18 -ാം വയസില്‍ സ്വന്തമാക്കാനുള്ള 11 കാരന്‍റെ സ്വപ്നം പരീക്ഷാ പേപ്പറില്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ !
11 കാരന്‍റെ സ്വപ്നത്തെ കുറിച്ചെഴുതിയ ഉത്തര കടലാസില്‍ ആ സ്വപ്നത്തിലേക്ക് എങ്ങനെ എത്താമെന്നും ഇനി അതിന് സാധിച്ചില്ലെങ്കില്‍ എന്താണ് അടുത്തതെന്നും വിശദമായി തന്നെ എഴുതിയിരുന്നു.
അതിരുകളില്ലാതെ ആഗ്രഹിക്കാനും സ്വപ്നം കാണാനും കുഞ്ഞുങ്ങളോളം ശേഷിയുള്ളവർ വേറെ ആരുമില്ല. പലപ്പോഴും കുട്ടികളുടെ ആഗ്രഹങ്ങൾ നമ്മെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ 11 വയസ്സുള്ള ഒരു ചൈനീസ് ബാലന്‍റെ ആഗ്രഹം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സ്കൂൾ പരീക്ഷയിൽ എഴുതിയ ഒരു ഉപന്യാസത്തിൽ ആണ് ഈ കൊച്ചു മിടുക്കൻ തന്‍റെ സ്വപ്നത്തെക്കുറിച്ച് വാചാലനായത്. 18 വയസ്സ് പൂർത്തിയാകുമ്പോൾ തനിക്ക് സ്വന്തമാക്കേണ്ട കോടികളുടെ സ്വപ്നത്തെക്കുറിച്ചായിരുന്നു അവൻ ഉപന്യാസത്തിൽ കുറിച്ചത്. ഇനി ആ സ്വപ്നം എന്താണെന്ന് അറിയണ്ടേ? ഇപ്പോൾ 3.45 കോടി വിലമതിക്കുന്ന ആഡംബര കാർ ബെന്‍റ്ലി സ്വന്തമാക്കുകയാണ് അവന്‍റെ ആഗ്രഹം.
കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഫു എന്ന കുടുംബപ്പേരിൽ അറിയപ്പെടുന്ന 11കാരനാണ് സ്കൂൾ ഉപന്യാസത്തിൽ തന്‍റെ കോടികളുടെ സ്വപ്നം പങ്കുവെച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അവൻ തന്‍റെ ഉപന്യാസം ആരംഭിച്ചിരിക്കുന്നത് ഇങ്ങനെയാണ് "അടുത്തിടെയായി, നമ്മുടെ ജീവിതത്തിൽ എല്ലാത്തിനും പണം ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കി. ഒരു ബെന്‍റ്ലി വാങ്ങുന്നത് ഞാൻ സ്വപ്നം കാണുന്നു. പക്ഷേ അതിന് മൂന്ന് മുതൽ നാല് ദശലക്ഷം യുവാൻ വരെ ചിലവാകും. എനിക്ക് എങ്ങനെ എന്‍റെ സ്വപ്നം സാക്ഷാത്കരിക്കാനാകും? എനിക്ക് 18 വയസ്സ് തികയാൻ ഏഴ് വർഷമുണ്ട്. പണം സമ്പാദിക്കാൻ ഈ സമയത്തിനുള്ളിൽ എനിക്ക് എന്തുചെയ്യാൻ കഴിയും?"
സിനിമാ റിവ്യൂ ചെയ്യാന്‍ ലക്ഷം പ്രതിഫലം; സ്വപ്ന ജോലിയില്‍ കണ്ട് തീര്‍ക്കേണ്ടത് വെറും 12 സിനിമകള്‍ !
പിന്നാലെ പണം സമ്പാദിക്കാനുള്ള വ്യത്യസ്തമായ മാർഗങ്ങളെക്കുറിച്ച് അവൻ തന്‍റെ ഉപന്യാസത്തിൽ എഴുതി. ദിവസേന 100 യുവാൻ ലഭിച്ചാൽ പോലും തന്‍റെ ആഗ്രഹപൂർത്തീകരണത്തിന് അത് മതിയാകില്ലെന്നും അതുകൊണ്ട് സ്കൂളിൽ നിന്നും ലഭിക്കുന്ന സ്കോളർഷിപ്പുകളും മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുള്ള പോക്കറ്റ് മണികളും പരമാവധി സ്വരൂപിക്കാനാണ് തന്‍റെ പദ്ധതിയെന്നും ആ കൊച്ചു മിടുക്കന്‍ എഴുതി. എന്നാലും തന്‍റെ കയ്യിലുള്ള പണം തികയില്ലെന്ന് മനസ്സിലാക്കി ഒടുവിൽ തന്‍റെ ആഗ്രഹം ബെന്‍റ്ലിയിൽ നിന്ന്പോർഷെയിലേക്ക് മാറ്റിയാണ് ഈ കൊച്ചു മിടുക്കൻ ഉപന്യാസം അവസാനിപ്പിക്കുന്നത്. കുട്ടിയുടെ അധ്യാപകൻ തന്നെയാണ് ഈ ഉപന്യാസം ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടത്. ഇത് വളരെ വേഗത്തിൽ വൈറൽ ആവുകയും ചെയ്തു.
30,000 അടി ഉയരത്തില്‍ വച്ച് കുതിര കൂടിന് പുറത്ത് ചാടി; വിമാനം അടിയന്തരമായി തിരിച്ചിറക്കി !