രക്തബന്ധത്തിനുമപ്പുറം ഈ സ്നേഹബന്ധം, രോഗിയായ വൃദ്ധയുടെ മരിച്ചുപോയ മകനായി മാറിയ പൊലീസുകാരൻ
മകൻ്റെ മരണം ലിയാങ്ങിന് ഉൾക്കൊള്ളാൻ ആകുമായിരുന്നില്ല, അതിനാൽ തങ്ങളുടെ മകൻ വിദൂര നഗരത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ഭർത്താവ് സിയ അവളെ ആശ്വസിപ്പിച്ചു.
കിഴക്കൻ ചൈനയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ 11 വർഷക്കാലമായി മറ്റൊരാളുടെ അമ്മയ്ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. തളർവാതം ബാധിച്ച ഈ അമ്മയുടെ മരിച്ചുപോയ മകൻറെ സ്ഥാനത്ത് നിന്ന് അവർക്ക് ആശ്വാസമാവുകയാണ് ഇദ്ദേഹം. രക്തബന്ധത്തിനും അതീതമായ ആത്മബന്ധത്തിന്റെ ആഴം സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തരുകയാണ് ഈ ഉദ്യോഗസ്ഥൻ.
2003 -ലാണ്, വടക്കൻ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിൽ താമസിക്കുന്ന സിയാ ഴാൻഹായ്‌ക്കും ഭാര്യ ലിയാങ് ക്വിയോയിങ്ങിനും ഒരു വാതകച്ചോർച്ച അപകടത്തിൽ മകനെ നഷ്ടപ്പെട്ടത്. ആ ദുരന്തം അമ്മയെ തളർത്തുകയും അവർക്ക് മാനസികമായി ചില പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു. ഓർമ്മയിൽ ഉണ്ടായിരുന്ന പലതും എന്നെന്നേക്കുമായി അവരിൽ നിന്നും മാഞ്ഞുപോയി.
മകൻ്റെ മരണം ലിയാങ്ങിന് ഉൾക്കൊള്ളാൻ ആകുമായിരുന്നില്ല, അതിനാൽ തങ്ങളുടെ മകൻ വിദൂര നഗരത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ഭർത്താവ് സിയ അവളെ ആശ്വസിപ്പിച്ചു.
ഒരിക്കൽ ഷാങ്ഹായിൽ നിന്നുള്ള ജിയാങ് ജിംഗ്‌വെ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ഒരു ടിവി പ്രോഗ്രാമിൽ കണ്ട സിയാ, അവരുടെ പരേതനായ മകനുമായുള്ള അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ സാമ്യം ശ്രദ്ധിച്ചു. തുടർന്ന് ജിയാങുമായി അദ്ദേഹം ബന്ധപ്പെടുകയും തൻറെ അവസ്ഥ അറിയിക്കുകയും ചെയ്തു. ദമ്പതികളുടെ കഥ കേട്ടതും മനസ്സലിവ് തോന്നിയ ജിയാങ്ങ് അന്നുമുതൽ അവരുടെ മരണപ്പെട്ടുപോയ മകന് പകരക്കാരൻ ആകാമെന്ന് വാക്ക് നൽകി. ആ വാക്ക് ഇന്നും പാലിക്കുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ നിരവധി തവണ അവരെ നേരിൽ കാണാനും ഒരു മകൻറെ സ്ഥാനത്ത് നിന്ന് കരുതലാകാനും ജിയാങ്ങ് സമയം കണ്ടെത്തി. വീഡിയോ കോളുകളിലൂടെ എല്ലാ ദിവസവും അവരുമായി സമ്പർക്കം പുലർത്തിക്കൊണ്ടേയിരുന്നു അദ്ദേഹം. അടുത്തിടെ ഇവരുടെ ഒരു വീഡിയോകോളിന്റെ സ്ക്രീൻ റെക്കോർഡ് ദൃശ്യങ്ങൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് ഈ അപൂർവ്വ സ്നേഹത്തിൻറെ കഥ ലോകം അറിഞ്ഞത്.
വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടാനില്ല, വിദേശവനിതകളെ തേടണമെന്ന് ചൈനയിലെ പ്രൊഫസർ, വൻ ചർച്ച, വിവാദം