സിൽവിയോ ബെർലുസ്കോണി: മാധ്യമ മുതലാളി, രാഷ്ട്രീയക്കാരന്‍ പിന്നെ അന്തമില്ലാത്ത അഴിമതികളും ലൈംഗീകാരോപണങ്ങളും
ഒരു വശത്ത് അധികാരം നല്‍കിയ ഉന്മാദത്തിലുള്ള വാക് പ്രയോഗങ്ങളും അഴിമതിയും സ്വജനപക്ഷപാതവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോടുള്ള ലൈംഗീകതകളുമായി ബെര്‍ലുസ്കോണി മുന്നേറിയപ്പോള്‍, മറുവശത്ത് ജനത്തിന് കാര്യങ്ങള്‍ മടുത്തു തുടങ്ങിയിരുന്നു. ബെര്‍ലുസ്കോണിയുടെ പാര്‍ട്ടികള്‍ 'ബുംഹ ബംഗ പാര്‍ട്ടികള്‍' (വേശ്യകളോടൊത്തുള്ള ലൈംഗിക പാര്‍ട്ടികള്‍) എന്ന് പരക്കെ അറിയപ്പെട്ടു.
ഒരിടയ്ക്ക് ഇറ്റലിയെ സംബന്ധിച്ച് സില്‍വിയോ ബെര്‍ലുസ്കോണിയായിരുന്നു എല്ലാം. സര്‍വ്വശക്തനായ രാഷ്ട്രീയക്കാരന്‍, മാധ്യമ മുതലാളി, ബിസിനസ് ടൈകൂണ്‍ എല്ലാറ്റിനും പുറമേ ഇറ്റലിയിലെ ഏറ്റവും സമ്പന്നന്‍. ഇതോടൊപ്പം അന്തമില്ലാത്ത അഴിമതിയാരോപണങ്ങളും ലൈംഗീകാരോപണങ്ങളും വേറെ. എന്നിട്ടും നിയമത്തിന് അധീതനായ അയാള്‍ തുടര്‍ന്നു. മരിക്കുമ്പോൾ ഇറ്റലിയിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തിയായിരുന്നു ബെര്‍ലുസ്കോണി. ജനാധിപത്യത്തെ ഏങ്ങനെ വ്യക്തി കേന്ദ്രീകൃതമാക്കി വയ്ക്കാമെന്ന് തന്‍റെ പണത്തിന്‍റെ പിന്‍ബലത്തില്‍ ബെര്‍ലുസ്കോണി ലോകത്തിന് കാണിച്ചു കൊടുത്തു. ഇതെല്ലാം തന്നെ സ്വപ്രയത്നത്തില്‍ നിന്നും സില്‍വിയോ ബെര്‍ലുസ്കോണി നിര്‍മ്മിച്ചെടുത്തതാണ്.
മിലാനില്‍ ഒരു ബാങ്ക് ഗുമസ്തന്‍റെയും വീട്ടമ്മയുടെയും മകനായി മധ്യവര്‍ഗ്ഗ കുടുംബത്തിലാണ് 1936 ല്‍ ബെര്‍ലുസ്കോണിയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ നിയമ പഠനം നടത്തി. എന്നാല്‍ സംരംഭങ്ങളിലായിരുന്നു സില്‍വിയയ്ക്ക് താത്പര്യം. ക്രൂയിസ് ലൈനറുകളിലും നിശാക്ലബ്ബുകളിലും പാടിക്കൊണ്ട് സില്‍വിയ തന്‍റെ ആദ്യകാലത്ത് വരുമാനം കണ്ടെത്താന്‍ ശ്രമിച്ചു. പിന്നീട് വസ്തുക്കച്ചവടത്തിലേക്ക് നീങ്ങി. റിയല്‍ എസ്റ്റേറ്റില്‍ നിന്നുള്ള വരുമാനം അയാള്‍ മാധ്യമ വ്യവസായത്തിലേക്ക് നിക്ഷേപിച്ചു. 1980 -കളിലെത്തുമ്പോള്‍ ബെര്‍ലുസ്കോണി ഇറ്റലിയിലെ തന്‍റെ മാധ്യമസാമ്രാജ്യത്തിന് അടിത്തറയിട്ടിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ പിന്തുണ നല്‍കിയിരുന്ന രാഷ്ട്രീയ സഖ്യത്തിന് അധികാരം നഷ്ടപ്പെട്ടത്, സ്വന്തം സാമ്രാജ്യത്തിന് നേരെയുള്ള അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് തിരിച്ചറിഞ്ഞ ബെര്‍ലുസ്കോണി രാഷ്ട്രീയത്തിലേക്ക് ഒരു കൈ നോക്കാന്‍ ശ്രമം നടത്തി. മാധ്യമ പിന്തുണയോടെ ബെര്‍ലുസ്കോണി 'ഫോർസ ഇറ്റാലിയ' അഥവാ 'ഗോ ഇറ്റലി' എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചു. അക്കാലത്തെ അദ്ദേഹത്തിന്‍റെ പ്രശസ്തമായ വാക്കുകളായിരുന്നു "ഞാൻ ചാർമിംഗ് രാജകുമാരനെപ്പോലെയാണ്" എന്നത്. “അവർ മത്തങ്ങകളായിരുന്നു, ഞാൻ അവരെ പാർലമെന്‍റേറിയന്മാരാക്കി.” എന്നായിരുന്നു അദ്ദേഹം തന്‍റെ മുന്‍ രാഷ്ട്രീയ സഖ്യത്തെ വിശേഷിപ്പിച്ചത്.
1994 ല്‍ തന്‍റെ ഉടമസ്ഥതയിലുള്ള മൂന്നോളം ദേശീയ ടെലിവിഷനിലൂടെ അദ്ദേഹം തന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. വൈകാരികമായ പ്രസംഗങ്ങളുടെ അകമ്പടിയോടെ ഏതാണ്ട് രണ്ട് മാസത്തോളം നടത്തിയ പ്രചാരണത്തിനൊടുവില്‍ ബെര്‍ലുസ്കോണി തെരഞ്ഞെടുപ്പ് വിജയിച്ചു. പക്ഷേ, ഏഴ് മാസം മാത്രമാണ് അദ്ദേഹത്തിന് ഭരിക്കാന്‍ കഴിഞ്ഞത്. പിന്നാലെ സര്‍ക്കാര്‍ താഴെ വീഴുകയും 2001 വരെ പ്രതിപക്ഷത്ത് തുടരുകയും ചെയ്തു. ഇതിനിടെ ബെര്‍ലുസ്കോണിയ്ക്കെതിരെ അഴിമതി ആരോപണങ്ങള്‍, സംഘടിക കുറ്റവാളി സംഘങ്ങളുമായുള്ള ബന്ധം എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, അതേ സമയം സമാന്തരമായി സില്‍വിയ ബെര്‍ലുസ്കോണിയുടെ ജീവിതത്തെ ഒരു യക്ഷിക്കഥയോടെന്ന പോലെ ഉപമിച്ച് കൊണ്ട് ഒരു മള്‍ട്ടിക്കളര്‍ പുസ്തകം രാജ്യവ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
2001 ല്‍ ബെര്‍ലുസ്കോണി വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തി. 2003 ല്‍ ഒരു ഇറ്റാലിയൻ പത്രത്തോട് സംസാരിക്കവെ, ബെനിറ്റോ മുസ്സോളിനിയുടെ ഫാസിസ്റ്റ് സർക്കാർ "ഒരിക്കലും ആരെയും കൊന്നിട്ടില്ല" എന്ന് അദ്ദേഹം പറഞ്ഞത് രാജ്യത്ത് വലിയ തോതിലുള്ള എതിര്‍പ്പുയര്‍ത്തി. മറ്റൊരിക്കല്‍' 'മുസോളിനി ആളുകളെ ആഭ്യന്തര പ്രവാസത്തിൽ അവധിക്ക് അയയ്ക്കാറുണ്ടായിരുന്നു.' എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. തന്‍റെ വാക് പ്രയോഗങ്ങള്‍ കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തിയ രാഷ്ട്രീയക്കാരന്‍ കൂടിയാണ് ബെര്‍ലുസ്കോണി. 2006-ൽ അദ്ദേഹം പറഞ്ഞത്. "ഞാൻ രാഷ്ട്രീയത്തിലെ യേശുക്രിസ്തുവാണ്," എന്നായിരുന്നു. "ഞാൻ ക്ഷമയുള്ള ഇരയാണ്, എല്ലാം ഞാൻ സഹിക്കുന്നു, എല്ലാവർക്കുമായി ഞാൻ എന്നെത്തന്നെ ബലിയർപ്പിക്കുന്നു." എന്നായിരുന്നു മറ്റൊരിക്കല്‍ സ്വയം വിശേഷിപ്പിച്ചത്. 2019 ല്‍, '1990-കളിൽ ഞങ്ങൾ അവരെ നിയമവിധേയമാക്കി' എന്ന് അദ്ദേഹം ഫാസിസ്റ്റുകളെ കുറിച്ച് പറഞ്ഞതും ഏറെ കോളിളക്കം സൃഷ്ടിച്ചു. ഫാസിസ്റ്റുകളോടുള്ള ബെര്‍ലുസ്കോണിയുടെ നിലപാടുകള്‍ രാജ്യത്ത് സാന്നിധ്യമറിയിക്കാനുള്ള ഊര്‍ജ്ജം ഫാസിസ്റ്റികള്‍ക്ക് നല്‍കി.
2009 ലെ അബ്രൂസോ ഭൂകമ്പം അതിജീവിച്ചവരോട് "ക്യാമ്പിംഗിന്‍റെ വാരാന്ത്യമായി ഇതിനെ കാണണം." എന്ന് പറഞ്ഞതും ജൂതന്മാരെയും ഹോളോകോസ്റ്റിനെയും കുറിച്ച് "നിന്ദ്യമായ" തമാശ പറഞ്ഞതും ജനങ്ങളെയും വത്തിക്കാനെയും ഒരു പോലെ ചൊടിപ്പിച്ചു. "സ്വവർഗാനുരാഗികളേക്കാൾ സുന്ദരികളായ പെൺകുട്ടികളെ ഇഷ്ടപ്പെടുന്നതാണ് നല്ലത്" എന്ന രാജ്യത്തെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനങ്ങളെ പ്രകോപിപ്പിച്ചു. ഇതിനിടെ ബെർലുസ്കോണി തന്‍റെ റോമിലെ സ്വകാര്യ വസതിയിൽ ഒരു വേശ്യയെ സത്കരിച്ചുവെന്ന് 'ലാ റിപ്പബ്ലിക്ക' എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ റൂബി ഹാർട്ട്-സ്റ്റീലർ എന്ന വിളിപ്പേരുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബെര്‍ലുസ്കോണി പണം നൽകി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന ആരോപണവും ഉയര്‍ന്നു. പിന്നാലെ പ്രധാനമന്ത്രിക്കെതിരെ ലൈംഗിക അഴിമതികളുടെ ഒരു പരമ്പരയ്ക്ക് തന്നെ തുടക്കം കുറിച്ചു. ഒരു വശത്ത് അധികാരം നല്‍കിയ ഉന്മാദത്തിലുള്ള വാക് പ്രയോഗങ്ങളും അഴിമതിയും സ്വജനപക്ഷപാതവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോടുള്ള ലൈംഗീകതകളുമായി ബെര്‍ലുസ്കോണി മുന്നേറിയപ്പോള്‍, മറുവശത്ത് ജനത്തിന് കാര്യങ്ങള്‍ മടുത്തു തുടങ്ങിയിരുന്നു. അരാജകത്വവും ഭരണകൂട അസമത്വവും ജനങ്ങളെ ബുദ്ധിമുട്ടിച്ചു. ബെര്‍ലുസ്കോണിയുടെ പാര്‍ട്ടികള്‍ 'ബുംഹ ബംഗ പാര്‍ട്ടികള്‍' (വേശ്യകളോടൊത്തുള്ള ലൈംഗിക പാര്‍ട്ടികള്‍) എന്ന് പരക്കെ അറിയപ്പെട്ടു.
2001 മുതല്‍ 2006 വരെ പ്രധാനമന്ത്രിയായിരുന്ന ബെര്‍ലുസ്കോണി പിന്നീട് 2008 ലും അധികാരമേറ്റെടുത്തു. എന്നാല്‍ 2011 ആകുമ്പോഴേക്കും സ്വന്തം പിടിപ്പ് കേടിനാല്‍ അധികാരമൊഴിയേണ്ടിവന്നു. അഴിമതി, ഭരണത്തിലെ ഭിന്നിപ്പ്, സാമ്പത്തിക പ്രതിസന്ധി ഇങ്ങനെ എല്ലാം കൊണ്ടും അധികാരം വിടാന്‍ ബെര്‍ലുസ്കോണി നിര്‍ബന്ധിതനായി. തൊട്ടടുത്ത വര്‍ഷം നികുതി വെട്ടിപ്പിന് 10 മാസത്തെ കമ്മ്യൂണിറ്റി സേവനത്തിന് ബെര്‍ലുസ്കോണി ശിക്ഷിക്കപ്പെട്ടു. ശിക്ഷയ്ക്ക് പിന്നാലെ അദ്ദേഹത്തിന്‍റെ സെനറ്റ് സീറ്റും നഷ്ടമായി. 2018 വരെ പബ്ലിക് ഓഫീസില്‍ തുടരുന്നതില്‍ നിന്നും വിലക്കി. പിന്നീട് തിരിച്ച് വരവ് അസാധ്യമായിരുന്നെങ്കിലും ബെര്‍ലുസ്കോണി 2022-ൽ, നിലവിലെ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സഖ്യകക്ഷിയായി 85-ാം വയസ്സിൽ വീണ്ടും അധികാരത്തോടൊപ്പം നിന്നു. അഴിമതിയും ലൈംഗിക ആരോപണവും തുടങ്ങി 30 ഓളം കേസുകളായിരുന്നു ബെര്‍ലുസ്കോണിക്കെതിരെ ഫയല്‍ ചെയ്തിരുന്നതെങ്കിലും ഒരിക്കല്‍ മാത്രമാണ് ബെര്‍ലുസ്കോണിക്ക് ശിക്ഷ അനുഭവിക്കേണ്ടിവന്നത്. രണ്ട് തവണ ബെര്‍ലുസ്കോണി വിവാഹിതനായി. ആദ്യഭാര്യ ക്ലാര എല്‍വിര. രണ്ട് കുട്ടികള്‍. 1985 -ല്‍ ആ ദമ്പത്യം അവസാനിപ്പിച്ചു. പിന്നീട് 1990 ല്‍ നടി വെറോനിക്ക ലാറിയോയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികള്‍. കൗമാരക്കാരിയുമായുള്ള ലൈംഗിക ആരോപണത്തിന് പിന്നാലെ 2009 ല്‍ ഈ ബന്ധവും അവസാനിച്ചു.
ആമസോണിൽ അകപ്പെട്ട ജൂലിയാന കെപ്‌കയുടെ അതിജീവനത്തിന്‍റെ കഥ