കൊറോണയ്ക്ക് ഉത്തരപൂർവ്വ ഇന്ത്യയെ വലയ്ക്കാൻ സാധിക്കാത്തതിന് പിന്നിലെ 'രഹസ്യം' ഇതാണ്
പത്തു ലക്ഷത്തിൽ 1051 പേരെ വെച്ച് അവർ ടെസ്റ്റിംഗിന് വിധേയരാക്കി. ദേശീയ ശരാശരിയായ 470 പേർക്ക് എന്ന ദേശീയ ശരാശരിയുടെ രണ്ടിരട്ടിയിലധികം വരുമിത്.
അരുണാചൽ പ്രദേശ്, അസം. മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ എട്ടു സംസ്ഥാനങ്ങൾ ചേർന്ന ഭാരതത്തിന്റെ വടക്കു കിഴക്കൻ പ്രവിശ്യയാണ് നോർത്ത് ഈസ്റ്റ് ഇന്ത്യ അഥവാ ഉത്തരപൂർവ്വ ഇന്ത്യ എന്നറിയപ്പെടുന്നത്. ഭാരതത്തിൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 85,940 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മരണസംഖ്യ 2,753 കവിഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ കൊവിഡ് ബാധയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുമ്പോൾ, അതേ പട്ടികയുടെ അങ്ങേയറ്റത്താണ് ഉത്തരപൂർവ്വ ഇന്ത്യൻ സംസ്ഥാനങ്ങൾ ഇടം പിടിച്ചിരിക്കുന്നത്. ഇവിടെ പ്രസക്തമാകുന്നു ഒരു ചോദ്യമുണ്ട്. സാമ്പത്തികമായും, മാനവവിഭവശേഷിയുടെ കാര്യത്തിലും ഈ സംസ്ഥാനങ്ങളേക്കാൾ ഒക്കെ പിന്നിൽ നിൽക്കുന്ന നമ്മുടെ ഉത്തരപൂർവ്വ സംസ്ഥാനങ്ങൾ കൊവിഡിനോട് പോരാടുന്ന കാര്യത്തിൽ മാത്രം എങ്ങനെയാണ് അവയേക്കാൾ ഒക്കെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്?
ആ ചോദ്യത്തിനുത്തരം ലളിതമാണ്. മേൽപ്പറഞ്ഞ രാജ്യങ്ങളെക്കാൾ കൂടുതൽ അച്ചടക്കമുള്ള ജനങ്ങൾ അധിവസിക്കുന്നവയാണ് ഉത്തരപൂർവ്വ ഇന്ത്യയിലെ സംസ്ഥാനങ്ങൾ. അവിടങ്ങളിലെ സർക്കാർ ഉണർന്നു പ്രവർത്തിക്കുക കൂടി ചെയ്തതോടെ കൊറോണയ്ക്ക് ഒരു പരിധിയിൽ കൂടുതൽ അവിടേക്ക് കടന്നു കയറാൻ സാധിക്കാത്ത നില വന്നു. രോഗം പ്രധാനമായും ഇന്ത്യയിലേക്ക് വന്നെത്തിയത് വിദേശത്ത് ജോലിചെയ്യുന്ന NRI പൗരന്മാരിൽ നിന്നായിരുന്നു എന്നതും ഉത്തരപൂർവ്വ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗുണമായി. മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തേക്കാളും കുറവാണ് നോർത്ത് ഈസ്റ്റിൽ നിന്ന് വിദേശരാജ്യങ്ങളിൽ തൊഴിൽ തേടി ചെന്ന് താമസമാക്കിയവരുടെ എണ്ണം.
ഇവിടെ ആൾത്താമസം കുറവാണ് എന്ന തെറ്റിദ്ധാരണയൊന്നും വേണ്ട. 2011 -ലെ സെൻസസ് പ്രകാരം, ഈ എട്ടു സംസ്ഥാനങ്ങളിലെയും കൂടി ജനസംഖ്യ 4.57 കോടിക്ക് മേലെയാണ്. ഏകദേശം രണ്ടു ലക്ഷത്തിൽ ഒരാൾക്കെന്ന മട്ടിലാണ് ഇവിടങ്ങളിലെ ശരാശരി രോഗബാധയുടെ കണക്കുകൾ. ഏതാണ്ട് 4149 -ൽ ഒരാൾക്ക് എന്നമട്ടിലാണ് മഹാരാഷ്ട്രയിലെ കൊവിഡ് ബാധ. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളുടെ ശരാശരി നോക്കിയാലും ഏകദേശം 15,514 -ലൊരാൾക്ക് എന്ന മട്ടിൽ രോഗബാധയുണ്ട്. അതിനേക്കാൾ എത്രയോ കുറവാണ് ഉത്തരപൂർവ്വ ഇന്ത്യൻ സംസ്ഥാനങ്ങളിലെ രോഗബാധയുടെ ജനസംഖ്യാനുപാതം. സിക്കിമിലെ ഒരു കേസുപോലുമില്ല. മിസോറമിലും നാഗാലാൻഡിലും പേരിന് ഓരോ കേസുവീതം മാത്രം. മണിപ്പൂരിൽ മൂന്നു കേസുകൾ. മേഘാലയയിലും അസമിലും രണ്ടക്കത്തിൽ തന്നെയാണ് കണക്കുകൾ. 156 കേസുകളുമായി ത്രിപുരമാത്രമാണ് കുറച്ച് മോശവസ്ഥയിൽ ഉള്ളത്.
അച്ചടക്കമുള്ള ജനത
ഈ സംസ്ഥാനങ്ങളിലെ സർക്കാരുകളും മീഡിയയും, ജനങ്ങളുടെ സോഷ്യൽ ഡിസ്റ്റൻസിങ്, മാസ്ക് ധരിക്കൽ, കൂട്ടം കൂടുന്നത് ഒഴിവാക്കൽ തുടങ്ങിയ മുൻ കരുതലുകൾ എടുക്കുന്ന നല്ല സ്വഭാവത്തെ അഭിനന്ദിച്ചിരുന്നു. ഈ നിർദേശങ്ങൾ ലംഘിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്. ഉത്തര പൂർവ പ്രദേശങ്ങളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര കുമാർ കൊറോണക്കാലത്ത് പ്രദേശത്തെ ജനങ്ങളുടെ സഹകരണത്തെ പുകഴ്ത്തി ട്വീറ്റ് ചെയ്തിരുന്നു.
മണിപ്പൂരിലെ ഗ്രാമവാസികൾ പുറംനാടുകളിൽ നിന്ന് വരുന്നവരെ പാർപ്പിക്കാൻ തികച്ചും ഐസൊലേറ്റഡ് ആയ കുടിലുകൾ കെട്ടിയതിനെ പ്രശംസിച്ചു കൊണ്ടായിരിക്കുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ലോക്ക് ഡൗൺ ചട്ടങ്ങൾ വളരെ കർശനമായി പാലിക്കാൻ ശ്രദ്ധിക്കുകയും വേണ്ട ഇടങ്ങളിൽ അത്യാവശ്യമുള്ള പലചരക്കുകൾ എത്തിച്ചു നൽകാൻ ശ്രമിക്കുകയും ഒക്കെ അവിടത്തെ ജനങ്ങൾ ചെയ്തിരുന്നു.
സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ട മുൻകരുതലുകൾ
അസം അടക്കമുള്ള സംസ്ഥാനങ്ങൾ കടുത്ത ലോക്ക് ഡൗൺ നടപടികൾ സ്വീകരിച്ചിരുന്നു. അസം ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വ അസമിൽ മാർച്ച് 30 -ന് 700 കിടക്കകൾ ഉള്ള ഒരു ക്വാറന്റീൻ സെന്റർ തുടങ്ങിയിരുന്നു. കൂടിയ അളവിലുള്ള ടെസ്റ്റിംഗും പല ഉത്തരപൂർവ്വ ഇന്ത്യൻ സംസ്ഥാനങ്ങളിലും, വിശേഷിച്ച് ത്രിപുരയിൽ ചെയ്തിട്ടുണ്ട്. പത്തു ലക്ഷത്തിൽ 1051 പേരെ വെച്ച് അവർ ടെസ്റ്റിംഗിന് വിധേയരാക്കി. ദേശീയ ശരാശരിയായ 470 പേർക്ക് എന്ന ദേശീയ ശരാശരിയുടെ രണ്ടിരട്ടിയിലധികം വരുമിത്.
സംസ്ഥാനത്തെ പാർട്ടികളിൽ നിന്ന് രാഷ്ട്രീയ നിലപാടുകൾക്ക് അതീതമായി സർക്കാരിന്റെ മുൻകരുതൽ നടപടികളോടുണ്ടായ സഹകരണവും ഇവിടെ കേസുകൾ കുറച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് അവസാനത്തോടെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനൊക്കെ മുമ്പുതന്നെ വിദേശികൾക്ക് അസം വിലക്കേർപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ പൊലീസും താരതമ്യേന കൂടുതൽ കർക്കശ്യത്തോടെ ലോക്ക് ഡൗൺ നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു. അതും രോഗത്തിന്റെ തീവ്രത കുറച്ചു.
പുറംനാടുകളുമായി ബന്ധമില്ലാത്തത് അനുഗ്രഹമായി
ഉത്തരപൂർവ്വ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഭൂട്ടാൻ, തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങി ചുരുക്കം ചില പുറം രാജ്യങ്ങളിലേക്ക് മാത്രമേ നേരിട്ട് വിമാനസർവീസ് ഉള്ളൂ. ഇങ്ങനെ ഇന്ത്യക്ക് പുറത്ത് രോഗം കടുത്ത ഇറ്റലി, സ്‌പെയിൻ, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ തുടങ്ങിയവയുമായി വളരെ കുറഞ്ഞ ഫ്ലൈറ്റ് കണക്റ്റിവിറ്റി മാത്രമേ ഉത്തരപൂർവ്വ ഇന്ത്യൻ സംസ്ഥാനങ്ങൾക്കുളളൂ എന്നതും കൊവിഡിന്റെ വ്യാപനത്തിന്റെ തീവ്രത പരിമിതപ്പെടുത്തി. പുറം രാജ്യങ്ങളോട് മാത്രമല്ല, സ്വന്തം രാജ്യങ്ങളിലെ പ്രമുഖ പട്ടണങ്ങളിലേക്കും നേരിട്ടുള്ള ബന്ധങ്ങൾ കുറവാണ് എന്ന പരിമിതി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് 'ഉർവ്വശീശാപം ഉപകാരം' എന്ന ഫലമാണ് ചെയ്തിരിക്കുന്നത്.