ലോക്ക് ഡൗൺ അതിജീവനം : പാർട്ടി ഏതായാലും മാസ്ക് ഇവിടുണ്ട്; 'നിങ്ങൾ സുലൈമാനല്ല ഹനുമാനാ'ണെന്ന് രാഷ്ട്രീയക്കാർ..!
ലോക്ക് ഡൗൺ കഴിഞ്ഞു തുറന്നിട്ടും തന്റെ സ്ഥാപനത്തിൽ വിചാരിച്ചത്ര അനക്കം കാണാതെ വന്നപ്പോഴാണ് സുലൈമാൻ, കൊവിഡ് എന്ന മഹാമാരി കൊണ്ടുവന്ന പുതിയ തെരഞ്ഞെടുപ്പ് കച്ചവടസാധ്യതകളെപ്പറ്റി ചിന്തിക്കുന്നത്.
കേരളത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള തീയതി അടുത്തടുത്ത് വരികയാണ്. കൊവിഡ് കാരണം കച്ചവടത്തിന് ഇരുട്ടടി കിട്ടിയ കൂട്ടത്തിൽ പെട്ടതാണ് തിരുവനന്തപുരം തമ്പാനൂർ എസ്എസ് കോവിൽ റോഡിലുള്ള സുലൈമാന്റെ സ്‌ക്രീൻ പോയിന്റ് എന്ന സ്‌ക്രീൻ പ്രിന്റിങ് സ്ഥാപനം. രാഷ്ട്രീയ പാർട്ടികൾക്കും അണികൾക്കും വേണ്ട കൊടികൾ, സമ്മേളനത്തിനുള്ള തൊപ്പികൾ, ബാഡ്ജുകൾ,തോരണം, സ്‌ക്രീൻ പ്രിന്റിങ്ങിനുള്ള അസംസ്കൃത വസ്തുക്കൾ, സ്പെയർ പാർട്സുകൾ തുടങ്ങിയവയുടെ കച്ചവടമായിരുന്നു സുലൈമാന്റെ ഉപജീവനം. ലോക്ക് ഡൌൺ വന്നതോടെ കട അടച്ചിടേണ്ടി വന്നു.
പിന്നീട് നിയന്ത്രണങ്ങളിൽ കുറേശ്ശെ ഇളവുണ്ടായപ്പോൾ സുലൈമാന് കട തുറക്കാൻ അനുമതി കിട്ടി എങ്കിലും, തുറന്നു വെച്ചിരിക്കുന്ന കടയിൽ ഈച്ചയടിച്ച് ഇരിക്കാം എന്നല്ലാതെ, കസ്റ്റമേഴ്സിന്റെ വരവ് പതിവുള്ളതിന്റെ പത്തിലൊന്നു പോലും ഉണ്ടായില്ല. ഇപ്പോൾ, പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങാനായി. പലയിടങ്ങളിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചു, അവരുടെ അണികൾ അനൗപചാരികമായ തയ്യാറെടുപ്പുകളും തുടങ്ങി. ലോക്ക് ഡൗൺ കഴിഞ്ഞു തുറന്നിട്ടും തന്റെ സ്ഥാപനത്തിൽ വിചാരിച്ചത്ര അനക്കം കാണാതെ വന്നപ്പോഴാണ് സുലൈമാൻ, കൊവിഡ് എന്ന മഹാമാരി കൊണ്ടുവന്ന പുതിയ തെരഞ്ഞെടുപ്പ് കച്ചവട സാധ്യതകളെപ്പറ്റി ചിന്തിക്കുന്നത്.
ഇപ്പോൾ നാട്ടിൽ എല്ലാവരുടെയും മുഖത്ത് മാസ്‌കോട് മാസ്‌കല്ലേ. തെരഞ്ഞെടുപ്പും അടുത്തുവന്നിരിക്കുന്ന സമയം. കയ്യിലുള്ള മാസ്കുകളിൽ ഓരോ പാർട്ടി ചിഹ്നം അങ്ങോട്ട് സ്‌ക്രീൻ പ്രിന്റ് ചെയ്താലോ എന്നായി ചിന്ത. അങ്ങനെയാണ് അതാത് പാർട്ടികളുടെ കളർ സ്‌കീമിൽ അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ സ്‌ക്രീൻ പ്രിന്റ് ചെയ്തെടുത്ത നല്ല സുന്ദരൻ മാസ്കുകൾ സുലൈമാൻ ചെയ്തെടുക്കുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലാദ്യമായി മാസ്കിൽ ചിഹ്നം പ്രിന്റുചെയ്തിറക്കിയ സുലൈമാന്റെ ചിത്രം ഇന്നത്തെ പത്രത്തിലും അച്ചടിച്ച് വന്നിട്ടുണ്ട്. പാർട്ടി ചിഹ്നം പതിപ്പിച്ച മാസ്ക് പതിനഞ്ചു മുതൽ മുപ്പതു വരെ രൂപയ്ക്കാണ് സുലൈമാൻ വിൽക്കുന്നത്.
ഈ വാർത്തകൾ കണ്ട് കൂടുതൽ കസ്റ്റമേഴ്സ് തന്റെ കടയിലേക്ക് വരും എന്ന ശുഭപ്രതീക്ഷയിൽ സുലൈമാൻ തന്റെ കടയിൽ തന്നെയുണ്ട്. കോവിഡിന് മുന്നിൽ അങ്ങനെ തോൽക്കാൻ തയ്യാറല്ല എന്ന ഉറച്ച ആത്മവിശ്വാസത്തോടെ തന്നെ.