ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണത്തിന് '5 സ്റ്റാര്‍' നല്‍കി സോഷ്യോളജി പ്രൊഫസര്‍; പിന്നാലെ രസികന്‍ കമന്‍റുകള്‍!
മോശം ഭക്ഷണം നല്‍കിയതിന്‍റെ പേരില്‍ പല യാത്രക്കാരും ഇന്ത്യന്‍ റെയില്‍വേയ്ക്കെതിരെ പരാതിപ്പെടുന്നതിന്‍റെ ഇടയിലാണ് അമേരിക്കക്കാരനും സോഷ്യോളജി പ്രൊഫസറുമായ സാല്‍വത്തോര്‍ ബാബോണ്‍സ് 5 സ്റ്റാറുമായി രംഗത്തെത്തിയത്.
ഇന്ത്യന്‍ റെയില്‍വേയിലെ ഭക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ പലരുടെയും നെറ്റി ചുളിയും. പലര്‍ക്കും മോശം അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസം വന്നൊരു ട്വീറ്റ് ഇന്ത്യന്‍ റെയില്‍വേയുള്ള ഭക്ഷണത്തിന് '5 സ്റ്റാറാ'ണ് നല്‍കിയത്. ഇതോടെ ഇന്ത്യന്‍ റെയില്‍വേ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്ത്യന്‍ റെയില്‍വെ സാധാരണയായി രാവിലെയും ഉച്ചയ്ക്കും രാത്രിയിലും വെജ്, നോൺ വെജ് ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നു. ഇതിനിടെയിലൊക്കെ ചായ, കാപ്പി മുതലായ പാനീയങ്ങളും ലഘുഭക്ഷണങ്ങളും വിതരണം ചെയ്യുന്നു. സൂപ്പ് മുതൽ ഐസ്ക്രീം വരെ ആ ഭക്ഷണ മെനുവില്‍ ഇടം പിടിച്ചിട്ടുണ്ട്. പക്ഷേ, പലരും റെയില്‍വെ ഭക്ഷണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെറ്റി ചുളിക്കും. കഴിയുന്നതും ട്രയിന്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുപോകാനും ഉപദേശിക്കും. എന്നാല്‍, കഴിഞ്ഞ ദിവസം വന്നൊരു ട്വിറ്റ് ഇന്ത്യന്‍ റെയില്‍വെയുടെ ഭക്ഷണത്തെ പ്രകീര്‍ത്തിക്കുന്നതായിരുന്നു.
ട്വീറ്റ് ചെയ്തതാക്കട്ടെ സിഡ്നി സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രഫസറും സാമൂഹിക ശാസ്ത്രജ്ഞനുമായ സാല്‍വത്തോര്‍ ബാബോണ്‍സ്. അദ്ദേഹം ഇന്ത്യന്‍ റെയില്‍വേ ഭക്ഷണത്തിന് 'ഫൈവ് സ്റ്റാര്‍' പദവിയാണ് നല്‍കിയത്. ഇതോടൊപ്പം രാജധാനി എക്സ്പ്രസിലെ ഭക്ഷണത്തിന്‍റെ ചിത്രവും അദ്ദേഹം ട്വിറ്റ് ചെയ്തു. ചിത്രത്തോടൊപ്പം അദ്ദേഹം ഇങ്ങനെ എഴുതി.:" “ഇത് ഇന്ത്യയുടെ ദേശീയ റെയിൽവേയിലെ രണ്ടാം ക്ലാസ് ഭക്ഷണമാണോ? ഇത് എനിക്ക് ഫസ്റ്റ് ക്ലാസ് രുചിയാണ് ! മന്ത്രി @Ashwini Vaishnaw, എനിക്ക് വളരെ മതിപ്പുണ്ട്. നരേന്ദ്ര കുമാറിനെ നിങ്ങളുടെ അന്താരാഷ്ട്ര ബ്രാൻഡ് അംബാസഡർ ആക്കണം. രാജധാനി എക്സ്പ്രസിൽ അടുക്കളയ്ക്ക് അഞ്ച് നക്ഷത്രങ്ങൾ. - അപ്ഡേറ്റ്: സൗജന്യ ഐസ്ക്രീം!" പിന്നാലെ നിരവധി പേര്‍ കമന്‍റുമായെത്തി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്വിറ്റ് ലക്ഷക്കണക്കിന് പേര്‍ ലൈക്ക് ചെയ്തു.
കൂടുതല്‍ വായനയ്ക്ക്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഐസ് മാരത്തണിന് ഒരുങ്ങി പാംഗോങ് തടാകം
അതോടൊപ്പം രാജധാനിയിലെ മോശം അനുഭവങ്ങള്‍ കൊണ്ടും കമന്‍റുകള്‍ നിറഞ്ഞു. "നിങ്ങൾ ഭക്ഷണം ആസ്വദിച്ചുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. ഭക്ഷണത്തിന്‍റെ വില ടിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഐസ്ക്രീം സൗജന്യമായിരുന്നില്ല." മറ്റൊരാള്‍ എഴുതിയത് ഇങ്ങനെ, ' രാജധാനിയിലെ ഒരു യാത്രക്കാരന്‍റെ ട്വീറ്റ് വായിച്ചതിൽ വളരെ സന്തോഷമുണ്ട്, രാജധാനിയിൽ രണ്ടാം ക്ലാസ് ഇല്ല. തദ്ദേശീയരായ ഇന്ത്യക്കാരെ എങ്ങനെ തൃപ്തിപ്പെടുത്താം സന്തോഷിപ്പിക്കാം എന്നതാണ് ചോദ്യം. ഇന്ത്യയിലേക്ക് മടങ്ങിവരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും പ്രദേശികമായ ആതിഥ്യയത്വം ലഭിക്കും. കാരണം അതിഥി ദൈവമാണ്." ചിലര്‍ ഈ ചിത്രം തങ്ങളെ വീണ്ടും ഇന്ത്യന്‍ റെയില്‍വേയില്‍ കയറാന്‍ പ്രേരിപ്പിക്കുന്നെന്ന് ട്വിറ്റ് ചെയ്തു. മറ്റ് ചിലര്‍ രാജാധാനി എക്സ്പ്രസിനെ മറ്റ് ട്രയിനുകളുമായി താരതമ്യം ചെയ്യരുതെന്ന് ആവശ്യപ്പെട്ടു.
കൂടുതല്‍ വായനയ്ക്ക്: സമുദ്രങ്ങള്‍ ചൂട് പിടിക്കുന്നു; കടലാമകള്‍ വംശനാശ ഭീഷണിയിലെന്ന് പഠനം