വീണ്ടും ആഞ്ഞടിക്കുന്ന 'പിങ്ക് തിരമാലകൾ'; ലാറ്റിനമേരിക്കയിൽ പൂത്തുലയുന്ന ഇടതുവസന്തം
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ 1990 കളിൽ അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാരുകളുടെ "പിങ്ക് ടൈഡിന്റെ" തുടർച്ചയായാണ് നിലവിലെ ഇടതുതരംഗത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. നവലിബറൽ നയങ്ങളുടെ ഫലമായുണ്ടായ സാമ്പത്തിക-സാമൂഹിക അസമത്വങ്ങളെയും അഴിമതിയെയും താളം തെറ്റിയ സമ്പദ്‌വ്യവസ്ഥയെയും വിദേശ ആധിപത്യത്തെയും ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടിയതാണ് വീണ്ടും അധികാരത്തിലേറാൻ ഇടതുപക്ഷത്തിന് തുണയായത്.
![Pink Tide again in Latin America, Lula wins in Brazil Pink Tide again in Latin America, Lula wins in Brazil](https://static-gi.asianetnews.com/images/01ggp9xgc16gh0jk4y44wxy546/lula_363x203xt.jpg)
ലോക രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ കാലംകഴിഞ്ഞെന്ന് വിമർശനമുന്നയിക്കുന്നവർക്ക് മറുപടി പറയുകയാണ് ലാറ്റിനമേരിക്ക. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലാറ്റിനമേരിക്കയിലെ പ്രധാന രാജ്യങ്ങളെല്ലാം ഇടതുപക്ഷ സർക്കാറുകളെ തെരഞ്ഞെടുക്കുന്ന കാഴ്ചയാണ് ലോകരാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. 1990കളിലെ ഇടതുവിപ്ലവത്തെ നിരാകരിച്ച് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ തെരഞ്ഞെടുത്ത വലതുപക്ഷ സര്‍ക്കാറുകളെ ഒന്നൊന്നായി പുറത്താക്കുകയാണ്. അതിന്‍റെ തുടര്‍ച്ചയാണ് ബ്രസീലില്‍ ബൊല്‍സാനാരോയെ തോല്‍പ്പിച്ച് ലുല ഡ സില്‍വ അധികാരത്തിലേറിയത്. വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് വലതുപക്ഷം ലാറ്റിനമേരിക്കയില്‍ വേരുറപ്പിച്ചത്. എന്നാല്‍, പ്രതീക്ഷിച്ച നേട്ടങ്ങൾ വലതുപക്ഷ നയങ്ങൾക്ക് രാജ്യങ്ങളിൽ ഉണ്ടാക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല, അസമത്വമടക്കമുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ മൂർച്ഛിക്കുകയും ചെയ്തു. തുടർന്നാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലാറ്റിനമേരിക്കയിലുടനീളം രണ്ട് പതിറ്റാണ്ടുകളായി ഭരണം തുടർന്ന വലതുപക്ഷ ഗവൺമെന്റുകളെ കൈയൊഴിഞ്ഞ് സോഷ്യലിസ്റ്റ്, സോഷ്യൽ ഡെമോക്രാറ്റിക് സർക്കാരുകളെ ജനം തെരഞ്ഞെടുത്തത്.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ 1990 കളിൽ അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാരുകളുടെ "പിങ്ക് ടൈഡിന്റെ" തുടർച്ചയായാണ് നിലവിലെ ഇടതുതരംഗത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. നവലിബറൽ നയങ്ങളുടെ ഫലമായുണ്ടായ സാമ്പത്തിക-സാമൂഹിക അസമത്വങ്ങളെയും അഴിമതിയെയും താളം തെറ്റിയ സമ്പദ്‌വ്യവസ്ഥയെയും വിദേശ ആധിപത്യത്തെയും ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടിയതാണ് വീണ്ടും അധികാരത്തിലേറാൻ ഇടതുപക്ഷത്തിന് തുണയായത്. കയറ്റുമതി ഉൽപ്പന്നങ്ങളുടെ വിലയിടിവിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് 2010കളിൽ ഇടതുപക്ഷ സർക്കാറുകൾക്ക് തിരിച്ചടിയായതെങ്കിൽ അതിലേറെ ആഴത്തിലുള്ള സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങളാണ് ഇപ്പോൾ നേരിടുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഇടതുപക്ഷ ഗവൺമെന്റുകൾക്ക് പകരം അധികാരത്തിലേറിയ വലതുപക്ഷ ഗവൺമെന്റുകൾ ജനത്തിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. അമേരിക്കയുടെ കരലാളനയോടെയാണ് ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ ഭരണത്തെ വലതുപക്ഷ പാർട്ടികൾ തൂത്തെറിഞ്ഞത്. ഇടതുപക്ഷ സാമ്പത്തിക നയങ്ങൾക്ക് പകരം നവലിബറൽ സാമ്പത്തിക നയങ്ങൾ നടപ്പാക്കുകയും ചെയ്തു. എന്നാൽ, ലാറ്റിനമേരിക്ക ദീർഘകാലമായി നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെ മറികടക്കാൻ നവലിബറൽ നയങ്ങൾക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, വിലക്കയറ്റവും സാമ്പത്തിക അന്തരവും വലിയ തോതിൽ വർധിക്കുകയും ചെയ്തു. ലാറ്റിനമേരിക്കയുടെ ഇടതുപക്ഷ ചായ്വ് അമേരിക്കയെ ആശങ്കപ്പെടുത്തുന്ന ഘടകമാണ്. ചൈനയുമായുള്ള വാണിജ്യമത്സരത്തിൽ ലാറ്റിനമേരിക്കയുടെ നിലപാട് അമേരിക്കക് നിർണായകമാണ്.
ലാറ്റിനമേരിക്കൻ രാജ്യങ്ങളെ തണുപ്പിക്കാനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഈയടുത്ത് സന്ദർശനം നടത്തിയിരുന്നു. ലാറ്റിനമേരിക്കയുടെ ഇടതുപക്ഷ ചായ്വ് അമേരിക്കയെ അസ്വസ്ഥമാക്കുന്നുവെന്ന് അദ്ദേഹം പറയാതെ പറയുകയും ചെയ്തു. ലിമയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് 52-ാമത് ജനറൽ അസംബ്ലിയിലും ബ്ലിങ്കൻ പങ്കെടുത്തു. അസംബ്ലിയിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് അമേരിക്കയോടും നവലിബറൽ നയങ്ങളോടുമുള്ള വിയോജിപ്പ് അദ്ദേഹം നേരിട്ടറിഞ്ഞു. 35 അംഗരാജ്യങ്ങളിൽ 19 രാജ്യവും യുഎസ് പിന്തുണയുള്ള വെനസ്വേലൻ പ്രതിപക്ഷ പ്രതിനിധിയെ നീക്കം ചെയ്യുന്നതിനെ അനുകൂലിച്ചു. അഞ്ച് വോട്ടിന്റെ കുറവിൽ പ്രമേയം തള്ളിയെങ്കിലും ലാറ്റിനമേരിക്കയിലെ ഭൂരിപക്ഷം രാജ്യങ്ങളും വെനിസ്വലേയിലെ അമേരിക്കൻ ഇടപെടലിനെ ശക്തമായി എതിർക്കുകയാണ്.
മേഖലയിലെ അഭയാർത്ഥികൾക്ക് 240 മില്യൺ ഡോളർ സഹായം അമേരിക്ക നൽകുന്നുണ്ടെങ്കിലും യുഎസിന്റെ ആധിപത്യത്തിന് നാൾക്കുനാൾ ഇടിവ് സംഭവിക്കുകയാണെന്ന് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. ലാറ്റിനമേരിക്കയുടെ സാമൂഹത്തിന്റെ മാറ്റം അമേരിക്ക ഇതുവരെ ഉൾക്കൊണ്ടിട്ടില്ല. സ്വേച്ഛാധിപതികളെയും കുത്തക മുതലാളിമാരെയും തങ്ങളുടെ അനുകൂലികളെയും മാത്രം പിന്തുണക്കുന്നതാണ് യുഎസ് നിലപാടെന്ന് ഇടതുപക്ഷം പറയുന്നു. ചില രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെയും അഴിമതികളെയും അമേരിക്ക ശക്തമായി തള്ളിപ്പറയുമ്പോൾ തന്നെ സഖ്യകക്ഷിക രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ പൂർണമായി അവഗണിച്ചു. ദാരിദ്ര്യം വർധിക്കുന്നതിലും സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നതിലും അമേരിക്കൻ നയങ്ങൾ കൃത്യമായി ഇടപെടുന്നില്ല.
കൊളംബിയയിൽ ഗുസ്താവോ പെട്രോയും 50 വർഷത്തിന് ശേഷം ചിലിയിൽ ഗബ്രിയേൽ ബോറിക്കിലൂടെയും ഇടതുപക്ഷം അധികാരത്തിൽ തിരിച്ചെത്തി. ഇടതുരാഷ്ട്രീയത്തിന്റെ വക്താവായ സിയോമാര കാസ്ട്രോ ഹോണ്ടുറാസിൽ വിജയിച്ചു. സിയോമാരയുടെ ഭർത്താവ് മാനുവൽ സെലയയെ സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയാണ് വലതുപക്ഷം 12 വർഷം മുമ്പ് ഭരണം പിടിച്ചത്.
പെറുവിൽ പെഡ്രോ കാസ്റ്റില്ലോ അധികാരത്തിലേറി. ബൊളീവിയയിൽ മൂവ്‌മെന്റ് ടു സോഷ്യലിസം പാർട്ടിയുടെ ലൂയിസ് ആർസാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അർജന്റീനയിൽ വലതുപക്ഷ പ്രസിഡന്റ് മൗറിസിയോ മാക്രിയെ പരാജയപ്പെടുത്തി ആൽബെർട്ടോ ഫെർണാണ്ടസ് അധികാരത്തിലെത്തി. മെക്സിക്കൻ പൊതുതെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനായിരുന്നു വിജയം. അതിന് പിന്നാലെയാണ് ബ്രസീലിലും വർക്കേഴ്‌സ് പാർട്ടിയുടെ (പിടി) നേതാവായ ലുല ഡ സിൽവ അധികാരത്തിലേറിയത്.
ലാറ്റിനമേരിക്കയിലെ ഇടതുതരംഗത്തെ കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് അനുകൂലികൾ വാഴ്ത്തുമ്പോൾ നിലവിലെ തരംഗം താൽക്കാലികമാണെന്നാണ് വലതുപക്ഷത്തിന്റെ അഭിപ്രായം. ഇടതു നേതാക്കൾക്ക് മുന്നിൽ വലിയ കടമ്പകളാണുള്ളതെന്നും വെല്ലുവിളി മറികടക്കാൻ ആകില്ലെന്നും വലതുനിരീക്ഷകർ വിലയിരുത്തുന്നു. അർജന്റീനയിൽ ആൽബെർട്ടോ ഫെർണാണ്ടസിന്റെയും ചിലിയിൽ ബോറിക്കിന്റെ ജനപ്രീതി കുറയുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.