'തോട്ടത്തിൽ തൊഴിലെടുക്കാൻ തയ്യാറാവൂ'; യുഎസ്സിൽ വംശീയവിദ്വേഷം നിറഞ്ഞ ഭീഷണിസന്ദേശങ്ങൾ കിട്ടുന്നതായി പരാതി
അമേരിക്കയിൽ നിലനിന്നിരുന്ന അടിമത്വത്തിന്റെ ഓർമ്മപ്പെടുത്തലുകൾ എന്നതിനും അപ്പുറം ഒരുതരം ഭീഷണി കൂടി ഇത്തരത്തിലുള്ള സന്ദേശങ്ങളിൽ കാണാം.
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപ് വിജയം നേടിയതോടെ രാജ്യത്ത് കറുത്ത വർഗക്കാരായ ആളുകൾക്ക് വിദ്വേഷ സന്ദേശങ്ങൾ ലഭിക്കുന്നതായി റിപ്പോർട്ട്. വംശീയത പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മെസ്സേജുകൾ ലഭിച്ചതായി കറുത്ത വർഗക്കാരായ വിദ്യാർത്ഥികളടക്കം പറയുന്നുണ്ട്. എഫ്‍ബിഐയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്, സംഭവത്തിൽ അന്വേഷണം നടക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
"അടുത്തുള്ള തോട്ടത്തിൽ പരുത്തി പറിക്കുന്നതിന് വേണ്ടി നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു" എന്നതായിരുന്നു ഇങ്ങനെ വന്ന സന്ദേശങ്ങളിൽ ഒന്ന്. മറ്റൊന്നിൽ പറയുന്നത്, "ഞങ്ങളുടെ എക്സ്ക്ലൂസീവ് അടിമകൾ നിങ്ങളെ ഒരു വെള്ള വാനിൽ കൊണ്ടുവരും, തിരയപ്പെടാൻ തയ്യാറാകൂ, മറ്റൊന്നും പരീക്ഷിക്കാൻ നിൽക്കരുത്" എന്നാണ്.
ഇത്തരത്തിലുള്ള അസ്വസ്ഥാജനകമായ സന്ദേശങ്ങൾ ഇവിടെയുള്ള വിദ്യാർത്ഥികൾക്കടക്കം ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടിമത്തം, തോട്ടത്തിലെ അടിമജോലികൾ, ഭീഷണി തുടങ്ങിയവയാണ് മിക്ക സന്ദേശങ്ങളിലും എടുത്തുപറഞ്ഞിരിക്കുന്നത്. ഇത് ആളുകളിൽ ഭയവും ആശങ്കയും ഉടലെടുക്കാൻ കാരണമായിട്ടുണ്ട് എന്ന് വിവിധ മാധ്യമങ്ങൾ എഴുതുന്നു.
അമേരിക്കയിൽ നിലനിന്നിരുന്ന അടിമത്വത്തിന്റെ ഓർമ്മപ്പെടുത്തലുകൾ എന്നതിനും അപ്പുറം ഒരുതരം ഭീഷണി കൂടി ഇത്തരത്തിലുള്ള സന്ദേശങ്ങളിൽ കാണാം. ഒരു സന്ദേശത്തിൽ അറ്റ്ലാന്റയിലെ തോട്ടത്തിൽ തൊഴിൽ ചെയ്യാൻ പോകേണ്ടുന്നതിനെ കുറിച്ചാണ് വ്യക്തമായി എഴുതിയിരിക്കുന്നത്. മറ്റ് പല മെസ്സേജുകളിലും ഇതുപോലെയുള്ള അടിമത്വം ശക്തമായിരുന്ന കാലത്തെ ഓർമ്മിപ്പിക്കുന്ന പല സംഭവങ്ങളെ കുറിച്ചും സൂചനകളുണ്ട്.
സന്ദേശം കിട്ടിയ പലരും കടുത്ത നിരാശയിലും വേദനയിലുമാണ് എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. സമൂഹത്തിൽ ഇന്നും അടിയുറച്ച് നിൽക്കുന്ന വംശീയമായ വിവേചനമാണ് ഇവരെ ഞെട്ടിക്കുന്നതും അസ്വസ്ഥരാക്കുന്നതും. എഫ്ബിഐ സംഭവം അന്വേഷിക്കുകയാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.