ഇന്നും മൃഗങ്ങളിലുള്ള ആ കഴിവ്, 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മനുഷ്യന് നഷ്ടമായതായി ഗവേഷകര്‍
മനുഷ്യരുടെ പൂർവ്വികർക്ക് ചെവികൾ ചലിപ്പിക്കാൻ കഴിയുമായിരുന്നുവെന്നും എന്നാൽ ഏകദേശം 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈ കഴിവ് നഷ്ടപ്പെട്ടുവെന്നും പുതിയ പഠനം പറയുന്നു. ശ്രദ്ധ ആവശ്യപ്പെടുന്ന ശബ്ദം കേൾക്കുമ്പോൾ ചെവിയിലെ പേശികൾ ചെറുതായി സജീവമാകുമെന്നും ഗവേഷകർ കണ്ടെത്തി.
![researchers says that ability which is still in animals today was lost to humans 25 million years ago researchers says that ability which is still in animals today was lost to humans 25 million years ago](https://static-gi.asianetnews.com/images/01jkd1tp23bfry2h279svrgwkt/475200332-971765091004923-528910866777713022-n_363x203xt.jpg)
നായകളോ പൂച്ചകളോ പശുക്കളോ കുതിരകളോ ഒക്കെ ശബ്‍ദം കേട്ടാൽ ഉടനെ ചെവി ചലിപ്പിക്കുന്നത് നിങ്ങൾ പലപ്പോഴും ശ്രദ്ധിച്ചിരിക്കും. പക്ഷേ, മനുഷ്യർക്ക് ഇത് ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ പൂർവ്വികർക്കും ഈ കഴിവ് ഉണ്ടായിരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. പരിണമാത്തിന്‍റെ വഴികളിൽ എവിടെയോ വച്ച് മനുഷ്യൻ മറന്നുപോയ ഈ ശക്തിയുടെ രഹസ്യം ഇപ്പോൾ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു.
മനുഷ്യരുടെ പൂർവ്വികർക്ക് ചെവികൾ ചലിപ്പിക്കാൻ കഴിയുമായിരുന്നു എന്നാണ് പുതിയൊരു പഠനം പറയുന്നത്. എന്നാൽ, ഏകദേശം 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നമുക്ക് ഈ കഴിവ് നഷ്‍ടപ്പെട്ടു. ജർമ്മനിയിലെ സാർലാൻഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ ഒരു ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ. അത്തരം പേശികൾ ഇപ്പോഴും നമ്മുടെ ചെവികളിൽ ഉണ്ടെന്നും എന്നാൽ അവ പ്രവർത്തനരഹിതമാണെന്നും ഗവേഷകർ കണ്ടെത്തി. എങ്കിലും, ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു ശബ്‍ദം കേൾക്കുമ്പോൾ, നമ്മുടെ ചെവിയിലെ പേശികൾ ചെറുതായി സജീവമാകുമെന്നും ഗവേഷകർ പറയുന്നു.
"നമ്മുടെ പൂർവ്വികർക്ക് ഏകദേശം 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ചെവി ചലിപ്പിക്കാനുള്ള കഴിവ് നഷ്‍ടപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കൃത്യമായി പറയാൻ പ്രയാസമാണ്," ഈ ഗവേഷണത്തിന്‍റെ മുഖ്യ രചയിതാവായ ജർമ്മനിയിലെ സാർലാൻഡ് സർവകലാശാലയിലെ ആൻഡ്രിയാസ് ഷ്രോയർ പറഞ്ഞതായി എംഎസ്എൻ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
Read More: ബന്ദികളെ വിട്ടയക്കുമ്പോഴും പ്രകോപനം തുടർന്ന് ഹമാസ്; അസ്വസ്ഥതയോടെ ഇസ്രയേൽ
ചെവികൾ ചലിപ്പിക്കേണ്ടത് എന്തുകൊണ്ട്?
മൃഗങ്ങൾക്ക് ചെവികളുടെ ചലനം വളരെ പ്രധാനമാണ്. ഇത് ഒരു പ്രത്യേക ശബ്‍ദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാത്രമല്ല, ശബ്‍ദം ഏത് ദിശയിൽ നിന്നാണ് വരുന്നതെന്ന് മനസിലാക്കാനും അവരെ സഹായിക്കുന്നു. നായകൾക്കും പൂച്ചകൾക്കും മറ്റ് പല ജീവികൾക്കും ചെവികൾ ചലിപ്പിക്കാൻ കഴിയും, ഇത് ഏത് അപകടവും വേഗത്തിൽ കണ്ടെത്താൻ അവയെ അനുവദിക്കുന്നു.
എങ്ങനെയാണ് ഗവേഷണം നടത്തിയത്?
മനുഷ്യന്‍റെ കേൾവി ശക്തി പഠിക്കാൻ ശാസ്ത്രജ്ഞർ ഇലക്ട്രോമിയോഗ്രാഫി എന്ന ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ചു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പേശികളുടെ പ്രവർത്തനങ്ങൾ അളക്കുന്നു. ഗവേഷണത്തിനിടെ, 20 പേരെ ഓഡിയോബുക്കുകളും ശ്രദ്ധ തിരിക്കുന്ന പോഡ്‌കാസ്റ്റുകളും പ്ലേ ചെയ്തു. പങ്കെടുക്കുന്നവരെ ബുദ്ധിമുട്ടുള്ള ശബ്‍ദം കേൾപ്പിച്ചപ്പോൾ, അവരുടെ ചെവികളിലെ നിഷ്‌ക്രിയ പേശികൾ അൽപ്പം സജീവമാകുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി.
പഠനത്തിൽ പങ്കെടുത്ത എല്ലാ മുതിർന്നവരുടെയും ചെവികളിൽ ഇലക്ട്രോഡുകൾ സ്ഥാപിച്ചിരുന്നു. ഇത് ശാസ്ത്രജ്ഞർക്ക് അവരുടെ ചെവികളെ ചലിപ്പിക്കുന്ന പേശികൾ എങ്ങനെ സജീവമാകുമെന്ന് നിരീക്ഷിക്കാൻ സഹായിച്ചു. കേൾക്കാൻ പ്രയാസമുള്ളപ്പോൾ, ചെവിയിലെ ഈ മറഞ്ഞിരിക്കുന്ന പേശികൾ കൂടുതൽ കഠിനമായി പ്രവർത്തിക്കുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Read More: തകർന്ന് വീഴുന്ന അമേരിക്കന്‍ വിമാനങ്ങളും ട്രംപിന്‍റെ വിചിത്ര കണ്ടെത്തലും
ഇന്നും ചില മനുഷ്യർക്ക് ഈ കഴിവുണ്ട്!
മിക്ക മനുഷ്യർക്കും ഈ കഴിവ് നഷ്‍ടപ്പെട്ടിട്ടുണ്ടെങ്കിലും, ഏകദേശം 10 മുതൽ 20 ശതമാനം വരെ ആളുകൾക്ക് ഇപ്പോഴും ചെവികൾ ചലിപ്പിക്കാനുള്ള ശക്തിയുണ്ട് എന്നും ഗവേഷകർ പറയുന്നു. ചെവിയെ ചലിപ്പിക്കുന്ന മൂന്ന് പ്രധാന പേശികൾ (ചെവിയെ തലയോട്ടിയുമായും ചർമ്മവുമായും ബന്ധിപ്പിക്കുന്നവ) ശരീരത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും അവ മിക്കവാറും പ്രവർത്തനരഹിതമാണ്. മികച്ച പഠനത്തിനായി ഈ പരീക്ഷണം ഒരു വലിയൊരു കൂട്ടം മനുഷ്യരില്‍ ആവർത്തിക്കുമെന്ന് ഗവേഷകർ പറയുന്നു. എങ്കിലും, മനുഷ്യ പരിണാമത്തിന്‍റെ ഗതിയിൽ ഈ കഴിവ് ഇപ്പോൾ പേരിൽ മാത്രമായി തുടരുന്നു. ഭാവിയിൽ ഈ കഴിവിന്‍റെ തിരിച്ചുവരവ് ഒട്ടും സാധ്യത ഇല്ലാത്തതാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.