ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍
ഈയിടെ വിടപറഞ്ഞത് ദലിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ മലയാളി
ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു മുറിപ്പാടായി ജാതിവ്യവസ്ഥ ഇന്നും നിലനില്‍ക്കുന്നു. സമത്വത്തിനു ഊന്നല്‍ നല്‍കുന്ന നിയമങ്ങളും പുരോഗമന ചിന്താധാരകളും ഇന്ത്യയിലെ ജാതിവ്യവസ്ഥയെ അടിച്ചമര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ജാതി ഇന്ത്യന്‍ ജീവിതങ്ങള്‍ നിര്‍ണയിക്കുന്ന ഘടകമാണ്. പുതിയ കാലത്ത് ജാതീയമായ വേര്‍തിരിവുകള്‍ ശക്മായി തിരിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇൗ പശ്ചാത്തലത്തിലാണ് ഈയടുത്ത് നിര്യാതനായ മലയാളി ഐ ഐ എസ് ഉദ്യോഗസ്ഥന്‍ പി.എസ് കൃഷ്ണന്റെ ജാതിരിവിരുദ്ധ പോരാട്ടം ഐതിഹാസികമാവുന്നത്. തിരുവനന്തപുരം സ്വദേശിയായ പി എസ് കൃഷ്ണന്‍ ജാതിയുടെയും നിറത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കുന്ന ഒരു സമൂഹത്തിനായി പോരാടിയ മഹത് വ്യക്തികളുടെ പട്ടികയില്‍ മുന്‍നിരയിലാണ്. ജീവിതത്തിന്റെ ഏറിയ പങ്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കിടയില്‍ ചിലവഴിച്ച അദ്ദേഹത്തിന്റെ സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടം ഒരുപാടു പേരുടെ ജീവിതത്തിന് വെളിച്ചം പകര്‍ന്നിട്ടുണ്ട്.
1957 ബാച്ച് ഐ.എ.എസ് ആന്ധ്രാപ്രദേശ് കേഡര്‍ ഉദ്യോഗസ്ഥനായ കൃഷ്ണന്‍ ആന്ധ്രാ പ്രദേശില്‍ കലക്ടറായി ഔദ്യോഗിക ജീവിതം തുടങ്ങിയപ്പോള്‍ തന്നെ ദലിത് കോളനികളിലും ആദിവാസി ഗ്രാമങ്ങളിലും പിന്നാക്കക്കാരുടെ ചേരികളിലും താമസിച്ച് പ്രവര്‍ത്തിച്ചു. ബ്രാഹ്മണ സമുദായാംഗമായ കൃഷ്ണന്റെ നടപടി മേലധികാരികളുടെ വിമര്‍ശനത്തിനും ഇടയാക്കി. ആന്ധ്രയില്‍ ഭൂരഹിതര്‍ക്കും വീടില്ലാത്തവര്‍ക്കും ഭൂമി ലഭ്യമാക്കുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട കൃഷ്ണന്‍ പിന്നീട് ഡല്‍ഹിയില്‍ കേന്ദ്ര സെക്രട്ടറിയായി നിയമിതനായപ്പോഴും അതു തുടര്‍ന്നു.
1990ല്‍ ക്ഷേമ മന്ത്രാലയത്തിലെ സെക്രട്ടറിയായിരിക്കെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം ലക്ഷ്യമിട്ട മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രചോദിപ്പിച്ചതാണ് അദ്ദേഹത്തിന്റെ മുഖ്യ സംഭാവന. റിപ്പോര്‍ട്ടിനെ സുപ്രീംകോടതിയില്‍ വിജയകരമായി പ്രതിരോധിക്കാന്‍ അദ്ദേഹം സര്‍ക്കാരിനെ സഹായിച്ചു. പട്ടികജാത പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള ദേശീയ കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്ന ഭരണഘടനാ ഭേദഗതി നിയമം, ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതര്‍ക്ക് പട്ടികജാതി പദവി നല്‍കുന്ന നിയമം, 1989ലെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമം, അതില്‍ 2015 ല്‍ കൊണ്ടുവന്ന ഭേദഗതികള്‍, തോട്ടിപ്പണിയിലേര്‍പ്പെട്ടവരുടെ ക്ഷേമത്തിനു വേണ്ടിയുള്ള നിയമം, ഭേദഗതികള്‍ എന്നിവ യാഥാര്‍ത്ഥ്യമാക്കാനും അദ്ദേഹം പ്രയത്നിച്ചു. പട്ടികജാതിക്കാര്‍ക്കുവേണ്ടിയുള്ള സസ്പെന്‍ഷന്‍ കോംപണന്റ് പ്ലാന്‍ (1978), സംസ്ഥാനങ്ങളില്‍ പട്ടികജാതി വിഭാഗങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രസഹായം, പട്ടികജാതി കോര്‍പറേഷനുകള്‍ രൂപീകരിക്കാനും നടപ്പിലാക്കാനുമുള്ള കേന്ദ്ര സഹായം എന്നിവയും അദ്ദേഹത്തിന്റെ സംഭാവനകളാണ്. പട്ടികജാതി, പട്ടികവര്‍ഗ, ഇതര പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കുന്നത് സംബന്ധിച്ച നിയമം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ 2006 ല്‍ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സഹായം തേടി.
ജാതി കേന്ദ്രീകൃതമായ അസമത്വങ്ങള്‍ നീക്കം ചെയ്യുന്നതിനായി കൃഷ്ണന്‍ പ്രതിബദ്ധനായിരുന്നു. കരമനയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച കൃഷ്ണന്‍ ഡോ. ബി ആര്‍ അംബേദ്കറുടെ പുരോഗമന രാഷ്ട്രീയത്തിലും പെരിയാര്‍, അയ്യങ്കാളി, ശ്രീനാരായണ ഗുരു തുടങ്ങിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളിലും ആകൃഷ്ടനായി.
''ബാബാസാഹേബ് അംബേദ്കര്‍ പറഞ്ഞതിനെക്കുറിച്ച് ഒരു ദിനപത്രത്തില്‍ വായിച്ച റിപ്പോര്‍ട്ടാണ് എന്റെ ജീവിതത്തിന്റെ വഴിത്തിരിവായത്. ഓരോ ഏഴു ഇന്ത്യക്കാരിലും ഒരാള്‍ തൊട്ടുകൂടാത്തവരാണെന്ന്. ഒരു 11 വയസുകാരനെന്ന നിലയില്‍, 'തൊട്ടുകൂടാത്തവന്‍' എന്നതുകൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ വിചാരിച്ചു, എങ്ങനെ തൊട്ടുകൂടാത്തവരാകും? റിപ്പോര്‍ട്ട് വായിച്ച ദിവസം ഞാന്‍ അച്ഛനോട് ചോദിച്ചു, 'ഏഴ് ഇന്ത്യക്കാരില്‍ ഒരാള്‍ തൊട്ടുകൂടാത്തവനാണെന്ന് അംബേദ്കര്‍ പറയുന്നത് എന്തുകൊണ്ടാണ്?' ഇന്ത്യയിലെ തൊട്ടുകൂടാത്തവരുടെ അവസ്ഥയെക്കുറിച്ച് എന്റെ പിതാവ് വളരെ സത്യസന്ധമായി വിശദീകരിച്ചു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, 'ഇത് അന്യായമല്ലേ?' അദ്ദേഹം പറഞ്ഞു, 'അതെ,''. -കൃഷ്ണന്‍ 2016 ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
1950 കളില്‍ ആന്ധ്രാപ്രദേശിലെ ഗ്രാമങ്ങളില്‍ അദ്ദേഹം തന്റെ സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടം ആരംഭിച്ചു. ഭൂമിയില്ലാത്തവര്‍ക്കും ഭവനരഹിതര്‍ക്കും കാര്‍ഷിക ഭൂമിയും ഭവനവും വിതരണം ചെയ്യുന്നതിനായി സംസ്ഥാന പിന്തുണയോടുകൂടി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനായി. ''അന്തസ്സ്, സുരക്ഷ, തൊട്ടുകൂടായ്മയ്ക്കുള്ള പ്രതിരോധം എന്നിവയ്ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം അനിവാര്യമാണ്, വിദ്യാഭ്യാസവും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നു . അവര്‍ക്കു ജലസേചന ഭൂമി ഉണ്ടെങ്കില്‍, അവരുടെ കുട്ടികളെ പഠിപ്പിക്കാനാകും. അത് ഇല്ലാത്ത സാഹചര്യത്തില്‍, കുടുംബം നിലനിര്‍ത്താന്‍ കുട്ടികള്‍ക്കു ബാലവേല ചെയ്യേണ്ടി വരും. പക്ഷേ, ജലസേചന ഭൂമിയിലൂടെ കുറച്ച് വരുമാനം ലഭിച്ചാല്‍, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ അവസരമുണ്ടാകും, ''കൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
അങ്ങനെ അദ്ദേഹത്തിന്റെ ദീര്‍ഘകാലമായുള്ള അദ്ധ്വാനം കേന്ദ്രത്തില്‍ ഫലം കണ്ടു. ഭരണഘടനയുടെ 65-ാം ഭേദഗതി പോലുള്ള സുപ്രധാന നിയമനിര്‍മ്മാണം നടത്താന്‍ അത് പ്രേരകമായി. തുടര്‍ന്ന്, 1992 ല്‍ ഭരണഘടനാപരമായ ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ രൂപീകരിക്കുപ്പെട്ടു. പട്ടികജാതി പട്ടികയില്‍ ദലിത് ബുദ്ധമതക്കാര്‍ക്ക് ഇടം നേടുന്നതിലും അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചു.
ജാതിവ്യവസ്ഥക്കെതിരെ കര്‍മധീരനായി പോരാടിയ അദ്ദേഹം 86 -ാം വയസ്സില്‍ ദില്ലിയില്‍ നിര്യാതനായി. അവഗണിക്കപ്പെട്ടവരുടെ പ്രതീക്ഷയും പ്രകാശവുമായി അദ്ദേഹം ഇന്നും ജനമനസുകളില്‍ നിലകൊള്ളുന്നു.