ഹിറ്റ്‌ലറെ വിറപ്പിച്ച റസ്കോവയുടെ 'നിശാദുർമന്ത്രവാദിനികൾ', നാസികളെ ബോംബിട്ടു തകർത്ത റഷ്യൻ വനിതാ പൈലറ്റുകൾ

സ്ത്രീകൾ ഫൈറ്റർ പൈലറ്റുമാർ ആകുന്നതിനോട് ഒട്ടും യോജിപ്പില്ലാതിരുന്ന സൈന്യത്തിലെ പുരുഷന്മാർ കടുത്ത നിസ്സഹകരണത്തിലായിരുന്നു. വനിതാ സ്ക്വാഡ്രന് അനുവദിച്ച  ജാംബവാന്റെ കാലത്തെ വിമാനങ്ങൾ അറിയപ്പെട്ടിരുന്നത് 'ചിറകുള്ള ശവപ്പെട്ടികൾ' എന്നായിരുന്നു. 

Raskovas Night Witches the all women fighter pilot squadron that devastated Hitler and Nazis

ദുർമന്ത്രവാദിനികൾ പുറത്തിറങ്ങുക, നേരം പാതിര കഴിയുമ്പോഴാണ്. ചൂലിന്റെ മുകളിലേറി ആകാശസഞ്ചാരം നടത്തുന്ന ദുർമന്ത്രവാദിനികളും അവർ പ്രവർത്തിക്കുന്ന അത്ഭുതങ്ങളും നാടോടിക്കഥകളുടെ ഭാഗമാണ്. സോവിയറ്റ് യൂണിയന്റെ പെൺപോർവിമാനങ്ങൾ നാസികളുടെ തലയ്ക്കു മുകളിലൂടെ മിന്നിമായുമ്പോഴും, ദുർമന്ത്രവാദിനികൾ അവരുടെ ചൂലിന്മേൽ പറന്നുപോകുമ്പോൾ കേൾക്കുന്ന  'വ്റൂം...' എന്നൊരു മൂളക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം താഴെയുള്ള നാസികൾ കേട്ടിരുന്നത് സകലതും പൊട്ടിത്തെറിക്കുന്ന, തകർന്നടിയുന്ന, കത്തിയെരിയുന്ന ഒച്ചകളാണ്. ഇനി പറയാൻ പോവുന്നത് നാസികൾക്കുമേൽ ബോംബുകൾ വർഷിച്ച്, സോവിയറ്റ് റഷ്യയെ രണ്ടാം ലോകമഹായുദ്ധത്തിൽ വിജയശ്രീലാളിതരാകാൻ സഹായിച്ച ഒരു 'ആൾ വുമൺ' ഫ്ളയിങ് സ്ക്വാഡ്രനെപ്പറ്റിയാണ്. അവർ നേരിട്ട വിവേചനങ്ങളെക്കുറിച്ചാണ്. അവർ നേടിയ വിജയങ്ങളെക്കുറിച്ചാണ്. 

'588 -ാം നൈറ്റ് ബൊംബാർഡിയർ റെജിമെൻറ്' എന്നറിയപ്പെട്ടിരുന്ന ആ 'ലേഡീസ് ഒൺലി' ഫ്ളയിങ് സ്ക്വാഡ്രൺ ഇരുളിന്റെ മറവിൽ തങ്ങളുടെ കോംബാറ്റ് മിഷനുകൾക്കായി പറന്നുയർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അവർ 23,000 ടൺ ബോംബുകളാണ് നാസി കേന്ദ്രങ്ങളുടെമേൽ വർഷിച്ചത്.  സോവിയറ്റ് യൂണിയൻ അടങ്ങുന്ന സഖ്യസേന രണ്ടാം ലോകമഹായുദ്ധത്തിൽ വിജയം കാണാനുള്ള കാരണങ്ങളിൽ ഒന്ന് ജർമ്മൻ മണ്ണിൽ ഈ സ്ക്വാഡ്രൺ നടത്തിയ ആക്രമണങ്ങളായിരുന്നു. വളരെ കുറഞ്ഞ ഉയരത്തിൽ വിമാനങ്ങൾ പറത്തി, ചിറകിനടിയിൽ ബോംബും ഒളിപ്പിച്ചുകൊണ്ട്  വന്നെത്തിയിരുന്ന ഈ സ്ത്രീ പോരാളികളെ നാസികൾ ഭയപ്പെടാൻ തുടങ്ങി. ഈ പോർ വിമാനങ്ങളെ വെടിവെച്ചിട്ടാൽ ഉടൻ 'അയേൺ ക്രോസ്സ്' മെഡൽ കിട്ടും എന്ന അവസ്ഥയായി. നാസികൾ ഈ ആകാശപ്പോരാളികൾക്ക് ഒരു പേരിട്ടു, 'നിശാ ദുർമന്ത്രവാദിനികൾ'(Night Witches).

1941 -ൽ ഹിറ്റ്ലറുടെ ജർമനിയിൽ നിന്ന് സോവിയറ്റ് റഷ്യക്കുനേരെ  'ഓപ്പറേഷൻ ബാർബറോസ' (Operation Barbarossa) എന്നപേരിൽ ഒരു കടുത്ത ആക്രമണം ഉണ്ടായി. മോസ്കോ, ലെനിൻഗ്രാഡ് എന്നിവ ആക്രമണത്തിന്റെ നിഴലിൽ വന്നു. അതോടെ അന്നുവരെ ഇല്ലാതിരുന്ന ഒരു സമ്മർദ്ദം റഷ്യൻ സൈന്യത്തെ പ്രവേശിച്ചു. 

മറീന റസ്‌കോവ എന്ന 'സൂപ്പർ വുമൺ' 

'സോവിയറ്റ് യൂണിയനിലെ അമേലിയ ഇയർഹാർട്ട്' എന്നറിയപ്പെട്ടിരുന്ന മറീന റസ്കോവയുടെ സ്വപ്നമായിരുന്നു ആ 'ആൾ വുമൺ' ഫ്ളയിങ് സ്ക്വാഡ്രൺ. സോവിയറ്റ് റഷ്യയിലെ ആദ്യ വനിതാ വൈമാനികയായിരുന്നു മറീന. തന്റെ ദീർഘദൂര ആകാശയാനങ്ങളുടെ പേരിൽ വിശ്വപ്രസിദ്ധയുമായിരുന്നു അവർ. രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യക്കുവേണ്ടി പോരാടാൻ സന്നദ്ധത അറിയിച്ചുകൊണ്ട് നിരവധി റഷ്യൻ വനിതകൾ അന്ന് റസ്കോവയ്ക്ക് നിരന്തരം കത്തയക്കുന്നുണ്ടായിരുന്നു. പലരെയും മിലിട്ടറി നഴ്സുമാരായും, ഡോക്ടർമാരേയും മറ്റു സപ്പോർട്ട് റോളുകളിലും ഒക്കെ അന്ന് റിക്രൂട്ട് ചെയ്തിരുന്നു. എന്നാൽ, കഴിവും ആരോഗ്യവും തെളിഞ്ഞ പ്രജ്ഞയും ഒരുപോലുള്ള നിരവധി റഷ്യൻ വനിതകൾ ഫൈറ്റർ പൈലറ്റ് ആകണം എന്നുതന്നെ ആഗ്രഹിച്ചിരുന്നു. പലരുടെയും കാമുകന്മാരോ, സഹോദരന്മാരോ, അച്ഛനോ ഒക്കെ ആയിരുന്ന സോവിയറ്റ് ഫൈറ്റർ പൈലറ്റുമാർ യുദ്ധത്തിൽ മരിച്ചിട്ടുണ്ടായിരുന്നു. അല്ലെങ്കിൽ സ്വന്തം ഗ്രാമം, നഗരം ശത്രുക്കളുടെ ബോംബിങ്ങിൽ തകരുന്നത്, പാവം കുഞ്ഞുങ്ങൾ മരിച്ചു പോകുന്നത് ഒക്കെ നേരിൽ കണ്ടവരാണ്. അവരുടെ ഹൃദയങ്ങളിൽ പ്രതികാരജ്വാല എരിയുന്നത് കണ്ട റസ്കോവ 'ആൾ വുമൺ ഫ്ളയിങ് സ്ക്വാഡ്രൺ' എന്ന തന്റെ പ്രൊപ്പോസലുമായി അന്നത്തെ റഷ്യൻ സുപ്രീം ലീഡർ ആയിരുന്ന കോമ്രേഡ് ജോസഫ് സ്റ്റാലിനെ സമീപിച്ചു. 

റസ്കോവയുടെ ആവേശം കണ്ടപ്പോൾ സ്റ്റാലിൻ സമ്മതം മൂളി. 1941 ഒക്ടോബർ 8 -ന് സ്റ്റാലിൻ മൂന്ന് 'വിമൻസ് ഒൺലി' എയർ ഫോഴ്‌സ് യൂണിറ്റുകൾക്ക് അനുമതി നൽകി. എല്ലാത്തരത്തിലുള്ള ആകാശപ്പോരാട്ടങ്ങൾക്കും സ്ത്രീകളെക്കൂടി സജ്ജരാക്കാൻ സ്റ്റാലിൻ ഉത്തരവിട്ടതോടെ, നേരിട്ടുള്ള വ്യോമ പോരാട്ടങ്ങൾക്ക് സ്ത്രീകളെ നിയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായി സോവിയറ്റ് യൂണിയൻ മാറി. 
 

Raskovas Night Witches the all women fighter pilot squadron that devastated Hitler and Nazis
 

സ്റ്റാലിന്റെ അനുമതി കിട്ടിയതോടെ റസ്കോവ റിക്രൂട്ട്മെന്റ് തുടങ്ങി. രണ്ടായിരത്തിലധികം അപേക്ഷകൾ കിട്ടിയതിൽ നിന്ന് അവർ മൂന്നു യൂണിറ്റുകൾക്കായി നാനൂറുപേരെ വീതം തെരഞ്ഞെടുത്തു. പലരും 17 -നും 26 -നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥിനികളായിരുന്നു. സ്റ്റാലിൻഗ്രാഡിലെ ഏംഗൽസ് എന്ന സ്ഥലത്തായിരുന്നു അവർക്കുള്ള പരിശീലനം. ഈ കേന്ദ്രമാണ്  ഇന്ന് ഏംഗൽസ് സ്‌കൂൾ ഓഫ് ഏവിയേഷൻ എന്നറിയപ്പെടുന്ന വിഖ്യാതസ്ഥാപനം. സമയം ഒട്ടുമില്ലാതിരുന്നതിനാൽ വളരെ പെട്ടെന്നുതന്നെ അവർക്ക് എല്ലാം പഠിച്ചെടുക്കേണ്ടി വന്നു. മറ്റുള്ളവർ പഠിച്ചെടുത്തതിന്റെ മൂന്നിലൊന്നു സമയംകൊണ്ട്. പൈലറ്റ്, നാവിഗേറ്റർ, മെയിന്റനൻസ് എഞ്ചിനീയർ, ഗ്രൗണ്ട് ക്രൂ എന്നിങ്ങനെ എല്ലാ റോളുകളിലും അവർക്ക് പരിശീലനം നൽകപ്പെട്ടു. 

സ്ത്രീകളോടുള്ള വിവേചനം

'യുദ്ധം ചെയ്യാൻ കൊള്ളാത്തവരാണ് സ്ത്രീകൾ' എന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹമായിരുന്നു അന്നത്തേത്. തികഞ്ഞ പുരുഷാധിപത്യമുള്ള ഒരു മേഖലയായിരുന്നു ഫൈറ്റർ പൈലറ്റുമാരുടെ തൊഴിൽ. അവിടേക്ക് സ്ത്രീകളെ അടുപ്പിച്ചിരുന്നില്ല. ഒരു ഫൈറ്റർ ജെറ്റ് പൈലറ്റ് ആകാനുള്ള മാനസികമായ ദൃഢത സ്ത്രീകൾക്ക് ഇല്ല എന്നായിരുന്നു പരക്കെയുള്ള വിശ്വാസം. അതുകൊണ്ട് അവഗണന മുതൽ ലൈംഗികചൂഷണം വരെയുള്ള പ്രശ്നങ്ങൾ ആ പുതിയ പൈലറ്റുമാർ നേരിടാൻ സാധ്യതയുണ്ട് എന്ന് റസ്കോവ നേരത്തെ മനസ്സിലാക്കിയിരുന്നു. അതൊക്കെ മറികടക്കാൻ വേണ്ട 'ബിഹേവിയറൽ ട്രെയിനിങ്' വരെ കൊടുത്തുകൊണ്ടാണ് അവരെ ട്രെയിനിങ് പൂർത്തിയാക്കി യുദ്ധരംഗത്തേക്ക് വിട്ടത്.  

Raskovas Night Witches the all women fighter pilot squadron that devastated Hitler and Nazis

സ്ത്രീകൾ ഫൈറ്റർ പൈലറ്റുമാർ ആകുന്നതിനോട് ഒട്ടും യോജിപ്പില്ലാതിരുന്ന സൈന്യത്തിലെ പുരുഷന്മാർ കടുത്ത നിസ്സഹകരണത്തിലായിരുന്നു. അതവർ പ്രകടിപ്പിച്ചത് ഈ വനിതാ പൈലറ്റുമാരെ രണ്ടാംകിട ജീവനക്കാരായി കണക്കാക്കിയാണ്. ആ സ്ത്രീകൾക്ക് അവരുടെ അളവിലുള്ള യൂണിഫോമുകളോ ബൂട്ട്സുകളോ പോലും അനുവദിച്ചു കിട്ടിയിരുന്നില്ല. വലിപ്പക്കൂടുതലുള്ള ബൂട്ട്സുകൾക്കുള്ളിൽ ബെഡ്ഷീറ്റ് വെട്ടി ചുരുട്ടി വെച്ചാണ് അവർ ധരിച്ചിരുന്നത്.

അവർക്കനുവദിച്ച വിമാനങ്ങൾ ജാംബവാന്റെ കാലത്തേതായിരുന്നു. ആ 'പോളികാർപ്പോവ് പോ- II' (Polikarpov Po-2) വിമാനങ്ങൾ റഷ്യൻ എയർഫോഴ്സിൽ അറിയപ്പെട്ടിരുന്നത് 'ചിറകുള്ള ശവപ്പെട്ടികൾ' (Coffins  with  Wings) എന്നായിരുന്നു. ഈ ട്വിൻ സീറ്റർ, ഓപ്പൺ കോക്ക്പിറ്റ് ഡിസൈൻ വിമാനങ്ങൾ യുദ്ധത്തിനായി ഡിസൈൻ ചെയ്യപ്പെട്ടതേയല്ലായിരുന്നു. പ്ലൈവുഡ് ബോഡി, കാൻവാസ്‌  കൊണ്ടുണ്ടാക്കിയ വാതിലുകൾ എന്നിവ സോവിയറ്റ് യൂണിയനിലെ മരംകോച്ചുന്ന തണുപ്പിൽ നിന്ന് യാതൊരു സംരക്ഷണവും നൽകിയില്ല. അതുകൊണ്ടുതന്നെ നിരവധി പൈലറ്റുമാർക്ക് ഫ്രോസ്റ്റ് ബൈറ്റ് ഏറ്റു. വിമാനത്തിന്റെ പല ലോഹഭാഗങ്ങളും തണുത്തുറഞ്ഞ് തൊട്ടാൽ തന്നെ തൊലിയുരിഞ്ഞു പോകുന്ന പരുവത്തിന് ആകുമായിരുന്നു. വേണ്ടത്ര പാരച്യൂട്ടുകളോ, റഡാറുകളോ, തോക്കുകളോ, റേഡിയോകൾ പോലുമോ അവർക്ക് കിട്ടിയില്ല. പലരും സ്കെയിൽ, സ്റ്റോപ്പ് വാച്ച്, ഫ്ലാഷ് ലൈറ്റ്, പെൻസിൽ, ഭൂപടങ്ങൾ, വടക്കുനോക്കിയന്ത്രങ്ങൾ തുടങ്ങിയവയെ ആശ്രയിച്ചാണ് വിമാനം പറത്തിയിരുന്നത്.

 

Raskovas Night Witches the all women fighter pilot squadron that devastated Hitler and Nazis

 

എന്നാൽ, ആ പഴഞ്ചൻ വിമാനങ്ങൾക്ക് ഈ ദോഷങ്ങൾക്കൊപ്പം ഒരു ഗുണവും ഉണ്ടായിരുന്നു. അവരുടെ 'പരമാവധി വേഗം' നാസി പോർവിമാനങ്ങളുടെ 'സ്റ്റാൾ സ്പീഡി'നെക്കാൾ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഈ വിമാനങ്ങൾക്ക് വളഞ്ഞും പുളഞ്ഞുമൊക്കെ പോകുക അവയേക്കാൾ എളുപ്പമായിരുന്നു. അത് നാസിവിമാനങ്ങൾക്ക് ഇവയെ ലക്ഷ്യമിടുക ദുഷ്കരമായ പ്രവൃത്തിയാക്കി. എവിടെ നിന്നുവേണമെങ്കിലും എളുപ്പത്തിൽ ടേക്ക് ഓഫ് ചെയ്യാനും ഇവക്ക് സാധിച്ചിരുന്നു.  ഇവയുടെ ഏറ്റവും വലിയ ദോഷം, ഇതിന്റെ നേർക്കൊരു ആക്രമണം ഉണ്ടായാൽ, ഉയരം പെട്ടെന്ന് കുറച്ചു മാത്രമേ രക്ഷപ്പെടാൻ പറ്റുമായിരുന്നുള്ളൂ. അപ്പോൾ താഴെയുള്ള തോക്കുകളുടെ റേഞ്ചിലേക്ക് വന്നുവീഴും ഇവ, മാത്രവുമല്ല, ഒരിക്കൽ വല്ല വെടിയുണ്ടയും വന്നുകൊണ്ടാൽ, ഇതിന്റെ പ്ലൈവുഡ് ബോഡി പൂർണമായും കത്തി നശിക്കും. അതുകൊണ്ട് രാത്രിയിൽ ഇരുട്ടിന്റെ മറവിൽ മാത്രമേ ഇവയ്ക്ക് റെയ്ഡിന് പോകാൻ പറ്റുമായിരുന്നുള്ളൂ. 

1942 ജൂൺ 28 -ന് നാസി ഹെഡ് ക്വാർട്ടേഴ്സിന് മുകളിൽ തന്നെ ബോംബിട്ടുകൊണ്ടാണ് 'ദുർമന്ത്രവാദിനികൾ' തങ്ങളുടെ സ്ക്വാഡ്രന്റെ ഓപ്പറേഷൻ  ഉദ്‌ഘാടനം ചെയ്‌തത്‌. ഒരു സമയത്ത് രണ്ടു ബോംബുകൾ കൊണ്ടുപോകാനുള്ള ശേഷിയാണ് ഈ  പോളികാർപ്പോവ് പോ - II വിമാനങ്ങൾക്ക് ഉണ്ടായിരുന്നത്. ഓരോ ചിറകിനടിയിലും ഓരോ ബോംബുകൾ വീതം. ശത്രുക്കളുടെ കേന്ദ്രങ്ങൾ ആക്രമിക്കാൻ രാത്രിയിൽ ഒരു വിമാനത്തിൽ രണ്ടു പേർ വീതമുള്ള 40 ക്രൂവിനെയാണ് റഷ്യ അന്ന് നിയോഗിച്ചത്. ഒരു ക്രൂവിന് രാത്രിയിൽ പരമാവധി 18 സോർട്ടി വരെ പറക്കേണ്ടി വന്നിരുന്നു. അതിർത്തി കടന്നു ശത്രുരാജ്യത്തേക്ക് പ്രവേശിക്കുക, ബോംബിടുക, തിരികെ വരിക, വീണ്ടും അടുത്ത ബോംബുകൾ ഘടിപ്പിച്ച് പറന്നുയരുക, അതുതന്നെ ആവർത്തിക്കുക. ഇതായിരുന്നു രീതി. 

 

Raskovas Night Witches the all women fighter pilot squadron that devastated Hitler and Nazis

 

വളരെ ബുദ്ധിപൂർവമായ ഓപ്പറേഷനുകളായിരുന്നു. രണ്ടോ മൂന്നോ വിമാനങ്ങൾ ഒന്നിച്ചാണ് പോവുക. ആദ്യത്തെ വിമാനങ്ങൾ ഇരമ്പിച്ചെന്ന് ലക്ഷ്യസ്ഥാനങ്ങളുടെ ശ്രദ്ധയാകർഷിക്കും. അതോടെ താഴെ നിന്ന് ജർമൻ സൈനികർ അവരുടെ സ്പോട്ട് ലൈറ്റ് ആകാശത്തേക്ക് തിരിച്ച് നിരീക്ഷണം തുടങ്ങും. പിന്നാലെ വരുന്ന അവസാനത്തെ വിമാനമാണ് അക്രമി. എഞ്ചിനുകൾ ഐഡിൽ മോഡിൽ ഇട്ടുകൊണ്ട് ഏറ്റവും കുറഞ്ഞ ശബ്ദത്തോടെയാകും അതിന്റെ വരവ്. ബോംബിട്ടു പോകുന്ന വിവരം ഒരാളും അറിയുകപോലുമില്ല. ദുർമന്ത്രവാദിനികളുടെ ചൂലിന്മേലുള്ള പ്രയാണം ഉണ്ടാക്കുന്ന 'വ്റൂം...' എന്ന ആ മൂളക്കം മാത്രം 

ഓരോ വനിതാ പൈലറ്റിനും പന്ത്രണ്ടു കല്പനകൾ നല്കപ്പെട്ടിരുന്നു. അതിൽ ആദ്യത്തേത് ഇപ്രകാരമായിരുന്നു, "ഒരു സ്ത്രീയാണ് എന്നതിൽ അഭിമാനം കൊള്ളുക". നാസികളെ കൊന്നുതള്ളുക എന്നതായിരുന്നു അവരുടെ ജീവിത നിയോഗം. അതവർ വളരെ കാര്യക്ഷമമായി ചെയ്തു. റസ്കോവയുടെ യക്ഷികളുടെ അവസാന പറക്കൽ 1945 മെയ് 4 -നായിരുന്നു. ആ ബോംബാക്രമണത്തിന് മൂന്നാം നാൾ ജർമനി ഔപചാരികമായി കീഴടങ്ങി. യുദ്ധം അവസാനിച്ചു. 

നാസികൾ ഈ ദുർമന്ത്രവാദിനികളുടെ വിജയത്തിന് കാരണമായി പറയുന്ന രണ്ടു തിയറികളുണ്ട്. ഒന്ന്, അവർ ജർമനിയിലെ ഏറ്റവും വലിയ സ്ത്രീ ക്രിമിനലുകളെ പിടിച്ച് പരിശീലനം നൽകി, ശിക്ഷയെന്നോണം ചാവേർ പൈലറ്റുകൾ ആക്കിയതാണ്. രണ്ട്, രാത്രിയിൽ കണ്ണുകാണാൻ വേണ്ടി അവർക്ക് വിശേഷപ്പെട്ട ഏതോ മരുന്ന് കുത്തിവെച്ചിട്ടുണ്ട്.

Raskovas Night Witches the all women fighter pilot squadron that devastated Hitler and Nazis

'മരണാനന്തരം ഹീറോ ഓഫ് സോവിയറ്റ് യൂണിയൻ മെഡൽ കിട്ടിയ നതാലിയ മെക്ക്‌ലിൻ എന്ന പത്തൊമ്പതുകാരി ഫൈറ്റർ പൈലറ്റ്'

രഹസ്യം എന്തുമാട്ടെ, ലോകത്തിലെ ആദ്യത്തെ വനിതാ ഫൈറ്റർ പൈലറ്റ് സ്ക്വാഡ്രൺ ആയ 'റസ്കോവയുടെ ദുർമന്ത്രവാദിനികൾ' ആകെ നടത്തിയത് 30,000 മിഷനുകളാണ്. അതായത് ഒരു വനിതാ പൈലറ്റ് ചുരുങ്ങിയത് 800 തവണയെങ്കിലും തന്റെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് പറന്നുയർന്നിട്ടുണ്ട് എന്നർത്ഥം. 30 പൈലറ്റുമാർക്ക് ഈ മിഷനുകൾക്കിടയിൽ ജീവൻ നഷ്ടമായി. അതിൽ 24 പേർക്ക് 'ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയൻ' കിട്ടി. അതിലൊരാൾ മറീനാ റസ്‌കോവ ആയിരുന്നു. 1943 ജനുവരി 4 -ന് തന്റെ മിഷന് വേണ്ടി ടേക്ക് ഓഫ് ചെയ്ത റസ്‌കോവയ്ക്ക് ജീവനോടെ തിരിച്ചിറങ്ങാനായില്ല. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപാടെ നടന്ന ആദ്യത്തെ സ്റ്റേറ്റ് ഫ്യൂണറൽ അവരുടേതായിരുന്നു. അവരുടെ ചിതാഭസ്മം ഇന്നും ക്രെംലിനിൽ അന്ത്യവിശ്രമം കൊള്ളുന്നു. 

ഇത്രമേൽ വിജയകരമായി പോരാടിയിട്ടും രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ആറുമാസത്തിനകം പിരിച്ചുവിടപ്പെടാനായിരുന്നു ഈ സ്ക്വാഡ്രന്റെ യോഗം. ആദ്യത്തെ വിക്ടറി ഡേ പരേഡ് വന്നപ്പോഴും അവരെ പങ്കടുപ്പിച്ചില്ല. ജന്മനാടിനുവേണ്ടി ജീവൻ പോലും ത്യജിക്കാൻ തയ്യാറായി പോരാടിയ ആ ധീരവനിതകളോട് സോവിയറ്റ് യൂണിയൻ ചെയ്ത പൊറുക്കാനാവാത്ത നന്ദികേടായി അത് ചരിത്രത്തിൽ എന്നും നിലനിൽക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios