'വാട്സാപ്പ് യൂണിവേഴ്സിറ്റി തന്നെ'; ഇന്ത്യാ - പാക് അതിര്‍ത്തിയെ കുറിച്ചുള്ള ചോദ്യത്തിന് കുട്ടിയുടെ ഉത്തരം വൈറൽ
ഇന്ത്യ പാക് അതിര്‍ത്തി ഏതെന്നും ദൈര്‍ഘ്യം ഏത്രയെന്നുമുള്ള ചോദ്യത്തിന് വിദ്യാര്‍ത്ഥിക്ക് ഒരു സംശയവും ഇല്ലായിരിന്നു. അവന്‍ വിശദമായി തന്നെ ഉത്തരമെഴുതി.
കുട്ടികളുടെ ഉത്തര പേപ്പറുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. അപൂര്‍വ്വമായി 100 ല്‍ 100 മാര്‍ക്കും നേടുമ്പോഴാകും അത് ആളുകളുടെ ശ്രദ്ധ നേടുക. മറ്റ് ചിലപ്പോള്‍ പരീക്ഷാ ചോദ്യങ്ങള്‍ക്ക് രസകരമായ ഉത്തരങ്ങളെഴുതിയ ഉത്തര പേപ്പറുകളാണ് ആളുകളുടെ പ്രത്യേക ശ്രദ്ധ നേടാറുള്ളത്. അക്കൂട്ടത്തിലേക്ക് ഇത്തവണ എത്തിയത് രാജസ്ഥാനിലെ ധോല്‍പൂര്‍ ജില്ലയില്‍ നിന്നാണ്. പ്ലസ്ടു ക്ലാസിലെ പോളിറ്റിക്കല്‍ സയന്‍സ് പരീക്ഷയ്ക്ക് വന്ന ഒരു ചോദ്യം ഇന്ത്യാ പാക് അതിര്‍ത്തിയെ കുറിച്ചും അതിന്‍റെ നീളത്തെ കുറിച്ചുമായിരുന്നു. ചോദ്യം ഇങ്ങനെയായിരുന്നു, ' ഇന്ത്യയും പാകിസ്ഥാനും ഇടയ്ക്കുള്ള അതിർത്തി ഏതാണ്, അതിന്‍റെ ദൈർഘ്യം എത്രയാണ്?' കുട്ടിയുടെ ഉത്തരം കണ്ട് അധ്യാപകര്‍ അമ്പരന്നു. ആ അമ്പരപ്പ് ചോരാതെ ഉത്തരപേപ്പര്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
കുട്ടി, ഇന്ത്യാ - പാക് അതിര്‍ത്തിയെ കുറിച്ച് വിശദമായി തന്നെ ഉത്തരമെഴുതി. ആ ഉത്തരം ഇങ്ങനെയായിരുന്നു, 'സീമ ഹൈദര്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയിലായിരുന്നു. അവൾക്ക് 5 അടി 6 ഇഞ്ച് ഉയരമുണ്ട്. അവൾ കാരണമാണ് രാജ്യങ്ങൾ പോരടിക്കുന്നത്.' ഇന്ത്യാ പാക് അതിര്‍ത്തിയെ കുറിച്ച് ചോദിച്ചപ്പോള്‍ കുട്ടി സീമാ ഹൈദറിനെ കുറിച്ച് എഴുതിയിരിക്കുന്നു. ഹിന്ദിയില്‍ 'സീമ' എന്നാല്‍ അതിര്‍ത്തി എന്നാണര്‍ത്ഥം. ഇന്ത്യാ പാക് അതിര്‍ത്തി ഏതെന്ന ചോദ്യത്തിന് കുട്ടി. സീമ ഹൈദര്‍ എന്ന് ഉത്തരം നല്‍കി. സീമ ഹൈദറാകട്ടെ, പബ്ജി കളിയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഇന്ത്യക്കാരനായ കാമുകനെ കാണാനായി തന്‍റെ മക്കളോടൊപ്പം പാകിസ്ഥാനില്‍ നിന്നും നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് അനധികൃതമായി എത്തിയ പാകിസ്ഥാന്‍കാരിയാണ്. അനധികൃതമായി അതിര്‍ത്തി കടന്നതിന് ജൂലൈ നാലിന് ഇവരെ അറസ്റ്റ് ചെയ്തു. പിന്നീട് ജൂലൈ 7 ഇവരെ വിട്ടയച്ചു. ഇന്ന് തന്‍റെ നാല് കുട്ടികളോടൊപ്പം സീമ, കാമുകനെ വിവാഹം കഴിച്ച് ഇന്ത്യയില്‍ ജീവിക്കുന്നു.
'ഹോട്ട് ലിപ്സ്' അഥവാ 'ഗേള്‍ഫ്രണ്ട് കിസ്സ്', കേട്ടിട്ടുണ്ടോ ഇങ്ങനൊരു പൂവിനെ കുറിച്ച് ?
ഇവരുടെ വരവും അറസ്റ്റും പിന്നീട് നടന്ന വിവാഹവും ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 'ഇന്ത്യാ - പാക് സീമ'യെ കുറിച്ച് ചോദിച്ചപ്പോള്‍ കുട്ടിക്ക് മറ്റ് സംശയങ്ങളൊന്നും തോന്നിയില്ല. അതിര്‍ത്തിയില്‍ താമസിക്കുന്ന അഞ്ച് അടി ആറ് ഇഞ്ചുകാരിയായ സീമാ ഹൈദറാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് കുട്ടി ഉത്തരപ്പേപ്പറില്‍ എഴുതി. ഉത്തരപേപ്പര്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ കുട്ടി 'വാഡ്സാപ്പ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി'യാണെന്ന് കാഴ്ചക്കാര്‍ എഴുതി. ' ഇത്രയും നൂതനമായ ഒരാശയം എഴുതിയതിന് കുട്ടികള്‍ അധിക മാര്‍ക്ക് നല്‍കണമായിരുന്നു' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. 'കുട്ടി ഒരു വിടവ് നികത്താന്‍ ശ്രമിച്ചതാണ്. അവനെ പുറത്താക്കിയിട്ടില്ലെന്ന് കരുതുന്നു.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.
'സബാഷ്...'; കടം വാങ്ങിയ പണം തിരികെ നൽകാൻ രണ്ട് മാസത്തിന് ശേഷം പോലീസിനെ തേടിയെത്തി യുവാവ് !