കുട്ടിക്കാലത്തെ ഈ സ്വഭാവം ഇപ്പോഴുമുണ്ടോ? സൂക്ഷിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് വലിയൊരു രോഗമെന്ന് പഠനം
രോഗകാരികളായ വൈറസുകള്‍ക്ക് തലച്ചോറിലേക്ക് പ്രവേശിക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴിയാണ് മൂക്കെന്ന് പഠനം എടുത്ത് പറയുന്നു.
നിങ്ങള്‍ സ്ഥിരമായി ബോധപൂര്‍വ്വമല്ലാതെ മൂക്കില്‍ തോണ്ടുന്ന ആളാണോ? എങ്കില്‍ ഭാവിയില്‍ നിങ്ങളെ വലിയൊരു രോഗാവസ്ഥ കാത്തിരിക്കുന്നെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു, അത് മറവി രോഗമാണ്. സാധാരണയായി നമ്മള്‍ മൂക്കില്‍ വിരലുകള്‍ കയറ്റി മൂക്കിന്‍റെ ഉള്‍വശം വൃത്തിയാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. തീര്‍ത്തും നിരുപദ്രവകരമായ ഒരു ശീലമായി ആളുകള്‍ ഇതിനെ കാണക്കാക്കുന്നു. എന്നാല്‍, ഇത് അത്ര നിരുപദ്രവകരമായ പ്രവര്‍ത്തിയല്ലെന്നും ഭാവിയില്‍ നിങ്ങള്‍ക്ക് അള്‍ഷിമേഴ്സ് രോഗം വരാനുള്ള സാധ്യത കൂട്ടുമെന്നുമാണ് ഇപ്പോള്‍ ഗവേഷകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
അൽഷിമേഴ്സ് ഇന്ന് ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയായി മാറിക്കഴിഞ്ഞു. അതേസമയം രോഗത്തിന് കൃത്യമായ ചികിത്സയും ഇതുവരെ കണ്ടെത്തിയിട്ടുമില്ല. ഈയൊരു സാഹചര്യത്തിലാണ് പുതിയ പഠനം പുറത്ത് വന്നതെന്നതും ശ്രദ്ധേയം. മൂക്ക് പിടിത്തം അൽഷിമേഴ്സ് രോഗത്തിന്‍റെ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം പറയുന്നു.
അൽഷിമേഴ്സ് രോഗത്തിന്‍റെ ഒരു പ്രധാന ഘടകമായി അറിയപ്പെടുന്ന ബീറ്റാ-അമിലോയ്ഡ് എന്ന പ്രോട്ടീന്‍റെ കണ്ടെത്തലില്‍ നിന്നാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. നമ്മള്‍ മൂക്കിലേക്ക് വിരലുകള്‍ കയറ്റുമ്പോള്‍ രോഗകാരികളായ വൈറസുകള്‍ തലച്ചോറിൽ ബീറ്റാ-അമിലോയിഡ് (beta-amyloid) ഉത്പാദിപ്പിക്കുന്നു. ഇത് അൽഷിമേഴ്സുമായി ബന്ധപ്പെട്ട ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നതിന് കാരണമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
രോഗകാരികളായ വൈറസുകള്‍ക്ക് തലച്ചോറിലേക്ക് പ്രവേശിക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴിയാണ് മൂക്കെന്ന് പഠനം എടുത്ത് പറയുന്നു. ഇതുവഴി വൈറസുകൾ, ഫംഗസ്, ബാക്ടീരിയ എന്നിവയുൾപ്പെടെയുള്ള രോഗകാരികൾക്ക് മൂക്കിലെ കോശങ്ങളിൽ നിരന്തരമായി അണുബാധകൾ ഉണ്ടാക്കാന്‍ കഴിയുന്നു. ഇത് പിന്നീട് തലച്ചോറിലേക്കും കടക്കുകയും നൂറോണുകളുടെ നാശത്തിന് വഴി തെളിക്കുകയും ചെയ്യും. അല്‍ഷിമേഴ്സിന്‍റെ സാധ്യത കുറയ്ക്കാന്‍ മൂക്കിന്‍റെ ശുചിത്വം പ്രധാനമാണെന്നും അതിന് ഒരിക്കലും വിരലുകള്‍ മൂക്കിലേക്ക് കയറ്റരുതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
മൂക്കിന്‍റെ ശുചിത്വത്തിനായി ഉപ്പ് വെള്ളം ഉപയോഗിച്ച് മൂക്ക് വൃത്തിയാക്കാനാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് മൂക്കിന്‍റെ ശുചിത്വം നിലനിര്‍ത്തുന്നതും രോഗകാരികളായ വൈറസുകളുടെ നാശത്തിനും സഹായിക്കുന്നു. മൂക്ക് ചീറ്റുന്നതും നല്ലതാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. അതേസമയം മൂക്കില്‍ വിരലിടുന്നതും അല്‍ഷിമേഴ്സിന്‍റെ അപകടസാധ്യതയും തമ്മിലുള്ള ബന്ധം ഉറപ്പിക്കാന്‍ ഈ രംഗത്ത് കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ കൂട്ടിചേര്‍ക്കുന്നു. പരിക്ഷണ എലികളില്‍ നടത്തിയ പഠനത്തിലൂടെയാണ് പുതിയ കണ്ടെത്തല്‍.
കാലനല്ല സാറേ... പോലീസാ !; പോത്തിന്‍റെ പുറത്തേറി പട്രോളിംഗ് നടത്തുന്ന 'ബഫല്ലോ സോള്‍ജിയേഴ്സ്' !