'യുവാക്കളെല്ലാം വിദേശത്തേക്ക്, ഇന്ത്യയിൽ പ്രായമായവർ മാത്രമാണോ ബാക്കിയാവുക?' വൈറലായി ഡോക്ടറുടെ പോസ്റ്റ്
ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ഇപ്പോൾ യുവാക്കളില്ല എന്നാണ് ഡോ. സിറിയക് പറയുന്നത്. അതിനുള്ള ഉദാഹരണമായി തന്റെ ഒരു അനുഭവമാണ് ഡോക്ടർ പങ്കുവയ്ക്കുന്നത്.
പഠനത്തിനും ജോലിക്കും വേണ്ടി യുവാക്കൾ ഇന്ന് വിദേശത്തേക്ക് കുടിയേറുന്നത് വർധിക്കുകയാണ്. പലപ്പോഴും നാട്ടിലെ ജോലികളിൽ യുവാക്കൾ നിൽക്കാൻ മടി കാണിക്കാറുണ്ട്. വളരെ മലിനമായ തൊഴിൽ സംസ്കാരം, ശമ്പളം കുറവ്, ഇന്ത്യയിലെ ജീവിതസാഹചര്യം തുടങ്ങി ഒരുപാട് കാരണങ്ങൾ അതിനു പിന്നിലുണ്ട്. രക്ഷപ്പെടണമെങ്കിൽ വിദേശത്തേക്ക് പോയേ തീരൂ എന്ന് തന്നെയാണ് പല യുവാക്കളും കരുതുന്നത്.
എന്തായാലും, അതുപോലെ ഒരു സോഷ്യൽ മീഡിയാ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. സോഷ്യൽ മീഡിയയിൽ 'ദി ലിവർ ഡോക്' എന്ന പേരിൽ അറിയപ്പെടുന്ന ഡോ. സിറിയക് എബി ഫിലിപ്സാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ഇപ്പോൾ യുവാക്കളില്ല എന്നാണ് ഡോ. സിറിയക് പറയുന്നത്. അതിനുള്ള ഉദാഹരണമായി തന്റെ ഒരു അനുഭവമാണ് ഡോക്ടർ പങ്കുവയ്ക്കുന്നത്.
പ്രായമായ ഒരു ദമ്പതികൾ തന്നെ കാണാൻ വന്നതിനെ കുറിച്ചാണ് ഡോക്ടർ പറയുന്നത്. ചെക്കപ്പിന് വേണ്ടി വരാനും തിരികെ വീട്ടിലെത്താനും അവർക്ക് വേണ്ടി വന്നത് 10 മണിക്കൂറാണ് എന്നാണ് ഡോ. സിറിയക് പറയുന്നത്. ഈ അവസ്ഥ കണക്കിലെടുത്ത് ഓൺലൈനായി കണ്ടാൽ മതി എന്ന് പറഞ്ഞെങ്കിലും അവർക്ക് സ്മാർട്ട് ഫോൺ ഇല്ല, അതുകൊണ്ട് ഓൺലൈനിൽ കാണാനാവില്ല എന്നാണ് അവർ പറഞ്ഞത് എന്നും ഡോക്ടർ പറയുന്നുണ്ട്.
മക്കളുടെ സ്മാർട്ട്ഫോണില്ലേ എന്ന് ചോദിച്ചപ്പോൾ മക്കൾ രണ്ടുപേരും മിഡിൽ ഈസ്റ്റിലാണ് എന്നായിരുന്നു മറുപടി. ഏതെങ്കിലും അയൽക്കാരുടെ സഹായം തേടാൻ പറഞ്ഞപ്പോൾ അവരുടെ വീടിന്റെ അടുത്ത് പ്രായമാവർ മാത്രമേയുള്ളൂ എന്നും യുവാക്കളെല്ലാം യുഎഇ, കാനഡ, ന്യൂസിലാൻഡ്, യുകെ, ഓസ്ട്രേലിയ ഒക്കെയാണ് എന്നുമായിരുന്നു മറുപടി എന്നാണ് ഡോക്ടർ പറയുന്നത്.
എന്തെങ്കിലും മെഡിക്കൽ അത്യാവശ്യം വന്നാലെന്ത് ചെയ്യും എന്ന് ചോദിച്ചപ്പോൾ വീടിന് കുറച്ചടുത്തായി ഒരു പ്ലംബറും ഒരു കട നടത്തുന്നയാളും ഉണ്ട് അവരെ വിളിച്ചാൽ ആശുപത്രിയിലെത്തിക്കും എന്നാണത്രെ ദമ്പതികൾ പറഞ്ഞത്.
പോസ്റ്റ് വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകളുമായി എത്തി. ഡോക്ടർ പറഞ്ഞത് സത്യം തന്നെയാണ്, ഇന്ത്യയിലെ മിക്ക ഗ്രാമങ്ങളിലും ഇപ്പോൾ പ്രായം ചെന്നവർ മാത്രമേ ഉള്ളൂ എന്ന് കമന്റ് നൽകിയവരുണ്ട്. അതേസമയം തന്നെ, മികച്ച അവസരങ്ങൾ ലഭിക്കുമ്പോൾ പോവുകയല്ലാതെ പിന്നെന്ത് ചെയ്യും, നാട്ടിൽ നിന്നാൽ കഷ്ടപ്പാട് തീരാത്തതുകൊണ്ടാണ്, പ്രായമായവർ പലപ്പോഴും മക്കൾക്കൊപ്പം പോകാൻ തയ്യാറല്ല എന്നും കമന്റ് നൽകിയവരുണ്ട്.