അമ്മയെ പൊതുസ്ഥലത്ത് ക്രൂരമായി മർദ്ദിച്ച് കൗമാരക്കാരൻ, കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാൻ പണം നൽകാത്തത് കാരണം 

മകൻ തുടരെതുടരെ മർദ്ദിച്ചിട്ടും അമ്മ തിരിച്ചു പ്രതികരിച്ചില്ലെന്നും തനിക്കുവേണ്ടി ഇടപെടരുതെന്ന് കണ്ടുനിന്നവരോട് അഭ്യർത്ഥിച്ചതായുമാണ് സംഭവത്തിന് സാക്ഷികളായവർ പറയുന്നത്. 

son attacked mother for refusing to give cash

കിഴക്കൻ ചൈനയിൽ കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാൻ പണം നൽകാതിരുന്ന അമ്മയെ കൗമാരക്കാരനായ മകൻ പൊതുസ്ഥലത്ത് വച്ച് ക്രൂരമായി മർദ്ദിച്ചു. യുവാവ് അമ്മയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രദേശവാസികൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ യുവാവിനെതിരെ പൊലീസ് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി. അഞ്ചു ദശലക്ഷം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.

ഷാൻഡോംഗ് പ്രവിശ്യയിലെ ഒരു റെസിഡൻഷ്യൽ കോമ്പൗണ്ടിൽ വെച്ച് സെപ്തംബർ 15 -നാണ് സംഭവം നടന്നത്. ഇത് കണ്ടുകൊണ്ട് നിന്ന അയൽവാസികളാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോയിൽ മകൻറെ മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാനായി ഓടുന്ന അമ്മയെ പിന്തുടർന്ന് ആക്രമിക്കുന്ന രംഗങ്ങൾ ആണ് ഉള്ളത്. അതിക്രൂരമായി ഇയാൾ അമ്മയെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

ഒടുവിൽ, താമസസ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ആക്രമണം തടയുകയും പോലീസിനെ വിളിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് മകനെ തടഞ്ഞുനിർത്തിയിട്ടും അവരെ തട്ടിമാറ്റി ഇയാൾ അമ്മയെ ആക്രമിക്കാൻ ശ്രമിക്കുന്നത് കാണാം. ഒടുവിൽ സ്ഥലത്ത് പൊലീസ് എത്തി  തടഞ്ഞതോടെയാണ്  ഇയാളെ നിയന്ത്രിക്കാനായത്.

സൗത്ത് മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മകന് പണം നൽകാൻ അമ്മ വിസമ്മതിച്ചതോടെയാണ് മകൻ അക്രമാസക്തനായത്. ഭർത്താവുമായി വിവാഹമോചനം നേടിയതിനു ശേഷം മകൻറെ കാര്യങ്ങൾ നോക്കിയിരുന്നത് അമ്മയാണ്. മകൻ തുടരെതുടരെ മർദ്ദിച്ചിട്ടും അമ്മ തിരിച്ചു പ്രതികരിച്ചില്ലെന്നും തനിക്കുവേണ്ടി ഇടപെടരുതെന്ന് കണ്ടുനിന്നവരോട് അഭ്യർത്ഥിച്ചതായുമാണ് സംഭവത്തിന് സാക്ഷികളായവർ പറയുന്നത്. 

സംഭവം നടന്ന ദിവസം തന്നെ ഇവർ മകനെ വീട്ടിലേക്ക് കൊണ്ടുപോയതായാണ് പ്രദേശവാസികൾ പറയുന്നത്. തന്റെ മകനെതിരെ നടപടി എടുക്കരുത് എന്ന് പോലീസിനോട് അഭ്യർത്ഥിച്ചതായും സാക്ഷികൾ പറയുന്നു.

എന്നാൽ, വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ യുവാവിനെതിരെ നടപടിയെടുക്കണം എന്ന ആവശ്യം ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ  ശക്തമായിരിക്കുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios