'സ്പേസ്ക്രാഫ്റ്റ് സെമിത്തേരി'; ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലം കാടോ മരുഭൂമിയോ അല്ല, ദേ ഇവിടെയാണത്
മനുഷ്യ ആവാസവ്യവസ്ഥയിൽ നിന്ന് ഏറ്റവും അകലെയായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് പോയിൻ്റ് നെമോ. കരയിൽ നിന്ന് ഏകദേശം 2688 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം ഉള്ളത്. റിപ്പോർട്ടുകൾ പ്രകാരം പോയിൻറ് നെമോയിൽ എത്തുക അത്ര എളുപ്പമല്ല.
ഭൂമിയിലെ അധികമാർക്കും അറിയാത്ത നിരവധി സ്ഥലങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ, നമ്മുടെ ഭൂമിയിലെ ഏറ്റവും ഏകാന്തമായ സ്ഥലം എവിടെയാണെന്ന് അറിയാമോ? അത് ഏതെങ്കിലും കാടോ മരുഭൂമിയോ ആണെന്ന് കരുതിയെങ്കിൽ തെറ്റി. കാരണം ഈ സ്ഥലം സമുദ്രത്തിൻ്റെ ഒരു ഭാഗമാണ്. ഈ സ്ഥലത്ത് എത്തിപ്പെട്ടിട്ടുള്ളത് ആകെ ഒരേ ഒരാൾ മാത്രമാണെന്നാണ് പറയപ്പെടുന്നത്. അതേസമയം പല രാജ്യങ്ങളും ഇവിടേക്ക് ഡസൻ കണക്കിന് ഉപഗ്രഹങ്ങൾ നിക്ഷേപിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നു. 'ഭൂമിയിലെ ഏറ്റവും ഏകാന്തമായ സ്ഥലം' എന്നറിയപ്പെടുന്ന ഈ സ്ഥലത്തെക്കുറിച്ച് കൂടുതൽ അറിയാം.
'പോയിൻ്റ് നെമോ' എന്നാണ് ഈ സ്ഥലത്തിൻറെ പേര്. ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, ദക്ഷിണ പസഫിക് സമുദ്രത്തിൽ ന്യൂസിലാൻഡിനും ചിലിക്കും ഇടയിലുള്ള ഒരു സ്ഥലമാണ് പോയിൻ്റ് നെമോ. ഇത് ഒരു ദ്വീപോ ഏതെങ്കിലും ഭൂപ്രദേശമോ അല്ല, മറിച്ച് സമുദ്രത്തിൻ്റെ ഒരു ഭാഗമാണ്. മനുഷ്യ ആവാസവ്യവസ്ഥയിൽ നിന്ന് ഏറ്റവും അകലെയായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് പോയിൻ്റ് നെമോ. കരയിൽ നിന്ന് ഏകദേശം 2688 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം ഉള്ളത്. റിപ്പോർട്ടുകൾ പ്രകാരം പോയിൻറ് നെമോയിൽ എത്തുക അത്ര എളുപ്പമല്ല. അതേസമയം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് 415 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം എന്നതാണ് ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കാര്യം.
പോയിൻറ് നെമോയെക്കുറിച്ചുള്ള കൗതുകം നിമിത്തം ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക്ഷെയറിൽ നിന്നുള്ള 62 -കാരനായ ക്രിസ് ബ്രൗൺ തൻ്റെ 30 -കാരനായ മകനോടൊപ്പം ഈ സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചു. കഴിഞ്ഞ മാർച്ച് 12 -ന് തൻ്റെ ജോലിക്കാരോടൊപ്പം ഒരു കപ്പലിൽ യാത്ര ആരംഭിച്ചു. ചിലിയിലെ പ്യൂർട്ടോ മോണ്ടിൽ നിന്നാണ് അദ്ദേഹം യാത്ര ആരംഭിച്ചത്. മാർച്ച് 20 -ന് അവർ സ്ഥലത്തെത്തി. 'ഭൂമിയിലെ ഏറ്റവും ഏകാന്തമായ ഇടം' എന്നറിയപ്പെടുന്ന പോയിൻറ് നെമോയിൽ എത്തിയ ക്രിസും അദ്ദേഹത്തിൻ്റെ ജോലിക്കാരും സമുദ്രത്തിൽ നീന്തുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അവിടെ ജലത്തിൻ്റെ താപനില ഏകദേശം 7 ഡിഗ്രി സെൽഷ്യസ് ആണ്. തനിക്ക് മുമ്പ് ആരും ഈ സ്ഥലത്ത് എത്തിയിട്ടില്ലെന്നാണ് ക്രിസ് അവകാശപ്പെടുന്നത്. മാർച്ച് 31 -നാണ് സംഘം തിരികെ നാട്ടിലേക്ക് മടങ്ങിയത്.
ബിബിസിയുടെ അഭിപ്രായത്തിൽ, 'സ്പേസ്ക്രാഫ്റ്റ് സെമിത്തേരി' എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. 1971 -നും 2008 -നും ഇടയിൽ, യുഎസ്എ, റഷ്യ, ജപ്പാൻ, യൂറോപ്പ് തുടങ്ങിയ ആഗോള ബഹിരാകാശ ശക്തികൾ 263 ബഹിരാകാശ വസ്തുക്കൾ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്.