ഇവിടെ ഗര്‍ഭിണികള്‍ പ്രസവിക്കില്ല, മരിക്കുന്നത് 'നിയമവിരുദ്ധവും'; എന്നാല്‍, ടൂറിസ്റ്റുകള്‍ക്ക് സുസ്വാഗതം !
അതിമനോഹരമായ നോര്‍ത്തേണ്‍ ലൈറ്റുകള്‍ക്ക് പേരു കേട്ട പ്രദേശം. എന്നാല്‍, മരിക്കുന്നതിനും ജനിക്കുന്നതിനും അനുമതിയില്ല. ലോകത്തിലെ വിചിത്രമായ നിയന്ത്രണങ്ങളുള്ള പ്രദേശത്തെ കുറിച്ച് അറിയാം.
സ്വാൽബാർഡിലെ നോർവീജിയൻ ദ്വീപസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന വിദൂര പട്ടണമായ ലോംഗ് ഇയർബൈൻ, നോർത്തേൺ ലൈറ്റുകളുടെ അത്യപൂര്‍വ്വ കാഴ്ചകള്‍ക്ക് പേര് കേട്ട ഇടമാണ്. ഈ അത്യപൂര്‍വ്വ കാഴ്ചകാണാനായി നിരവധി സഞ്ചാരികളും ഇവിടെ എത്തുന്നു. എന്നാല്‍, അതിനുമുപ്പുറത്ത് ഈ സ്ഥലത്തിന് വേറെ ചില പ്രത്യേകതകളുണ്ട്. പ്രദേശത്ത് നിങ്ങളൊരു യാത്ര പോവുകയാണെങ്കില്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഇവിടെ വച്ച് മരിക്കരുതെന്നതാണ്. കാരണം അത് നിയമവിരുദ്ധമാണെന്നത് തന്നെ. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. നോർവേ മെയിൻലാന്‍റിനും ഉത്തരധ്രുവത്തിനും ഇടയിലുള്ള ഏകദേശം പകുതിയോളം പ്രദേശത്ത് മരിക്കുന്നത് നിയമവിരുദ്ധമാണ്. ലോംഗ് ഇയർബൈനില്‍ ഇത്തരമൊരു വിചിത്രവും അസാധാരണവുമായ നിയമം ചുമത്തിയതെന്തിനെന്ന് നിങ്ങള്‍ക്ക് ആശ്ചര്യം തോന്നാം.
മരണം നിയമവിരുദ്ധമായതിന്‍റെ കാരണം പക്ഷേ, വളരെ ലളിതമാണ്. സ്വാൽബാർഡിലെ ശരാശരി താപനില -13 മുതൽ -20°C വരെയാണ്. അതായത് ലോങ്‌ഇയർബൈനും വളരെ തണുപ്പുള്ള പ്രദേശമാണെന്നത് തന്നെ. ഇത്രയും കഠിനമായ തണുപ്പില്‍ മൃതദേഹങ്ങള്‍ അഴുകാന്‍ പ്രയാസമാണ്. ഇത് മനുഷ്യ ശരീരത്തിലെ വൈറസുകളെ കാലങ്ങളോളം നശിക്കാതെ നിലനിര്‍ത്തുന്നു. 1950 കളിലാണ് ശ്മശാനത്തില്‍ കുഴിച്ചിട്ട മൃതദേഹങ്ങള്‍ അഴുകുന്നില്ലെന്ന് തദ്ദേശീയര്‍ കണ്ടെത്തിയത്. അതികഠിനമായ തണുപ്പുള്ള കാലാവസ്ഥ തന്നെ കാരണം. ശ്മശാനങ്ങളില്‍ അടക്കിയ മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ അവയില്‍ മാരകമായ സ്പാനിഷ് ഫ്ലൂ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തി. ഇതോടെ പ്രദേശത്ത് പകര്‍ച്ച വ്യാധി ഭീതി ഉയര്‍ന്നു.
15 വര്‍ഷം നീണ്ട 'പ്രതികാരം', തുടക്കം ഒരു അപമാനത്തില്‍ നിന്ന്; കഥ പറഞ്ഞ് ടിക്ടോക്ക് സ്റ്റാര്‍ !
ഈ സംഭവത്തെ തുടര്‍ന്ന് 1950 മുതൽ തദ്ദേശീയ ശ്മശാനങ്ങളിൽ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് നിയമവിരുദ്ധമായി കണക്കാന്‍ തുടങ്ങി. നഗരത്തിലെ ഉയര്‍ന്ന ശ്മശാനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ തദ്ദേശീയരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതെന്ന് ലാഡ്ബൈബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ തദ്ദേശവാസികളില്‍ ആര്‍ക്കെങ്കിലും മാരകമായ എന്തെങ്കിലും അസുഖങ്ങള്‍ പിടിപെട്ടാല്‍ അവര്‍ ലോംഗ്ഇയർബൈൻ വിട്ട് നോർവേയിലെ പ്രധാന ഭൂപ്രദേശത്തോ മറ്റെവിടെയ്ക്കെങ്കിലുമോ താമസം മാറ്റാന്‍ നിര്‍ബന്ധിതരാകുന്നു.
മരണം മാത്രമല്ല, ജനനത്തിനും നിയന്ത്രണങ്ങളുണ്ട്. ലോംഗ്ഇയർബൈനിൽ ജനിച്ചവരുടെ എണ്ണം വളരെ കുറവാണ്. സ്വാൽബാർഡിൽ ഒരു ചെറിയ ആശുപത്രിയുണ്ടെങ്കിലും, പ്രസവം പോലുള്ള അത്യാഹിതങ്ങള്‍ക്കുള്ള സജ്ജീകരണങ്ങള്‍ ഇവിടില്ല. ഇത് കാരണം പ്രദേശത്തെ ഗർഭിണികളായ സ്ത്രീകള്‍ നോർവീജിയനിലെ പ്രധാനദേശത്തേക്ക് മാസം തികയും മുമ്പേ മാറിത്താമസിക്കുന്നു. ഇതിനായി സര്‍ക്കാര്‍ സഹായങ്ങളുമുണ്ട്. " നിങ്ങൾക്ക് ഇവിടെ പ്രസവിക്കാൻ കഴിയില്ല! സ്വാൽബാർഡിൽ നിങ്ങൾക്ക് പ്രസവിക്കാൻ കഴിയില്ലെന്ന് അറിയാമോ? ഗർഭിണികളായ അമ്മമാരെ അവരുടെ കാലാവധിക്ക് ഒരു മാസം മുമ്പ് മെയിൻ ലാന്‍റിലേക്ക് അയയ്ക്കുന്നു!" എന്ന് കുറിച്ച് കൊണ്ട് സ്വിഡീഷ് സ്വദേശിനിയായ സെജ്സെജ്ലിജ (sejsejlija) പങ്കുവച്ച വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഏറെ ശ്രദ്ധനേടി. അതേസമയം നോര്‍വീജിയന്‍ സര്‍ക്കാര്‍ ഈ പ്രദേശത്തേക്കുള്ള ടൂറിസം പദ്ധതികളെ പ്രോത്സാഹിക്കുന്നു. അത്യപൂര്‍വ്വവും മനോഹരവുമായ നോര്‍ത്തേണ്‍ ലൈറ്റുകള്‍ കാണാന്‍ സഞ്ചാരികളുമെത്തുന്നു.
'മരിച്ചവരുടെ പുസ്തകം' കണ്ടെത്തി; ഈജിപ്ഷ്യന്‍ സെമിത്തേരിയില്‍ കുഴിച്ചിട്ട നിലയില്‍ !