'എന്റെ അച്ഛൻ കളക്ടറുടെ സുഹൃത്താണ്, പണമുണ്ട്, അച്ചടക്കം പഠിപ്പിക്കാൻ വരണ്ട'; അധ്യാപികയോട് വിദ്യാർത്ഥി
വിദ്യാർത്ഥി, തന്റെ അച്ഛന് കളക്ടറുമായി സൗഹൃദമുണ്ട്. തനിക്ക് ഇഷ്ടം പോലെ പണമുണ്ട്. തന്നെ അച്ചടക്കം പഠിപ്പിക്കാൻ വരണ്ട എന്ന് അധ്യാപികയോട് പറയുകയാണ്. പിന്നീട്, ഇയാൾ ക്ലാസിൽ നിന്നും ഇറങ്ങിപ്പോകുന്നതും കാണാം. പോകുന്നതിന് മുമ്പ് ക്ലാസിൽ ഇയാൾ തുപ്പുന്നുമുണ്ട്.
ക്ലാസ്‍മുറികളിൽ നിന്നുള്ള നിരവധി വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിൽ ചിലതൊക്കെ രസകരമോ ക്യൂട്ടോ ഒക്കെയായിരിക്കാം. എന്നാൽ, അങ്ങനെയല്ലാത്ത വീഡിയോകളും ചിലപ്പോൾ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
മിക്കവാറും പണമോ അല്ലെങ്കിൽ ഉന്നതബന്ധങ്ങളോ ഉള്ള ആളുകൾ അത് തങ്ങൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസായി മാറ്റുന്ന അവസ്ഥകൾ ഉണ്ടാവാറുണ്ട്. അതിന്റെ പേരും പറഞ്ഞ് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതൊക്കെ അതിൽ പെടും. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഈ വീഡിയോയിൽ ഒരു വിദ്യാർത്ഥി തന്റെ പ്രൊഫസറെയാണ് ഭീഷണിപ്പെടുത്തുന്നത്.
വീഡിയോ പങ്കുവച്ചിരിക്കുന്നത് എക്സിൽ (ട്വിറ്റർ) ആണ്. Ghar Ke Kalesh എന്ന യൂസറാണ് വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്. ഒരു വനിതാ അധ്യാപികയും വിദ്യാർത്ഥിയും തമ്മിലാണ് സംസാരിക്കുന്നത്. വീഡിയോയിൽ ക്ലാസിൽ മറ്റ് കുട്ടികളും ഇരിക്കുന്നത് കാണാം. ഇരുവരുടേയും സംസാരം എല്ലാവരും കാണുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്.
വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്, വിദ്യാർത്ഥിയും അധ്യാപികയും തമ്മിൽ തർക്കമുണ്ടായി എന്നാണ്. അതിനിടയിൽ വിദ്യാർത്ഥി, തന്റെ അച്ഛന് കളക്ടറുമായി സൗഹൃദമുണ്ട്. തനിക്ക് ഇഷ്ടം പോലെ പണമുണ്ട്. തന്നെ അച്ചടക്കം പഠിപ്പിക്കാൻ വരണ്ട എന്ന് അധ്യാപികയോട് പറയുകയാണ്. പിന്നീട്, ഇയാൾ ക്ലാസിൽ നിന്നും ഇറങ്ങിപ്പോകുന്നതും കാണാം. പോകുന്നതിന് മുമ്പ് ക്ലാസിൽ ഇയാൾ തുപ്പുന്നുമുണ്ട്.
രാജസ്ഥാനിലെ ഉദയ്പൂരിലുള്ള മോഹൻലാൽ സുഖാദിയ സർവകലാശാലയിലെ എഫ്എംഎസ് കോളേജിലെ എംബിഎ ഇ-കൊമേഴ്‌സ് ക്ലാസിൽ നിന്നുള്ളതാണ് വൈറലായ വീഡിയോ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംഭവത്തെ തുടർന്ന് എഫ്എംഎസ് കോളേജ് ഡയറക്ടർ ഡോ. മീര മാത്തൂർ പ്രതാപ്നഗർ പൊലീസ് സ്റ്റേഷനിൽ വിദ്യാർത്ഥിക്കെതിരെ പരാതി നൽകി.
വീഡിയോയ്ക്ക് കമന്റുകളുമായി ഒരുപാട് പേരാണ് എത്തിയത്. ഒരു യൂസർ കമന്റ് നൽകിയിരിക്കുന്നത്, ഇതുപോലെയുള്ള അനേകം സംഭവങ്ങളുണ്ടാകുന്നുണ്ട്. അധികാരത്തിലുള്ള ചിലർ ഇതുപോലെ എന്തും ചെയ്യാം എന്നാണ് കരുതുന്നത്. ക്ലാസ്‍മുറിയിൽ ഇങ്ങനെയാണെങ്കിൽ അയാളുടെ താഴെയുള്ളവരോട് അയാൾ എങ്ങനെ ആയിരിക്കും പെരുമാറുക എന്നാണ്. അതുപോലെ, ഇത്തരമൊരു പെരുമാറ്റം ഒരിക്കലും നന്നല്ല എന്ന് കമന്റ് നൽകിയവരും ഉണ്ട്.