സമുദ്രങ്ങള്‍ ചൂട് പിടിക്കുന്നു; കടലാമകള്‍ വംശനാശ ഭീഷണിയിലെന്ന് പഠനം


ചൂട് ഉയരുന്നതോടെ കടലാമകളുടെ കുഞ്ഞുങ്ങളില്‍ വിരിഞ്ഞ് പുറത്തിറങ്ങുന്നതില്‍ കുടുതലും പെണ്‍കുഞ്ഞുങ്ങളാണ്. ഇത് കടലാമകളുടെ വംശവര്‍ദ്ധനവിന് തടസം നില്‍ക്കുമെന്നും വംശനാശം തന്നെ സംഭവിച്ചേക്കാമെന്നും പഠനം പറയുന്നു.

Sea turtles threatened with extinction as oceans warm study finds bkg


ഭൂമിയിലെ ചൂട് ഉയരുന്നത് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിലനിര്‍ത്തുന്നതിനും 2030 ആകുമ്പോഴേക്കും കാര്‍ബണ്‍ ഉദ്‍വമനം ഏകദേശം 50 ശതമാനം കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിക്കുമെന്നായിരുന്നു പാരീസ് ഉടമ്പടി ലക്ഷ്യമിട്ടിരുന്നത്. ചില രാജ്യങ്ങളില്‍ ഇതിനായി നയങ്ങള്‍ രൂപീകരിച്ച് തുടങ്ങിയെങ്കിലും പല രാജ്യങ്ങളും ഇക്കാര്യത്തില്‍ പിന്നില്‍ തന്നെയാണ്. എന്നാല്‍, അതിനിടെ കടലാമകളുടെ വംശനാശത്തിന് ചൂട് കാരണമായേക്കാമെന്ന പഠനങ്ങള്‍ പുറത്ത് വന്ന് തുടങ്ങി. 

ഭൂമിയിലെ ഓരോ ജീവജാലത്തിനും താങ്ങാന്‍ പറ്റുന്ന ചൂടിന് പരിധിയുണ്ട്. അതിലും ഉയര്‍ന്ന ചൂടില്‍ ഈ ജീവജാലങ്ങളെല്ലാം തന്നെ വംശനാശ ഭീഷണി നേരിടേണ്ടിവരും. പ്രത്യേകിച്ചും ആഗോളതാപനം ഉയരുന്നതോടെ സമുദ്രനിരപ്പ് ഉയരുകയും അത് താഴ്ന്ന പ്രദേശങ്ങളെയെല്ലാം കടലിനടിയിലേക്ക് വലിച്ചെടുക്കുകയും ചെയ്യും.  ഇപ്പോള്‍ തന്നെ പല ജീവജാലങ്ങളും കടുത്ത ചൂടുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വംശം നിലനിര്‍ത്താനുള്ള ഓട്ടത്തിലാണ്. ഇത്തരത്തില്‍ കടലാമകളുടെ പുനരുൽപാദനത്തിന് ചൂട് ഭീഷണിയാകുകയാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. 

തീരദേശത്തെ മണലിലാണ് കടലാമകള്‍ മുട്ടയിടുന്നത്. ചൂട് വര്‍ദ്ധിച്ചതോടെ മുട്ടകളിലേക്ക് കൂടുതല്‍ ചൂട് അടിച്ച് തുടങ്ങി. ഇതോടെ കടലാമകളുടെ മുട്ടകള്‍ വിരിഞ്ഞ് കൂടുതല്‍ പെണ്‍കടലാമകളാണ് വിരിഞ്ഞ് വരുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് ആണ്‍കടലാമകളുടെ എണ്ണത്തില്‍ ഭീമമായ കുറവ് വരുത്തും. അങ്ങനെ സംഭവിച്ചാല്‍ വംശവര്‍ദ്ധനവിനെ അത് പ്രതികൂലമായി ബന്ധിക്കുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് കടലാമകളുടെ വംശനാശത്തിന് ഉയര്‍ന്ന ചൂട് കാരണമാകുമെന്ന് പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക വംശനാശം സംഭവിക്കാനുള്ള “ശരിക്കും ആശങ്കാജനകമായ” സാധ്യതയിലേക്കാണ് കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നതെന്ന് പ്രമുഖ എഴുത്തുകാരൻ ജാക്ക് ഒലിവിയർ ലാലോ പറയുന്നു. 

കൂടുതല്‍ വായിക്കാന്‍:   ഐഐടി ജോലി ഉപേക്ഷിച്ചു; കുട്ടികളെ 'നല്ല കണക്ക് പഠിപ്പിക്കാന്‍! 

കടലാമകളുടെ പ്രജനന കേന്ദ്രങ്ങളില്‍ നടത്തിയ ആദ്യത്തെ ആഗോള പഠനത്തിൽ, 1.5 ഡിഗ്രി സെൽഷ്യസിന്‍റെ ആഗോള താപനില വർദ്ധനവ് ലോകമെമ്പാടുമുള്ള 58 ഓളം കടലാമകളുടെ കൂടുകൂട്ടല്‍ കേന്ദ്രങ്ങളില്‍ ഏതൊക്കെ തരത്തിലാണ് ബാധിക്കുന്നതെന്നാണ് പഠനം വിശകലനം ചെയ്യുന്നത്. കടലാമകൾക്ക് കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള സാധ്യത കുറവാണെന്ന് പഠനപ്രവര്‍ത്തനങ്ങളില്‍ ഭാഗഭക്കായ ഓസ്‌ട്രേലിയയിലെ ഡീക്കിൻ സർവകലാശാലയിലെ ലാലോ പറയുന്നു. 

തണൽ നൽകുകയോ മണലിൽ നനയ്ക്കുകയോ പോലെ, കടലാമയുടെ കൂടുകൾ തണുപ്പിക്കാൻ മനുഷ്യർക്ക് ചെയ്യാന്‍ കഴിയുന്ന ചില വഴികളുണ്ട്. എന്നാൽ ഇവ "താത്കാലിക 'ബാൻഡ്- എയ്ഡ്'" പരിഹാരങ്ങള്‍ മാത്രമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനുള്ള പരിഹാരങ്ങൾ, ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുക, പുനരുപയോഗിക്കാവുന്ന ഊർജങ്ങളിലേക്ക് ലോകം മാറുക, ഭാവിയിലെ കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് ഭൂവിനിയോഗ രീതികൾ മാറ്റുക എന്നിവ ആവശ്യമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. പ്രജനന വിജയം താപനിലയെ ആശ്രയിച്ചിരിക്കുന്നതിനാൽ മുതലകളും ആമകളും പോലുള്ള കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകാവുന്ന മറ്റ് ഉരഗങ്ങൾക്കും ഈ മാതൃക ബാധകമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഏഴോളം കടലാമകളെയാണ് പഠന വിധേയമാക്കിയത്. ഇതില്‍ ആറ് എണ്ണവും നേരത്തെ തന്നെ വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗ്ഗങ്ങളെ ഉള്‍പ്പെടുത്തുന്ന റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവയാണ്. 

കൂടുതല്‍ വായിക്കാന്‍:  'കാര' ഒരു വെറും കടുവയല്ല; സ്വര്‍ണ്ണപല്ലുള്ള ബംഗാള്‍ കടുവ !

 

 

Latest Videos
Follow Us:
Download App:
  • android
  • ios