'പണിതിട്ടും പണിതിട്ടും പണി തീരാതെ...'; 15 വര്‍ഷം പണിതിട്ടും പണി തീരാതെ ഒരു ക്രൂയിസ് കപ്പല്‍ !
രണ്ടാം ലോക മഹായുദ്ധ തോല്‍വിക്ക് പിന്നാലെ ജർമ്മനി നിർമ്മിച്ച ആദ്യത്തെ പ്രധാന പാസഞ്ചർ കപ്പല്‍, ജെയിംസ് ബോണ്ട് ചിത്രത്തില്‍ ഉപയോഗിച്ച കപ്പല്‍. അങ്ങനെ ചരിത്രത്തില്‍ ഇടം നേടിയ കപ്പലാണ് വാപ്പൻ വോൺ ഹാംബർഗ്.
2008 -ല്‍ യുഎസ്എയിലെ ക്രിസ്റ്റഫർ വിൽസൺ എന്നായാള്‍ ഓൺലൈനിനായി ഒരു ക്രൂയിസ് കപ്പൽ വാങ്ങി. 293 അടി നീളമുള്ള 2,496 ടൺ ഭാരമുള്ള ഈ ക്രൂയിസ് കപ്പല്‍ വില്പനയ്ക്ക് വച്ചപ്പോള്‍ മൂന്ന് ഡെക്കുകൾ, 85 ക്യാബിനുകൾ, എൻ-സ്യൂട്ട് ബാത്ത്‌റൂമുകൾ, ഒരു ഡൈനിംഗ് റൂം, സലൂൺ, ഒരു വലിയ ഔട്ട്‌ഡോർ സ്വിമ്മിംഗ് പൂൾ എന്നീ സൗകര്യങ്ങള്‍ കപ്പലിലുണ്ടായിരുന്നു. 1955 ൽ ജർമ്മനിയില്‍ നിര്‍മ്മിച്ച 'വാപ്പൻ വോൺ ഹാംബർഗ്' (Wappen von Hamburg) എന്ന് പേരിട്ടിരുന്ന കപ്പല്‍ ഓണ്‍ലൈനില്‍ വില്പനയ്ക്കായി കണ്ടപ്പോള്‍ മോഹം തോന്നിയാണ് ക്രിസ്റ്റഫർ വിൽസൺ വാങ്ങിയത്. കപ്പലിന് മറ്റൊരു പ്രത്യേകതയുമുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജർമ്മനി നിർമ്മിച്ച ആദ്യത്തെ പ്രധാന പാസഞ്ചർ ലൈനറാണ് ഈ കപ്പലെന്ന് ക്രിസ്റ്റഫർ വിൽസൺ ഇതിനിടെ കണ്ടെത്തി. മറ്റൊന്നു കൂടി ക്രിസ്റ്റഫര്‍ അറിഞ്ഞു. 1963-ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ 'ഫ്രം റഷ്യ വിത്ത് ലൗ'വിന്‍റെ ചിത്രീകരണം ഈ കപ്പലിലായിരുന്നു. കപ്പലിന്‍റെ കഥ അറിഞ്ഞ ക്രിസ്റ്റഫറിന് പിന്നൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അദ്ദേഹം ആ കപ്പല്‍ ഓണ്‍ലൈനില്‍ തന്നെ വാങ്ങി. പ്രശ്നം പിന്നീടായിരുന്നു.
2008 -ല്‍ തുടങ്ങിയ കപ്പല്‍ പണി, 2023 ആയിട്ടും പൂര്‍ത്തിയാക്കാന്‍ ക്രിസ്റ്റഫര്‍ വിൽസണ് കഴിഞ്ഞില്ല. പതിനഞ്ച് വര്‍ഷമായി അദ്ദേഹം ഇന്നും ആ കപ്പലിന്‍റെ പണി തിരക്കിലാണ്. ഇതിനിടെ ക്രിസ്റ്റഫറിന് ആകെ ചെയ്യാന്‍ കഴിഞ്ഞത് കപ്പലിന്‍റെ പേര് മാറ്റം മാത്രമായിരുന്നു. പുതിയ പേര് 'അറോറ' (Aurora). ക്രിസ്റ്റഫര്‍ വില്‍സണും ഭാര്യയും ഇന്ന് ഈ കപ്പലിലാണ് താമസം. രാവിലെ എഴുന്നേല്‍ക്കുന്ന ക്രിസ്റ്റഫര്‍ കപ്പലിന്‍റെ അറ്റകുറ്റ പണി ആരംഭിക്കും. പണി വൈകുന്നേരം വരെ നീളും. "ഇത് ഒരു നീണ്ട പദ്ധതിയാണ്. ഇതിന്‍റെ വ്യാപ്തി വളരെ വലുതാണ്. അതായത് ഏതാണ്ട് 15 വീടുകൾ സ്വയം പുനർനിർമിക്കുന്നതിന് തുല്യം." ക്രിസ്റ്റഫര്‍ വില്‍സണ്‍ സിഎന്‍എന്‍ ട്രാവലിനോട് പറഞ്ഞു. \
റോഡിലൂടെ രാജകീയമായി നടന്ന് സിംഹം, ഭയന്ന് വീട്ടിലിരുന്ന് ജനം; വൈറല്‍ വീഡിയോ !
കപ്പല്‍ നവീകരണ പദ്ധതി വേഗത്തിലാക്കാനാണ് താനും ഭാര്യ കിൻ ലിയും തുരുമ്പെടുത്ത കപ്പലിലേക്ക് മാറിയെന്ന് വിൽസൺ പറയുന്നു. എന്നാല്‍ 15 വര്‍ഷമായിട്ടും പണി മാത്രം തീര്‍ന്നില്ല. ക്രിസ്റ്റഫര്‍ വിൽസണും ഭാര്യയും കപ്പലിലെ താമസം തുടരുന്നു. “യഥാർത്ഥത്തിൽ കപ്പലിൽ ജോലി ചെയ്തതോടെ ഞാൻ വളരെയധികം പഠിച്ചു, ഇന്ന് എനിക്ക് എന്ത് എങ്ങനെ ശരിയാക്കണമെന്ന് അറിയാത്തതായി ഒന്നുമില്ല. പക്ഷേ, അവിടെയെത്താൻ ഒരു വലിയ പണം ആവശ്യമാണ്," അദ്ദേഹം ദി സണിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ചെയ്യാനുദ്ദേശിച്ച നവീകരണ പദ്ധതിയുടെ 40 ശതമാനം മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടൊള്ളൂ. ഇതിനകം 9,00,000 പൗണ്ട് (9,16,49,700 രൂപ) കപ്പലിനായി ചെലവായി. പണി പൂര്‍ത്തിയാക്കാന്‍ ഇനിയും 2.5 ദശലക്ഷം പൗണ്ട് (25,45,85,000 രൂപ) സമാഹരിക്കാൻ മിസ്റ്റർ വിൽസൺ പദ്ധതി തയ്യാറാക്കുന്നു. അറോറ റീസ്റ്റോറേഷൻ പ്രോജക്‌റ്റ് (Aurora Restoration Project) എന്ന പുതിയ യൂറ്റ്യൂബ് ചാനലിൽ കപ്പലിന്‍റെ ഓരോ വിശേഷങ്ങളും പങ്കുവച്ച് അദ്ദേഹം എല്ലാ ദിവസവും സജീവമാണ്. ഒരു പക്ഷേ കപ്പല്‍ ഇനി ഒരിക്കലും കടല്‍ കണ്ടില്ലെന്നും വരാം. പക്ഷേ, അത് ഒരു കിടക്കയും പ്രഭാതഭക്ഷണവും നല്‍കുന്ന ഇവന്‍റ് സെന്‍ററായി മാറുമെന്ന് മിസ്റ്റർ വിൽസൺ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
വിഷം പുരട്ടിയ അമ്പുകളുമായി ഇന്നും മൃഗവേട്ടയ്ക്കിറങ്ങുന്ന ഗോത്രം; വൈറലായി ഒരു യൂറ്റ്യൂബ് വീഡിയോ !