നായ സ്നേഹം, ചാൾസ് രാജകുമാരനില്‍ നിന്നും അവാർഡ് ഏറ്റുവാങ്ങാന്‍ പോലും പോകാതിരുന്ന രത്തന്‍ ടാറ്റ
ടാംഗോ, ടിറ്റോ, ഗോവ എന്നിങ്ങനെയായിരുന്നു ടാറ്റയുടെ പ്രീയപ്പെട്ടെ നായ്ക്കളുടെ പേരുകള്‍ ഇതില്‍ ഗോവ ഒരു തെരുവ് നായയായിരുന്നു. ഇവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അസുഖം വന്നാല്‍ പോലും രത്തന്‍ ഏറെ ആശങ്കാകുലനായി.
'നായകള്‍ക്കും ഇന്ത്യക്കാര്‍ക്കും പ്രവേശനമില്ലെ'ന്നായിരുന്നു കൊല്‍ക്കത്തയിലെ തെരുവുകളിലെ മുത്തിയ ഹോട്ടലുകളില്‍ ഒരു കാലത്ത് പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്ന ബോർഡുകളില്‍ എഴുതിയിരുന്നത്. എന്നാല്‍, അതെ നായകളോടുള്ള സ്നേഹത്തിന്‍റെ പേരില്‍ ബക്കിംഗ്ഹാം കൊട്ടാരത്തിൽ വച്ച് ചാൾസ് രാജകുമാരനിൽ നിന്ന് - ഇപ്പോള്‍ ചാൾസ് മൂന്നാമൻ രാജാവ് - ഏറ്റവാങ്ങേണ്ട അവര്‍ഡ് വാങ്ങാന്‍ പോലും പോകാതിരുന്നയാളാണ് രത്തന്‍ റ്റാറ്റ. അതായിരുന്നു അദ്ദേഹത്തിന്‍റെ മൃഗസ്നേഹം.
സംഭവം 2018 ലാണ്. ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിന്‍റെ ആ വര്‍ഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് രത്തൻ ടാറ്റയ്ക്കായിരുന്നു. ബക്കിംഗ്ഹാം കൊട്ടരത്തില്‍ വച്ച് അന്ന് അവാർഡ് സമ്മാനിക്കേണ്ടിയിരുന്നത് ചാൾസ് രാജകുമാരന്‍ എന്ന് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ബ്രീട്ടീഷ് രാജാവ്. ഏവരും കൊതിക്കുന്ന നിമിഷം. എന്നാല്‍, രത്തന്‍ റ്റാറ്റയെ സംബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിനേക്കാള്‍ പ്രധാനം തന്‍റെ നായയുടെ രോഗാവസ്ഥയായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അദ്ദേഹം തന്‍റെ യാത്രാ പദ്ധതി തന്നെ റദ്ദാക്കി.
ആ അനുഭവം പങ്കുവച്ചതാകട്ടെ ടാറ്റയുടെ ഉറ്റസുഹൃത്തും ഇന്ത്യൻ വ്യവസായിയുമായ സുഹേൽ സേത്ത്. അവാർഡ് ദാന ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ് ടാറ്റ, ബക്കിംഗ്ഹാം കൊട്ടരത്തിലേക്ക് വിളിച്ചു. ഒന്നും രണ്ടും തവണയല്ല. പതിനൊന്ന് തവണ. ഒടുവില്‍ അങ്ങേതലയ്ക്കല്‍ ചാൾസ് രാജകുമാരനെ കിട്ടി. ടാറ്റ് അദ്ദേഹത്തോട് പറഞ്ഞത്, 'തന്‍റെ നായ്ക്കളിൽ ഒരാൾക്ക് അസുഖം ബാധിച്ചു. എനിക്കവനെ വിട്ടിട്ട് വരാൻ വയ്യ." എന്നായിരുന്നു. ഇത് കേട്ട ചാൾസ് രാജകുമാരൻ ടാറ്റയെ പ്രശംസിക്കുകയും അദ്ദേഹത്തിന്‍റെ മുൻഗണനകളെക്കുറിച്ച് ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. ചാൾസ് രാജാവ് പറഞ്ഞത് സേത്ത് അനുസ്മരിച്ചു, "അതൊരു മനുഷ്യനാണ്. അതാണ് രത്തൻ. അതുകൊണ്ടാണ് ടാറ്റയുടെ വീട് ഇങ്ങനെയായത്. അത് സുസ്ഥിരമായ വഴിയില്‍ നീങ്ങുന്നത്." സേത്ത്, ചാള്‍സിന്‍റെ വാക്കുകള്‍ ഓർത്തെടുത്തു.
ഭീകരാക്രമണത്തിൽ താജ് കത്തിയെരിഞ്ഞു; സ്വന്തം കാര്യം നോക്കാതെ ഹോട്ടലിന് മുന്നിൽ നിന്ന രത്തൻ ടാറ്റ!
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു
ടാംഗോയും ടിറ്റോയുമായിരുന്നു ടാറ്റയുടെ ആ പ്രീയപ്പെട്ട നായ്ക്കള്‍. ഏതാനും വര്‍ഷം മുമ്പ് അസുഖ ബാധിതനായി ടിറ്റോ മരിച്ചു. രത്തന്‍ ടാറ്റയുടെ മറ്റൊരു പ്രിയപ്പെട്ട നായയായിരുന്നു ഗോവ. പല പ്രധാന മീറ്റിംഗുകള്‍ക്കും അദ്ദേഹം ഗോവയെ കൂടെ കൂട്ടും. 'ഗോവയിലെ എന്‍റെ സഹപ്രവർത്തകന്‍റെ കാറിൽ കയറി, ബോംബെയിലെ വീട്ടിലേക്ക് വരുമ്പോള്‍ അവൻ ഒരു തെരുവ് നായ്ക്കുട്ടിയായിരുന്നു, അതിനാൽ ഗോവ എന്ന പേര് നല്‍കി.' ഗോവയ്ക്ക് ആ പേര് ലഭിച്ച കഥ രത്തന്‍ ടാറ്റ തന്നെ പറയുന്നു. മൃഗങ്ങളോടുള്ള അദ്ദേഹത്തിന്‍റെ അഗാധമായ സ്നേഹം ഒടുവില്‍ അവയ്ക്കായി ഒരു മൃഗാശുപത്രി തുടങ്ങുന്നതിന് തന്നെ കാരണമായി. അതും ഈ വര്‍ഷം ജൂലൈയിൽ മുംബൈയിൽ 165 കോടി ചെലവില്‍ 24 മണിക്കൂറും തുറന്നിരിക്കുന്ന ഒരു മൃഗാശുപത്രി, ടാറ്റ തുറന്നു. അത്യാധുനിക സാങ്കേതികവിദ്യയുള്ള ഈ ആശുപത്രിയിൽ മൃഗങ്ങളുടെ സങ്കീർണ്ണമായ മെഡിക്കൽ കേസുകൾ നിർണ്ണയിക്കുന്നതിനും ചികിത്സിക്കുന്നതിനും വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധര്‍ അടക്കമുണ്ട്.
ഇതിനൊക്കെ പുറമേ തന്‍റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ താജ്മ ഹോട്ടലില്‍ സന്ദര്‍ശകരോട് ഒപ്പമെത്തുന്ന മൃഗങ്ങളോട് ദയയോടെ പെരുമാറണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഇടയ്ക്ക് അദ്ദേഹം തന്‍റെ സമൂഹ മാധ്യമ പേജുകളിലൂടെ തന്‍റെ മൃഗസ്നേഹം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് അദ്ദേഹം ഒരു ഹോട്ടലിന്‍റെ മുന്നില്‍ സമാധാനത്തോടെ ഉറങ്ങുന്ന ഒരു തെരുവ് നായയുടെ ചിത്രം പങ്കുവച്ചത്. അദ്ദേഹത്തിന്‍റെ പേരിലുള്ള സമൂഹ മാധ്യമ പേജുകള്‍ മൃഗസ്നേഹത്തിന്‍റെ നിരവധി പോസ്റ്റുകള്‍ കാണാന്‍ പറ്റും.