സ്രാവുകളെ അടുത്തുനിന്ന് കാണാൻ ടാങ്കിലിറങ്ങിയ പത്ത് വയസ്സുകാരന്‍റെ കാല് സ്രാവുകള്‍ കടിച്ചു മുറിച്ചു
ബഹമാസിലെ അറ്റ്ലാൻഡിസ് പാരഡൈസ് ഐലൻഡ് റിസോർട്ട് നടത്തിയ 'വോക്കിങ് വിത്ത് ദ ഷാർക്ക്' എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു പത്ത് വയസ്സുകാരനും കുടുംബവും.
സ്രാവുകളെ തൊട്ടടുത്ത് നിന്ന് കാണാനായി ശ്രമം നടത്തിയ പത്ത് വയസ്സുകാരന്‍റെ കാൽ സ്രാവുകൾ കടിച്ചു മുറിച്ചു. ബഹാമസിലെ പ്രശസ്തമായ ഒരു റിസോർട്ട് ഒരുക്കിയ പരിപാടിക്കിടെയാണ് അമേരിക്കൻ സ്വദേശിയായ കുട്ടിയ്ക്ക് സ്രാവുകളുടെ ആക്രമണത്തില്‍ കാല് നഷ്ടമായത്. സ്രാവുകളെ അടുത്ത് നിന്ന് കാണാനായി കുട്ടി നടത്തിയ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. സ്രാവുകളെ വളര്‍ത്തിയിരുന്ന ടാങ്കിനുള്ളിലേക്ക് ഇറങ്ങിയ കുട്ടിയെ സ്രാവുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഭയാനകമായ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ജനുവരി 15 നാണ് സംഭവം. ബഹാമസിലെ അറ്റ്ലാൻഡിസ് പാരഡൈസ് ഐലൻഡ് റിസോർട്ട് (Atlantis Paradise Island Resort) നടത്തിയ 'വോക്കിങ് വിത്ത് ദ ഷാർക്ക്' (Walking with the Sharks) എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു പത്ത് വയസ്സുകാരനും കുടുംബവും. ടാങ്കിലിറങ്ങുമ്പോൾ കുട്ടിയോടൊപ്പം പരിശീലകനും ഉണ്ടായിരുന്നു. എന്നാൽ പരിഭ്രാന്തനായ കുട്ടി അബദ്ധത്തിൽ ഒരു സ്രാവിന്‍റെ ശരീരത്തിൽ ചവിട്ടിയതാണ് അപകടത്തിന് കാരണമായത്. റീഫ് ഷാർക്ക് ഇനത്തിൽപ്പെട്ട രണ്ട് സ്രാവുകൾ കാലിനടത്തുകൂടി കടന്ന് പോയപ്പോഴാണ് കുട്ടി അബദ്ധത്തില്‍ സ്രാവിനെ ചവിട്ടിയത്.
കുട്ടി തന്നെ ആക്രമിക്കുകയാണെന്ന് കരുതിയാവണം സ്രാവ് ആക്രമണകാരിയായതും കുട്ടിയ ആക്രമിച്ചതുമെന്നാണ് അധികൃതർ പറയുന്നത്. കടിയേറ്റ ഉടനെ പരിശീലകന്‍ കുട്ടിയെ ആ ജലാശയത്തിന് മുകളിലേക്ക് എത്തിച്ചു. അപകടം മനസ്സിലാക്കിയ കുട്ടിയുടെ കുടുംബം ഉടനെ കുട്ടിയെ ടാങ്കിന് പുറത്തേക്ക് വലിച്ചിട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം. പരിക്കേറ്റ കുട്ടിയുമായി അതിവേഗത്തിൽ ടാങ്കിന് പുറത്തേക്ക് നീന്തുന്ന പരിശീലകന്‍റെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 10 വയസ്സ് മുതൽ പ്രായമുള്ളവർക്ക് അരമണിക്കൂർ ഷാർക്ക് ടാങ്കിൽ ചെലവിടാനുള്ള അവസരമാണ് റിസോർട്ട് ഒരുക്കിയിരുന്നത്. ഇതിന് 110 ഡോളറും (9,000 രൂപ) ഈടാക്കിയിരുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.