Opinion: ആ വീഡിയോ ക്ലിപ്പ് കോമഡിയല്ല, കിടപ്പറയിലെ ബലാല്‍സംഗം സത്യമാണ്!

എനിക്കും ചിലത് പറയാനുണ്ട്. മാരിറ്റല്‍ റേപ്പ് തമാശയല്ല. അശ്വതി ജോയ് അറയ്ക്കല്‍ എഴുതുന്നു
 

speak up Aswathy Joy Arakkal on marital rape viral video

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

speak up Aswathy Joy Arakkal on marital rape viral video

 

ഏകദേശം എഴുവര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കുടുംബബന്ധങ്ങള്‍ക്കിടയിലെ താളപ്പിഴകള്‍ കൈകാര്യം ചെയ്യുന്ന ഒരു ടി വി പരിപാടിയില്‍ പരാതിയുമായി ഒരു സ്ത്രീ എത്തി. പ്രശ്‌നങ്ങള്‍ പറയുന്നതിനിടയില്‍ ഭര്‍ത്താവിന്റെ ചില ലൈംഗികവൈകൃതങ്ങള്‍ മൂലം സഹികെട്ടു എന്നുമവര്‍ തുറന്നു പറഞ്ഞു.

തന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ പോലും ഉള്‍ക്കൊള്ളാതെ നിര്‍ബന്ധപൂര്‍വ്വം ശരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്നും, വിസമ്മതിച്ചാല്‍ വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നുവെന്നും, തനിക്കൊട്ടും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ലൈംഗിക കാര്യങ്ങള്‍ അയാള്‍ ചെയ്യിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.  തുണിയിട്ടു മറച്ച റൂമിന്റെ അപ്പുറത്തെ ഭാഗത്ത് നിന്നും പലപ്പോഴും മക്കളിതൊക്കെ കാണുന്നുണ്ട് എന്നറിഞ്ഞാലും അയാള്‍ നിര്‍ബന്ധപൂര്‍വ്വം കാര്യം നടത്തുമെന്നും, മക്കളുടെ മുന്‍പില്‍ വെച്ചുപോലും അശ്ലീല ജോക്കുകളും, ദ്വയാര്‍ത്ഥത്തിലുള്ള സംസാരങ്ങളും അയാള്‍ പറയാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പലവട്ടം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ സഹികെട്ട് കുടുംബത്തില്‍ വേണ്ടപ്പെട്ടവരെയൊക്കെ ഇടപെടുത്തി പരിഹരമാര്‍ഗ്ഗങ്ങള്‍ നോക്കിയിട്ടും അയാള്‍ ഒന്നിനും സഹകരിക്കാന്‍ തയ്യാറായില്ല എന്നുമവര്‍ കൂട്ടിച്ചേര്‍ത്തു. ആ സ്ത്രീയുടെ നിസ്സഹായാവസ്ഥ അവരുടെ ഓരോ വാക്കുകളിലും വ്യക്തമായിരുന്നു. ഇതൊക്കെ കേട്ടിരിക്കുന്ന അവരുടെ ഭര്‍ത്താവെന്നു പറയുന്ന വ്യക്തിയുടെ പെരുമാറ്റത്തിലുണ്ടായിരുന്നു അവര്‍ പറയുന്നതൊക്കെ നൂറുശതമാനം സത്യമാണെന്ന്.

ആ ടെലിവിഷന്‍ പരിപാടിയോടും അവിടെയെടുക്കുന്ന ചില നിലപാടുകളോടും വ്യക്തിപരമായി ചില വിയോജിപ്പുകളൊക്കെ ഉണ്ടെങ്കിലും അതില്‍ പറയുന്ന ചിലരുടെ ജീവിതാനുഭവങ്ങള്‍ ഉള്ളുലക്കാറുണ്ടായിരുന്നു. അതുപോലെ ഒന്നായിരുന്നു ഇതും. കാരണം ഒരുപാട് സ്ത്രീകള്‍ അനുഭവിച്ചു മടുത്ത്, പുറത്തുപറയാനാകാതെ വീര്‍പ്പുമുട്ടി കഴിയുന്ന മാരിറ്റല്‍ റേപ്പ് എന്ന ക്രൂരതയുടെയൊരു മുഖമാണ് അവര്‍ തുറന്നു പറയുന്നത്. സത്യത്തില്‍ വല്ലാത്ത സങ്കടം തോന്നി.

അതു കഴിഞ്ഞിട്ട് ഏഴുവര്‍ഷമായി. എന്നാല്‍ ഈ എപ്പിസോഡിന്റെ ചില ഭാഗങ്ങള്‍ മാത്രം ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്. അതായത് അയാള്‍ അവരെ ബലാത്സംഗം ചെയ്യുന്നതും, മക്കളുടെ മുന്‍പില്‍ വെച്ചുപോലും ഇതൊക്കെ ചെയ്യുന്നതും, അശ്ലീലം പറയുന്നതുമൊക്കെ നിസ്സഹായതയോടെ ആ സ്ത്രീ പറയുന്ന ഭാഗം മാത്രമൊരു ചെറിയ വിഡിയോ ആക്കി അണ്ണന്‍ (rapist ) ഉയിര്‍ എന്നും, അണ്ണന്‍ കൊലമാസ്സ് ആണെന്നുമൊക്കെ ക്യാപ്ഷന്‍ കൊടുത്ത് അയാളെ പുകഴ്ത്തുന്ന ട്രോള്‍ വീഡിയോ. കോമഡി എന്ന നിലയിലാണ് വാട്ട്‌സപ്പ് ഗ്രൂപ്പുകളിലും എഫ്ബിയിലുമെല്ലാം ഇത് പ്രചരിക്കുന്നത്. 

ആ സ്ത്രീ തുറന്നു പറഞ്ഞത് അവര്‍ വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന മാരിറ്റല്‍ റേപ്പ് എന്ന ദുരവസ്ഥയെ കുറിച്ചാണ്. അത് മനസ്സിലാക്കാതെ അവരെ പരിഹസിച്ചും അയാളിലെ റേപ്പിസ്റ്റിനെ പുകഴ്ത്തിയു രസിക്കുകയാണ് ഇവിടെ ആണ്‍കൂട്ടങ്ങള്‍. നിര്‍ബന്ധിത വിവാഹത്തെയും, സ്‌നേഹം കൊണ്ടാണെന്ന് ന്യായീകരിച്ചുള്ള മാരിറ്റല്‍ റേപ്പിനെയുമൊക്കെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ സൂപ്പര്‍ഹിറ്റ് ആക്കുന്നവര്‍ ആ സ്ത്രീയെ പരിഹസിക്കുന്നതില്‍ വലിയ അത്ഭുതവും തോന്നുന്നില്ല. മാരിറ്റല്‍ റേപ്പ് ആണത്തത്തിന്റെ ലക്ഷണമാക്കി വാഴ്ത്തിപ്പാടുന്ന സിനിമകളൊക്കെ ആണല്ലോ പലര്‍ക്കിടയിലും ട്രെന്‍ഡ്.

ഇനി നമുക്ക് മേല്‍പ്പറഞ്ഞ വീഡിയോയ്ക്ക്  വന്ന ചില കമെന്റുകള്‍ നോക്കാം...


അണ്ണന്‍ ഉയിരാണ്, അണ്ണന്‍ മാസ്സാണ്...(റേപ്പിസ്റ്റിനെയാണ് കെട്ടോ പുകഴ്ത്തുന്നത്..)

അയാള്‍ അയാളുടെ ഭാര്യയുടെ അടുത്തല്ലേ ചെന്നത് അല്ലാതെ അന്യസ്ത്രീകളുടെ അടുത്തൊന്നും പോയില്ലല്ലോ...

ഇതിനൊക്കെ വേണ്ടിയല്ലേ വിവാഹം കഴിയ്ക്കുന്നത്. വഴങ്ങിയില്ലെങ്കില്‍ ചിലപ്പോള്‍ ആണുങ്ങള്‍ക്ക് ഇങ്ങനൊക്കെ ചെയ്യേണ്ടി വരും.

 

 

 

ഈ സ്ത്രീയ്ക്ക് നാണമില്ലല്ലോ കിടപ്പുമുറിയിലെ കാര്യങ്ങള്‍ ഇങ്ങനെ പരസ്യമായി വന്നു പറയാന്‍. ഇവരിനി ഇവരുടെ മക്കളെ ഇനി എങ്ങനെ ഫേസ് ചെയ്യും.(വീടിനുള്ളിലും, വേണ്ടപ്പെട്ടവരോടും പറഞ്ഞു നിവര്‍ത്തിയില്ലാതെയാണ് ആ സ്ത്രീ അങ്ങനെ അവിടെ വന്നിരുന്നു പറഞ്ഞതെന്ന് ഇവരൊന്നും ചിന്തിക്കുന്നില്ല. അതുപോലെ മക്കളുടെ മുന്നില്‍വെച്ചു അത്രയൊക്കെ കാട്ടിക്കൂട്ടുന്ന അയാള്‍ക്കില്ലാത്ത എന്ത് നാണക്കേടാണ് തന്റെ ദുരനുഭവം നിവര്‍ത്തിയില്ലാതെ തുറന്നുപറയുന്ന ആ സ്ത്രീയ്ക്ക് ഉണ്ടാകേണ്ടത്..)

അവരെ കണ്ടാല്‍ അറിയാം പോക്ക് കേസ് ആണെന്ന്.. (അതേ, തന്റെ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞു പരിഹാരം തേടുന്നവള്‍ പോക്ക് കേസ്, എല്ലാ തോന്നിവാസങ്ങളും സഹിച്ച് ജന്മം പാഴാക്കിയാല്‍ അവള്‍ മാലാഖ.. കഷ്ട്ടം )

ചുരുക്കിപ്പറഞ്ഞാല്‍ ഈ വിഡിയോ ഇടുന്നവരും, അതിനെ അനുകൂലിക്കുന്നവരും പറയുന്നത് വിവാഹം കഴിഞ്ഞാല്‍ ഭാര്യയോട് എന്തും ആകാം എന്നാണ്. അല്ലെങ്കില്‍ ഇതിനൊക്കെയുള്ള ലൈസന്‍സ് ആണ് വിവാഹം എന്നതാണ്. ശരിയാണ് ലൈംഗികത ദാമ്പത്യജീവിതത്തില്‍ പ്രധാനം തന്നെയാണ് പക്ഷെ  കണ്‍സെന്റ് എന്നൊരു കാര്യത്തെപ്പറ്റി ഇവരൊക്കെ മറന്നുപോകുന്നു. ഭാര്യയുടെ ആണെങ്കില്‍പ്പോലും ശരീരത്ത് തൊടണം എങ്കില്‍ അനുവാദം വേണമെന്ന കാര്യം. 

കണ്‍സെന്റിനെപ്പറ്റി പറയുമ്പോള്‍ ചിലര്‍ പരിഹസിച്ചു ചോദിക്കുന്നത് കേള്‍ക്കാം, ഭാര്യേ, ഞാന്‍ നിന്റെ ദേഹത്ത് തൊട്ടോട്ടെ എന്നൊക്കെ റിക്വസ്റ്റ് ചെയ്യാന്‍ പറ്റുമോ എന്നൊക്കെ. അങ്ങനെ ഉള്ളവര്‍ അറിയേണ്ട ചിലതുണ്ട്. നിങ്ങള്‍ വെള്ളക്കടലാസ്സില്‍ അപേക്ഷ എഴുതിക്കൊടുക്കണം എന്നല്ല പറയുന്നത. നിങ്ങളുടെ പങ്കാളിക്കും ഇതിനൊക്കെ മാനസികവും ശരീരികവുമായി താല്പര്യം ഉണ്ടാവണം എന്നാണ്.  അതുപോലെ തന്നെ ഓറല്‍ സെക്‌സും, ആനല്‍ സെക്‌സുമൊക്കെ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ആകില്ല.  പലപ്പോഴും. ഇതൊന്നും സഹിക്കാന്‍ പറ്റില്ലെങ്കില്‍ ഡിവോഴ്‌സ് വാങ്ങിപ്പോയ്ക്കൂടെ എന്നുള്ള അഭിപ്രായങ്ങളും ഉണ്ട്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ എല്ലാവര്‍ക്കും അത് സാധിക്കണം എന്നില്ല. വീട്, കുടുംബം, സോഷ്യല്‍ സ്റ്റാറ്റസ്, സാമ്പത്തികം, മക്കള്‍ അങ്ങിനെ ഡിവോഴ്‌സിനെ തടയുന്ന കാര്യങ്ങള്‍ ഒരുപാടുണ്ട് സമൂഹത്തില്‍. അത് പൊട്ടിച്ചെറിയുക എന്നത് എല്ലാവരെയും സംബന്ധിച്ച് എളുപ്പമല്ല. അത് പല മാനങ്ങള്‍ ഉള്ള മറ്റൊരു വലിയ വിഷയം തന്നെയാണ്.

അണ്ണന്‍ ഉയിരെന്ന് പറഞ്ഞു അയാളെ പുകഴ്ത്തുന്നവരെ റേപ്പ് കള്‍ച്ചറിന്റെ പ്രമോട്ടേഴ്സ് ആയി കാണാന്‍ മാത്രമേ സാധിക്കുന്നുള്ളൂ. മക്കള്‍ ജനലിലൂടെ നോക്കി നില്‍ക്കുമ്പോള്‍ പോലും ഭാര്യയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന ആളെ എങ്ങനെ പുകഴ്ത്താന്‍ സാധിക്കുന്നു ഇവര്‍ക്കൊക്കെ.

ഇതൊന്നും എത്ര പറഞ്ഞിട്ടും കാര്യമില്ല എന്നറിയാം കാരണം രണ്ടുദിവസം മുന്‍പ് പോലും 'ഒരു സ്ത്രീയുമായി ശാരീരികബന്ധം വേണമെന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ പോയി ചോദിക്കും' എന്ന് അഹന്തയോടെ പരസ്യമായി വിളിച്ചു പറഞ്ഞ നടനെ പുകഴ്ത്തി 'അവനാണ് ചുണയുള്ള ആണ്‍കുട്ടി' എന്ന് വാഴ്ത്തി മഹത്വവല്‍ക്കരിച്ച ഒരുപാട് പേരുള്ള സമൂഹത്തോട് എന്തു പറയാന്‍.. വഴിയില്‍ കാണുന്ന ഏതു പെണ്ണിനോടും പോയി ശരീരികബന്ധത്തിനു സമ്മതം ചോദിക്കലും, നിസ്സഹായതയെ മുതലെടുക്കലും, ഭീഷണിപ്പെടുത്തി സമ്മതം വാങ്ങലും ഒന്നുമല്ല കണ്‍സന്റ് എന്ന് ഇതുപോലുള്ളവരോട് എത്ര പറഞ്ഞിട്ടെന്താ കാര്യം?

ഇനി എന്നെ മാനസികമായി ഏറെ വേദനിപ്പിച്ച, ഇതിന്റെ തുടര്‍ച്ചയായി നടന്നൊരു കാര്യത്തെപ്പറ്റി പറയാം. സ്ത്രീകള്‍ പലതും സഹിച്ചു മടുത്തു ജീവിതം അവസാനിപ്പിക്കുമ്പോള്‍ പലരും ചോദിക്കാറുണ്ട് അവളെന്തു മണ്ടത്തരമാ കാണിച്ചത്, അവള്‍ക്കിതൊക്കെ ആരോടെങ്കിലും പറയാമായിരുന്നില്ലേ എന്നൊക്കെ. അങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എന്നപോലെ ചിലത് സമൂഹത്തോട് വിളിച്ചു പറയുകയാണ് മേല്‍പ്പറഞ്ഞ സ്ത്രീയുടെയും അയാളുടെയും മകന്‍. 

ഈയൊരു വിഡിയോ സമൂഹത്തില്‍ എത്തിയതോടെ അവര്‍ അനുഭവിക്കേണ്ടി വന്ന മാനസികവിഷമങ്ങളും, കളിയാക്കലുകളും സഹിക്കാന്‍ പറ്റാവുന്നതിലും അധികം ആയിരുന്നുവത്രെ. കുഞ്ഞുന്നാള്‍ മുതല്‍ അമ്മ അനുഭവിക്കുന്ന യാതനകള്‍ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നതെന്നും, സഹികെട്ടാണ് അവര്‍ ഇതൊക്കെ തുറന്നു പറയാന്‍ തയ്യാറായതെന്നും ആ മകന്‍ പറയുന്നു. ഈ സംഭവത്തിന് ശേഷം സമൂഹം അവരെ പരിഹസിച്ചു, ഒറ്റപ്പെടുത്തി, ആ അമ്മയും മക്കളും ഡിപ്രെഷനില്‍ വരെയെത്തി. ഇപ്പോള്‍ ഒരുവിധം അതിജീവിച്ചുവരികയാണ്. എന്നിട്ടും ഇപ്പോഴും പലരും ആ വീഡിയോ ഷെയര്‍ ചെയ്തു രസിക്കുകയാണ്. ഡിലീറ്റ് ചെയ്യാന്‍ റിക്വസ്റ്റ് ചെയ്താല്‍പ്പോലും പലരും ഇവരുടെ അവസ്ഥ മനസ്സിലാക്കുകയോ, അതൊന്നും ഡിലീറ്റ് ചെയ്യുകയോ ചെയ്യുന്നില്ല. ഇനിയെങ്കിലും ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം എന്ന് ആ യുവാവ് പറയുന്നു. നേരത്തെ പറഞ്ഞത് പോലെ ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ രസമാണ് എന്നുപറയുന്നത് പോലെ വല്ലവരുടെയും കുടുംബത്ത് എന്ത് നടന്നാലും നമുക്കെന്താ, നമുക്ക് വ്യൂസ് കിട്ടിയാല്‍ മതിയെന്ന ദുഷിച്ച ചിന്തയാണ് പലര്‍ക്കും.

എന്താണ് നിങ്ങള്‍ സ്ത്രീയില്‍ നിന്നും പ്രതീക്ഷിക്കുന്നത്?  എന്തൊക്ക സഹിക്കേണ്ടി വന്നാലും അതൊക്കെ അനുഭവിച്ചു കഴിഞ്ഞുകൂടിക്കൊള്ളണം എന്നോ? തനിക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളൊക്കെ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവള്‍ ആണെന്ന് കരുതി അവളൊരു മൂലയ്ക്ക് ഇരുന്നോളണം എന്നോ? 

അതെ, അത് തന്നെയാണ് ഒരു വിഭാഗത്തിന്റെ ചിന്ത. അവള്‍ എല്ലാം സഹിക്കണം, ത്യാഗം ചെയ്യണം ആ കാഴ്ചപ്പാടിന് വിപരീതമായി അവളൊന്നു പ്രതികരിച്ചാല്‍ അവളെ സ്വഭാവഹത്യ നടത്തി ജീവിക്കാന്‍ അനുവദിക്കാത്ത ഒരു വിഭാഗത്തിന്റെ ഹീനമായ പ്രവര്‍ത്തികളില്‍ നിന്നും അത് വ്യക്തമാണല്ലോ. ആ സ്ത്രീയുടെ സ്ഥാനത്തു വന്നിരുന്നു ഏതെങ്കിലും ഒരു പുരുഷനാണ് ഭാര്യയെക്കുറച്ചു എന്തെങ്കിലും പറയുന്നതെങ്കില്‍ അയാള്‍ക്ക് കിട്ടുന്ന സപ്പോര്‍ട്ടിന്റെ നൂറിലൊന്നു പോലും അവര്‍ക്ക് കിട്ടുന്നില്ല എന്നതില്‍ നിന്നും പലരുടെയും മനോഭാവം വ്യക്തമാണല്ലോ.

സങ്കടം തോന്നുന്നത് അവര്‍ പറയുന്നത് മാരിറ്റല്‍ റേപ്പ് എന്ന കുറ്റകൃത്യം ആണെന്ന് പോലും മിക്കവര്‍ക്കും മനസ്സിലാകുന്നില്ല എന്നതാണ്. ഇതൊക്കെ സ്വാഭാവികം ആണെന്നാണ് പലരുടെയും പ്രതികരണം. പെണ്ണിനെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തെറ്റാണെന്നു തിരിച്ചറിയുക പോലും ചെയ്യാത്ത ഒരുവിഭാഗത്തിന് എങ്ങനെ തിരുത്താന്‍ സാധിക്കും. തെറ്റാണെന്നു തിരിച്ചറഞ്ഞാല്‍ അല്ലേ തിരുത്തണം എന്ന് തോന്നൂ. അവരെ മനസ്സിലാക്കാനും, പരിഹസിക്കാതിരിക്കാനും തോന്നൂ. അറ്റ്‌ലീസ്റ്റ് റേപ്പ് എന്നത് ആണത്തമല്ല എന്ന് തിരിച്ചറിയുക എങ്കിലും ചെയ്യൂ..

Latest Videos
Follow Us:
Download App:
  • android
  • ios