Opinion : ആണ്‍കുട്ടികള്‍ മുറ്റം അടിച്ചാല്‍ ട്രൗസര്‍ ഊരിപ്പോകുമോ, അമ്മമാരെ?
എനിക്കും ചിലത് പറയാനുണ്ട്. പണിയെടുത്ത് നടുവൊടിക്കാന്‍ ഒരു പുതു തലമുറയെ ഒന്നടങ്കം വളര്‍ത്തി കൊണ്ടു വരികയാണ് നിങ്ങളുടെ ധാര്‍മികമായ ഉത്തരവാദിത്തം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നീന ആറ്റിങ്ങല്‍ എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
പണിയെടുക്കൂ നടുവൊടിക്കൂ,
വീട്ടിലുള്ള വീണ്ടും പെണ്‍കുഞ്ഞുങ്ങളെ പണിയെടുക്കാന്‍ പ്രേരിപ്പിക്കൂ,
നടുവൊടിക്കാന്‍ പ്രേരിപ്പിക്കൂ...
ഇതാണോ വീട്ടമ്മമാരെ നിങ്ങളുടെ പോളിസി?
ഇത്രയൊക്കെ ആയിട്ടും മതിയായിട്ടില്ല അല്ലേ? പണിയെടുത്ത് നടുവൊടിക്കാന്‍ ഒരു പുതു തലമുറയെ ഒന്നടങ്കം വളര്‍ത്തി കൊണ്ടു വരികയാണ് നിങ്ങളുടെ ധാര്‍മികമായ ഉത്തരവാദിത്തം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
ഇതു പറയേണ്ടി വരുന്നത് ചില സാഹചര്യങ്ങളിലാണ്. പെണ്ണ് എന്നത് ജോലി ചെയ്യാനുള്ള ഉപകരണമാണെന്ന ധാരണ അടിമുടി മാറിക്കഴിഞ്ഞു. വീട് എന്നത് പെണ്ണിന്റെ മാത്രം ഉത്തരവാദിത്തമല്ല എന്നും ആണും പെണ്ണും ഒന്നിച്ച് ചെയ്യേണ്ടതാണ് അവിടത്തെ കാര്യങ്ങളെന്നും നമ്മള്‍ മനസ്സിലാക്കി കഴിഞ്ഞു. എന്നാലും, നേരം വെളുക്കാത്ത കുറേ പേരുണ്ട്. അതിലേറെയും നമ്മുടെ വീട്ടമ്മമാരാണ്. പുരുഷാധിപത്യ മൂല്യങ്ങള്‍ സ്വാംശീകരിച്ച്, അതിനനുസരിച്ച് പെണ്‍കുഞ്ഞുങ്ങളെ വാര്‍ത്തെടുക്കുകയാണ് തങ്ങളുടെ ബാധ്യത എന്നു കരുതുന്നവര്‍. അവരോട് ഇനിയുമിത് പറയാതെ വയ്യ. ആണുങ്ങള്‍ക്കു പോലും മനസ്സിലായ കാര്യങ്ങള്‍ ഒട്ടും മനസ്സിലാവാത്തവര്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.
കുഞ്ഞുങ്ങളെ വളര്‍ത്തുകയും വീട് പരിപാലിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വം നിങ്ങള്‍ക്ക് മാത്രം ഉള്ളതാണോ? വിശക്കുമ്പോള്‍ മാത്രം വീട് തിരയുന്ന മകനെയും ഭര്‍ത്താവിനെയും ഒക്കെ ആരാണ് പ്രോത്സാഹിപ്പിക്കുന്നത്? 'കയറിവരൂ മകനെ, ഞാനും എന്റെ മോളും ഇതാ നടുവൊടിഞ്ഞു പണിയെടുത്ത് നിങ്ങള്‍ക്കായി വിഭവസമൃദ്ധമായ ആഹാരം ഉണ്ടാക്കി വെച്ചിരിക്കുന്നു' എന്നു പറയുന്നത് എന്തിനാണ്? നിഷ്‌കളങ്കനായ ഒരു മകനെ സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത യുവാവായും ഭര്‍ത്താവായും വളര്‍ത്തി കൊണ്ടു വരുന്നത് സ്ത്രീകളെ നിങ്ങള്‍ തന്നെയാണ്!
പാകം ചെയ്തു വച്ചാല്‍ മാത്രം പോരാ, അതു വിളമ്പണം, എന്നിട്ട് അവരുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളെ വായിച്ചെടുത്ത് സങ്കടം, സന്തോഷം എന്നിങ്ങനെ വികാരങ്ങള്‍ ഉല്‍പ്പാദിപ്പിച്ചും കഴിയണം.
സ്ത്രീകള്‍ക്ക് അവരുടേതായ സന്തോഷം വേണ്ടേ? സ്വന്തം സന്തോഷം, സമാധാനം, വ്യക്തിത്വം എല്ലാം സ്വയം നശിപ്പിച്ച് അവസാനം നടുവൊടിഞ്ഞ് പലവിധ തേയ്മാനങ്ങളും വന്ന് അപ്പോള്‍ പോലും ഒന്ന് വിശ്രമിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആരാണ് നിങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത് എന്ന് ഇനിയെങ്കിലും നിങ്ങള്‍ അറിയേണ്ടതുണ്ട്.
അമ്മയ്ക്ക് ഒന്ന് വയ്യാതായാല്‍ അടുക്കളയില്‍ തീ പുകയില്ല. പക്ഷേ അപ്പോഴൊക്കെയും എന്റെ ഭര്‍ത്താവ് എന്ത് കഴിക്കും എന്റെ മക്കള്‍ എന്ത് കഴിക്കും എന്നിങ്ങനെ തീയില്ലാതെ പുകയുന്ന ഒരിടം ഉണ്ട്-അമ്മത്തം, അമ്മ മനസ്സ് എന്നിങ്ങനെ നമ്മുടെ പുരുഷാധിപത്യ സമൂഹം സൗകര്യപൂര്‍വ്വം അതിനെ ഗ്ലോറിഫൈ ചെയ്യുകയാണ്. .
അല്ല അമ്മമാരേ, ആര്‍ക്കുവേണ്ടിയാണ് നിങ്ങളിങ്ങനെ മരിച്ചു പണിയെടുക്കുന്നത്?
എങ്ങനെയാണ് ഒരു കുടുംബം ഉണ്ടാകുന്നത്? എങ്ങനെയാണ് മക്കള്‍ ജനിക്കുന്നത്? ഭാര്യയും ഭര്‍ത്താവും അറിഞ്ഞുകൊണ്ട് തന്നെയല്ലേ?
അപ്പോള്‍ ഭര്‍ത്താവിന് എന്താ ഉത്തരവാദിത്വം പങ്കിടാന്‍ പാടില്ലേ? അവരെക്കൊണ്ടെ കുടുംബത്തിലെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ മാത്രമാണോ നടത്താന്‍ കഴിയുക? അവര്‍ തരുന്ന വരുമാനത്തില്‍ മക്കളേയും വളര്‍ത്തി ഒതുങ്ങി കൂടാം എന്ന ചിന്തയ്ക്കപ്പുറം മറ്റൊന്നുമില്ല എന്ന തീര്‍പ്പ് എവിടുന്നാണ് നിങ്ങള്‍ക്ക് കിട്ടുന്നത്?
ഞാന്‍ കൂടി ജോലിക്ക് പോയാല്‍ പിന്നെ ആരാ കുഞ്ഞുങ്ങളെ നോക്കാന്‍....അല്ലെ?
ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ടവള്‍ എന്ന പ്രയോഗമല്ല ഇവിടെ അനുയോജ്യമാവുക എന്നാണ് എന്റെ അഭിപ്രായം. 'ഒതുങ്ങിക്കൂടി വിഡ്ഡിയാക്കപ്പെട്ടവള്‍ എന്നാണത്. അതാണ് നിങ്ങള്‍ക്കു ചേരുക. ആ തിരിച്ചറിവ് കുറേ കഴിഞ്ഞിട്ടാണെങ്കിലും നിങ്ങള്‍ക്കുണ്ടാവാതെ തരമില്ല. പക്ഷേ അതിനു മേല്‍പ്പറഞ്ഞ നട്ടെല്ല്, കാല്‍മുട്ട്, കൈമുട്ട് തേയ്മാനം ഒക്കെ വരണം. അപ്പോള്‍ മാത്രമേ അത് മനസ്സിലാവുള്ളൂ. അപ്പോള്‍ തിരിച്ചറിവുണ്ടായിട്ട് എന്താണ് കാര്യം?
അതിനാല്‍, ഇനിയെങ്കിലും വളര്‍ന്നുവരുന്ന നമ്മുടെ കുട്ടികളെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഓരോ ജോലിയിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കൂ. ആണ്‍കുട്ടികള്‍ മുറ്റം അടിച്ചാല്‍ ട്രൗസര്‍ ഒന്നും ഊരിപ്പോകില്ല. പെണ്‍കുട്ടികള്‍ അതിരാവിലെ കാലിന്റെ മേലെ കാലൊക്കെ കയറ്റി വെച്ച് ഒരു ചായയും കുടിച്ച് പത്രം വായിച്ചിരുന്നാല്‍ ആകാശം ഒന്നും ഇടിഞ്ഞു വീഴില്ല.
മാറ്റം വരുത്തേണ്ടത് ശരീരത്തിനല്ല, തീര്‍ച്ചയായും അത് മനസ്സുകളില്‍ നിന്ന് തുടങ്ങണം.
അതിനാരാണ് മാറേണ്ടത്?