വർഷം മുഴുവനും പക്ഷി മാസ്കും ധരിച്ച് ഒരു മനുഷ്യൻ കാട്ടിൽ, കാരണം...
എന്നാൽ, പ്രൊഫ. സുസുകി പറയുന്നത് ഇങ്ങനെയൊക്കെ ചെയ്തുവെങ്കിലും തന്റെ സഹപ്രവർത്തകന്റെ പരീക്ഷണം ഒരു പരാജയമായിരുന്നു എന്നാണ്.
ഒരു ജാപ്പനീസ് ശാസ്ത്രജ്ഞൻ ഒരു വർഷം മുഴുവനും ഒരു വലിയ പക്ഷിയുടെ മുഖംമൂടിയും വച്ചു നടന്നു. കാര്യം എന്താണ് എന്നല്ലേ? പക്ഷികളുടെ കൂടിനടുത്ത് എത്താനും അവയുടെ ഭാഷയെ കുറിച്ച് പഠിക്കാനും. എന്നാൽ, വർഷം മുഴുവനും അങ്ങനെ ചെയ്തിട്ടും സംഭവിച്ചത് മറ്റൊന്നാണ്.
ടോക്കിയോ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ തോഷിതക സുസുക്കിയാണ് അടുത്തിടെ ഒരു വലിയ പക്ഷിയുടെ മാസ്കും ധരിച്ച് നിൽക്കുന്ന ഒരാളുടെ വിചിത്രമായ ഫോട്ടോ ട്വിറ്ററിൽ ഷെയർ ചെയ്തത്. അതോടെ ചിത്രം ശ്രദ്ധിക്കപ്പെട്ടു. നഗാനോ പ്രിഫെക്ചറിലെ കാടിനകത്തു നിന്നുമാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. സുസുക്കിയുടെ കൂടെയുള്ള ഒരു ശാസ്ത്രജ്ഞനാണ് ചിത്രത്തിൽ. എന്നാൽ, ആളുടെ പേര് വ്യക്തമാക്കിയിരുന്നില്ല.
പക്ഷികളെ പേടിപ്പിക്കാതെ അവയുടെ കൂടുകളുടെ അടുത്തെത്തുന്നതിന് വേണ്ടിയാണ് ശാസ്ത്രജ്ഞൻ ഇങ്ങനെ ഒരു വേഷം തിരഞ്ഞെടുത്തതത്രെ. പക്ഷിശാസ്ത്രജ്ഞരും പക്ഷികളെ കുറിച്ച് പഠിക്കുന്നവരും പറയുന്നത് ചില പക്ഷികൾ മനുഷ്യമുഖങ്ങൾ ഓർക്കാൻ കഴിവുള്ളവരാണ്. ഈ വ്യക്തികൾ അടുത്തുവരുന്നത് കാണുമ്പോൾ പക്ഷികൾ സാധാരണയായി ചിലയ്ക്കുന്നത് നിർത്തുകയും മറ്റുള്ള പക്ഷികൾക്ക് മുന്നറിയിപ്പ് നൽകുക മാത്രം ചെയ്യുകയും ചെയ്യുമെന്നാണ്.
ഈ ജാപ്പനീസ് ശാസ്ത്രജ്ഞനാണ് എങ്കിൽ പക്ഷികളുടെ ബ്ലാക്ക്ലിസ്റ്റിൽ ഇടംപിടിച്ച ഒരാളുമാണ്. അങ്ങനെ താൻ അടുത്ത് ചെല്ലുമ്പോൾ പക്ഷികൾ പരസ്പരം മുന്നറിയിപ്പ് നൽകാതിരിക്കാനും ചിലയ്ക്കുന്നത് അവസാനിപ്പിക്കാതിരിക്കാനും വേണ്ടിയാണ് ശാസ്ത്രജ്ഞൻ ഇങ്ങനെ വ്യത്യസ്തമായ ഒരു വേഷം തെരഞ്ഞെടുത്തത്. പക്ഷികളുടെ ഭാഷ പഠിക്കുക എന്നതായിരുന്നു ശാസ്ത്രജ്ഞന്റെ ലക്ഷ്യം.
ഒരു ഘട്ടത്തിൽ പക്ഷികളുടെ സ്വഭാവത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചുമെല്ലാം ഗവേഷണം നടത്തുന്ന ഈ ശാസ്ത്രജ്ഞൻ പക്ഷികളുടെ കൂടിന്റെ തൊട്ടടുത്ത് വരെ എത്തി അവയുടെ കുഞ്ഞുങ്ങളെ തൂക്കിനോക്കേണ്ടി വന്നിരുന്നു. അതോടെയാണ് പക്ഷികൾ ഇയാളെ കാണുമ്പോൾ സാധാരണയായിട്ടുള്ള ചിലപ്പ് നിർത്താൻ തുടങ്ങിയതും. അതുകൊണ്ടാണ് അദ്ദേഹം വേഷം മാറി പക്ഷികളുടെ ഭാഷ പഠിക്കാൻ പോകാൻ തീരുമാനിച്ചതത്രെ.
എന്നാൽ, പ്രൊഫ. സുസുകി പറയുന്നത് ഇങ്ങനെയൊക്കെ ചെയ്തുവെങ്കിലും തന്റെ സഹപ്രവർത്തകന്റെ പരീക്ഷണം ഒരു പരാജയമായിരുന്നു എന്നാണ്. ഈ വേഷമൊക്കെ ധരിച്ചിട്ടു ചെന്നിട്ടും ശാസ്ത്രജ്ഞനെ കാണുമ്പോൾ പക്ഷികൾ മുന്നറിയിപ്പ് നൽകുന്നത് തുടർന്നു കൊണ്ടിരുന്നുവത്രെ. അങ്ങനെ അവ ചിലക്കാതെയുമിരുന്നു. അതോടെ ശാസ്ത്രജ്ഞന്റെ പഠനം പരാജയമായി.