വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി വേണം, മുഖ്യമന്ത്രി, ഞങ്ങള്‍ക്ക് ജീവിക്കണം; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ
- വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
- അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് പൊലീസിനെതിരെ ആരോപണം.
തിരുവനന്തപുരം: മക്കളുടെ വിദ്യാഭ്യാസം, ഭാവി, വിവാഹം... അങ്ങനെ ഒരുപിടി സ്വപ്നങ്ങളാണ് വാളയാറിലെ അട്ടപ്പള്ളത്തെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി കുടിലില്‍ ഒമ്പതും പതിമൂന്നും വയസ്സ് മാത്രം പ്രായമുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങളെ തനിച്ചാക്കി കൂലിപ്പണിക്ക് പോകുമ്പോള്‍ ആ അച്ഛന്‍റെയും അമ്മയുടെയും മനസ്സില്‍ ഉണ്ടായിരുന്നത്. എന്നാല്‍, തങ്ങളുടെ പെണ്‍മക്കള്‍ ജീവിക്കുന്ന സമൂഹം, ആര്‍ക്കും എളുപ്പത്തില്‍ അകത്ത് കയറാന്‍ കഴിയുന്ന ഓലമേഞ്ഞ കുടിലിനെക്കാള്‍ സുരക്ഷിതത്വമില്ലാത്തതാണെന്ന് മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല.
അത് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ വയറു വിശക്കുമ്പോള്‍ മുണ്ടു മുറുക്കിയുടുത്താണെങ്കില്‍ പോലും മക്കളുടെ ശരീരം ലക്ഷ്യമിടുന്ന കാമവെറി പിടിച്ചവരെ തടയാന്‍ അവര്‍ കുടിലില്‍ കാവലിരിക്കുമായിരുന്നു. ദിവസങ്ങളുടെ ഇടവേളയില്‍ മക്കളുടെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ അലറിക്കരഞ്ഞ അമ്മ ഇന്ന് കണ്ണീരൊഴുക്കുന്നത് സത്യത്തിന് നേര്‍ക്ക് കണ്ണടയ്ക്കുന്ന നിയമപാലകര്‍ക്ക് മുമ്പിലാണ്. സ്വാധീനം കയ്യാളുന്ന മുഷ്ടികളെ ഭയന്ന് നീതി ദേവതയുടെ കണ്ണ് കെട്ടുമ്പോള്‍ തുലാസില്‍ ആടുന്നത് ജനാധിപത്യത്തിന്‍റെ അന്തസത്തയാണ്. കളങ്കപ്പെടുന്നത് സംരക്ഷണം ലഭിക്കും എന്ന് നാം ഉറച്ച് വിശ്വസിക്കുന്ന നിയമവ്യവസ്ഥിതിയുടെ വിശ്വാസ്യതയും.
അവര്‍ക്ക് നീതി വേണം, പ്രതിഷേധം ശക്തമാകുന്നു
ദളിത് പെണ്‍കുട്ടികളായ സഹോദരിമാരുടെ മരണത്തില്‍ പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതിഷേധം ശക്തമാകുകയാണ്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് പൊലീസിനെയും പട്ടികജാതി പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനെയും രൂക്ഷമായി വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി ഞങ്ങള്‍ക്ക് ജീവിക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്ററുകളുമായി ജീവിക്കാനുള്ള അവകാശത്തിനായി രംഗത്തെത്തിയിരിക്കുകയാണ് സമൂഹം.
സമൂഹം 'തൂക്കിക്കൊലപ്പെടുത്തിയ' രണ്ട് പെണ്‍കുട്ടികള്‍
2017 ജനുവരി 13 -നാണ് ദളിത് സഹോദരിമാരില്‍ മൂത്ത കുട്ടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുട്ടി പീഡനത്തിരയായെന്നും അമ്മ മൊഴി നല്‍കി. എന്നാല്‍, അത് അവഗണിച്ച പൊലീസ് അസ്വാഭാവിക മരണത്തിന് മാത്രമായി കേസ് രജിസ്റ്റര്‍ ചെയ്തതു. കുട്ടി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയയായിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന, കൂടുതല്‍ പരിശോധന വേണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസ് അവഗണിച്ചു.
കുട്ടിയുടെ മരണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അറിയിച്ചിരുന്നില്ല. സബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ഇന്‍ക്വസ്റ്റും പോസ്റ്റ്‍മോര്‍ട്ടവും ചെയ്യേണ്ടിയിരുന്നത്. ഫോറന്‍സിക് പരിശോധനയും നടത്തേണ്ടതായിരുന്നു. നിയമപ്രകാരം വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇതൊന്നും തന്നെ ഈ കേസില്‍ നടന്നിട്ടില്ല. പോസ്റ്റ്‍മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നല്‍കിയ മൊഴിയിലും പീഡനം നടന്നതായി പറയുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും പൊലീസ് അന്വേഷണം നടത്തിയില്ല. പ്രതിയെന്ന് സംശയിച്ചയാളെ ചോദ്യം ചെയ്ത് വിട്ടയക്കുക മാത്രമാണ് മരണം നടന്ന് 50 ദിവസം പിന്നിട്ടപ്പോഴും പൊലീസ് ആകെ ചെയ്തത്.
മാര്‍ച്ച് നാലിന് സമാന സാഹചര്യത്തില്‍ ഇളയ കുട്ടിയെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടി നിരന്തരം പീഡിപ്പിപ്പെടുകയും പ്രകൃതി വിരുദ്ധ പീഡനവും ഉണ്ടായിട്ടുണ്ടെന്നും പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തോടെ കേസ് അസ്വാഭാവിക മരണത്തില്‍ നിന്നും ദുരൂഹ മരണത്തിലേക്ക് ഗതിമാറ്റപ്പെട്ടു.
ക്രൂരതയെ കടലാസില്‍ ഒതുക്കാന്‍ ശ്രമിച്ചപ്പോള്‍
ഇളയ കുട്ടിയുടെ മരണത്തോടെ രണ്ട് മരണങ്ങളിലും അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. തുടര്‍ന്ന് ആദ്യ മരണത്തില്‍ കേസെടുക്കാന്‍ അലംഭാവം കാണിച്ച എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ പെണ്‍കുട്ടികളുടെ അച്ഛന്‍റെ സുഹൃത്തായ ഷിബു, ബന്ധുക്കളായ വി മധു , എം മധു എന്നിവരും അയല്‍വാസിയായ ട്യൂഷന്‍ അധ്യാപകന്‍ പ്രദീപ് എന്നിവര്‍ക്ക് പുറമെ പ്രായപൂര്‍ത്തിയാകാത്ത അയല്‍വാസിയായ 17 -കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി പ്രദീപ്കുമാറിനെ തെളിവില്ലെന്ന് കണ്ട് വിചാരണ കോടതി വെറുതെ വിട്ടു. കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ രാജേഷിനെ വിചാരണ വേളയിൽ തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാനാക്കി. ഇത് വലിയ പ്രതിഷേധങ്ങളാണ് അന്നുണ്ടാക്കിയത്.
തെളിവുകളുടെ അഭാവം, നീതിയുടെ നിഷേധം
കേരളത്തിന്‍റെ മനസ്സാക്ഷിയെ ഞെട്ടിച്ച വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെ ഒക്ടോബർ 25 -ന് പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടു. പ്രായപൂർത്തിയാവാത്ത ഒരാളടക്കം കേസിൽ അഞ്ച് പ്രതികൾ ഉണ്ടായിരുന്നു. പെൺകുട്ടികൾ പീഡനത്തിനിരയായെന്നു കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് എന്ന് തെളിയിക്കുന്നതിൽ അന്വേഷണസംഘത്തിന് വീഴ്ച പറ്റി എന്ന് കോടതി നിരീക്ഷിച്ചു. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. രണ്ട് സാക്ഷികള്‍ കേസില്‍ നിന്ന് കൂറുമാറി. ഇതോടെ പൊലീസിന്‍റെ കുറ്റപത്രം പൊളിയുകയായിരുന്നു.
അമ്മയ്ക്ക് പറയാനുള്ളത്...
മാധ്യമപ്രവര്‍ത്തകര്‍ വന്നു ചോദിച്ചപ്പോള്‍ മാത്രമാണ് കേസിലെ പ്രതികളെ വെറുതെ വിട്ട കാര്യം താനറിയുന്നത് എന്നാണ് മരിച്ച പെണ്‍കുട്ടികളുടെ അമ്മ പറയുന്നത്. കേസിലെ പ്രതിയായ അടുത്ത ബന്ധു മധു കുട്ടികളെ ശല്യപ്പെടുത്തിയിരുന്ന കാര്യം പൊലീസിനെയും കോടതിയെയും അറിയിച്ചിരുന്നു എന്ന കാര്യം അവര്‍ തറപ്പിച്ച് പറയുന്നു. എല്ലാം ഞങ്ങള്‍ നോക്കിക്കോളാം എന്നാണ് കേസ് അന്വേഷിക്കാന്‍ രണ്ടാമത് നിയോഗിക്കപ്പെട്ട സംഘത്തിലെ ഉദ്യോഗസ്ഥര്‍ അവരോട് പറഞ്ഞത്. തെളിവുകളുടെ അഭാവത്തില്‍ പ്രതികള്‍ മോചിതരാകുമ്പോള്‍ ഈ അമ്മയിനി ആര്‍ക്ക് മുമ്പിലാണ് കരഞ്ഞപേക്ഷിക്കേണ്ടത്. എങ്ങനെയാണ് ഈ സമൂഹത്തില്‍ പോരാടേണ്ടത്? ചോദ്യങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കണ്ണീരോടെ അവര്‍ ഒന്നു മാത്രം പറഞ്ഞു, ഞങ്ങളെപ്പോലെ പാവപ്പെട്ടവരുടെ മക്കളെ ആരെന്ത് ചെയ്താലും ഇവിടെ ഒന്നും നടക്കില്ല. ആരും ചോദിക്കാനില്ല, ആരും പിന്തുണയ്ക്കാനും ഇല്ല.
വിധിക്കെതിരെ അപ്പീല്‍
പ്രതികളെ വിട്ടയച്ച പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് ശക്തമായ ആവശ്യം ഉയരുകയാണ്. വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ പോകുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു. വിധിപ്പകർപ്പ് ലഭിച്ചാൽ അത് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെങ്കിൽ അത് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.സംഭവത്തിൽ അപ്പീൽ പോകുമെന്ന് പൊലീസും പറഞ്ഞു. ഇത് സംബന്ധിച്ച് നിയമോപദേശം കിട്ടിയതായി തൃശ്ശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ അറിയിച്ചു.
'ജസ്റ്റിസ് ഫോര്‍' എന്ന പോസ്റ്ററില്‍ ഇനിയും പേരുകള്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ നമുക്ക് പ്രതികരിച്ചേ മതിയാവൂ. പാവപ്പെട്ടവനാണെങ്കില്‍, ദളിതനാണെങ്കില്‍ തല്ലിക്കൊന്നാലും ചോദിക്കാന്‍ ആരും വരില്ലെന്ന് സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ച പൊതുബോധത്തിനെതിരെ പ്രതികരിക്കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ സാമൂഹിക ജീവികള്‍ എന്നല്ല മനുഷ്യര്‍ എന്ന വിശേഷണത്തിന് പോലും അര്‍ഹരല്ലാത്തവരായി മാറും നാം.