'പഠിക്കാന്‍ വയ്യ, ജോലിയും വേണ്ട'; യൂറോപ്യന്‍ യൂണിയനില്‍ 'നിനി'കള്‍ ഏറ്റവും കൂടുതലുള്ള രാജ്യം സ്പെയിനെന്ന് പഠനം
18 നും 24 നും ഇടയിൽ പ്രായമുള്ള, പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്ത യുവാക്കളുടെ ഏറ്റവും ഉയർന്ന അനുപാതമുള്ള യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഇന്ന് സ്പെയിന്‍. പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്ത ആളുകള്‍ 'നിനി' എന്നാണ് അറിയപ്പെടുന്നത്. (സ്പെയിനിലെ കാളപ്പോര് ഉത്സവത്തില്‍ നിന്ന്. ചിത്രം ലൂയിസ് സോട്ടോ , ഗെറ്റി)
യൂറോപ്യന്‍ യൂണിയനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഏറെ വിദ്യാഭ്യാസവും ഉയര്‍ന്ന ജോലികളുമുള്ള ഒരു ജനത എന്നതാണ് നമ്മുടെ മനസില്‍ ആദ്യമെത്തുന്ന ചിന്ത. ആദ്യമായി ലോകമെമ്പാടും കപ്പലോടിച്ച് കീഴടക്കിയ ജനത. വ്യാവസായിക വിപ്ലവത്തിന്‍റെ സൃഷ്ടാക്കള്‍. ഇങ്ങനെ ഏറെ വിശേഷണമുള്ള ഒരു ജനതയെ കുറിച്ച് നമ്മള്‍ ഒരിക്കലും ആലോചിക്കാത്ത ഒന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന പഠനങ്ങള്‍ പറയുന്നത്. വിദ്യാഭ്യാസം നേടുന്നതിലും ജോലി ചെയ്യുന്നതിലും യൂറോപ്യന്‍ യൂണിയനിലെ ജനങ്ങള്‍ ഏറെ മടി കാണിക്കുന്നു.
പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്ത ആളുകള്‍ 'നിനി' (Nini - സ്പാനിഷ് പദം, പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്തവർ എന്നാണ് അര്‍ത്ഥം ) എന്നാണ് അറിയപ്പെടുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ നിനികളുള്ളത് കാളപ്പോരിന് പേരുകേട്ട സ്പെയിനിലാണെന്ന് പഠനങ്ങള്‍ പറയുന്നു. പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്ത 18 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ ഏറ്റവും ഉയർന്ന അനുപാതമുള്ള യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഇന്ന് സ്പെയിന്‍. ഏതാണ്ട് 17 ശതമാനം പേര്‍ ഈ ഗണത്തില്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ കണക്ക് മെച്ചപ്പെട്ട് വരുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യുവാക്കൾക്കിടയിലെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാൻ പ്രവർത്തിക്കുന്ന എക്സിറ്റ് ഫൗണ്ടേഷന്‍റെ ഡയറക്ടർ ജനറൽ നാച്ചോ സെക്വീരയെ പറയുന്നത്. പ്രശ്നം 'സ്ഫോടനാത്മകമായ അവസ്ഥ'യിലാണെന്നാണ്. "വളരെയധികം ചെറുപ്പക്കാർ സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോകുന്നു. റൊമാനിയയ്ക്ക് ശേഷം യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ നേരത്തെ സ്കൂൾ വിടുന്നവരുടെ എണ്ണത്തിൽ സ്‌പെയിനിന് രണ്ടാം സ്ഥാനമാണുള്ളത്. കൂടാതെ, രാജ്യത്ത് ധാരാളം തൊഴിലില്ലാത്ത യുവാക്കൾ ഉണ്ട്. ചില യൂറോപ്യന്‍ രാജ്യങ്ങളിൽ 18 വയസ്സ് വരെ നിർബന്ധിത വിദ്യാഭ്യാസമുണ്ടെങ്കിൽ, സ്പെയിനിൽ അത് 16 വയസാണ്. "18 വയസ്സിന് താഴെയുള്ള ഒരു ചെറുപ്പക്കാരനെ എവിടെയും ജോലിക്ക് എടുക്കുന്നില്ല എന്നതാണ് തൊഴിലിന്‍റെ യാഥാർത്ഥ്യം, പിന്നെ എന്തിനാണ് അവരെ 16 വയസ്സിൽ സ്‌കൂൾ വിടുന്നത്?" അദ്ദേഹം കൂട്ടിച്ചേർത്തു.
സമൃദ്ധമായി അലങ്കരിച്ച, ഒരു മനുഷ്യശരീരം അടക്കം ചെയ്ത 1000 വര്‍ഷം പഴക്കമുള്ള ശ്മശാന ഭൂമി കണ്ടെത്തി !
ഏറ്റവും പുതിയ സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം (Organisation for Economic Co-operation and Development - OECD) 'ഗുരുതരമായ പ്രശ്ന' മാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പഠനം പറയുന്നത് 'നിനി' കള്‍ക്കിടയില്‍ രണ്ട് തരം ആളുകളുണ്ടെന്നാണ്. ഒന്ന് നിഷ്ക്രിയരും രണ്ടാമത്തേത് തൊഴിലില്ലാത്തവരുമാണ്. ആദ്യത്തെ കൂട്ടര്‍ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നില്ല. രണ്ടാമത്തെ വിഭാഗത്തില്‍ ജോലി അന്വേഷിക്കുന്നവരും അതിനെ കുറിച്ച് ചിന്തിക്കാത്തവരും ഉണ്ടെന്നും പഠനം പറയുന്നു.
ഗ്രീസും സ്പെയിനും ഈ കണക്കില്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ സ്വീഡൻ, നോർവേ, ജർമ്മനി എന്നീ രാജ്യങ്ങളില്‍ 10 ശതമാനം പേര്‍ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്തവരാണെന്നും പഠനം പറയുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവയ്ക്ക് ഇടയില്‍ നില്‍ക്കുന്നു. സ്പെയിനില്‍ ജോലി ലഭിക്കാനുള്ള സാധ്യതാ കുറവും വരുമാനക്കുറവുമാണ് യുവാക്കളെ പഠനത്തില്‍ നിന്നും ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ കണക്കുകളില്‍ വിട്ടു നില്‍ക്കുന്ന രണ്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ ഫ്രാന്‍സും സ്വീഡനുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക