞിരുന്നത്. പക്ഷേ, അധികാരത്തില്‍ കേറിയിരുന്നതോടെ താലിബാന്‍ വീണ്ടും താലിബാന്‍ ആയി എന്നാണ് അഫ്ഗാനിസ്താനില്‍നിന്നുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നത്.