അപ്രതീക്ഷിതമായി കണ്ടെത്തിയത് അപൂർവ നാണയങ്ങൾ, ജീവിതത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന കണ്ടെത്തൽ?
ഈ നാണയങ്ങളുണ്ടായിരുന്ന കാലത്ത് സാധനങ്ങള്‍ വില്‍ക്കാനോ വാങ്ങാനോ വേണ്ടി ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ തന്നെ സമ്പത്തിന്‍റെ അതിര്‍ത്തി നിശ്ചയിക്കാനും ദൈവങ്ങള്‍ക്കുള്ള വഴിപാടായിട്ടുമായിരിക്കാം ഇവ ഉപയോഗിച്ചിരിക്കുക എന്ന് കരുതുന്നു.
പടിഞ്ഞാറൻ ലണ്ടനിലെ എച്ച്എസ് 2 റൂട്ട് ഖനനത്തിനിടെ നൂറുകണക്കിന് അപൂർവമായ നാണയങ്ങൾ കണ്ടെത്തി. നാണയങ്ങളുടെ പഴയ പതിപ്പായ 300 പോട്ടിനുകളാണ് ഹില്ലിംഗ്ഡണില്‍ കണ്ടെത്തിയത്. ബിസി ഒന്നാം നൂറ്റാണ്ടിലെയാണ് ഇത് എന്നാണ് ആര്‍ക്കിയോളജിസ്റ്റുകളുടെ വിലയിരുത്തല്‍. റോമാക്കാർ ബ്രിട്ടനിൽ ആധിപത്യം സ്ഥാപിച്ച് തുടങ്ങിയ സമയമായിരുന്നു ഇത്.
ജീവിതത്തില്‍ ഒറ്റത്തവണ മാത്രം സംഭവിക്കാവുന്ന കണ്ടെത്തലെന്നാണ് ഈ കണ്ടെത്തലിനെ വിശേഷിപ്പിച്ചത്. ഓരോ പോട്ടിനുകളും ഏകദേശം 3cm (1.2 in) വ്യാസമുള്ളവയാണ്. ഏകദേശം 2,175 വർഷം മുമ്പ് ഫ്രാൻസിലെ മാർസെയിലിൽ അടിച്ച നാണയങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ് ഇവ. ഒരു വശത്ത് ഗ്രീക്ക് ദേവനായ അപ്പോളോയുടെ മുഖത്തിന്‍റെ ഭംഗിയുള്ള ചിത്രമാണുള്ളത്.
ഖനനം അവസാനിപ്പിക്കാനൊരുങ്ങവെയാണ് സംഘം ഈ പ്രധാന കണ്ടെത്തല്‍ നടത്തിയത്. വലിയൊരു കാറ്റിനെ തുടര്‍ന്ന് മണ്ണ് ഇളകിയപ്പോഴാണ് അതിന്‍റെ വ്യത്യസ്തമായ നിറം സംഘത്തിലുണ്ടായിരുന്നവരുടെ കണ്ണില്‍ പെട്ടത്. തുടര്‍ന്ന് നടന്ന തെരച്ചിലിലായിരുന്നു ഈ അതിപ്രധാനമായ കണ്ടെത്തല്‍. തുടര്‍ന്ന് എച്ച്എസ് 2 -വിന്റെ പ്രധാന കരാറുകാരായ സ്കാൻസ്ക, കോസ്റ്റെയ്ൻ, സ്ട്രാബാഗ് എന്നിവയുടെ ഹിസ്റ്റോറിക് ആൻഡ് എൻവയോൺമെന്റ് ലീഡ് എമ്മ ടെട്ട്ലോവ് ഇതിനെ 'ജീവിതത്തിലൊരിക്കല്‍ മാത്രം നടക്കുന്ന കണ്ടെത്ത'ലെന്ന് വിശേഷിപ്പിച്ചു. 'ഹില്ലിംഗ്ഡൺ ഹോർഡ്' എന്ന് പേരിട്ടിരിക്കുന്ന പോട്ടിനുകൾ വൃത്തിയാക്കാനും സംരക്ഷിക്കാനും വേണ്ടി ബർമിംഗ്ഹാം മ്യൂസിയം ആന്‍ഡ് ആർട്ട് ഗ്യാലറിയിലേക്ക് കൊണ്ടുപോവും.
ഈ നാണയങ്ങളുണ്ടായിരുന്ന കാലത്ത് സാധനങ്ങള്‍ വില്‍ക്കാനോ വാങ്ങാനോ വേണ്ടി ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ തന്നെ സമ്പത്തിന്‍റെ അതിര്‍ത്തി നിശ്ചയിക്കാനും ദൈവങ്ങള്‍ക്കുള്ള വഴിപാടായിട്ടുമായിരിക്കാം ഇവ ഉപയോഗിച്ചിരിക്കുക എന്ന് കരുതുന്നു. അതുപോലെ തന്നെ എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുന്ന അടിയന്തിര സാഹചര്യത്തിലുപയോഗിക്കാന്‍ എവിടെയെങ്കിലും കുഴിച്ചിട്ടിരുന്നതായിരിക്കാം എന്നും കരുതുന്നു.
നേരത്തെയും ഇത്തരം പോട്ടിനുകള്‍ കണ്ടെത്തിയിരുന്നുവെങ്കിലും അവ വളരെ ചെറുതായിരുന്നു എന്നതാണ് ഈ കണ്ടെത്തലിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. നാണയത്തിന്‍റെ മൂല്യം ഇനിയും കണക്കാക്കിയിട്ടില്ല.