ജീവനോടെ കാണണമെങ്കിൽ 50,000 രൂപ വേണം, പക്ഷേ അക്ഷരത്തെറ്റ് ചതിച്ചു, നാടകം പൊളിച്ച് പൊലീസ്
വെറും 50,000 രൂപ മാത്രം ചോദിച്ചതും സന്ദീപിന് നിലവിൽ ശത്രുക്കളാരും ഇല്ല എന്നതും വീണ്ടും പൊലീസിൽ സംശയങ്ങളുണർത്തി. പൊലീസ് ഉടനെ തന്നെ കേസിൽ അന്വേഷണം ആരംഭിച്ചു.
ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ നടന്ന ഒരു തട്ടിക്കൊണ്ടുപോകൽ നാടകം പൊലീസ് കയ്യോടെ പൊളിച്ചു. മോചനദ്രവ്യത്തിനുവേണ്ടി അയച്ച സന്ദേശത്തിലെ അക്ഷരത്തെറ്റാണ് പ്രധാനമായും നാടകം പൊളിക്കാനും സംഭവത്തിന് പിന്നിലാരാണ് എന്ന് കണ്ടെത്താനും പൊലീസിനെ സഹായിച്ചത്.
നിർമ്മാണമേഖലയിൽ കോൺട്രാക്ടറായ സഞ്ജയ് കുമാർ എന്ന യുവാവ് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തൻ്റെ ഇളയ സഹോദരനായ സന്ദീപിനെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് സഞ്ജയ് പൊലീസിനോട് പറഞ്ഞത്. സന്ദീപിനെ മരത്തിൽ കെട്ടിയിട്ടതായും അവൻ സഹായത്തിനായി അഭ്യർത്ഥിക്കുന്നതായും കാണിക്കുന്ന ഒരു വീഡിയോയും സഞ്ജയ് പൊലീസിനെ കാണിച്ചു.
സന്ദീപിനെ ജീവനോടെ വിടണമെങ്കിൽ 50,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു സന്ദേശവും വീഡിയോയ്‌ക്കൊപ്പം ഉണ്ടായിരുന്നു. പണം നൽകാതിരുന്നാൽ അത് സന്ദീപിന്റെ മരണത്തിന് കാരണമാകും എന്നായിരുന്നു സന്ദേശം. എന്നാൽ, ഡെത്ത് (മരണം) എന്നെഴുതിയതിൽ അക്ഷരത്തെറ്റുണ്ടായിരുന്നു. a എന്ന അക്ഷരം death എന്ന് എഴുതിയതിലുണ്ടായിരുന്നില്ല. അതോടെ വിദ്യാഭ്യാസം കുറവുള്ള ആരോ ആണ് സന്ദേശം അയച്ചത് എന്ന് പൊലീസിന് മനസിലായി.
മാത്രമല്ല, വെറും 50,000 രൂപ മാത്രം ചോദിച്ചതും സന്ദീപിന് നിലവിൽ ശത്രുക്കളാരും ഇല്ല എന്നതും വീണ്ടും പൊലീസിൽ സംശയങ്ങളുണർത്തി. പൊലീസ് ഉടനെ തന്നെ കേസിൽ അന്വേഷണം ആരംഭിച്ചു. ഒടുവിൽ, രൂപാപൂരിന് സമീപം സന്ദീപിനെ കണ്ടെത്തി. ഇയാൾ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിത്തുടങ്ങിയതോടെ എസ്‌പി ജാദൂന് സംശയമായി. അങ്ങനെ അദ്ദേഹം death എന്നെഴുതാൻ സന്ദീപിനോട് ആവശ്യപ്പെട്ടു. സന്ദീപ് എഴുതിയതിലും a എന്ന അക്ഷരം ഉണ്ടായിരുന്നില്ല. അതോടെ സന്ദീപിന്റെ നാടകമായിരുന്നു ഇതെന്ന് മനസിലായി. ഒടുവിൽ സന്ദീപ് എല്ലാം സമ്മതിച്ചു.
താൻ ബൈക്കുമായി പോകുമ്പോൾ ഒരു വൃദ്ധനെ ഇടിച്ചുവെന്നും 80,000 രൂപ ചികിത്സയ്ക്ക് ആവശ്യമായി വന്നുവെന്നും അത് സഹോദരനോട് ചോദിക്കാൻ മടിയായിരുന്നതിനാലാണ് ഇങ്ങനെ ഒരു നാടകം കളിച്ചത് എന്നും സന്ദീപ് സമ്മതിച്ചു. സന്ദീപിനെതിരെ നിയമനടപടിയുണ്ടാകും എന്നാണ് പൊലീസ് പറയുന്നത്.
കാണാതായത് രണ്ടാഴ്ച മുമ്പ്, നൂറുകണക്കിനാളുകൾ തിരച്ചിലിനിറങ്ങി, ഒടുവിൽ യുവാവിനെ ജീവനോടെ കണ്ടെത്തി