'പാണ്ട നയതന്ത്ര'വുമായി ചൈന, അമേരിക്കയുടെ അകൽച്ചമാറ്റാൻ രണ്ട് പാണ്ടകളെ അയച്ചു
പാണ്ടകളുടെയും മൃഗശാലയിലെ മറ്റ് മൃഗങ്ങളുടെയും ആരോഗ്യം ഉറപ്പാക്കുന്നതിനായി ഇവയെ 30 ദിവസത്തെ ക്വാറന്റൈനിൽ ആക്കും.
അമേരിക്കയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈന രണ്ട് പാണ്ടകളെ അമേരിക്കയിലേക്ക് അയച്ചു. ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള 'പാണ്ട നയതന്ത്രം' കൂടുതൽ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ചൈനയിലെ സിചുവാനിലെ ദുജിയാങ്‌യാൻ പാണ്ട ബേസിൽ നിന്നുള്ള ബാവോ ലി, ക്വിംഗ് ബാവോ എന്നീ പാണ്ടകൾ ഒക്ടോബർ 15 -ന് ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. 'പാണ്ട എക്സ്പ്രസ്' എന്ന് പേരിട്ട ഫെഡ്എക്‌സ് കാർഗോ വിമാനത്തിലാണ് പാണ്ടകളെ അമേരിക്കയിൽ എത്തിച്ചത്. നയതന്ത്ര ബന്ധത്തിൻറെ ഭാഗമായി ഇനി വരുന്ന 10 വർഷക്കാലത്തേക്ക് ഈ പാണ്ടകൾ വാഷിംഗ്ടൺ ഡിസിയിലെ സ്മിത്‌സോണിയൻ ദേശീയ മൃഗശാലയിൽ ആയിരിക്കും താമസിക്കുക.
സ്മിത്‌സോണിയൻ ദേശീയ മൃഗശാലയിൽ നിന്നുള്ള പത്രക്കുറിപ്പ് അനുസരിച്ച് പാണ്ടകളുടെയും മൃഗശാലയിലെ മറ്റ് മൃഗങ്ങളുടെയും ആരോഗ്യം ഉറപ്പാക്കുന്നതിനായി ഇവയെ 30 ദിവസത്തെ ക്വാറന്റൈനിൽ ആക്കും. 2025 ജനുവരി 10 മുതൽ മൃഗശാല അംഗങ്ങൾക്ക് ഇവയെ കാണാൻ സാധിക്കും. അതേസമയം ഔദ്യോഗിക പൊതു പ്രദർശനം 2025 ജനുവരി 24 -ന് നടക്കും.
അന്താരാഷ്‌ട്ര ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഭീമൻ പാണ്ടകളെ ഉപകരണമായി ഉപയോഗിക്കുന്ന ചൈനീസ് രീതിയാണ് പാണ്ടാ നയതന്ത്രം. വിശാലമായ മനസ്സിന്റെ അടയാളമായാണ് ചൈന ഇതിനെ കാണുന്നത്. 1941 -ലാണ് ചൈന ആദ്യമായി പാണ്ടകളെ നയതന്ത്ര ബന്ധത്തിനായി ഉപയോഗിച്ചത്. പിന്നീട് 1970 -ൽ, യുഎസ് പ്രസിഡന്റ് നിക്സണിന്റെ ചൈന സന്ദർശനത്തിന് ശേഷമായിരുന്നു ഇത്. അന്ന് മാവോ സേ തുങാണ് പാണ്ടകളെ അമേരിക്കൻ മൃഗശാലയിലേക്ക് അയച്ച് നൽകിയത്.
രണ്ടുവർഷം മുൻപ് ചൈനീസ് ചാര ബലൂൺ അമേരിക്കയിൽ കണ്ടെത്തിയ ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അകൽച്ചയുണ്ടായത്. 2023 നവംബറിൽ സാൻഫ്രാൻസിസ്കോയിൽ നടന്ന കോൺഫറൻസിൽ പ്രസിഡൻറുമാരായ ജോ ബൈഡനും ഷി ജിൻപിങ്ങും കണ്ടുമുട്ടിയിരുന്നെങ്കിലും ചർച്ചകൾ നടന്നിരുന്നില്ല. അമേരിക്ക തങ്ങളോട് കാണിക്കുന്ന അകൽച്ച പരിഹരിക്കാൻ പാണ്ടാ നയതന്ത്രത്തിലൂടെ കഴിയുമെന്നാണ് ചൈനയുടെ വിശ്വാസം.
ഒടുവിൽ ആ കള്ളി വെളിച്ചത്ത്, ചൈനീസ് അക്വേറിയത്തിലെ തിമിംഗല സ്രാവ് റോബോട്ട്, രോഷം പുകയുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം