നാസികള്‍ വെടിവെച്ചുകൊന്ന പെണ്‍കുട്ടിയുടെ രഹസ്യഡയറി പുസ്തകമായി പുറത്തിറങ്ങുന്നു; മറ്റൊരു 'ആന്‍ ഫ്രാങ്കിന്‍റെ ഡയറി'യോ?

'റെനിയയെ കുറിച്ച് പഠിക്കുന്നതിന് മാത്രമായല്ല ഞാനീ ഡയറി വിവര്‍ത്തനം ചെയ്യുന്നത്. എല്ലാവരും അവരുടെ അനുഭവമറിയണം. അന്നത്തെ വംശഹത്യയെ കുറിച്ചറിയണം...' അലക്സാണ്ട്ര പറയുന്നു. 

secret diary of a girl who killed by nazis in 1942

ലോകമനസാക്ഷിയെ ആകെ ഞെട്ടിച്ച ആ പുസ്തകമറിയില്ലേ? നാസിപ്പടയുടെ ക്രൂരതകളെ കുറിച്ച് വെളിപ്പെടുത്തിയ ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടിയെഴുതിയ പുസ്തകം. അതുപോലെ മറ്റൊരു ഡയറിക്കുറിപ്പുകള്‍ കൂടി പ്രസിദ്ധീകരിക്കപ്പെടുകയാണ്. ഒരു പോളിഷ് പെണ്‍കുട്ടിയുടെ രഹസ്യ ഡയറിയാണ് ഈ മാസം വായനക്കായി എത്തുക. 1942 -ലാണ് റെനിയ സ്പൈഗല്‍ എന്ന പെണ്‍കുട്ടി നാസികളാല്‍ കൊല്ലപ്പെടുന്നത്. അവള്‍ കൊല്ലപ്പെട്ട് എഴുപതിലേറെ വര്‍ഷങ്ങള്‍ക്കിപ്പുറം അവളുടെ ഡയറി പ്രസിദ്ധീകരിക്കപ്പെടുന്നു. ഇതുവരെ ഒരു ബാങ്ക് അറക്കുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ആ ഡയറി. 

Renia's Diary: A Young Girl's Life in the Shadow of the Holocaust എന്ന പുസ്‍തകം പ്രസിദ്ധീകരിക്കുന്നത് അവളുടെ കുടുംബം തന്നെയാണ്. ചില ഭാഗങ്ങളുടെ വായനയില്‍ത്തന്നെ ആന്‍ ഫ്രാങ്കിന്‍റെ ഡയറിയോടാണ് റെനിയയുടെ ഡയറി താരതമ്യപ്പെടുത്തുന്നത്. 

'ആ ഡയറിയിലെ കുറച്ച് ഭാഗങ്ങള്‍ മാത്രമാണ് ഞാന്‍ വായിച്ചിട്ടുള്ളത്. കാരണം, ഓരോ ഭാഗം വായിക്കുമ്പോഴും എനിക്ക് കരച്ചിലടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല...' -റെനിയയുടെ സഹോദരി എലിസബത്ത് പറയുന്നു. അരിയാന എന്ന പേര് മാറ്റിയതാണ് എലിസബത്ത്. റെനിയ തനിക്ക് അമ്മയെപ്പോലെ തന്നെയായിരുന്നുവെന്നും എലിസബത്ത് പറയുന്നുണ്ട്. എലിസബത്തിന്‍റെ മൂത്ത സഹോദരിയാണ് റെനിയ. 'അവള്‍ വളരെ ബുദ്ധിശാലിയായിരുന്നു. അവളുടെ സ്കൂളിലെ സാഹിത്യപരിപാടികളുടെയൊക്കെ നേതൃത്വം അവള്‍ക്കായിരുന്നു.  എപ്പോഴും എന്തെങ്കിലും ചിന്തിച്ചുകൊണ്ടിരിക്കും അവള്‍. എല്ലാവരോടും നന്നായി പെരുമാറുമായിരുന്നു' എന്നും തന്‍റെ പ്രിയപ്പെട്ട സഹോദരിയെ ഓര്‍ത്തുകൊണ്ട് റെനിയ പറയുന്നു.

secret diary of a girl who killed by nazis in 1942

സഹോദരിമാര്‍ 

തെക്ക്-കിഴക്കൻ പോളണ്ടിലെ  Przemysl -ൽ നിന്നുള്ള റെനിയ സ്പീഗൽ തന്റെ ഡയറിയെഴുത്ത് തുടങ്ങിയത് പതിനഞ്ചാമത്തെ വയസ്സിലാണ്. അന്നുനടന്ന ബോംബാക്രമണങ്ങളുടേയും ജൂതകുടുംബങ്ങള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളുടെയും ജീവിക്കുന്ന തെളിവുകളാകും ആ ഡയറിക്കുറിപ്പുകള്‍. എപ്പോഴും ഒരു കവിയാകാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടിയായിരുന്നു റെനിയ. അതുകൊണ്ടുതന്നെ ഭയാനകമായ തന്‍റെ അനുഭവങ്ങള്‍ക്കിടയിലും, സിഗ്മണ്ട് ഷ്വാർസർ എന്ന ആൺകുട്ടിയുമായി ആദ്യമായി പ്രണയത്തിലായതിനെക്കുറിച്ചും വിവരിക്കുന്നുണ്ട് റെനിയ തന്‍റെ ഡയറിയില്‍. നാസികൾ അവളുടെ പട്ടണത്തിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് അവർ ആദ്യത്തെ ചുംബനം പങ്കിട്ടത്.

1942 ജൂലൈയിൽ 18 -ാം വയസ്സിൽ ജർമ്മൻ പട്ടാളക്കാർ അവളെ വെടിവച്ച് കൊന്നു. രക്ഷപ്പെട്ടോടി ഒരു വീടിന്റെ അറയിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു അവള്‍. അപ്പോഴാണ് ജര്‍മ്മന്‍ പട്ടാളക്കാര്‍ അവളെ കണ്ടെത്തുന്നതും വെടിവെച്ച് കൊല്ലുന്നതും. റെനിയയുടെ മരണത്തിനുശേഷം സിഗ്മണ്ടാണ് പുസ്തകത്തിന്‍റെ അവസാനത്തെ ഭാഗമെഴുതിയത്. അത് തീര്‍ത്തും ഹൃദയത്തെ തൊടുംപോലെ ഒന്നായിരുന്നു. 

ഓഷ്‍വിറ്റ്സിലേക്ക് നാടുകടത്തപ്പെട്ടെങ്കിലും ആ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടിരുന്നു സിഗ്മണ്ട്. പിന്നീട്, യുഎസ് സൈന്യത്തിൽ ഡോക്ടറാകുകയും ചെയ്തു. 1950 -ൽ റെനിയയുടെ സഹോദരി എലിസബത്തിനെയും അമ്മ റോസയെയും ന്യൂയോർക്കിൽ കണ്ടെത്തുകയും ആ ഡയറി അവരെ ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു സിഗ്മണ്ട്. 

secret diary of a girl who killed by nazis in 1942

"ഞങ്ങള്‍ക്കാ ഡയറി ഞെട്ടിക്കുന്ന അനുഭവമായിരുന്നു..." എലിസബത്തിന്റെ മകൾ അലക്സാണ്ട്ര ബെല്ലക് പറയുന്നു. ആദ്യമായി ആ ഡയറി ഞാനും അമ്മയും കാണുന്നത് അപ്പോഴാണ്. ഞാനും അമ്മയും മാത്രമാണ് അന്ന് അവരുടെ കയ്യില്‍ നിന്നും കൊല്ലപ്പെടാതെ രക്ഷപ്പെട്ടത്. നിങ്ങള്‍ക്കറിയുമോ? എന്‍റെ അമ്മ അവരുടെ സഹോദരിയുടെ മരണമേല്‍പ്പിച്ച വേദനയില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല..."അലക്സാണ്ട്ര പറയുന്നു. അലക്സാണ്ട്രയാണ് ഈ പുസ്തകമിറക്കാന്‍ തീരുമാനിക്കുന്നത്. വായനയ്ക്കായി ഡയറി പോളിഷില്‍ നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യിപ്പിച്ചു. 

സിഗ്മണ്ട് നൽകിയ പുസ്തകം വായിക്കാൻ എലിസബത്തിന് സാധിച്ചേയില്ല. അത്രയധികം വികാരാധീനയായിരുന്നു അവര്‍. തന്‍റെ സഹോദരിയെഴുതിയ അനുഭവങ്ങള്‍ അവരുടെ മുറിവില്‍ വീണ്ടും നീറ്റലായി. അങ്ങനെ ആ ഡയറി അവര്‍ ബാങ്കില്‍ സൂക്ഷിക്കുകയായിരുന്നു. 2012 -ലാണ് അലക്സാണ്ട്ര തന്റെ അമ്മയുടെ സഹോദരിയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഡയറി വിവർത്തനം ചെയ്യാൻ തീരുമാനിച്ചത്. 'അവരുടെ ആത്മാവിനെ ആഴത്തില്‍ തൊട്ടറിയാനായത് ആ ഡയറി വായിച്ചതിന് ശേഷമാണ്' എന്ന് അലക്സാണ്ട്ര പറയുന്നു. 

'റെനിയയെ കുറിച്ച് പഠിക്കുന്നതിന് മാത്രമായല്ല ഞാനീ ഡയറി വിവര്‍ത്തനം ചെയ്യുന്നത്. എല്ലാവരും അവരുടെ അനുഭവമറിയണം. അന്നത്തെ വംശഹത്യയെ കുറിച്ചറിയണം...' അലക്സാണ്ട്ര പറയുന്നു. 19 -നാണ് പുസ്തകം പുറത്തിറങ്ങുക.

ഡയറിയില്‍ നിന്ന്: 

7 ജൂൺ 1942
എവിടെ നോക്കിയാലും രക്തച്ചൊരിച്ചിലാണ്. അത്തരത്തില്‍ ഭയാനകമായ വംശഹത്യകൾ നടക്കുകയാണ്. സർവശക്തനായ ദൈവമേ, ഞാൻ നിങ്ങളുടെ മുന്നില്‍ അപേക്ഷിക്കുകയാണ്. ഞങ്ങളെ സഹായിക്കൂ, ഞങ്ങളെ രക്ഷിക്കൂ! കർത്താവായ ദൈവമേ, ഞങ്ങളെ ജീവിക്കാനനുവദിക്കൂ... ഞാൻ നിങ്ങളോട് യാചിക്കുകയാണ്, എനിക്ക് ജീവിക്കണം! ഞാൻ ജീവിതത്തിൽ വളരെ കുറച്ച് മാത്രമേ അനുഭവിച്ചിട്ടുള്ളൂ. എനിക്ക് മരിക്കാൻ ആഗ്രഹമില്ല. എനിക്ക് മരണത്തെ ഭയമാണ്. ഇപ്പോള്‍ നടക്കുന്നതെല്ലാം വളരെ വിഡ്ഢിത്തമാണ്, വളരെ നിസ്സാരവും അപ്രധാനവും വളരെ ചെറുതുമാണ്. 

 

Latest Videos
Follow Us:
Download App:
  • android
  • ios