30 യാത്രക്കാർ, 4 ജീവനക്കാർ, വിമാനം പറന്നിറങ്ങിയത് തണുത്തുറഞ്ഞ നദിയിൽ, എന്ത് സംഭവിച്ചു?

മഞ്ഞുമൂടിയതിനെ തുടർന്ന് പൈലറ്റിന് റൺവേ കൃത്യമായി കാണാൻ സാധിക്കാതെ വന്നതാണ് ഇത്തരത്തിൽ ഒരു പിഴവ് സംഭവിക്കാൻ കാരണമായത് എന്നാണ് പറയുന്നത്. 

plane landed in frozen Kolyma river rlp

വിമാനയാത്രകളുമായി ബന്ധപ്പെട്ട നിരവധി രസകരവും അപകടകരവുമായ റിപ്പോർട്ടുകൾ അടുത്തകാലത്തായി പുറത്തുവന്നിട്ടുണ്ട്. വീണ്ടും ഇതാ അത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. 30 യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ വിമാനം തണുത്തുറഞ്ഞുകിടന്ന ഒരു നദിയിൽ പറന്നിറങ്ങിയതുമായി ബന്ധപ്പെട്ടുള്ളതാണ് ഈ റിപ്പോർട്ട്. തണുത്തുറഞ്ഞ കാലാവസ്ഥയ്ക്കും 0 ഡിഗ്രി സെൽഷ്യസിന് താഴെ താപനിലയ്ക്കും പേരുകേട്ട കോളിമ നദിയുടെ തണുത്തുറഞ്ഞ പ്രതലത്തിലാണ് വിമാനം യാത്രക്കാരുമായി പറന്നിറങ്ങിയത്.

ബിബിസി റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഡിസംബർ 28 -ന് റഷ്യയിലെ സഖാ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ യാകുത്‌സ്കിൽ നിന്ന് പറന്നുയർന്ന YAP217  വിമാനമാണ് ഇങ്ങനെ അപ്രതീക്ഷിതമായി നദിയിലിറങ്ങിയത്. വിമാനം 1,100 കിലോമീറ്റർ അകലെയുള്ള സിറിയങ്കയിലേക്കാണ് പോയിരുന്നത്. വിമാനം സിറിയങ്ക വിമാനത്താവളത്തിനടുത്തെത്തിയപ്പോൾ, അത് റൺവേയിൽ ഇറക്കാൻ പൈലറ്റ് ശ്രമിക്കുന്നതിനിടയിൽ വിമാനം റൺവേയിൽ നിന്ന് തെന്നി മാറുകയും ഏറെ ദൂരം പിന്നിട്ട്  കോളിമ നദിയില്‍ ലാൻഡ്  ചെയ്യുകയുമായിരുന്നു. മഞ്ഞുമൂടിയതിനെ തുടർന്ന് പൈലറ്റിന് റൺവേ കൃത്യമായി കാണാൻ സാധിക്കാതെ വന്നതാണ് ഇത്തരത്തിൽ ഒരു പിഴവ് സംഭവിക്കാൻ കാരണമായത് എന്നാണ് പറയുന്നത്. 

അതേസമയം ഈസ്റ്റേൺ സൈബീരിയൻ ട്രാൻസ്പോർട്ട് പ്രോസിക്യൂട്ടറുടെ വക്താവ് പുറത്തുവിട്ട പ്രസ്താവനയിൽ പൈലറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായ പിഴവാണ് ഇത്തരത്തിൽ ഒരു ഗുരുതര വീഴ്ചയ്ക്ക് കാരണമായത് എന്നാണ് പറയുന്നത്. സംഭവ സമയത്ത് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത് 30 യാത്രക്കാരും നാല് ജീവനക്കാരും ആയിരുന്നു. ഭാഗ്യവശാൽ ആർക്കും അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് റഷ്യൻ എയർലൈനിൽ നിന്നുള്ള പത്രക്കുറിപ്പ് സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ അപകടകരമായ ഒരു ലാൻഡിംഗിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി ഫെഡറൽ എയർ ട്രാൻസ്‌പോർട്ട് ഏജൻസിയുടെ ടെറിട്ടോറിയൽ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

വായിക്കാം: റോഡിലൂടെ കുതിച്ചു പായുന്ന സോഫ, ഇന്ത്യയിലിത് രജിസ്റ്റർ ചെയ്യാൻ പോയാൽ എന്താവും അവസ്ഥ? 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios