ജലക്ഷാമം രൂക്ഷം; വെള്ളത്തിനായി ഐസ് കോണുകള്‍ നിര്‍മ്മിച്ച് ലഡാക്കികള്‍; ചിത്രങ്ങള്‍ കാണാം !
ലഡാക്കിലെ മിക്ക ഗ്രാമങ്ങളും ഇന്ന് രൂക്ഷമായ ജലക്ഷാമത്തിന്‍റെ പിടിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ഈ ഗ്രാമങ്ങളിലെല്ലാം ഇന്ന് ഐസ് കോണുകള്‍ കാണാം.
വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളിക്കുടിക്കാന്‍ ഇല്ലത്രേ, എന്നത് മലയാളത്തിലെ പ്രശസ്തമായ ഒരു പഴഞ്ചൊല്ലാണ്. ഈ പഴഞ്ചൊല്ല് ഏറ്റവും അനുയോജ്യമാവുക കടല്‍ത്തീരവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്കാണ്. എന്നാല്‍ ഇന്ന് ഹിമാലയത്തിന്‍റെ താഴ്വാരകളില്‍ ജീവിക്കുന്നവര്‍ക്കും ഈ ചൊല്ല് യോജിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാരണം, ലോകത്തിന് ചൂട് പിടിക്കുകയാണ്. ഹിമാലയത്തിലും ഇതിന്‍റെ പ്രതിഫലങ്ങള്‍ കണ്ട് തുടങ്ങിയിരിക്കുന്നു. പതിവായുണ്ടായിരുന്ന മഞ്ഞ് വീഴ്ച കുറഞ്ഞു. ഹിമവാനില്‍ നിന്ന് ഹിമാനികള്‍ പതുക്കെ പിന്മാറിത്തുടങ്ങിയിരിക്കുന്നു. ജലം ലഭ്യമാക്കിയിരുന്ന ഹിമാനികളുടെ കുറവ്, ലഡാക്കിലെ ജനങ്ങളുടെ ജല ലഭ്യതയെ പതിന്‍ മടങ്ങ് ഇല്ലാതാക്കിയിരിക്കുന്നു, അതേസമയം വിനോദ സഞ്ചാരികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ജലത്തിന്‍റെ ആവശ്യം വര്‍ദ്ധിപ്പിച്ചു. പ്രത്യേകിച്ചും വേനല്‍ക്കാലത്ത്. ഈ ജലപ്രതിസന്ധിയെ മറികടക്കാന്‍ ലഡാക്കികള്‍ കണ്ടെത്തിയ തനത് വിദ്യയാണ് ഐസ് കോണുകള്‍.
ലഡാക്കിലെ മിക്ക ഗ്രാമങ്ങളും ഇന്ന് രൂക്ഷമായ ജലക്ഷാമത്തിന്‍റെ പിടിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ഈ ഗ്രാമങ്ങളിലെല്ലാം ഇന്ന് ഐസ് കോണുകള്‍ കാണാം. പ്രത്യേകിച്ച് ഏപ്രിൽ, മെയ് മാസങ്ങളിലെ നിർണ്ണായകമായ കൃഷിയുടെ ആരംഭ സീസണിൽ. മാത്രമല്ല, വിനോദ സഞ്ചാരവും ജനസംഖ്യാ വളർച്ചയും പ്രദേശത്തെ ജലത്തിന്‍റെ ആവശ്യകത വർദ്ധിപ്പിക്കുന്നു. 2013 ല്‍ ലഡാക്കി എഞ്ചിനീയറായ സോനം വാങ്‌ചുക്ക്, പ്രദേശത്തിന്‍റെ രൂക്ഷമായ ജലപ്രതിസന്ധിയെ മറികടക്കാനാണ് ആദ്യമായി ഐസ് കോണുകള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. ഇന്ന് ഇത്തരം ഐസ് കോണുകള്‍ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടിയാണ്.
ബുദ്ധമത സ്തൂപങ്ങളോട് സാമ്യമുള്ള, കോണാകൃതിയിലുള്ള ഐസ് കൂമ്പാരങ്ങളുടെ രൂപത്തിൽ കൃത്രിമ ഹിമാനികൾ സൃഷ്ടിക്കുന്ന ഒരു തരം ഹിമാനി-ഗ്രാഫ്റ്റിംഗാണ് അദ്ദേഹം സൃഷ്ടിച്ചത്. ഐസ് സ്തൂപങ്ങൾ ശൈത്യകാലത്ത് വെള്ളം സംഭരിക്കുകയും വിളകൾക്ക് ഏറ്റവും ആവശ്യമുള്ള വസന്തകാലത്ത് പതുക്കെ വിട്ട് നല്‍കുകയും ചെയ്യുന്നു. മഞ്ഞുകാലത്താണ് സ്തൂപങ്ങളും നിര്‍മ്മാണം. പൂജ്യത്തിനും താഴെയുള്ള താപനിലയില്‍ ഇത്തരം ഐസ് സ്തൂപങ്ങള്‍ സൃഷ്ടിക്കുന്നത് എളുപ്പമാണ്. ഐസ് കോണുകളുടെ അവസാനഭാഗം ലംബമായി ഉയരുന്നു. ഉയരത്തിലെ വ്യത്യാസം ജലത്തിന്‍റെ ഉറവയെ കൂടുതല്‍ താഴേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്നു. സ്തൂപങ്ങളില്‍ നിന്നും ഭൂഗർഭ പൈപ്പുകളിലൂടെയാണ് ഉയർന്ന പര്‍വ്വതഭൂമിയിൽ നിന്ന് വെള്ളം താഴ്വാരത്തേക്ക് കൊണ്ടുപോകുന്നത്. 2020-ൽ 26 ഗ്രാമങ്ങളിൽ ഇത്തരം ഐസ് സ്തൂപങ്ങൾ സ്ഥാപിച്ചു. ഇന്ന് കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ പോരാടാനുള്ള ഹിമാലയൻ പർവത സമൂഹങ്ങളുടെ അന്തിമ ശ്രമത്തിന്‍റെ ചിഹ്നങ്ങളാണ് ഇത്തരം സ്തുപങ്ങള്‍. മലിനീകരണം കുറയ്ക്കുന്നതിന് പരിസ്ഥിതി സൗഹൃദ ജീവിതശൈലി സ്വീകരിക്കുന്ന മനുഷ്യരാണ് പര്‍വ്വതപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍. ഇതിനാല്‍ ഇത്തരം പരിശ്രമങ്ങള്‍ ദേശീയ സര്‍ക്കാറുകളുടെ കൂടി ഉത്തരവാദിത്വമായി മാറുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക