തിയ്യ, നായര്‍ ജാതികള്‍ക്ക് വടക്ക് പടിഞ്ഞാറന്‍ ഇന്ത്യക്കാരുമായി ജനിതക ബന്ധമെന്ന് പഠനം !
ജീനോ പഠനം തെക്ക് പടിഞ്ഞാറന്‍ തീരത്തെ പരമ്പരാഗത യോദ്ധാക്കളുടെയും ഫ്യൂഡല്‍ പ്രഭുക്കളുടെയും പിന്മുറക്കാരായ 213 വ്യക്തികളില്‍നിന്നും ശേഖരിച്ച ഡിഎന്‍എ വിശകലനം ചെയ്തു. ഇവ ഇന്ത്യയില്‍ വെങ്കലയുഗം മുതല്‍ ഈ ഭൂപ്രദേശത്ത് ജീവിച്ച് വന്നിരുന്നവരും യൂറോപ്യന്‍ വംശങ്ങളുമായും താരതമ്യം ചെയ്തു.
കേരളത്തിലെ പ്രധാന ജാതികളായ തിയ്യ (ഈഴവർ), നായര്‍ ജാതികളും കർണാടകയിൽ നിന്നുള്ള ബണ്ട്സ്, ഹൊയ്സാലസ് വിഭാഗക്കാരും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ജനങ്ങളുമായി ജനിതകപരമായി അടുത്ത ബന്ധം പുലര്‍ത്തുന്നെന്ന് ഗവേഷകര്‍. ഹൈദരാബാദിലെ സിഎസ്ഐആർ-സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സിസിഎംബി) ജെസി ബോസ് ഫെലോ ഡോ.കുമാരസ്വാമി തങ്കരാജിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകരാണ് ഈ ജനിതക പഠനം നടത്തിയത്. ജീനോം ബയോളജി ആന്‍റ് എവല്യൂഷൻ ജേണലില്‍ ഇത് സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു.
ലോകമെങ്ങും വ്യാപിക്കുന്ന തരത്തില്‍ മനുഷ്യന്‍ വളര്‍ന്നപ്പോള്‍, സ്വന്തം വളര്‍ച്ചയുടെ വേരന്വേഷിച്ച് ഗവേഷകര്‍ ഇറങ്ങിത്തിരിച്ചു. ഇത്തരം പഠനങ്ങള്‍ക്ക് വേഗത നല്‍കിയത് ജീനോം പഠനങ്ങള്‍ വ്യാപകമായതോടെയാണ്. മനുഷ്യരുടെ ജീനുകളില്‍ നടത്തിയ പഠനങ്ങള്‍ അവന്‍റെ പൂര്‍വീകരുടെ യാത്രാപഥങ്ങളെ കുറിച്ചുള്ള അറിവ് നല്‍കി. ഇത്തരമൊരു പഠനമാണ് ഇപ്പോള്‍ കേരളത്തിലെ പ്രബല ജാതികളായ നായര്‍, ഈഴവ ജാതികളുടെ ഉത്ഭവം എവിടെ നിന്നാണെന്ന് കണ്ടെത്തിയത്. ഇന്ത്യയുടെ തെക്ക് പടിഞ്ഞാന്‍ തീര പ്രദേശം ആയിരക്കണക്കിന് നൂറ്റാണ്ടുകളായി ലോകത്തിലെ അതാത് കാലത്തെ മറ്റ് സംസ്കാരങ്ങളുമായി കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിരുന്നു. ഈ പ്രദേശത്ത് നിന്നും റോമക്കാര്‍, അറബികള്‍, ചീനക്കാര്‍, ജൂതന്മാര്‍, പാഴ്സികള്‍ തുടങ്ങിയ നിരവധി വൈവിധ്യമുള്ള സംസ്കാരങ്ങളുടെ അവശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. അതേ സമയം ഈ തീരപ്രദേശത്ത് ജീവിച്ചിരുന്ന തദ്ദേശീയജനത യോദ്ധാക്കളുടെയോ ഫ്യൂഡൽ പ്രഭുക്കന്മാരുടെയോ ചരിത്രപരമായ പദവി വഹിച്ചു.
ജര്‍മ്മന്‍ നരവംശ ശാസ്ത്രജ്ഞന്‍ പകര്‍ത്തിയ കേരളപിറവിക്കും മുന്നേയുള്ള മലയാളി !
അക്കാലത്തെ സൈനിക പദവി വഹിച്ചിരുന്ന ഇവര്‍ ഗംഗാ സമതലത്തിലെ അഹിച്ചാത്രയിൽ (Ahichhatra - ഇരുമ്പുയുഗ നാഗരികത) നിന്നുള്ള കുടിയേറ്റക്കാരാണെന്ന് ചരിത്രകാരന്മാര്‍ പുരാതന ലിഖിത രേഖകളുടെ അടിസ്ഥാനത്തില്‍ വാദിക്കുന്നു. മറ്റ് ചിലര്‍ ഇവര്‍ ഇന്തോ-സിത്തിയൻ വംശ കുടിയേറ്റക്കാരുടെ പിന്മുറക്കാരാണെന്നും വാദിക്കുന്നു. പുതിയ ജീനോ പഠനം തെക്ക് പടിഞ്ഞാറന്‍ തീരത്തെ പരമ്പരാഗത യോദ്ധാക്കളുടെയും ഫ്യൂഡല്‍ പ്രഭുക്കളുടെയും പിന്മുറക്കാരായ 213 വ്യക്തികളില്‍നിന്നും ശേഖരിച്ച ഡിഎന്‍എ വിശകലനം ചെയ്തു. ഇവ ഇന്ത്യയില്‍ വെങ്കലയുഗം മുതല്‍ ഈ ഭൂപ്രദേശത്ത് ജീവിച്ച് വന്നിരുന്നവരും യൂറോപ്യന്‍ വംശങ്ങളുമായും താരതമ്യം ചെയ്തു. ഈ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
"വടക്ക് - പടിഞ്ഞാറൻ ഇന്ത്യയിലെ പുരാതന കുടിയേറ്റക്കാരിൽ നിന്നാണ് നായർ, തിയ്യ യോദ്ധാക്കളുടെ സമൂഹങ്ങൾ അവരുടെ വംശപരമ്പരയുടെ ഭൂരിഭാഗവും പങ്കിടുന്നത്. കംബോജ്, ഗുജ്ജാർ ജനസംഖ്യയ്ക്ക് സമാനമായി ഇറാനിയൻ വംശപരമ്പര വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഞങ്ങളുടെ ജനിതക പഠനത്തിലൂടെ കണ്ടെത്തി" എന്ന് ഡോ തങ്കരാജ് പറയുന്നു. 'വെങ്കലയുഗത്തിന്‍റെ അവസാനത്തിലോ ചിലപ്പോള്‍ ഇരുമ്പ് യുഗത്തിലോ ആകാം ഇത്തരത്തില്‍ സമൂഹങ്ങള്‍ വടക്കുപടിഞ്ഞാറൻ ഇന്ത്യയില്‍ നിന്ന് മധ്യ ഇന്ത്യയും കടന്ന് തെക്കുപടിഞ്ഞാറൻ തീരത്തേക്ക് യാത്രയായതെന്ന് തങ്ങളുടെ സാങ്കേതികാധിഷ്ടിത പഠനം സൂചിപ്പിക്കുന്ന'തെന്ന് ബിർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ സയൻസസിലെ അധ്യാപകനായ ഡോ ലോമോസ് കുമാര്‍ പറയുന്നു. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് ഗോദാവരി തടത്തിലൂടെ കര്‍ണ്ണാടകയിലേക്കും പിന്നീട് കേരളത്തിലേക്കും കുടിയേറിയതിന്‍റെ അവശിഷ്ടങ്ങളാണ് തെക്കുപടിഞ്ഞാറന്‍ തീരദേശ സമൂഹങ്ങളെന്ന് ഈ പഠനം സൂചിപ്പിക്കുന്നുവെന്ന് സിസിഎംബി ഡയറക്ടര് ഡോ വിനയ് കെ നന്ദികൂരിയും കൂട്ടിച്ചേര്‍ക്കുന്നു.