ബിയർ അഭിഷേകം നടത്തി കിരീടധാരണം, 10 പേർ മാത്രമുള്ള കുഞ്ഞൻ ദ്വീപും അവരുടെ രാജാവും
നിലവിൽ വിരലിൽ എണ്ണാവുന്ന കുടുംബങ്ങൾ മാത്രമാണ് ഈ ദ്വീപിൽ താമസിക്കുന്നത്. അവരുടെ ആകെ ജനസംഖ്യയായി കരുതപ്പെടുന്നതാകട്ടെ പത്തും.
കൗതുകങ്ങൾ നിറഞ്ഞ നിരവധി കാര്യങ്ങളാൽ സമ്പന്നമാണ് നമ്മുടെ ലോകം. ലോകത്തിന്റെ ഓരോ കോണിലും നാം ഇനിയും അറിയാത്ത രഹസ്യങ്ങളും കൗതുകങ്ങളുമൊക്കെ ഒളിഞ്ഞിരിപ്പുണ്ടാകാം. അത്തരത്തിൽ കൗതുകങ്ങൾ നിറഞ്ഞ ഒരു കൊച്ച് ദ്വീപുണ്ട് അങ്ങ് യുകെയിൽ.
കാര്യം നമ്മൾ മലയാളികൾ ഏറ്റവും കൂടുതലായി ചേക്കിറിയിട്ടുള്ള ഒരു രാജ്യമാണ് യുകെ എങ്കിലും ഈ കുഞ്ഞൻ ദ്വീപിനെക്കുറിച്ച് അധികമാരും കേൾക്കാൻ ഇടയില്ല. കുംബ്രിയയിലെ ഫർനെസ് പെനിൻസുലയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പീൽ ദ്വീപ് ആണ് സ്വന്തമായി ഒരു രാജാവും കോട്ടയുമൊക്കെയുള്ള ഇത്തിരി കുഞ്ഞൻ ദ്വീപ്. ഏറ്റവും രസകരമായ കാര്യം എന്താണെന്ന് അറിയണ്ടേ? പീൽ ദ്വീപിൽ ആകെയുള്ളത് 10 പേർ മാത്രമാണ്.
വന്യജീവികളാൽ സമ്പന്നമായ ഈ ദ്വീപിലേക്ക് ആളുകൾക്ക് വർഷത്തിൽ ആറ് മാസം മാത്രമേ എത്തിച്ചേരാനാകൂ. ഏപ്രിൽ മുതൽ സപ്തംബർ വരെ കടത്തുവള്ളത്തിലോ ഗൈഡുകളുടെ സഹായത്തോടെയോ ഇവിടെ എത്തിച്ചേരാം. ബിബിസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 14 -ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പൈൽ കോട്ടയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. മാത്രമല്ല 200 വർഷത്തിലേറെ കാലപ്പഴക്കമുള്ള ഒരു പബ്ബും ഈ ദ്വീപിലുണ്ട്. ഈ പ്രത്യേകതകൾകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ ഈ ദ്വീപിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതൊരു പൂർണ ജനവാസ മേഖലയായി മാറിയിട്ടില്ല.
നിലവിൽ വിരലിൽ എണ്ണാവുന്ന കുടുംബങ്ങൾ മാത്രമാണ് ഈ ദ്വീപിൽ താമസിക്കുന്നത്. അവരുടെ ആകെ ജനസംഖ്യയായി കരുതപ്പെടുന്നതാകട്ടെ പത്തും. 3,000 വർഷത്തിലേറെയായി ചുരുങ്ങിയ എണ്ണമാണെങ്കിലും ആളുകൾ ഇവിടെ താമസിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ചിലർക്ക് പീൽ ദ്വീപ് ഇന്നുമൊരു മാജിക് ദ്വീപാണ്, മറ്റുള്ളവർക്ക് ഇത് ഒരു പബ്ബും.
ദ്വീപിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് പതിനാലാം നൂറ്റാണ്ടിൽ പണിത പീൽ കാസിൽ ആണ്. ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സ്കോട്ടിഷ് റൈഡർമാരെ തടയുന്നതിനായി ഫർണസ് ആബിയിലെ സന്യാസിമാരാണ് ഇത് നിർമ്മിച്ചത്. പീൽ ദ്വീപിന്റെ തെക്കുകിഴക്കൻ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ കോട്ട മോറെകാംബെ ഉൾക്കടലിൽ നിന്നും കാണാൻ കഴിയും. ഇംഗ്ലീഷ് ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾക്ക് ദ്വീപും അതിന്റെ കോട്ടയും നിശബ്ദ സാക്ഷ്യം വഹിച്ചതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കോട്ടയ്ക്ക് പുറമേ, ഷിപ്പ് ഇൻ എന്ന പബ്ബും പീൽ ദ്വീപിലുണ്ട്. രസകരമെന്നു പറയട്ടെ, ഓരോ തവണയും പബ്ബിന് ഒരു പുതിയ ഭൂവുടമയെ ലഭിക്കുമ്പോൾ, അവർ ദ്വീപിന്റെ "രാജാവ്" ആയി കിരീടമണിയുന്നു. കഴിഞ്ഞ വർഷം, 33 -കാരനായ ആരോൺ സാൻഡേഴ്സൺ ആയിരുന്നു ഷിപ്പ് ഇന്നിന്റെ ഉടമയും "പീൽ രാജാവും". ബിയർ അഭിഷേകം നടത്തിയാണത്രെ ഓരോ തവണയും പുതിയ രാജാവിന്റെ കിരീടധാരണം നടത്തുന്നത്. 50 ഏക്കർ ആണ് ഈ ദ്വീപിന്റെ വിസ്തൃതി.
വായിക്കാം: ദേ ചേച്ചി പിന്നെയും; മെട്രോയിൽ സ്ത്രീകളുടെ ബഹളവും തല്ലും, വൈറലായി വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം