'മാന്യതയില്ലാത്തവർ'; പാകിസ്ഥാനിലെ സ്വാത്ത് താഴ്വാരയില്‍ പെണ്‍കുട്ടികളുടെ ക്രിക്കറ്റ് മത്സരം തടഞ്ഞ് മതനേതാക്കൾ
തുറസായ ഒരു സ്ഥലത്ത് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് കളി നടക്കാന്‍ തങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞതായി ഡ്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. (കശ്മീരിലെ പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന ചിത്രം / ഗെറ്റി)
ലോകമെങ്ങും ലിംഗ സമത്വത്തിന് വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങള്‍ നടക്കുകയാണ്. അതേ സമയം ഇത്തരം ആശയങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞ് നില്‍ക്കുന്ന സമൂഹങ്ങളും ലോകത്തുണ്ട്. പുതിയ ആശയങ്ങളെ ഉള്‍ക്കൊള്ളാനുള്ള വിമുഖത കാണിക്കുന്നത് പ്രധാനമായും കടുത്ത മതമേലധ്യക്ഷന്മാരാണ്. ഇത്തരത്തില്‍ ലോകത്തില്‍ ഇന്ന് പുരുഷാധിപത്യത്തെ ആഘോഷിക്കുകയും സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് ഒരു വിലയും കല്പിക്കാതിരിക്കുകയും രണ്ടാം പൗരന്മാരായി മാത്രം കാണുകയും ചെയ്യുന്നത് അഫ്ഗാന്‍ ഭരിക്കുന്ന താലിബാന്‍ ഭരണകൂടമാണ്. താലിബാന്‍റെ ആശയങ്ങള്‍ക്ക് പാകിസ്ഥാനിലും വേരോട്ടമുണ്ട്. പ്രത്യേകിച്ചും പാകിസ്ഥാന്‍റെ വടക്ക് കിഴക്കന്‍ മേഖലയായ സ്വാത് മേഖലയില്‍. കഴിഞ്ഞ ദിവസം സ്വാത് മേഖലയിലെ ചര്‍ബാഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ക്രിക്കറ്റ് തടഞ്ഞതാണ് ഇതില്‍ അവസാനത്തേത്.
ക്രക്കറ്റ് കളിക്കുന്ന പെണ്‍കുട്ടികള്‍ മാന്യതയില്ലാത്തവരാണെന്നും പ്രദേശത്ത് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് കളി പാടില്ലെന്നും പറഞ്ഞ് കൊണ്ട്, ഒരു സംഘം മതനേതാക്കളുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ചര്‍ബാഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ക്രിക്കറ്റ് കളി തടസപ്പെടുത്തുകയായിരുന്നെന്ന് ഡ്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കൗമാരക്കാര പെണ്‍കുട്ടികളുടെ ക്രിക്കറ്റഅ കളിയാണ് തടസപ്പെടുത്തിയത്, 12 വയസ്സുള്ള ആയിഷ അയാസാണ് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടീമുകളായ ബാബുസായും കബൽ തഹസിലും തമ്മിലുള്ള മത്സരം സംഘടിപ്പിച്ചതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് മതനേതാക്കള്‍ മത്സര വേദിയിലെത്തി കളി തടസപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ മത്സരത്തിനായി ഗ്രൗണ്ടിലെത്തിയപ്പോള്‍ മതനേതാക്കള്‍ വന്ന് കളി വിലക്കി. തുറസായ ഒരു സ്ഥലത്ത് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് കളി നടക്കാന്‍ തങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞതായി ഡ്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇമാമുമാര്‍ തുടര്‍ന്ന് പ്രാദേശിക കൗൺസിലർ ഇഹ്‌സാനുള്ള കാക്കിയുമായി ബന്ധപ്പെടുകയും ക്രിക്കറ്റ് കളി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
വിമാനം വീടാക്കി നാട്ടുകാരെ ഞെട്ടിച്ച ബ്രീസ് കാംബെല്ലിന്‍റെ കഥ !
സ്വാത്തിലെ നിരവധി വനിതാ ക്രിക്കറ്റ് താരങ്ങൾ പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആയിഷ അയാസിന്‍റെ പിതാവ് അയാസ് നായിക് ഡോണിനോട് പറഞ്ഞു. മിംഗോറയിലെ സ്റ്റേഡിയം നിർമ്മാണം നടക്കുന്നതിനാലാണ് താനും മകളും ചില പ്രൊഫഷണൽ വനിതാ കളിക്കാരും ചാർബാഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് പെൺകുട്ടികളെയും സംഘാടകരെയും തടഞ്ഞത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തോക്കുകളുള്ള വ്യക്തികളുടെ സാന്നിധ്യം, ചാർബാഗ് തഹസിൽ സുരക്ഷാ സ്ഥിതി ആശങ്കയിലാക്കുന്നെന്ന് ചാർബാഗ് തഹസിൽ ചെയർമാൻ ഇഹ്‌സാനുള്ള കാക്കി പറഞ്ഞതായി ഡോണ്‍ റിപ്പോർട്ട് ചെയ്തു. ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപം താമസിക്കുന്നവർ രാത്രിയിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ മടിക്കുന്നുണ്ടെന്നും ചാർബാഗിലെ ജനങ്ങൾ വനിതാ ക്രിക്കറ്റ് മത്സരത്തിന് എതിരല്ലെന്നും എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ശക്തമാണെന്നും ഇഹ്‌സാനുള്ള കാക്കി കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക