4.6 ലക്ഷം രൂപ വായ്‍പയെടുത്തടച്ചു, 24 മണിക്കൂറിൽ 6 സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ, യുവതിക്ക് ദാരുണാന്ത്യം
ഒരു ദിവസം തന്നെ ആറ് ശസ്ത്രക്രിയകൾക്കാണ് ഇവർ വിധേയായത്. ഇതിനായി 4.6 ലക്ഷം രൂപയാണ് ഇവർ വായ്പയെടുത്ത് ക്ലിനിക്കിൽ അടച്ചത്.
സമീപകാലത്ത് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്കും വിവിധ ചികിത്സകൾക്കും വലിയ പ്രചാരം കൈവന്നിട്ടുണ്ട്. ലിപ്പോസക്ഷൻ, ബ്രെസ്റ്റ് ഓഗ്‌മെൻ്റേഷൻ, ഫെയ്‌സ്‌ലിഫ്റ്റുകൾ, എന്നിങ്ങനെയുള്ള ശസ്ത്രക്രിയകൾക്ക് ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈ ശസ്ത്രക്രിയകളിലൂടെ ഒരാൾക്ക് തങ്ങളുടെ രൂപത്തെ ആഗ്രഹിക്കുന്ന വിധത്തിലേക്ക് മാറ്റാൻ സാധിക്കുമെങ്കിലും വലിയ അപകടസാധ്യതകളും ഇതുമായി ബന്ധപ്പെട്ട് ഉണ്ട്. സൂക്ഷിച്ചില്ലെങ്കിൽ ചിലപ്പോൾ മരണത്തിലേക്ക് വരെ ഇത്തരം ചികിത്സാരീതികൾ നയിച്ചേക്കാം. കഴിഞ്ഞദിവസം ഇത്തരത്തിലുള്ള ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. 24 മണിക്കൂറിനുള്ളിൽ 6 സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്ക് വിധേയയായ യുവതിയ്ക്ക് മരണം സംഭവിച്ച വാർത്തയായിരുന്നു ഇത്. ചൈനയിൽ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് തെക്കൻ ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിലെ ഗ്വിഗാങ്ങിൽ നിന്നുള്ള ലിയു എന്ന യുവതിക്കാണ് ഇത്തരത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. നാനിംഗിലെ ഒരു ക്ലിനിക്കിൽ ഒരു ദിവസം തന്നെ ആറ് ശസ്ത്രക്രിയകൾക്കാണ് ഇവർ വിധേയായത്. ഇതിനായി 4.6 ലക്ഷം രൂപയാണ് ഇവർ വായ്പയെടുത്ത് ക്ലിനിക്കിൽ അടച്ചത്.
യുവതിയുടെ സർജറികളും അതിനെ തുടർന്നുണ്ടായ മരണവും സംഭവിച്ചത് 2020 ഡിസംബറിലെ കോവിഡ് കാലത്തായിരുന്നു. എന്നാൽ, ഇവരുടെ കുടുംബം ഇപ്പോൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോസ്മെറ്റിക് ക്ലിനിക്കിനെതിരെ കോടതിയെ സമീപിച്ചതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്. ശസ്ത്രക്രിയകൾക്ക് ശേഷം ക്ലിനിക്കിൽ കുഴഞ്ഞുവീണ യുവതിയെ ഉടൻതന്നെ സമീപത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
റിപ്പോർട്ട് അനുസരിച്ച്, ലിപ്പോസക്ഷൻ പ്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തിലെ എംബോളിസം മൂലമുണ്ടായ ശ്വാസതടസ്സമാണ് ലിയുവിൻ്റെ മരണത്തിന് കാരണമായത്. ക്ലിനിക്കിനെതിരെ കുടുംബാംഗങ്ങൾ പരാതി നൽകുകയും ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, ലിയുവിന്റെ മരണത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും ചികിത്സയ്ക്ക് മുൻപ് തന്നെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അപകടങ്ങളുടെ ഉത്തരവാദിത്വം ലിയു ഏറ്റെടുത്തിരുന്നുവെന്ന് ക്ലിനിക് അധികൃതർ അവകാശപ്പെട്ടു. പക്ഷേ, മരണത്തിൻറെ പൂർണ ഉത്തരവാദിത്വം ക്ലിനിക്കിനാണ് എന്ന് കോടതി ഉത്തരവിട്ടു.
(ചിത്രം പ്രതീകാത്മകം)