'ഇതൊക്കെ ശ്രദ്ധിക്കണ്ടേ മുതലാളി'; മോഷണത്തിന് ശേഷം കള്ളന്റെ മാസ് കത്ത്
ഇതുകൊണ്ടും തീർന്നില്ല, ലാപ്‍ടോപ്പോ ഫോണോ തിരികെ വേണമെങ്കിൽ തന്നെ വിളിച്ചാൽ മതി എന്നു പറഞ്ഞ് തന്റെ നമ്പറും കള്ളൻ കുറിപ്പിൽ എഴുതിയിട്ടുണ്ടത്രെ.
ചൈനയിലെ ഷാങ്ഹായിൽ ഒരു ഓഫീസ് കെട്ടിടത്തിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു മോഷണം നടന്നു. എന്നാൽ, ഇവിടെ മോഷ്ടിക്കാനെത്തിയയാൾ ഒരല്പം വെറൈറ്റി ആയിരുന്നു. ലാപ്ടോപ്പും വാച്ചും മോഷ്ടിച്ചുകൊണ്ടു പോവുക മാത്രമല്ല ആ കള്ളൻ ചെയ്തത്, അതിനൊപ്പം ഒരു കത്തും എഴുതിവച്ചു. അതിൽ കമ്പനി മുതലാളിക്കുള്ള ചില ഉപദേശങ്ങളായിരുന്നു.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, സാങ് എന്നാണ് കള്ളന്റെ പേര്. ഒരു വാച്ചും ആപ്പിൾ മാക്ബുക്കുമാണ് ഇയാൾ മോഷ്ടിച്ചത്. ശേഷം, ഉടമയ്ക്ക് ഒരു കുറിപ്പും എഴുതി. മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും എല്ലാമെടുത്ത് ഒരു മേശപ്പുറത്ത് വച്ച ശേഷം ഒരു നോട്ട്ബുക്കിലായിരുന്നു ഉടമയ്ക്കുള്ള സന്ദേശം കുറിച്ചത്. പിന്നീട്, അത് കൂട്ടിവച്ച ഉപകരണങ്ങൾക്കിടയിൽ വയ്ക്കുകയായിരുന്നു. അതിൽ പറയുന്നത്, ഓഫീസിലെ ആന്റി തെഫ്റ്റ് സംവിധാനം കുറച്ചുകൂടി മെച്ചപ്പെടുത്തണം എന്നാണ്.
“പ്രിയപ്പെട്ട മുതലാളി, ഞാൻ ഒരു റിസ്റ്റ് വാച്ചും ലാപ്‌ടോപ്പും എടുത്തു. നിങ്ങളുടെ ആൻ്റി-തെഫ്റ്റ് സിസ്റ്റം മെച്ചപ്പെടുത്തണം. നിങ്ങളുടെ ബിസിനസ് തകർക്കും എന്നതിനാൽ മുഴുവൻ ലാപ്‍ടോപ്പുകളും ഫോണുകളും ഞാൻ എടുത്തിട്ടില്ല” എന്നാണ് കുറിപ്പിൽ കള്ളൻ എഴുതിയിരിക്കുന്നത്.
ഇതുകൊണ്ടും തീർന്നില്ല, ലാപ്‍ടോപ്പോ ഫോണോ തിരികെ വേണമെങ്കിൽ തന്നെ വിളിച്ചാൽ മതി എന്നു പറഞ്ഞ് തന്റെ നമ്പറും കള്ളൻ കുറിപ്പിൽ എഴുതിയിട്ടുണ്ടത്രെ.
എന്തായാലും, സിസിടിവി ക്യാമറകളും എഴുതിവച്ചിരിക്കുന്ന നമ്പറും സഹായകമായി. മണിക്കൂറുകൾക്കുള്ളിൽ പൊലീസ് ഇയാളെ പിടികൂടി. ഷാങ്ഹായിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും വാച്ചും മാക്ബുക്കും കണ്ടെടുത്തു. ഇയാളിപ്പോൾ പൊലീസ് കസ്റ്റഡിയിലാണത്രെ.