30 വര്‍ഷം മുമ്പ് ഇറാഖില്‍ നിന്നും കണ്ടെത്തിയ 4000 വര്‍ഷം പഴക്കമുള്ള ശിലാലിഖിതം വായിച്ചെടുക്കാന്‍ ഗവേഷകര്‍
ഏകദേശം 4,000 വർഷം പഴക്കമുള്ള ഈ ശിലാലിഖിതം 30 വർഷം മുമ്പ് ഇറാഖിൽ നിന്നാണ് കണ്ടെത്തിയത്. എന്നാല്‍ 2016 മുതലാണ് ഈ ശിലാലിഖിതങ്ങള്‍ വായിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
ഭാഷ, മനുഷ്യനിര്‍മ്മിതമാണ്. നൂറ്റാണ്ടുകളോളം തുടര്‍ന്ന പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഓരോ സമൂഹവും തങ്ങളുടെ വികാരങ്ങളും ആശയങ്ങളും കൈമാറുന്നതിന് സ്വന്തമായൊരു ഭാഷ രൂപപ്പെടുത്തുന്നത്. ഇങ്ങനെ രൂപപ്പെടുന്ന ഭാഷകള്‍ സംസാരിക്കുന്ന ജനത ഇല്ലാതാകുന്നതോടെ ആ ഭാഷയും മരിക്കും. ലോകത്ത് ഇപ്പോള്‍ തന്നെ ആറോളം മൃതഭാഷകളും അതിലേറെ വംശനാശം വന്ന ഭാഷകളുമുണ്ട്. സംസ്കൃതം, ലാറ്റിന്‍, അക്കാഡിയന്‍, പുരാതന ഗ്രീക്ക്, ഹീബ്രു, കോപ്റ്റിക് തുടങ്ങിയ ഭാഷകളാണ് ലോകത്തെ പ്രധാന മൃതഭാഷകളുടെ ഗണത്തിലുള്ള പ്രധാനപ്പെട്ടവ. ഇവയില്‍ പല ഭാഷകളുടെയും പുനരുജ്ജീവനത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പക്ഷേ വംശനാശം സംഭവിച്ച ഭാഷകളുടെ കാര്യത്തില്‍ ഇതല്ല അവസ്ഥ. അവയുടെ ലിഖിതങ്ങള്‍ പോലും വായിക്കേണ്ടതെങ്ങനെയെന്ന് ഇന്ന് ജീവിച്ചിരിക്കുന്ന ആര്‍ക്കും തന്നെ അറിയില്ലെന്നതാണ് പ്രധാനപ്രശ്നം. ഇത്തരത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ലോകത്ത് വംശനാശം സംഭവിച്ച ഒരു ഭാഷയെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഒരു സംഘം ഗവേഷകര്‍.
ഇതിനായി പുരാതന ശിലാലിഖിതങ്ങള്‍ വായിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 4,000 വർഷം പഴക്കമുള്ള ഈ ശിലാലിഖിതം 30 വർഷം മുമ്പ് ഇറാഖിൽ നിന്നാണ് കണ്ടെത്തിയത്. എന്നാല്‍ 2016 മുതലാണ് ഈ ശിലാലിഖിതങ്ങള്‍ വായിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. അഞ്ച് വര്‍ഷത്തെ നിരന്തര നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ശിലാലിഖിതം വായിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.
കൂടുതല്‍ വായനയ്ക്ക്: പിഎച്ച്ഡി ആരംഭിച്ചത് 1970 ല്‍; 50 വര്‍ഷത്തെ ഗവേഷണത്തിന് ശേഷം ഡോക്ടറേറ്റ് !
മദ്ധ്യേഷയില്‍ ജീവിച്ചിരുന്ന പുരാതന മനുഷ്യരായ അമോറ്റൈറ്റുകളുടേതാണ് ഈ ശിലാലിഖിതം. എന്നാല്‍, ആധുനിക ഇസ്രായേല്‍, സിറിയ. ജോര്‍ദാന്‍ എന്നീ പ്രദേശങ്ങളടങ്ങിയ കാനാന്‍ ദേശത്തെ കുറിച്ചുള്ള ശിലാലിഖിതമാണിത്. തെക്കൻ മെസൊപ്പൊട്ടേമിയയുടെ വലിയ ഭൂഭാഗങ്ങൾ ബിസി 21 -ാം നൂറ്റാണ്ട് മുതൽ ബിസി 17 -ാം നൂറ്റാണ്ടിന്‍റെ അവസാനം വരെ കൈവശം വച്ചിരുന്ന ലെവന്‍റിൽ നിന്നുള്ള പുരാതന വടക്ക് - പടിഞ്ഞാറൻ സെമിറ്റിക് സംസാരിക്കുന്നവരാണ് അമോറൈറ്റുകൾ. ഇസിന്‍, ലാര്‍സ, ബാബിലോണ്‍ തുടങ്ങിയ പുരാതനമായ ഏഴ് പ്രമുഖ നഗര സംസ്ഥാനങ്ങള്‍ സ്ഥാപിച്ചത് അമോറൈറ്റുകളാണ്.
ടോളമി രാജാവ് എപ്പിഫേൻസ് അഞ്ചാമന് (King Ptolemy Epiphanes V) വേണ്ടി 196 ബിസിയിൽ ഈജിപ്തിലെ മെംഫിസിൽ വച്ച് പുറപ്പെടുവിച്ച ഉത്തരവിന്‍റെ മൂന്ന് പതിപ്പുകള്‍ ആലേഖനം ചെയ്ത റോസെറ്റ ശിലാലിഖിതവുമായി (Rosetta Stone) ഈ ശിലാലിഖിതത്തെ പുരാവസ്തു ശാസ്ത്രജ്ഞര്‍ താരതമ്യം ചെയ്യുന്നു. ശിലാലിഖിതത്തിലെ വാചകങ്ങളെ രണ്ട് കോളങ്ങളായി തിരിച്ചിട്ടാണുള്ളത്. ഇടത് കോളത്തില്‍ നഷ്ടപ്പെട്ട അമോറൈറ്റ് ഭാഷയിലുള്ള എഴുത്തുകളും. വലത്തെ കോളത്തില്‍ അക്കാഡിയന്‍ ഭാഷയുടെ ഒരു പഴയ ഭാഷരൂപവുമാണ് ഉള്ളതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഇതില്‍ അക്കാഡിയന്‍ ഭാഷ വായിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു ശിലാഫലകത്തില്‍ ഒരേ പ്രാധ്യാന്യത്തോടെ രണ്ട് ഭാഷകള്‍ ഉപയോഗിക്കുന്ന രീതി വളരെ അപൂര്‍വ്വമാണ്. ഈ കാലഘട്ടത്തില്‍ രണ്ട് ഭാഷകള്‍ക്കും ഉണ്ടായിരുന്ന പ്രാധ്യാന്യത്തെയാണ് ഇത് കാണിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.
കൂടുതല്‍ വായനയ്ക്ക്: പ്രഭാത സവാരിക്കിടയിൽ വഴിതെറ്റി, വളർത്തുനായ ടാക്സി പിടിച്ച് വീട്ടിലെത്തി!