മാനസാന്തരപ്പെട്ട കുട്ടി മോഷ്ടാവ്, നൃത്തച്ചുവടുകളുമായി വൃദ്ധസദനത്തിലെ അമ്മമാർ; 2024 -ലെ പോസിറ്റീവ് വാർത്തകൾ
എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിൽ നിന്നും മനോധൈര്യം കൊണ്ടും കഠിനമായ പ്രയത്നം കൊണ്ടും ജീവിതത്തിലേക്ക് തിരികെ കയറുന്ന മനുഷ്യരുണ്ട്.
ഇന്ന് എവിടെ തിരിഞ്ഞാലും നെഗറ്റീവ് വാർത്തകളാണ്. കൊള്ളയും കൊലയും ചതിയും എല്ലാം അതിൽ പെടും. എന്നാൽ, പൊസിറ്റീവായ ചില വാർത്തകളുണ്ട്. കടുത്ത പ്രതിസന്ധിയിലും ജീവിതത്തെ അസാധാരണമായ മനക്കരുത്ത് കൊണ്ട് അതിജീവിക്കുന്നവരുടെ കഥയാകാം അത്. സ്നേഹവും കരുണയും കൊണ്ട് ഈ ലോകത്തിന്റെ കണ്ണ് നനയിച്ച ചില മനുഷ്യരുടെ ചിത്രങ്ങളോ വീഡിയോകളോ ആവാം, ഏത് പ്രായത്തിലും ഏതവസ്ഥയിലും പുഞ്ചിരിയോടെ ഈ ജീവിതത്തെ നോക്കിക്കാണുന്നവരുടേതുമാകാം. അതുപോലെയുള്ള ചില പൊസിറ്റീവ് വാർത്തകളിതാ.
മാനസാന്തരപ്പെട്ട കുട്ടി
അടുത്തിടെ ദക്ഷിണ കൊറിയയിൽ നിന്നും ഒരു വാർത്ത പുറത്തുവന്നു. കള്ളന്മാർക്ക് മാനസാന്തരം സംഭവിച്ച പല കഥകളും നമ്മൾ കേട്ടിട്ടുണ്ട് അല്ലേ? അതുപോലെ ഒരു സംഭവമായിരുന്നു ഇതും. അവിടെയുള്ള ഒരു ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയിൽ ഒരു കത്തു കണ്ടെത്തി.
ആ കത്തെഴുതിയത്, 27 വർഷങ്ങൾക്ക് മുമ്പ് സംഭാവനപ്പെട്ടി മോഷ്ടിച്ച ഒരാളായിരുന്നു. കളവിന് മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു കത്ത്. കത്തിനൊപ്പം 1.25 ലക്ഷം രൂപയുമുണ്ടായിരുന്നു. കത്തിൽ പറയുന്നതനുസരിച്ച്, 1997 -ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഗ്യോങ്‌സാങ് പ്രവിശ്യയിലെ ടോങ്‌ഡോ ക്ഷേത്രത്തിലെ ജജംഗം ഹെർമിറ്റേജിൽ നിന്ന് ഒരു ആൺകുട്ടി 30,000 വോൺ (ഏകദേശം 1,900 രൂപ) മോഷ്ടിക്കുകയായിരുന്നു.
പിന്നീടൊരിക്കൽ കൂടി മോഷ്ടിക്കാനായി കുട്ടി ക്ഷേത്രത്തിലെത്തി. എന്നാൽ, അന്ന് ഒരു സന്യാസിയുടെ മുന്നിലാണ് അവൻ ചെന്നുപെട്ടത്. ആ സന്യാസി അവനെ ശിക്ഷിച്ചില്ല. പകരം അവന്റെ തോളിൽ കൈവയ്ക്കുകയും തലയാട്ടുകയുമാണ് ചെയ്തത്. അത് തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു എന്നാണ് ആ കത്തിൽ എഴുതിയിരുന്നത്. പിന്നീടൊരിക്കലും അവൻ മോഷ്ടിച്ചില്ല. മാത്രമല്ല, കഠിനാധ്വാനം ചെയ്ത് ജീവിതത്തിൽ വിജയിക്കുകയും ചെയ്തു.
27 വർഷം മുമ്പുള്ള മോഷണത്തിന്റെ കടം വീട്ടാനായിരുന്നു ആ കത്തും പണവും അദ്ദേഹം സംഭാവനപ്പെട്ടിയിലിട്ടത്.
'മാപ്പ്, അന്ന് ക്ഷേത്രത്തിലെ പണം മോഷ്ടിച്ചതിന്'; സംഭാവനപ്പെട്ടിയിൽ കത്തും 1.25 ലക്ഷം രൂപയും
അച്ഛന്റെ സ്വപ്നം
ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കൾ പഠിച്ച് നല്ല ജോലി വാങ്ങുന്നതും നല്ലൊരു ജീവിതം നയിക്കുന്നതും. എന്നിരുന്നാലും പലപ്പോഴും പെൺമക്കളുടെ കാര്യത്തിൽ പല മാതാപിതാക്കളും ഒരുപാട് പഠിപ്പിക്കാനൊന്നും മെനക്കെടാറില്ല. അവിടെയാണ് ഈ അച്ഛനും മകളും വ്യത്യസ്തരാകുന്നത്.
താൻ സിഎ ജയിച്ച വിവരം പറയുന്ന മകളുടെയും അവളെ ചേർത്തുപിടിച്ച് കരയുന്ന ചായക്കടക്കാരനായ അച്ഛന്റെയും വീഡിയോ കുറച്ച് നാളുകൾക്ക് മുമ്പാണ് സോഷ്യൽ വീഡിയയിൽ വൈറലായി മാറിയത്.
അമിതാ പ്രജാപതി എന്ന പെൺകുട്ടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം അമിത തന്റെ പൊള്ളുന്ന അനുഭവങ്ങളും കുറിച്ചിട്ടുണ്ട്. '10 വർഷത്തെ പ്രയത്നമാണ് ഈ വിജയം' എന്ന് അമിത പറയുന്നുണ്ട്. 'ഇത് വെറും സ്വപ്നമായിരിക്കുമോ അതോ എപ്പോഴെങ്കിലും യാഥാർത്ഥ്യമാകുമോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. 2024 ജൂലൈ 11 -ന് അത് യാഥാർത്ഥ്യമായി' എന്നാണ് അമിത പറയുന്നത്.
'ആളുകൾ തന്റെ അച്ഛനോട് ഇത്രയും വലിയ കോഴ്സിന് മകളെ ചേർക്കണോ എന്നും ഇതൊക്കെ നടക്കുമോ എന്നും ചോദിച്ചിട്ടുണ്ട്. ചായ വിറ്റ് വീട് പണിയാനാവില്ല, പ്രായപൂർത്തിയായ പെൺമക്കളുമായി തെരുവിൽ കഴിയാനാവില്ല മകളെ പഠിപ്പിച്ചിട്ട് കാര്യമില്ല, നാളെ അവൾ മറ്റൊരാളുടെ സമ്പത്തായി മാറും നിങ്ങൾക്കായി ഒന്നും ശേഷിക്കില്ല എന്നും ആളുകൾ അച്ഛനോട് പറയുമായിരുന്നു' എന്നും അമിത പറയുന്നുണ്ട്. ഒടുവിൽ ഇങ്ങനെ ചോദിച്ചവരോടെല്ലാമുള്ള മറുപടിയായി മാറി അമിതയുടെ വിജയം.
വീഡിയോ: ഈ അച്ഛന്റെ കണ്ണീരിലുണ്ട് എല്ലാം, ചായക്കടക്കാരനായ അച്ഛനോട് സിഎ വിജയിച്ചെന്ന് മകൾ
നായ കടിച്ചുപറിച്ച മുഖം, ഒടുവിൽ ജീവിതത്തിലേക്ക്
എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിൽ നിന്നും മനോധൈര്യം കൊണ്ടും കഠിനമായ പ്രയത്നം കൊണ്ടും ജീവിതത്തിലേക്ക് തിരികെ കയറുന്ന മനുഷ്യരുണ്ട്. അതിലൊരാളാണ് അമേരിക്കയിലെ പെൻസിൽവാനിയയിൽ നിന്നുള്ള ട്രിനിറ്റി റൗൾസ്.
ട്രിനിറ്റിയുടെ അച്ഛന്റെ വളർത്തുനായ ആക്രമിച്ചതിനെ തുടർന്നാണ് ട്രിനിറ്റിക്ക് അതിമാരകമായ പരിക്കുകൾ ഏറ്റത്. 19 വയസായിരുന്നു അന്നവൾക്ക് പ്രായം. മൂക്കൊക്കെ നായ കടിച്ചുപറിച്ചിരുന്നു. ഒടുവിൽ, സ്കിൻ ഗ്രാഫ്റ്റ് നടപടി ക്രമത്തിലൂടെ അത് തുന്നിച്ചേർക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ അനവധി ശസ്ത്രക്രിയകൾ അവൾക്ക് വേണ്ടി വന്നു. കടുത്ത സമ്മർദ്ദത്തിലേക്കും അതികഠിനമായ ഭയത്തിലേക്കും വിഷാദത്തിലേക്കും അവൾ വഴുതിവീണു. രാത്രികാലങ്ങളിൽ ഉറങ്ങാൻ പോലും കഴിയാതെയായി ഒടുവിൽ തന്റെ അനുഭവങ്ങളോരോന്നായി അവൾ ലോകത്തോട് പങ്കുവച്ചു.
പയ്യെപ്പയ്യെ അവൾ തന്റെ ജീവിതം തിരിച്ചുപിടിച്ചു. ആ കഥ സോഷ്യൽ മീഡിയയിലൂടെയാണ് അവൾ പങ്കുവച്ചത്.
സ്നേഹത്തിന്റെയും കരുണയുടെയും കഥ
ചൈനയിൽ നിന്നുള്ള സ്നേഹത്തിന്റെയും അതിജീവനത്തിന്റേയും കഥയാണിത്. ഉടമയുടെ മരണശേഷം അവിടം വിട്ടുപോരാൻ കൂട്ടാക്കാത്ത ഒരു നായയും ആ നായയ്ക്ക് പുതുജീവിതം കൊടുത്ത ഒരു യുവാവിന്റെയും കഥയാണിത്. യുവാവ് 'വിധേയത്വം ഉള്ളവൻ' എന്നർത്ഥം വരുന്ന 'സോങ്‌ബാവോ' എന്നാണ് നായയ്ക്ക് പേര് നൽകിയത്.
നായയുടെ ഉടമ മരിച്ചശേഷം രണ്ടുവർഷത്തോളം നായ കഴിഞ്ഞത് ആ ശവകുടീരത്തിനരികിലാണ്. ആരൊക്കെ അവനെ അവിടെ നിന്നും എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചിട്ടും അവൻ അവിടെ നിന്നും പോകാൻ തയ്യാറായില്ല. അവന് പലതരം രോഗങ്ങൾ ബാധിച്ചു. ചൈനയിലെ സാമൂഹികമാധ്യമങ്ങളിൽ @ganpojiege എന്ന പേരിൽ അറിയപ്പെടുന്ന ഇൻഫ്ലുവൻസറും, ജിയാങ്‌സി പ്രവിശ്യയിലെ തെരുവുനായകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടറിന്‍റെ ഉടമയുമായ ഒരു യുവാവാണ് ഒടുവിൽ നായയെ അവിടെ നിന്നും രക്ഷിച്ചത്.
ഒടുവിൽ രണ്ട് വർഷത്തിനുശേഷം അവൻ പൂർണാരോഗ്യവാനായിട്ടുള്ള ഒരു ചിത്രവും യുവാവ് പങ്കുവച്ചു.
അടിച്ചുപൊളിച്ച് അമ്മമാർ
സമൂഹത്തിന് പലവിധ മുൻവിധികളുമുണ്ട്. പ്രായമായാൽ അടങ്ങിയൊതുങ്ങി മൂലക്കിരിക്കണം എന്നത് അതിലൊന്നാണ്. മറ്റൊന്നാണ് വൃദ്ധസദനത്തിലാക്കിയാൽ പിന്നെ പ്രായമായവർക്ക് ജിവിതമേയില്ല എന്നത്. എന്നാൽ, ഇതിനെ രണ്ടിനേയും പൊളിച്ചടുക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ബെൽഗാമിലെ 'ശാന്തായി വൃദ്ധാശ്രമ'ത്തിൽ നിന്നുള്ള ഒരു കൂട്ടം അമ്മമാർ 'ബാഡ് ന്യൂസ്' എന്ന സിനിമയിലെ 'തൗബ തൗബ'യ്ക്ക് ചുവടുകൾ വയ്ക്കുന്ന വീഡിയോയാണ് വൈറലായി മാറിയത്.