11 മാസം നദിക്കടിയിലാവുകയും, ഒറ്റ മാസം മാത്രം പ്രത്യക്ഷമാവുകയും ചെയ്യുന്നൊരു ഗ്രാമം!

3000 പേര്‍ താമസിച്ചിരുന്ന വയലുകളൊക്കെയുള്ള അതിമനോഹരമായൊരു ഗ്രാമമായിരുന്നു കുര്‍ദ്ദിയൊരിക്കല്‍. അവിടെയുള്ളവര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞുവന്നു. പല മതത്തിലും പെട്ടവര്‍ അവിടെ താമസിച്ചിരുന്നു. നിരവധി അമ്പലങ്ങളും ചാപ്പലുകളും പള്ളികളും അവിടെയുണ്ടായിരുന്നു. 

submerged village in Goa

പലര്‍ക്കുമുണ്ടാകും ഓര്‍മ്മയില്‍ ഒരു ഗ്രാമം... നൊസ്റ്റാള്‍ജിയയൊക്കെ പേറി നില്‍ക്കുന്ന ഒന്ന്. ജനിച്ചയിടമാകാം, മുത്തശ്ശനോ മുത്തശ്ശിയോ ഉള്ള ഇടമാകാം... അങ്ങനെ പലതാകാം. ഓര്‍മ്മ വരുമ്പോള്‍ ഓടിപ്പോയിക്കാണാന്‍ ചിലതൊക്കെ അതുപോലെ നിലനില്‍ക്കുന്നുണ്ടാകാം, ചിലതാവട്ടെ നഗരങ്ങളായി മാറിക്കാണും. എന്നാലും ഓര്‍മ്മയുടെ പൊട്ടുംപൊടിയും തേടി അവിടമെപ്പോഴെങ്കിലും സന്ദര്‍ശിക്കും മിക്കവരും. 

അതുപോലെ, കുര്‍ദ്ദി എന്നൊരു അതിമനോഹരമായൊരു ഗ്രാമമുണ്ട് ഗോവയില്‍. പക്ഷെ, അങ്ങനെ തോന്നുമ്പോള്‍ ഓടിപ്പോയി കാണാനൊന്നും കഴിയില്ല ആ ഗ്രാമം. കാരണം, മിക്കപ്പോഴും ഗ്രാമം വെള്ളത്തിനടിയിലായിരിക്കും. വല്ലപ്പോഴുമാണ് അത് പുറത്ത് ദൃശ്യമാവുക. ഗോവയിലെ സലൗലിം ഡാം സന്ദര്‍ശിക്കാന്‍ വിനോദ സഞ്ചാരികളൊക്കെ പോകാറുണ്ട്. ഏതായാലും സലൗലിം നദിയുടെ തീരത്താണ് കുര്‍ദ്ദി. പക്ഷെ, ഓരോ വര്‍ഷവും ഈ ഗ്രാമം കുറച്ച് കാലം കാണാതാകും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കൊല്ലത്തില്‍ ഒറ്റ മാസം മാത്രമേ ഈ ഗ്രാമം കാണാനാകൂ. ബാക്കി 11 മാസങ്ങളിലും ഈ ഗ്രാമം നദിയിലേക്ക് തിരികെ പോവും. 

submerged village in Goa

3000 പേര്‍ താമസിച്ചിരുന്ന വയലുകളൊക്കെയുള്ള അതിമനോഹരമായൊരു ഗ്രാമമായിരുന്നു കുര്‍ദ്ദിയൊരിക്കല്‍. അവിടെയുള്ളവര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞുവന്നു. പല മതത്തിലും പെട്ടവര്‍ അവിടെ താമസിച്ചിരുന്നു. നിരവധി അമ്പലങ്ങളും ചാപ്പലുകളും പള്ളികളും അവിടെയുണ്ടായിരുന്നു. 

പക്ഷെ, 1965 -ല്‍ കാര്യങ്ങളാകെ മാറിമറിഞ്ഞു. അവിടെ ആദ്യത്തെ ഡാം നിര്‍മ്മിക്കാന്‍  ഗോവ മുഖ്യമന്ത്രി ആയിരുന്ന ദയാനന്ദ് ബന്ദോദ്ക്കര്‍ നിര്‍ദ്ദേശിച്ചതോടെ ഒരു ഗ്രാമത്തിന് തന്നെ രൂപമാറ്റം സംഭവിച്ചു. ഗോവയിലെ എല്ലാ ജനങ്ങള്‍ക്കും ഗുണകരമാവുമെന്ന ചിന്തയില്‍ നിന്നാണ് സലൗലിമില്‍ ഡാം നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്. അത് പക്ഷെ, ഗ്രാമത്തിന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു. 

കുടിക്കാനും കൃഷിക്കും വ്യാവസായികാവശ്യങ്ങള്‍ക്കും എല്ലാമുള്ള വെള്ളം ഡാം നിര്‍മ്മിക്കുന്നതിലൂടെ കണ്ടെത്തി. പക്ഷെ, അവിടെ താമസിച്ചിരുന്ന ജനങ്ങളെ എല്ലാം അവിടെ നിന്നും മാറ്റേണ്ടി വന്നു. മണ്‍സൂണ്‍ വന്നതോടെ 634 കുടുംബങ്ങള്‍ അവരുടെ സ്ഥലത്ത് നിന്നും മാറി. എന്നേക്കുമായി ഗ്രാമമുപേക്ഷിച്ച് നഷ്ടപരിഹാരവുമായി അവര്‍ വേറെ സ്ഥലത്തേക്ക് പോയി. 

submerged village in Goa

'ഗ്രാമം ഇല്ലാതായിപ്പോയതില്‍ വേദനയുണ്ട്. പക്ഷെ, എല്ലാം ഒരുപാട് പേര്‍ക്ക് നല്ലതിന് വേണ്ടിയാണല്ലോ' എന്നാണ് കുര്‍ദ്ദിയിലെ താമസക്കാരനായിരുന്ന 75 -കാരന്‍ ഗജ്നം കുര്‍ദിക്കര്‍ പറയുന്നത്. വീടും നാടും വിട്ടുപോകുമ്പോള്‍ ഗജ്നത്തിന് 10 വയസ്സ് മാത്രമായിരുന്നു പ്രായം. വളരെ പെട്ടെന്നാണ് വീട്ടുസാധനങ്ങളെല്ലാം കയറ്റി തന്‍റെ വീട്ടുകാര്‍ക്ക് ഗ്രാമം വിടേണ്ടി വന്നിരുന്നത് എന്നും ഗജ്നം ഓര്‍ക്കുന്നു. 

എല്ലാ വര്‍ഷവും മെയ് മാസത്തില്‍ ഗ്രാമം തെളിഞ്ഞ് തുടങ്ങും. മുറിപ്പെട്ടുപോയ മരങ്ങള്‍, ഒരു കാലത്ത് ജീവിതത്തിന്‍റെ ഭാരം പേറിയിരുന്ന വീടുകള്‍, ആരാധനാലയങ്ങള്‍ എല്ലാം ശേഷിപ്പുകളായി അവിടെ തുടരുന്നു. 

submerged village in Goa

പക്ഷെ, എത്തിക്കാമെന്ന് പറഞ്ഞ പല ഗ്രാമങ്ങളിലും സലൗലിം ഡാമില്‍ നിന്നുമുള്ള കുടിവെള്ളം എത്തുന്നില്ലായെന്നും ഗജ്നം ബിബിസിയോട് പറഞ്ഞിരുന്നു. പക്ഷെ, വെള്ളമില്ലായ്മയുമായാണ് മേയ് മാസമെത്തുന്നതെങ്കിലും ആ മാസം അവിടെ നിന്ന് പുറപ്പെട്ടുപോയ ഗ്രാമവാസികള്‍ക്ക് തങ്ങളുടെ ഗ്രാമം തിരിച്ചെത്തുന്ന മാസമാണ്. സാധാരണ എല്ലാവരും ഗ്രാമത്തിലേക്കെത്തുന്നതുപോലെ തന്നെ ഗ്രാമം ഗ്രാമവാസികള്‍ക്ക് കൂടി പ്രത്യക്ഷമാകുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios