അച്ഛന്റെ മരണശേഷം രഹസ്യഅക്കൗണ്ടിന്റെ പാസ്‍ബുക്ക് കിട്ടി, ഒറ്റ ദിവസം കൊണ്ട് മകന്റെ ജീവിതം മാറിയതിങ്ങനെ!
നിർഭാഗ്യവശാൽ തന്റെ പിതാവ് പണം നിക്ഷേപിച്ച ബാങ്ക് വളരെ കാലം മുൻപ് പൂട്ടിപ്പോയതായും തനിക്ക് കിട്ടിയ പാസ്ബുക്ക് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലന്നും ഹിനോജോസ മനസ്സിലാക്കി. എന്നാൽ, അദ്ദേഹം കണ്ടെത്തിയ പാസ്ബുക്കിൽ നിർണായകമായ ഒരു വിശദാംശം ഉണ്ടായിരുന്നു.
ആളുകളുടെ ഭാഗ്യം ഒറ്റരാത്രികൊണ്ട് മാറിമറിയാം. ചിലിയിലെ ഒരു മനുഷ്യൻറെ ജീവിതത്തിൽ സംഭവിച്ചത് അതാണ്. എക്‌സിക്വൽ ഹിനോജോസ എന്ന വ്യക്തിക്കാണ് അത്തരത്തിൽ ഒരു മഹാഭാഗ്യം വന്നെത്തിയത്. തൻറെ മരിച്ചുപോയ അച്ഛൻറെ മുറിയിലെ വസ്തുക്കൾ പരിശോധിക്കുന്നതിനിടയിലാണ് ഒരു പാസ്ബുക്ക് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. പാസ്ബുക്ക് പരിശോധിച്ചപ്പോഴാകട്ടെ അതിൽ കോടികളുടെ നിക്ഷേപവും. വീട്ടുകാർ അറിയാതെയുള്ള അച്ഛൻറെ രഹസ്യ സമ്പാദ്യം ആയിരുന്നു അത്. ഏതായാലും അത് ഒറ്റരാത്രികൊണ്ട് എക്‌സിക്വൽ ഹിനോജോസയുടെ ജീവിതം മാറ്റിമറിച്ചു എന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
1960-70 കാലഘട്ടത്തിൽ ഹിനോജോസയുടെ അച്ഛൻ ഒരു വീട് വാങ്ങാൻ പണം സമ്പാദിച്ചു തുടങ്ങി. പക്ഷേ, ആ കാര്യം അദ്ദേഹം വീട്ടിലെ മറ്റുള്ളവരിൽ നിന്നും മറച്ചുവെച്ചു . അങ്ങനെ അദ്ദേഹം പാസ് ബുക്ക് പ്രകാരം 140,000 പെസോ സമ്പാദിച്ചു. ബാങ്കിൽ വർഷങ്ങളായി കിടന്ന ആ പണം പലിശയും കൂട്ടുപലിശയും ഒക്കെയായി ഇപ്പോൾ 1 ബില്യൺ പെസോ ആയി വർധിച്ചിരിക്കുകയാണ്. അതായത് ഇപ്പോൾ ആ പണത്തിന് ഏകദേശം 1.2 മില്യൺ ഡോളർ (8.22 കോടി രൂപ) മൂല്യമുള്ളതായാണ് കണക്കാക്കപ്പെടുന്നത്.
10 വർഷം മുമ്പാണ് ഹിനോജോസയുടെ അച്ഛൻ മരണമടഞ്ഞത്. അച്ഛന് ഇത്തരത്തിൽ ഒരു സമ്പാദ്യം ഉണ്ടെന്ന് ആർക്കും അറിയാതിരുന്നത് കൊണ്ട് തന്നെ ബാങ്കിൽ നിക്ഷേപിച്ച പണം വീണ്ടും വർഷങ്ങളോളം അവിടെത്തന്നെ കിടന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഹിനോജോസ അച്ഛൻറെ മുറി വൃത്തിയാക്കുന്നതിനിടയിലാണ് ഒരു പെട്ടിക്കുള്ളിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന പാസ് ബുക്ക് കിട്ടിയത്. പാസ്ബുക്ക് പരിശോധിച്ചപ്പോഴാണ് തന്നെ തേടിയെത്തിയ മഹാഭാഗ്യത്തെക്കുറിച്ച് ഹിനോജോസ അറിഞ്ഞത്.
പക്ഷേ, നിർഭാഗ്യവശാൽ തന്റെ പിതാവ് പണം നിക്ഷേപിച്ച ബാങ്ക് വളരെ കാലം മുൻപ് പൂട്ടിപ്പോയതായും തനിക്ക് കിട്ടിയ പാസ്ബുക്ക് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലന്നും ഹിനോജോസ മനസ്സിലാക്കി. എന്നാൽ, അദ്ദേഹം കണ്ടെത്തിയ പാസ്ബുക്കിൽ നിർണായകമായ ഒരു വിശദാംശം ഉണ്ടായിരുന്നു, അതിൽ ''സ്റ്റേറ്റ് ഗ്യാരണ്ടി'' എന്ന് ചേർത്തിരുന്നു. അതായത് ബാങ്കിന് ഏതെങ്കിലും കാരണവശാൽ പണം തിരികെ നൽകാൻ സാധിക്കാതെ വന്നാൽ അതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുമെന്നായിരുന്നു അത്.
പക്ഷേ, നിലവിലെ സർക്കാർ ആ ബാധ്യത ഏറ്റെടുക്കാൻ തയ്യാറായില്ല. ഒടുവിൽ സർക്കാരിനെതിരെ നിയമ പോരാട്ടം നടത്താൻ അദ്ദേഹം തീരുമാനിച്ചു. ഹിനോജോസയ്ക്ക് അനുകൂലമായി ഒന്നിലധികം കോടതികൾ വിധിച്ചു, എന്നാൽ സർക്കാർ ഓരോ ഘട്ടത്തിലും അപ്പീൽ നൽകി. ഒടുവിൽ, 1 ബില്യൺ ചിലിയൻ പെസോകൾ (ഏകദേശം 10 കോടി രൂപ), പലിശയും അലവൻസുകളും സഹിതം അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി സർക്കാരിന് നിർദ്ദേശം നൽകിയതോടെ കോടികൾ കൈവന്നിരിക്കുകയാണ് അദ്ദേഹത്തിന്.
വായിക്കാം: ലിവ് ഇൻ റിലേഷൻഷിപ്പ് വെറും നേരംപോക്കാവുന്നു, ആത്മാർത്ഥതയില്ലാത്തതും ദുർബലവുമാകുന്നു; അലഹബാദ് ഹൈക്കോടതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: