19,000 രൂപയ്ക്ക് 'യുഎസില്‍ നിന്ന് മുംബൈ'യിലേക്ക് വിമാനം; ടിക്കറ്റ് വില കണ്ട് സോഷ്യല്‍ മീഡിയ ഞെട്ടി
സ്ക്രീന്‍ ഷോട്ടില്‍ വാഷിംഗ്ടണിൽ നിന്ന് മുംബൈ റൂട്ടിലേക്കുള്ള നിരവധി ട്രാവൽ ഏജൻസികളുടെ ഇക്കോണമി ടിക്കറ്റ് നിരക്കുകള്‍ കാണിച്ചു.
ഏതാണ്ട് എണ്‍പതിനായിരം മുതല്‍ ഒരു ലക്ഷത്തി ഇരുപതിനായിരത്തിനും ഇടയിലാണ് യുഎസിലെ വാഷിംഗ്ടണിലെ ഡള്ളസില്‍ നിന്നും മുംബൈയിലേക്കുള്ള ഫ്ലൈറ്റ് ചാര്‍ജ്ജ്. തിരക്കുള്ള സമയങ്ങളാണെങ്കില്‍ വില വീണ്ടും കുത്തനെ കയറും. എന്നാല്‍, പത്തൊമ്പത് - ഇരുപത് മണിക്കൂര്‍ യാത്രയ്ക്ക് വാഷിംഗ്ടണില്‍ നിന്നും മുംബൈയ്ക്ക് വെറും 19,000 രൂപയ്ക്ക് കണക്റ്റഡ് വിമാന ടിക്കറ്റുണ്ടെന്ന് ഒരാള്‍ വെളിപ്പെടുത്തിയപ്പോള്‍ അത് വിശ്വസിക്കാന്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കായില്ല. ഏപ്രില്‍ 25 ന് വാഷിംഗ്ടണില്‍ നിന്നും മുംബൈയ്ക്ക് ടിക്കറ്റ് നോക്കുന്നതിനിടെയാണ് ഇത്രയും വില കുറഞ്ഞ ടിക്കറ്റ് താന്‍ കണ്ടെത്തിയതെന്നും അയാള്‍ എഴുതി. എന്നാല്‍, അതെങ്ങനെ ശരിയാകുമെന്നായിരുന്നു പലരും ചോദിച്ചത്.
Phalgun എന്ന എക്സ് സാമൂഹിക മാധ്യമ ഉപയോക്താവ് തന്‍റെ അക്കൌണ്ടില്‍ എഴുതി, ' 19,000 രൂപയ്ക്ക് വാഷിംഗ്ടണിൽ നിന്ന് മുംബൈയിലേക്ക് വിമാനം. ഇതെങ്ങനെ സാധ്യമാകും??? പേയ്മെന്‍റ് പേജ് വരെ പോയി. സാധാരണ 2 ചെക്ക് ഇൻ ബാഗേജുകളും ഉൾപ്പെടുന്നു!'. ഒപ്പം വില കുറഞ്ഞ വിമാന ടിക്കറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകളും അദ്ദേഹം പങ്കുവച്ചു. സ്ക്രീന്‍ ഷോട്ടില്‍ നിരവധി ട്രാവൽ ഏജൻസികളുടെ വാഷിംഗ്ടണിൽ നിന്ന് മുംബൈ റൂട്ടിലേക്കുള്ള ഇക്കോണമി ടിക്കറ്റുകൾ കാണിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ഏതാണ്ട് രണ്ട് ലക്ഷം പേര്‍ കുറിപ്പ് കണ്ടുകഴിഞ്ഞു. പലരും ആ സ്ക്രീന്‍ ഷോട്ടിന്‍റെ യുആര്‍എല്‍ ലിങ്ക് പങ്കുവയ്ക്കാമോയെന്ന് ചോദിച്ചു.
ഫ്ലൈറ്റ് നെറ്റ്‌വർക്കില്‍ വാഷിംഗ്ടണില്‍ നിന്ന് മുംബൈയ്ക്കുള്ള ഏറ്റവും വിലകുറഞ്ഞ ടിക്കറ്റിന് 18,770 രൂപയാണ് കാണിച്ചിരുന്നത്. ഗോട്ടോഗേറ്റിൽ 19,332 രൂപയ്ക്കും ക്ലിയർട്രിപ്പിൽ 19,815 രൂപയ്ക്കും ഇതേ റൂട്ടിലെ ഫ്ലൈറ്റ് ടിക്കറ്റുകള്‍ ലഭ്യമാണ്. ഒപ്പം വാഷിംഗ്ടണിൽ നിന്ന് മുംബൈയിലേക്കുള്ള ഒരു കണക്ടിംഗ് വിമാനത്തിന്‍റെ റൂട്ടും ചിത്രത്തോടൊപ്പമുണ്ടായിരുന്നു. വാഷിംഗ്ടൺ ഡുള്ളസിൽ നിന്ന് പുറപ്പെടുന്ന വിമാനം മുംബൈയിലേക്കുള്ള യാത്രാമധ്യേ ജിദ്ദയിൽ നിർത്തും. പിന്നീട് അവിടെ നിന്നും മുംബൈയിലേക്ക്. പലര്‍ക്കും ഇത് വ്യാജമാണെന്ന് തോന്നി. ചിലര്‍ കണ്ടത് സത്യമാണോയെന്ന് അറിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു. 'ഭ്രാന്തൻ! ഏപ്രിൽ 17 ന് 18,000 രൂപയ്ക്ക് സൗദി എയർലൈൻസില്‍ ടിക്കറ്റ് എടുത്തു.' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'വിമാനം ബോയിംഗ് ആണെങ്കിൽ, കുറച്ച് പാനലുകൾ നഷ്‌ടമായേക്കാം, അതിനാൽ വില കുറയും.' അടുത്ത കാലത്തായി ബോയിംഗിനെതിരെയുള്ള ഗുരുതരമായ സുരക്ഷാ പിഴവുകള്‍ ചൂടിക്കാട്ടിക്കൊണ്ട് ഒരു കാഴ്ചക്കാരനെഴുതി.