'കണ്ണ് തുറന്ന്, ഭരണഘടന കൈയിലേന്തി നീതിദേവത'; സുപ്രീംകോടതിയിൽ 'പുതിയ നീതിദേവതാ' പ്രതിമ
കോളോണിയല്‍ മൂല്യങ്ങളെയുടെയും ബിംബങ്ങളുടെയും അവശിഷ്ടങ്ങള്‍ പോലും നീക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ഭരണകൂടം. ഈ നടപടിയുടെ ഏറ്റവും ഒടുവിലായി കണ്ണടച്ച നീതിദേവതയ്ക്ക് പകരം കണ്ണ് തുറന്ന നീതിദേവതയെ സുപ്രിം കോടതിയില്‍ പ്രതിഷ്ഠിച്ചു.
നീതി ദേവതയായി ഇന്ത്യന്‍ കോടതികളില്‍ ഇതുവരെ ഉണ്ടായിരുന്നത് ഒരു കൈയില്‍ ത്രാസും മറുകൈയില്‍ വാളും പിടിച്ച്, കറുത്ത തുണി കൊണ്ട് കണ്ണ് കെട്ടി നില്‍ക്കുന്ന ഒരു സ്ത്രീ പ്രതിമയായിരുന്നു. എന്നാല്‍, ആ കോളോണിയല്‍ പ്രതിമയെ മാറ്റി സ്ഥാപിച്ചിരിക്കുകയാണ്. സുപ്രീംകോടതിയിൽ ജഡ്‌ജിമാരുടെ ലൈബ്രറിയിലാണ് പുതുതായി പ്രതിഷ്ഠിച്ച നീതിദേവതയുടെ പ്രതിമയുള്ളത്. പുതിയ നീതിദേവതയുടെ കണ്ണ് കറുത്ത തുണിയാല്‍ കെട്ടിമറയ്ക്കപ്പെട്ടിട്ടില്ല. മാത്രമല്ല. വലം കൈയിലെ വാളും ആ സ്ഥാനത്തില്ല. വാളിന് പകരം ഇന്ത്യന്‍ ഭരണഘടന. പ്രതിയമയുടെ പുതിയ മാറ്റങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചത്. പിന്നാലെ പ്രതിമയെ ചൊല്ലി രാഷ്ട്രീയ പേരും തുടങ്ങി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് പ്രതിമയുടെ ആശയത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ബ്രീട്ടീഷ് ഭരണക്കാലത്തെ രൂപങ്ങളിൽ നിന്നുള്ള മാറ്റമാണ് പുതിയ പ്രതിമയിലൂടെ സൂചിപ്പിക്കുന്നത്. പഴയ പ്രതിമയിൽ നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന സങ്കല്പത്തിലാണ് നീതി ദേവതാ പ്രതിമയുടെ കണ്ണുകെട്ടിയത്. കൈയിലെ വാൾ, അനീതിക്കെതിരെ കർശന നടപടിയെടുക്കാനുള്ള അധികാരവും. എന്നാൽ, ഇന്ത്യൻ രൂപത്തിലേക്ക് എത്തുമ്പോൾ രാജ്യത്തെ നിയമം ആർക്ക് നേരെയും കണ്ണടയ്ക്കുന്നില്ല എന്നാണ് ആശയമാണ് കണ്ണ് തുറന്ന പുതിയ പ്രതിമയ്ക്ക് പിന്നിൽ. വാൾ അക്രമത്തെ സൂചിപ്പിക്കുന്നു. എന്നാല്‍, ഭരണഘടന പ്രകാരം പ്രവർത്തിക്കുന്ന കോടതിയെ സൂചിപ്പിക്കാൻ വാൾ മാറ്റി പകരം ഭരണഘടന മുറുകെപ്പിടിക്കുന്ന നീതീദേവതയാക്കി.
ഇന്ത്യന്‍ നിയമങ്ങളിലെ ബ്രീട്ടീഷക്കാലത്തെ സ്വാധീനം ഒഴിവാക്കിയെന്ന് അവകാശപ്പെട്ട് പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതിമ എന്ന ആശയവും ഉയര്‍ന്നത്. 'നീതിപീഠത്തെ ഭയക്കാനുള്ളതല്ല, ആശ്രയിക്കാനുള്ളതാണ്' എന്ന സന്ദേശമാണ് പുതിയ പ്രതിമ നൽകുന്നതെന്നാണ് സുപ്രീംകോടതി വൃത്തങ്ങൾ വ്യക്തമാക്കുന്നു. 'നിയമത്തിന് അന്ധതയില്ല. അത് എല്ലാവരെയും ഒരു പോലെ കാണുന്നു' പ്രതിമ അനാച്ഛാദനം നടത്തി കൊണ്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. പുതിയ മാറ്റങ്ങൾ വരുത്തിയ വെങ്കല പ്രതിമ സുപ്രീംകോടതിയിലെ ജഡ്‌ജസ് ലൈബ്രറിയിലാണ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉയര്‍ന്നു. കാണാതെ ഏങ്ങനെയാണ് നീതി നൽകാനാവുകയെന്നായിരുന്നു പുതിയ പ്രതിമയെ കുറിച്ച് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അഭിപ്രായപ്പെട്ടത്. അതേസമയം പുതിയ പ്രതിമ സംഘപരിവാറിന്‍റെ പ്രചാരവേലയാണെന്ന് ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവുത്ത് വിമർശിച്ചു.